എൻറെ അപ്പൻ പട്ടാളക്കാരനായിരുന്നു -മദിരാശി റെജിമെൻറ്റിൽ; അപ്പന് അവിടെയും വേറൊരു കുടുംബം ഉണ്ടെന്നാണ് പറഞ്ഞ് കേട്ടത്. ഞാൻ പതിനാറ് വയസ്സിലേ വീട് വിട്ടിറങ്ങിയിരുന്നു. കുടുംബം, സഹോദരങ്ങൾ അവയിലൊന്നും എനിക്കെന്തോ വലിയ പ്രതിപത്തിയൊന്നും തോന്നിയിട്ടില്ല.
വൈപ്പിനിലെ അയൽക്കാരൻ പൈലിച്ചേട്ടൻ ശിവൻമലൈ എസ്റ്റേറ്റിലെ മേസ്തിരി പണിക്കായി എന്നെയും കൂട്ടി കൊണ്ട് പോരുകയായിരുന്നു. കണ്ണൻ ദേവൻ തേയില കമ്പനി അന്ന് പേരുകേട്ട കമ്പനിയായിരുന്നു. കൊച്ചിയിലൊക്കെ കമ്പനികൾ വരുന്നതിന് എത്രയോ മുമ്പേ ഇവിടം പ്രൗഢമായിരുന്നു! വൈപ്പിനിൽ നിന്നും എന്നോടൊപ്പം വേറെയും കുറെ ചെറുപ്പക്കാർ ഉണ്ടായിരുന്നു - അയൽക്കാർ..
ഞങ്ങളൊക്കെ പാരമ്പര്യമായേ തടിപ്പണിക്കാരായിരുന്നു. -കപ്പലുകൾ പണിതിരുന്നവർ ..തർശിശുമായി തേക്കുംതടി വ്യാപാരം ചെയ്തിരുന്നവർ..! ഒന്നും സമ്പാദിച്ചു വെച്ചിരുന്നില്ല എന്ന് മാത്രം. കല്യാണത്തിനും പള്ളിപ്പെരുന്നാളിനും കുടിച്ചു മദിച്ച് പൊങ്ങച്ചം പറഞ്ഞ് മേനി നടിച്ച്. -അതൊന്നും തന്നെ എനിക്ക് ഇഷ്ടമായിരുന്നില്ല. ന്യൂ ഇയർ ആഘോഷിക്കുവാൻ എല്ലാവരും മലയിറങ്ങുമായിരുന്ന വർഷാവസാനങ്ങളിൽ പോലും ഞാനെങ്ങും പോകുമായിരുന്നില്ല.
ശിവൻമലൈ എസ്റ്റേറ്റിലെ പണിക്കാലം ചാകരക്കാലം പോലെയായിരുന്നു. എത്ര എത്ര കെട്ടിടങ്ങൾ ഞങ്ങൾ നിർമ്മിച്ചിരിക്കുന്നു. എത്ര എത്ര വാതിലുകൾ.. എത്രയെത്ര കതകുകൾ.. എത്രയെത്ര പാലങ്ങൾ.. ബംഗ്ലാവുകൾ പണിയുന്നതിൽ എനിക്ക് വല്ലാത്തൊരു ഹരമായിരുന്നു. കരാറുകാരൻ പൈലിച്ചേട്ടനെക്കാൾ ഞാൻ വളരുകയായിരുന്നു..!
പണത്തിന് പണം.. കുടിക്കാൻ വാറ്റുചാരായം... വെടിയിറച്ചി, പുകയില.. എന്തിന് കഞ്ചാവ് പോലും... ഇരുപത് തികയുന്നതിന് മുമ്പേ ഞാൻ സ്വന്തമായി കോൺട്രാക്ട് വർക്കുകൾ എടുത്തു തുടങ്ങി! ശിവൻമലൈ എസ്റ്റേറ്റ് താണ്ടി തെന്മല എസ്റ്റേറ്റ്ലേയ്ക്ക് ഞാൻ വളരുകയായിരുന്നു.
അന്നകൊച്ചിനെ ഞാൻ ആദ്യം കാണുന്നത് പള്ളിയിൽവെച്ചാണ്. പള്ളിയിൽ പോകുന്നത് എൻറെ ശീലമായിരുന്നു. അത് മാത്രമാണ് ഞാൻ കൊച്ചിയിൽ നിന്നും പിൻപറ്റിയിരുന്ന ഒന്ന്. പള്ളിയിൽ എല്ലാവരും വരുമായിരുന്നു. പണക്കാരും പാവപ്പെട്ടവരും കൊളുന്തുനുള്ളുന്നവരും ഉദ്യോഗസ്ഥന്മാരും വെള്ളക്കാരും വരെ! ഭയഭക്തിയോടെ കുർബാന കണ്ട് മടങ്ങുന്ന പെൺകുട്ടികളുടെ ഇടയിലെ 'വെള്ളക്കൊറ്റി'യെപോലെയുള്ള അന്ന കൊച്ചിനോട് എനിക്ക് എന്തോ തോന്നി- അത് പ്രണയമായിരുന്നു!
അന്നക്കൊച്ചിൻറെ അപ്പനോട് ഞാൻ നേരിട്ട് പെണ്ണ് ചോദിക്കുകയായിരുന്നു. ആ പാവത്തിൻറെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു. കല്യാണത്തിന് കൊച്ചിയിൽനിന്ന് കുറച്ച് ബന്ധുക്കളൊക്കെ വന്നിരുന്നു; അമ്മയെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടി മാത്രം. ഞാനൊരു കല്യാണത്തിനും പോയി സംബന്ധിച്ചിട്ടില്ലല്ലോ. അന്നകൊച്ചിനെയും കൊണ്ട് ഞാൻ കൊച്ചിക്ക് പോയതേയില്ല.
അവളൊരു പാവമായിരുന്നു. കെട്ടിയോനെ നോക്കണം, കുഞ്ഞുങ്ങളെ വളർത്തണം എന്നല്ലാതെ മറ്റൊന്നും ചിന്തിച്ചിട്ടേയില്ല. ഞാൻ വാറ്റുചാരായം മോന്തി വരുമ്പോഴും, വേട്ടയിറച്ചി തേടി കാട്ടിൽ അലഞ്ഞ് വരുമ്പോഴും, നാവിൽ സങ്കീർത്തന മന്ത്രണത്തോടെയല്ലാതെ അവൾ ഒരു പരിഭവവും പറഞ്ഞിട്ടില്ല. എൻറെ നാല് ആൺമക്കളെയും അവൾ വളർത്തി. പള്ളിയിൽ കൊണ്ടുപോയി, ഭക്തിയോടെ വളർത്തി. വൈകുന്നേരങ്ങളിൽ അവൾ കുട്ടികളോടൊരുമിച്ച് കുടുംബപ്രാർത്ഥന എത്തിച്ചു.
എൻറെ ലക്ഷ്യം പണമുണ്ടാക്കുക എന്നതു മാത്രമായിരുന്നു. -ആരെയും വഞ്ചിച്ചു എന്ന് ഞാൻ സമ്മതിക്കുകയില്ല. പിടിപ്പില്ലാത്തവരുടെയും ശ്രദ്ധയില്ലാത്തവരുടെയും പോക്കറ്റിലെ പണം എൻറെ കയ്യിലെത്തിക്കുവാൻ ഞാൻ എപ്പോഴും ശ്രദ്ധവച്ചിരുന്നു. അതിനായി കരുക്കൾ നീക്കുവാനുള്ള ബുദ്ധി എനിക്കുണ്ടായിരുന്നു. ഫിൻലേ കമ്പനി തോട്ടം വിട്ട് ഇവിടെനിന്ന് പോയ കാലത്ത് ഒരു ബംഗ്ലാവ് തന്നെ വിലയ്ക്ക് വാങ്ങാനുള്ള പണം എൻറെ കയ്യിലുണ്ടായിരുന്നു. ചൊക്കനാട്ടിലെ ഈ എസ്റ്റേറ്റ് ബംഗ്ലാവ് അന്ന് ഞാൻ വിലകൊടുത്ത് വാങ്ങിയതാണ്.
പുതുതായി രൂപം കൊണ്ട എ. ടി. എച്ച്. പി. കമ്പനിക്ക് എന്നോട് ശത്രുതയുണ്ടായി. ചൊക്കനാട്ടിലെ എൻറെ ബംഗ്ലാവിലേക്കുള്ള വഴി അവർ അടച്ചുകളഞ്ഞു .വാട്ടർ കണക്ഷൻ അവർ വിച്ഛേദിച്ചു. അങ്ങനെയൊന്നും എന്നെ തോൽപ്പിച്ചു കളയാൻ കഴിയുമായിരുന്നില്ല. ഞാൻ കമ്പനിക്കെതിരെ കേസിനു പോയി. എവിടെയും തൻറെടത്തോടെ കയറി ചെല്ലാനും വാദിച്ച് ജയിക്കാനുമുള്ള എൻറെ ചങ്കുറപ്പിനു മുമ്പിൽ കമ്പനി തോറ്റുപോയി.
മക്കളൊക്കെ വലുതായി. അവർക്കും കുടുംബങ്ങൾ ഉണ്ടായി. അവർക്ക് വലിയ ബിസിനസുകളായി. ഞാൻ തോറ്റുപോയത് അന്നകൊച്ചിൻറെ മരണത്തിന് മുമ്പിൽ മാത്രമാണ്. എൻറെ ഭുജബലം തകർന്നു പോയത് അന്നായിരുന്നു. എന്നോട് ഒരു വാക്കുപോലും പറയാതെ, എനിക്ക് ഒരു സൂചനപോലും നൽകാതെ അവൾ എന്നെ വിട്ടുപോയി.
എന്തൊക്കെയായിരുന്നു എൻറെ സന്തോഷങ്ങൾ..? ഇതൊക്കെ വെട്ടിപ്പിടിച്ചതോ ..? എനിക്കുകിട്ടിയ, എന്നെപ്പോലെ തന്നെ നെഞ്ചുറപ്പുള്ള നാലാൺമക്കളോ ..? ആഢ്യത്വത്തിൻറെ അടയാളമായ ഈ എസ്റ്റേറ്റ് ബംഗ്ലാവോ..? ഇതൊക്കെയാണോ..?
ഇപ്പോൾ ഈ ബംഗ്ലാവിൽ ഞാൻ ഒറ്റയ്ക്കാണ്. മക്കളൊക്കെ ദൂരെ സെറ്റിലായി കഴിഞ്ഞിരിക്കുന്നു. ഞാനെന്താണ് നേടിയത്..? മൂല്യങ്ങൾ എന്നെ നോക്കി കൊഞ്ഞനം കുത്തുന്നു. പുറങ്കാലുകൊണ്ട് ഞാൻ തള്ളിയൊതുക്കിവച്ച ദൈവബോധം എൻറെ ഹൃദയത്തെ മുറിവേൽപ്പിക്കുന്നു.
ഒക്ടോബർ ആറ് -അന്നാണ് അന്നക്കൊച്ച് എന്നെ വിട്ടുപിരിഞ്ഞ അഭിശപ്ത ദിനം. അവളുടെ ഓർമ്മകൾ മാത്രം നെഞ്ചോട് ചേർത്തുകൊണ്ട് ഞാനീ ബംഗ്ലാവിൽ തനിച്ചിരിക്കേ, ടെലിഫോൺ ശബ്ദിച്ചു. ബാംഗ്ലൂരിൽ നിന്നും ഇളയമകൻ വിളിച്ചതാണ്- സന്തോഷവാർത്ത പറയാൻ. അവന് ഒരു പെൺകുഞ്ഞ് ജനിച്ചിരിക്കുന്നു. "ഡാഡി ..ഇന്ന് ഒക്ടോബർ ആറാണ്.. -മമ്മിയുടെ ഓർമ്മദിവസം ! ഇതേ ദിവസത്തിൽ നമ്മുടെ കുടുംബത്തിലേക്ക് ഒരു പെൺകുഞ്ഞ് പിറന്നു വീണിരിക്കുന്നു.. -ഇത് മമ്മി തന്നെയാണ് ഡാഡീ.. "അവൻറെ വാക്കുകളിൽ ആഹ്ലാദം അലതല്ലുന്നുണ്ടായിരുന്നു..
ശരിയാണ് ..
എൻറെ സങ്കൽപ്പങ്ങൾക്കും നിനവുകൾക്കും മീതേ പരിലസിക്കുന്ന പ്രപഞ്ചസൃഷ്ടാവിൻറെ ചാതുര്യത്തിന് മുൻപിൽ ഞാൻ ഇന്ന് വിനീതനാവുകയാണ്!