mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

'ലൗ ബേർഡ്സ്' എന്ന ഫ്ലാറ്റിന്റെ ഉടമയായ 'നാജാറാൻ നാദിറ'എന്ന എഴുത്തുകാരൻ, ഫ്ലാറ്റ്സൂക്ഷിപ്പുകാരനായ മാധവേട്ടനോട്, അവിടെ തന്നെ റെന്റിനു താമസിക്കുന്ന ഫാമിലിയുടെ മേൽവിലാസം തിരക്കിയപ്പോൾ അയാൾ ഒന്ന് ഞെട്ടി.

"സാറിന് ഇത് പതിവില്ലാത്തതാണല്ലോ, എന്തെങ്കിലും കുഴപ്പം?" അയാൾ ചോദ്യം മുഴുവിക്കാതെ ചോദിച്ചു.

"ഒന്നും ഇല്ല മാധവേട്ടാ... വെറുതെ ഒരു കൗതുകം. ഒരാഴ്ച്ചയായില്ലേ അവരിവിടെ നിന്ന് പോയിട്ട്!"

മാധവേട്ടന്റെ മുഖത്തു വീണ്ടും ഞെട്ടൽ പ്രകടമായി.

"എന്തു പറ്റി,അതെങ്ങെനെ സാറിനറിയാം?.ഫ്ലാറ്റ് സാറിന്റെതാനെങ്കിലും, അതിൽ ആര് താമസിക്കുന്നു, വരുന്നു, പോകുന്നു ഒന്നും അന്വേഷിക്കാറില്ലല്ലോ.... എഴുതാൻ വേണ്ടി മാസങ്ങളോളം, താമസിക്കാറും ഉണ്ട്. ഇന്ന് വരെ വാടകക്കാർ ആരെന്നോ, എന്തെന്നോ തിരക്കിയിട്ടില്ല. ആര്മായും ചങ്ങാത്തത്തിനു പോകാറും ഇല്ല." അയാൾ മേൽവിലാസം ഒരു തുണ്ട് കടലാസിൽ കുറിച്ച് കൊടുത്തു കൊണ്ട് ചോദിച്ചു.

"ഒന്നുമില്ല,വെറുതെ!"

"അവർ ഇവിടെ വന്നിട്ട് എത്ര നാൾ ആയി?"

"രണ്ടു വർഷം ആകുന്നു.ഭർത്താവിന് ബാംഗ്ലൂരിൽ ആണ് ജോലി എന്നാണ് പറഞ്ഞത്. എല്ലാ വീകെന്റിനും വരുന്നതാണ്. ഇപ്പോ ഒരു മാസമായി, വന്നിട്ടില്ല. വീട്ടിലേക്കുള്ള സാധനങ്ങൾ മുഴുവൻ ഞാൻ എത്തിച്ചു കൊടുക്കും. അവര് പ്രണയിച്ചു വീട്ടുകാർ അറിയാതെ കല്യാണം കഴിച്ചതാ... ഇത്രയും കാലം ബാംഗ്ലൂരിൽ തന്നെയായിരുന്നു. ഇതിന്റെയിടയിൽ ആ സ്ത്രീയറിയാതെ ബന്ധുക്കൾ അയാളെ സ്വന്തം ജാതിയിൽ പെട്ട ബന്ധുവിന് വിവാഹം കഴിക്കാൻ ഒരുങ്ങിയിരുന്നു. അയാൾക്കും സമ്മതം. ഇതിന്റെ പേരിൽ രണ്ട് പേർക്കും നല്ല സ്വര ചേർച്ചഇല്ലായിരുന്നു."

"കഷ്ടമായിപോയി... അവരുടെ വീട്ടിൽ അറിയിക്കാതെന്ത്?" നാജാറാൻ ചോദിച്ചു.

"ഞാൻ അത് ചോദിച്ചു. ഒരുപാട് സങ്കടം നിറഞ്ഞ മുഖത്തോടെ മൗനമായിരുന്നു ഉത്തരം."മാധവേട്ടൻ പറഞ്ഞു.

"പോവുന്ന നേരത്ത് എന്റെയടുത്തു വന്നിരുന്നു. ബാംഗ്ലൂരിൽ നിന്ന് അവരുടെ ഭർത്താവിന് എന്തോ സുഖമില്ലാതായി എന്നോ, എന്നിട്ട് പാലക്കാട്ടേക്ക് കൊണ്ടു പോയി എന്നൊക്കെ പറഞ്ഞു. പാലക്കാട്ടേക്ക് പോകാനുള്ള ടാക്സി ഞാനാണ് റെഡിയാക്കി കൊടുത്തത്."

"എന്നാൽ നമുക്ക് രാവിലെ പാലക്കാട്ടേ ക്ക് ഒന്ന് പോവണം." നാജറാൻ ഒട്ടും ആ ലോചിക്കാതെ പറഞ്ഞു.

"സാർ,എന്താണ് കാര്യം? ഒന്നും പറഞ്ഞില്ല. സാരമില്ല, ഒക്കെ, സാറെ... ഞാൻ റെഡി.. " അതും പറഞ്ഞു അവർ പിരിഞ്ഞു.

എന്തിനാ പാലക്കാട്ടേക്ക് പോവണം എന്ന് പറഞ്ഞത് എന്ന് അയാൾക്ക് തന്നെ അറിയൂലായിരുന്നു. ഉത്തരം കിട്ടാത്ത പല ചോദ്യങ്ങൾ ബാക്കി വെച്ചുകൊണ്ട് 'നാജാറാൻ നാദിറ" ഉറങ്ങാൻ കിടന്നു.

നല്ലൊരു മധുര സ്വപ്നത്തിന്റെ സുഷുപ്തിയിൽ ആയിരുന്നു 'നാജരാൻ നാദിറ. മഴനൂലുകളോടോപ്പം നൃത്തചുവടുവെക്കുകയും, മൃദുചുംബനങ്ങൾ ഏറ്റ് പാതികൂമ്പിയ പനിനീർ പൂവിനെ അനുസ്മരിക്കുന്ന സൗന്ദര്യത്തിന്റെ ഉടമയായിരുന്നു അവൾ. നാഗങ്ങൾ കെട്ടി പിണഞ്ഞു ആടി തിമർക്കുന്ന പോലുള്ള കാഴ്ച്ച മിന്നൽ പിളറിന്റെ വേഗത്തിൽ ആയതിനാൽ നാജരാൻ നാദിറയുടെ മിഴികൾ നൃത്തത്തോടൊപ്പം പല വട്ടം മിന്നി തിളങ്ങി. പെട്ടെന്ന് അയാളുടെ മധുര സ്വപ്നത്തെ തടയണയിട്ടുകൊണ്ട് 5 മണിയുടെ അലാറം ശബ്‍ദിച്ചതിനാൽ 'നാജരാൻ നാദിറ'യെന്ന പ്രശസ്ത എഴുത്തുകാരൻ ഉണർന്നു. എഴുത്ത് കാരൻ എന്നു പറഞ്ഞാൽ പോരാ... നോവലിസ്റ്റ്, കഥാകൃത്ത്, ഇദ്ദേഹത്തിന്റെ തൂലികയിൽ വിരിഞ്ഞിറങ്ങിയ പല നോവലുകളും പിന്നീട് സിനിമയാക്കിയിട്ടുണ്ട്. നാ ജാറാൻ എന്നാണ് ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര് എന്നാണെങ്കിലും, യൗവനത്തിൽ ഇയാളെ വിട്ടുപോയ ആത്മ പ്രണയിനിയുടെ പേരായ നാദിറ എന്ന പേരിനെ ഓർമ്മിച്ചു കൊണ്ട് നാ ജറാൻന്റെ പേരിന്റെ കൂടെ കൂട്ടുകയായിരുന്നു. ഒന്നിച്ചു കളിച്ചു വളർന്ന കളികൂട്ടുകാരിയും, അയൽവാസിയുമായ നാദിറ, ഉപ്പയുടെ കൂടെ ഫാമിലിയോടൊപ്പം വിദേശത്തേക്ക് ചേക്കേറിയപ്പോൾ, സ്വന്തം പ്രണയം അറിയിക്കാൻ കഴിയാതെ ആ പൊടി മീശക്കാരൻ വാവിട്ടു കരഞ്ഞു. ആ സ്നേഹവും, വിരഹവും, മനസ്സിനുള്ളിൽ ഇട്ട് ആറ്റികുറുക്കിയാണ്, നാജാറാൻ ഒരു കഥാകാരനായതും, ആരെയും ആത്മസഖിയായി കൂടെകൂട്ടാത്തതും.

"എടോ...നാദിറാ ...നിനക്ക് ഒരു വർഷത്തെ സമയം തരാം. നീ എവിടെയെങ്കിലും സ്വസ്ഥമായി പോയിരുന്നു പകുതിയിൽ നിർത്തിവെച്ച സിനിമക്ക് വേണ്ടി എഴുതിയ 'ഉടലുകൾ' പൂർത്തീകരിച്ചു തരണം. അത് എന്റെരു അപേക്ഷയാണ്. പ്ലീസ്... പ്രശസ്‌ത സംവിധായകനും, തിരക്കഥാ കൃത്തുമായ പ്രിയനന്ദൻ, തന്റെ സന്തതസാഹചരിയായ നാജറാൻ, നാദിറയോട് പറഞ്ഞു. അങ്ങിനെയാണ് വയനാട്ടിലുള്ള അയാളുടെ ഫ്ലാറ്റിൽ എത്തിയത്. രണ്ടു നിലകൾഉള്ള ഫ്ലാറ്റ് ആയിരുന്നു അത്. താഴത്തെ നിലയിൽ നാലു ഫാമിലിയും, മുകളിലത്തെ നിലയിൽ, മൂന്നു ഫാമിലിയും താമസിക്കുന്നു. മുകളിലേത്തെതിൽ ഒന്ന്, ആർക്കും റെന്റിനു കൊടുക്കാറില്ല. എഴുത്തു തലയ്ക്കു പിടിക്കുമ്പോൾ അവിടെ വന്ന് ദിവസങ്ങളോളം, ചിലപ്പോ മാസങ്ങളോളം താമസിച്ചു, മടങ്ങും. അതാണ് നാജറാന്റെ രീതി.

"നാജാറാൻ" മൊബൈലിൽ വന്നു കിടക്കുന്ന നോട്ടിഫിക്കേഷനിലേക്ക് പതിയെ ഒന്ന് പരതി. പിന്നെ എണീറ്റ് കാപ്പി ഇട്ടു, അത് മൊത്തികൊണ്ട്, കിച്ചെനിന്റെ വാതിൽ തുറന്നു കൊണ്ട് ചെവി കൂർപ്പിച്ചു... 'അവൾ... അവൾ... എന്തിനായിരിക്കും പോയിട്ടുണ്ടാകുക?' ഒരാഴ്ചയായി അപ്പുറത്തെ കിച്ചനിൽ നിന്ന്, ഒരു ശബ്ദവും, കേൾക്കാത്തത് അയാളെ വല്ലാതെ ആസ്വസ്‌ഥനാക്കി. ഉണ്ണാനും, ഉറങ്ങാനും കഴിയാതെ, ഒരു വരിപോലും എഴുതാൻ കഴിയാതെ വിറങ്ങലിച്ചു പോയിരിക്കുന്നു അയാളുടെ ഹൃദയം. അയാളുടെ നിസ്സഹായവസ്‌ഥ കണ്ട്, കുടിച്ചു തീർത്ത മദ്യകുപ്പികൾ അയാളെ നോക്കി പരിഹസിക്കുന്നത് പോലെ അയാൾക്ക് തോന്നി.

കിച്ചൻ കഴിഞ്ഞ് വലിയ ഒരു വരാന്ത ഒരുക്കിയിരുന്നത് കൊണ്ട് സുഖപ്രദമായ അന്തരീക്ഷത്തിൽ വായു സഞ്ചാരം സുഗമമാക്കാനും, ആകാശഗോപുരത്തിലെ മാറി മാറി വരുന്ന മഴവിൽ വർണത്തെ വർണിച്ചു കഥകൾ രചിക്കാനും കഴിയും. ഇതാണ് ഈ ഫ്ലാറ്റിന്റെ പ്രത്യേകതയും. ഓരോരുത്തർ അവരവരുടെ ഹിതം അനുസരിച്ചു പല രീതിയിൽ ഈ വർക്ക്‌ ഏരിയ യൂസ് ചെയ്യുന്നു. മിക്കആൾക്കാരും അരഭിത്തിയിൽ മനോഹരമായ പൂന്തോട്ട കാഴ്ച്ച ഒരുക്കിയിരിക്കുന്നു. എന്നാൽ 'നാജറാൻ നാദിറ'അവിടെ ഒരുക്കിയിരിക്കുന്നത് നല്ലൊരു അന്തരീക്ഷത്തിൽ എഴുതാനുള്ള സൗകര്യമായിരുന്നു. എഴുത്തിനുള്ള ഒഴുക്കിലേക്കുള്ള തുറന്ന വാതായനങ്ങൾ ഓരോന്നിലും, തൂലികതുമ്പുകൾ പെറ്റിടുന്നത്, തൊട്ടടത്ത് ഒരു ഭിത്തിയുടെ അപ്പുറത്ത് താമസിക്കുന്ന പേരോ, രൂപമോ, അറിയാത്ത ഒരു യുവതിയുടെ ചലനങ്ങളിൽ നിന്നാണ്. ആ ചലനങ്ങളും, ശബ്ദങ്ങളും ഏറെ പ്രിയപ്പെട്ടതാവുകയും,ഏതോ നിഗൂഢതയിലൂടെ സ്നേഹത്തിലേക്കും, പ്രാണപിടച്ചിലേക്കും, കാംക്ഷിക്കുകയും ചെയ്തിരിക്കുന്നു.

രാവിലെ എണീറ്റ് ഗ്യാസ് സ്റ്റോവ് ഓണാക്കുന്നത് മുതൽ, വീട് പണിയുടെ കലാവിരുന്നിലേക്ക് ആ യുവതി കടക്കുമ്പോൾ, വെറും ശബ്‌ദം ശ്രവിച്ചു നാജാറാന്റെ ശരീരത്തിൽ ഉറങ്ങി കിടക്കുന്ന, സ്നേഹിക്കുകയും, സ്നേഹിക്കുകപെടുകയും ചെയ്യുന്ന ഒരു ഗൃഹനാഥൻ, ഒരു പ്രണയ കാമുകൻ, എന്നിവയിലൂടെ ഒക്കെ കടന്നു ചെന്ന്, ജീവൻ തുടിച്ചു. ആ യുവതിയോടൊത്തുള്ള ജീവിതസങ്കല്പത്തിൽ,പിറന്നു വീണ സൃഷ്ടികൾക്ക് പേപ്പറും, പേനയും, തികയാതെയായ ഒരവസരത്തിൽ ആണ് ഒരു ദിവസം രാവിലെ അപ്പുറത്തെ വീട്ടിൽ നിന്ന് ശബ്ദങ്ങൾ നിലച്ചിരിക്കുന്നു എന്ന സത്യം അയാൾക്ക് ബോധ്യമായത്.സ്വർണ വളകളുടെ കിലുക്കവും, മനം മയക്കുന്ന കാച്ചിയഎണ്ണയുടെയും, സുഗന്ധം വമിക്കുന്ന പെർഫ്യൂമി ന്റെയും,സോപ്പിന്റെയും ഗന്ധവും, അയാളെ വല്ലാതെ മിസ്സ്‌ ചെയ്തു. നാജാറാന്റെ മൊബൈലിൽ എഴുത്തി ലേക്കുള്ള ഒരു ഒഴുക്കിന് വേണ്ടി ഏത് സമയവും വെക്കുന്ന സംഗീതാലാപനം കേട്ട്, ചുവട് വെച്ചാവാം, ആ യുവതിയുടെ ദിനചര്യകൾ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.ഹൃദയതുടിപ്പോടെ, അരഭിത്തിയിൽ കൈകൾ ഊന്നികൊണ്ട്, മറുവശത്തേക്ക് എത്തി നോക്കാൻ പാഴ്ശ്രമം നടക്കാറുണ്ടെങ്കിലും, അപ്പോൾ അവിടെ ഞാൻ ഇവിടെ ഉണ്ടെന്നുള്ള മറുപടി പോലെ വളകിലുക്കം പലപ്പോഴും കേൾക്കാറുമുണ്ട്.

അതി രാവിലെ തുടങ്ങിയ യാത്രയിൽ, മേൽവിലാസ പ്രകാരം, രണ്ടു പേരും പാലക്കാട്ടിൽ എത്തി. ഏകദേശം രണ്ട് കിലോമീറ്റർ ഓടിയപ്പോൾ കൽപ്പാത്തി എന്ന ഗ്രാമത്തിലും എത്തി. അവിടെ വണ്ടി നിർത്തി അല്പം ഇടുങ്ങിയ വഴിയായ ചെമ്മൺ പാതയിലൂടെ കുറച്ചു നേരം നടന്നപ്പോൾ 'സേതുനാഥൻ' എന്ന് പേരുള്ള വീട്ടുടമസ്ഥന്റെ വീട് കണ്ട് പിടിച്ചു.

വീട്ടിന്റെ അകത്തും, പുറത്തുമായി കുറച്ചാളുകൾ അവിടെയും, ഇ വിടെയുമൊക്കെ നിന്ന് സംസാരിക്കുന്നുണ്ടായിരുന്നു. അവിടേക്ക് വന്ന രണ്ട് അപരിചിതരെ കണ്ട് അവർ സംസാരം നിർത്തി, വഴി ഒതുങ്ങി നിന്നു. അതിൽ ഒരാൾ ഇവരോട് ചോദിച്ചു.

"നിങ്ങൾ എവിടെനിന്നാണ്.? അറിഞ്ഞില്ലേ... മരിച്ചിട്ട് ഒരാഴ്ചയായി. ബാംഗ്ലൂരിൽ നിന്ന് കൊണ്ട് വന്നപ്പോഴേ മരിച്ചിരുന്നു."

നാജറാനും, മാധവേട്ടനും, "ഞങ്ങൾ വയനാട്ടിൽ നിന്നാണെന്ന് " പറഞ്ഞു മുന്നോട്ടു നടന്നു. അപ്പോൾ ആരോ പുറകിൽ നിന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു.

"വയനാട്ടിൽ നിന്ന് ആളെത്തിയിട്ടുണ്ട്.?"

അത് കേട്ടത് കൊണ്ടാവാം , കുറച്ചു പ്രായമായ സ്ത്രീ, ഒരു യുവതിയുടെ കൈപിടിച്ചു വലിച്ചു കൊണ്ട്, നാജറാന് അകത്തേക്ക് കയറാനുള്ള ഇടം കൊടുക്കാതെ ഇവരുടെ മുന്നിൽ കൊണ്ടുവന്നു നിർത്തി, എന്നിട്ട് പറഞ്ഞു.

"ഓ...ബന്ധുക്കൾ എത്തിയല്ലോ? ഇതാ കൊണ്ട് പൊയ്ക്കോ... ഒരു മുസ്ലിം പെൺകൊടിയെ, ഇവിടെ വെച്ച് കൊണ്ടിരിക്കാ എങ്ങിനെയാ..."

അവൾ വിതുമ്പുന്നുണ്ടായിരുന്നു. അവളുടെ കൈ പിടിച്ചു കൊണ്ട് ചുറ്റുപാടുമുള്ളവർക്ക് മുഖം കൊടുക്കാതെ അയാൾ വണ്ടിക്കരികിലെത്തി അവരെ അതിൽ ഇരുത്തി.

യാത്രയിൽ ഉടനീളം, നിർവികാരമായ അവളുടെ മുഖത്തെ ഭാവങ്ങൾ മനസ്സിലാവാതെ നാജറാൻ വിഷമിച്ചു. മുന്നോട്ട് ഇനിഎന്ത്? എന്ന ചോദ്യ ചിഹ്നം തലക്കുള്ളിൽ വടംവലി നടത്തിയതിനാൽ അയാൾക്ക് തലവേദനിക്കുന്നുണ്ടായിരുന്നു. ഒരു കട്ടൻ ചായ കുടിക്കാം എന്ന ഉദ്ദേശത്താൽ അയാൾ മാധവേട്ടനോട് പറഞ്ഞു.

"എവിടെയെങ്കിലും വണ്ടി ഒതുക്കൂ... നമുക്ക് എന്തെങ്കിലും കഴിക്കുകയോ, കുടിക്കുകയോ ചെയ്യാം."

മാധവേട്ടൻ ഒരു റെസ്റ്റോറന്റ്നു മുന്നിൽ വണ്ടി നിർത്തി. നാജറാൻ ഇറങ്ങി. ഇറങ്ങാതെ തല കുനിച്ചിരിക്കുന്ന ആ യുവതിയോട് നാജറാൻ ചോദിച്ചു.

"വിശക്കുന്നില്ലേ.... എന്തെങ്കിലും കഴിക്കാം..."

അതിനു മറുപടിയൊന്നും പറയാതെ അവൾ അയാളുടെ മുഖത്തേക്ക് തന്നെ നിശ്ചലം നോക്കി കൊണ്ട് പറഞ്ഞു.

"നിനക്കെന്നെ മനസ്സിലായില്ലേ.... ഞാൻ നാദിറയാണ്. നീ വലിയ എഴുത്തുകാരനായതും, ഞങ്ങളുടെ തൊട്ടടുത്തു താമസിക്കാൻ വന്നതുമൊക്കെ ഞാൻ അറിഞ്ഞിരുന്നു. എന്നാൽ ഒന്നു മാത്രം അറിഞ്ഞില്ല, നീ എന്നെ പ്രണയിച്ചിരുന്നു എന്ന സത്യം. അതിന്റെ എത്രയോ ഇരട്ടി ഞാൻ നിന്നെയും സ്നേഹിച്ചിരുന്നു. അത് നീയും അറിഞ്ഞില്ല. എല്ലാം എന്റെ ഉള്ളിൽ നിധി പോലെ സൂക്ഷിച്ചു. അതിനു ശേഷം എന്റെ രെജിസ്റ്റർ മാര്യേജ് കഴിഞ്ഞ ശേഷമാണ്, നീ എന്ന എഴുത്തുകാരനെ കുറിച്ച് ഞാൻ അറിഞ്ഞു തുടങ്ങിയത്. നിന്റെ പേരിന്റെ കൂടെ കൂട്ടിയ നാദിറയെ കുറിച്ചും."

നാജറാൻ അത്ഭുതത്തോടെ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു. അപ്പോൾ അയാൾ കണ്ടു. ആ കണ്ണുകളിലെ ആഴങ്ങളിൽ അവൾ പേറിയ ജീവിതാനുഭവങ്ങളുടെ കനലാട്ടം. ഹൃദയത്തിനേറ്റ ആദ്യനഖക്ഷതത്തിന്റെ മൂകാശ്രുധാരയിൽ ഓർമകൾ ഇടറി യപ്പോൾ നാജറാൻ ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി, ഒരു ഭ്രാന്തനെ പോലെ അവളെ നോക്കി തലയാട്ടി കൊണ്ടിരുന്നു.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ