(ഷൈലാ ബാബു)
പൂവൻ കോഴിയുടെ തുടരെയുള്ള കൂവൽ കേട്ടുകൊണ്ടാണ് ഉണർന്നത്. എന്തൊക്കെയോ അസ്വസ്ഥതകളാൽ രാത്രിയിൽ നന്നായി ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. തലയ്ക്കു വല്ലാത്ത ഭാരം. നേരം പുലരാൻ ഇനിയും സമയം ഉണ്ടല്ലോ! പൂവന്റെ അലാറം വിളി ഇന്ന് പതിവിലും നേരത്തേ ആണല്ലോ!
എഴുന്നേറ്റ് ജനാലകർട്ടൻ വകഞ്ഞു മാറ്റി പുറത്തേയ്ക്കു നോക്കി നിന്നു. ഏതോ ഒരു ആപത്തിന്റെ സൂചന പോലെ നായ്ക്കൾ കുരയ്ക്കുകയും ഓലിയിടുകയും ചെയ്യുന്നു. പുതച്ചുമൂടി കിടന്നുറങ്ങുന്ന സുകുവേട്ടനെ ഒന്നു നോക്കിയിട്ട്, മക്കൾ കിടക്കുന്ന മുറിയിലേക്കു ചെന്നു. രണ്ടു പേരും നല്ല ഉറക്കമാണ്. പുതപ്പെടുത്ത് നന്നായി പുതപ്പിച്ചിട്ട് വീണ്ടും പോയി കിടന്നു. അല്പം കൂടി ഉറങ്ങാമെന്നു കരുതി കണ്ണുകൾ അടച്ചു.
സുകുവേട്ടന് ഇന്ന് നേരത്തേ ഓഫീസിൽ പോകണമെന്നാണ് പറഞ്ഞിരുന്നത്. കുട്ടികൾക്കും സ്കൂൾ ഉണ്ട്. പ്രഭാത ഭക്ഷണവും ലഞ്ചിനുള്ള ടിഫിനും തയ്യാറാക്കണം. ഇപ്പോഴേ തുടങ്ങിയാലേ എല്ലാം സമയത്തിനുള്ളിൽ കാലമാകുകയുള്ളൂ. ദോശയ്ക്ക് മാവരച്ചു വച്ചിട്ടുണ്ട്.
ഇന്നലെ തുളസി പറഞ്ഞ കാര്യങ്ങൾ മനസ്സിനുള്ളിൽ ഒരു വിങ്ങലായി കിടക്കുന്നു. ചിന്തകൾ വഴിമാറി സഞ്ചരിക്കുന്നത് അറിഞ്ഞതേയില്ല. തന്റെ പ്രിയപ്പെട്ട കൂട്ടുകാരി, തുളസിയുടെ ദുസ്സഹമായ ജീവിതം കുറെ കാലങ്ങളായി തന്നെ വല്ലാതെ അലട്ടിക്കൊണ്ടിരിക്കുന്നു. ഒരു കണക്കിന് താനും ഒരു കാരണക്കാരിയായതിലുള്ള കുറ്റബോധം തന്നെയും വേട്ടയാടുന്നു. അവൾക്ക് തീരെ ഇഷ്ടമില്ലാതിരുന്ന വിവാഹത്തിന് വഴങ്ങിയതു തന്നെ താൻ നിർബന്ധിച്ചതു കൊണ്ടുതന്നെയാണ്. കളിക്കൂട്ടുകാരിയെ പിരിയാൻ പ്രയാസമായതിനാൽ, ഒരേ നാട്ടിൽ അടുത്തടുത്ത വീടുകളിൽ തന്നെ താമസിക്കാമല്ലോ എന്നു കരുതിയാണ് അവളെ പ്രേരിപ്പിച്ചത്.
മദ്യത്തിനടിമയും സംശയ രോഗിയും ആയ ഭർത്താവിന്റെ പീഡനത്തിൽ അവൾ നീറുകയാണ്. പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ലെങ്കിൽ എല്ലാം അങ്ങു അവസാനിപ്പിക്കുമെന്ന് അവൾ ഇന്നലെയും പറഞ്ഞു. നിത്യദുഃഖത്തിലാണ്ടു പോയ അവളെ സമാധാനിപ്പിക്കാൻ ആവുന്ന രീതിയിലെല്ലാം താൻ ശ്രമിച്ചിട്ടുണ്ട്.
കുഞ്ഞുനാൾ മുതൽ ഒരുമിച്ചു കളിച്ചു വളർന്നവരാണ് ചാരുവെന്ന താനും തന്റെ തുളസിയും! ഒരു ദിവസം പോലും തമ്മിൽ കാണാതിരിക്കുവാൻ കഴിയാത്ത വിധം ഹൃദയബന്ധം ഉള്ളവർ!
ഭർത്താവും രണ്ടു കുട്ടികളുമായി തന്റെ ജീവിതം വലിയ പ്രശ്നങ്ങളൊന്നും ഇല്ലാതെ സന്തോഷമായി ഒഴുകി നീങ്ങി. പോലീസ് കോൺസ്റ്റബിൾ ആയി ജോലി ചെയ്യുന്ന സുകുവേട്ടൻ തികച്ചും സ്നേഹ സമ്പന്നനാണ്. എന്നാൽ, മദ്യപാനിയായിരുന്നു വിജയൻ എന്ന തുളസിയുടെ ഭർത്താവ്. കിട്ടുന്ന പൈസ മദ്യത്തിനു പോലും തികയില്ല. ഒരു തുണിക്കടയിൽ ജോലി ചെയ്തു കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് വീട്ടുകാര്യങ്ങൾ ഒക്കെ ഒരുവിധം അവൾ നടത്തിപ്പോന്നിരുന്നത്. അവളെ മനസ്സിലാക്കാനും സ്നേഹിക്കാനും കഴിയാത്ത ഭർത്താവിനെ അവൾക്കും വെറുപ്പായിരുന്നു.
ദുഃഖം അണപൊട്ടി ഒഴുകുമ്പോൾ സാന്ത്വനം തേടി തന്റെ അരികിലേക്ക് അവൾ ഓടിയെത്തും. 'താങ്ങും തണലുമായി ചാരു ഇല്ലായിരുന്നെങ്കിൽ, എന്നേ ആത്മഹത്യ ചെയ്യുമായിരുന്നു' എന്ന് പലപ്പോഴും അവൾ പറയുമായിരുന്നു. തന്റെ മകളെക്കരുതി മാത്രമാണ് ഇങ്ങനെ എല്ലാം സഹിച്ചു ജീവിക്കുന്നതെന്നും പറഞ്ഞിട്ടുണ്ട്. ഭർത്താവിൽ നിന്നുള്ള പീഡനങ്ങൾ സഹിച്ച് ഭീതിപ്പെടുത്തുന്ന ഓർമകളുമായി ഉറക്കം വരാത്ത രാത്രികളിൽ മകളേയും കെട്ടിപ്പിടിച്ച് കണ്ണുനീർ ഒഴുക്കി നേരം വെളുപ്പിച്ചിട്ടുണ്ടത്രേ. ശാലീന സുന്ദരിയായിരുന്ന അവളുടെ രൂപം തന്നെ എത്രയോ മാറിപ്പോയി. മർദ്ദനത്തിന്റെ പാടുകൾ ആണ് അവളുടെ ശരീരം നിറയെ. എന്നാൽ, ഭർത്താവിനെതിരേ കേസു കൊടുക്കാനുള്ള മനസ്സും അവൾക്കില്ലാതെ പോയി. സുകുവേട്ടൻ തന്നെ എത്രതവണ ശകാരിച്ചിരിക്കുന്നു! എല്ലാം സഹിച്ച് ഇങ്ങനെ എത്ര നാൾ അവൾ മുന്നോട്ടു പോകും?
ചിന്തകൾക്കു വിരാമമിട്ടു കൊണ്ട് അടുക്കളയിൽ കയറി. സ്റ്റൗവ് കത്തിച്ച് കാപ്പിക്കു വെള്ളം വച്ചു. പുലരിയുടെ കിരണങ്ങൾ പീലി വിരിക്കാൻ തുടങ്ങുന്നതേയുള്ളൂ.. അടുക്കള വാതിൽ തുറന്നു പുറത്തിറങ്ങി. രാത്രിയിൽ പെയ്ത മഴയിൽ മുറ്റത്തവിടവിടെയായി വെള്ളം കെട്ടിക്കിടക്കുന്നു.
പെട്ടെന്നാണ് ഒരു കുട്ടിയുടെ കരച്ചിൽ കാതിൽ വന്നലച്ചത്. മുറ്റത്തിറങ്ങി നാലുപാടും ശ്രദ്ധിച്ചു. തുളസിയുടെ വീട്ടിൽ നിന്നാണല്ലോ... ഈശ്വരാ... മണിക്കുട്ടിയാണല്ലോ കരയുന്നത്!
വേഗം തന്നെ അടുക്കളയിൽ കയറി സ്‌റ്റൗവ് ഓഫാക്കി, പരിഭ്രാന്തിയോടെ സുകുവേട്ടനെ ഉണർത്തി കാര്യം പറഞ്ഞിട്ട് തുളസിയുടെ വീട്ടിലേയ്ക്ക് ഓടുകയായിരുന്നു.
ചേതനയറ്റു നിലത്തു കിടക്കുന്ന തന്റെ തുളസിയെ കണ്ട് ഞെട്ടി. അവൾ പറഞ്ഞതു പോലെ തന്നെ ചെയ്തിരിക്കുന്നു! ഇത്രപെട്ടെന്നു തന്നെ ഇവൾ ഈ കടുംകൈ ചെയ്യുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. അമ്മേ എന്നു വിളിച്ചു കരയുന്ന മണിക്കുട്ടിയെ ചേർത്തുപിടിച്ചു ആശ്വസിപ്പിച്ചു. എന്തു ചെയ്യണമെന്നറിയാതെ പുറത്തിറങ്ങി ചുറ്റുപാടും നോക്കി. വരാന്തയിൽ ബീഡി പുകച്ചിരിക്കുന്ന വിജയനോട് കാര്യങ്ങൾ അന്വേഷിച്ചപ്പോൾ, വെളുപ്പാൻ കാലത്ത് ഹാർട്ട് അറ്റാക്ക് ആയി അവൾ കുഴഞ്ഞു വീണു മരിച്ചു എന്നു പറഞ്ഞു. അയാൾക്ക് യാതൊരു ഭാവഭേദവും ഉണ്ടായിരുന്നില്ല.
രാവിലെ അതുവഴി നടക്കാനിറങ്ങിയ ഒന്നു രണ്ടു പേരോട് വിവരം പറഞ്ഞു. പതുക്കെപ്പതുക്കെ ഓരോരുത്തർ കേട്ടറിഞ്ഞു വന്നുതുടങ്ങി. തന്നെ കാണാതായപ്പോൾ തിരക്കി വന്ന സുകുവേട്ടന് കാര്യങ്ങളുടെ ഗൗരവം മനസ്സിലായി. കുട്ടികളെ സ്കൂളിൽ വിടണ്ടെന്നും താൻ ഓഫീസിൽ പോയിട്ട് വരാമെന്നും പറഞ്ഞു. സമയം പതുക്കെ ഇഴഞ്ഞു നീങ്ങി.
എല്ലാ ദുഃഖങ്ങളിൽ നിന്നും മോചിതമായി ഈ കൊച്ചു വീടിന്റെ നടുത്തളത്തിൽ വെള്ള പുതച്ചു കിടക്കുന്ന തന്റെ തുളസി! അവളുടെ മുഖത്തു നിന്നു കണ്ണെടുക്കാതെ വിതുമ്പിക്കരയുവാനേ തനിക്കു കഴിയുമായിരുന്നുള്ളൂ. അവളുടെ തണുത്തുറഞ്ഞ മുഖത്തു തങ്ങി നിൽക്കുന്ന ചെറു പുഞ്ചിരിയിൽ ഒരു വിജയഭാവം ഒളിഞ്ഞിരിക്കുന്നില്ലേ എന്നു തോന്നി. കഷ്ടപ്പാടുകൾ നിറഞ്ഞ ലോകത്തു നിന്നും രക്ഷപ്പെട്ടതിന്റെ സന്തോഷം ആയിരിക്കാം. അവൾ ക്കെന്തോ തന്നോടു പറയുവാനുള്ളതു പോലെ തോന്നുന്നു!
'എന്റെ മോളേ...നിനക്കെന്താണ് സംഭവിച്ചത്? ഒന്നു യാത്ര പോലും പറയാതെ എന്തിനാണ് എന്നെ നീ വിട്ടു പോയത്? ശരിക്കും എന്താണുണ്ടായത്? നിന്റെ വേദനകൾ ഇന്നലെ നീ പങ്കു വച്ചപ്പോഴും നിന്നെ സമാധാനിപ്പിക്കാൻ ആവുന്ന വിധം ഞാൻ ശ്രമിച്ചതല്ലേ? ഞാൻ പറഞ്ഞിരുന്നതെല്ലാം നീ മറന്നു പോയോ? നിന്റെ മകൾ മണിക്കുട്ടിക്ക് ഇനി ആരാണുള്ളത്?
തന്റെ തുളസിയുടെ മരണത്തിൽ എന്തോ ദുരൂഹതയുള്ളതായി മനസ്സു വീണ്ടും വീണ്ടും പറയുന്നു. ഇത് ഒരു സ്വാഭാവിക മരണം തന്നെയാണോ എന്നുള്ള സംശയം ഉള്ളിൽ ബലപ്പെടുന്നതും അറിഞ്ഞു.
അമ്മേ എന്നു വിളിച്ചു കരയുന്ന മണിക്കുട്ടിയെ നോക്കി നെടുവീർപ്പിട്ടു. അവളെ കെട്ടിപ്പിടിച്ചു ആശ്വസിപ്പിച്ചു.
"ഞാൻ വിളിച്ചിട്ടു എന്റെ അമ്മ യെന്താണ് കണ്ണുതുറക്കാത്തത്? അമ്മ ഉറങ്ങുകയാണോ ആന്റീ? ഇനി ഒരിക്കലും ഉണരില്ലേ? മോൾക്കിനി ആരാണുള്ളത്?" എട്ടുവയസ്സുള്ള കുഞ്ഞിന്റെ ഹൃദയം തകർന്നുള്ള നിലവിളി, കൂടി നിന്നവരുടെയെല്ലാം കരളലിയിച്ചു. കണ്ണുനീർ ചാലുകളായി ഒഴുകിയിറങ്ങി.
"മോളേ... കരയല്ലേ...മോളു വിളിക്കുന്നതും സങ്കടപ്പെടുന്നതുമെല്ലാം അമ്മ അറിയുന്നുണ്ട്. പക്ഷേ, അമ്മ ഇപ്പോൾ മറ്റൊരു ലോകത്താണ്, ഒത്തിരി ദൂരെ... ഇനി തിരികെ വരാൻ ഒരിക്കലും അമ്മയ്ക്കു സാധിക്കില്ല!
മോൾക്കു ഇനി ഞങ്ങളെല്ലാവരും ഉണ്ടല്ലോ... എന്തിനാണ് വിഷമിക്കുന്നത്? മോളുടെ അച്ഛനും ഉണ്ടല്ലോ!"
"എനിക്ക് അച്ഛനെ പേടിയാ, അച്ഛൻ ചീത്തയാ...ഇന്നലെ അച്ഛൻ അമ്മയെ ഒത്തിരി അടിച്ചു. എന്നെയും തല്ലി. അച്ഛൻ ചീത്തയാ..."
മണിക്കുട്ടിയുടെ സംസാരം തന്റെ ഉള്ളിലെ സംശയത്തിന് ആക്കം കൂട്ടി. മണിക്കുട്ടിയേയും കൂട്ടി ഒരു മുറിയിൽ കയറി വാതിലടച്ചു.
"മോളേ... ഇന്നലെ എന്താണ് സംഭവിച്ചത്? മോളുടെ അമ്മ എങ്ങനെയാണ് മരിച്ചത്?"
"അത്.... ആന്റീ... അച്ഛൻ ഇന്നലെ രാത്രിയിൽ കുടിച്ചിട്ടു വന്ന് അമ്മയെ ഒത്തിരി ഉപദ്രവിച്ചു. താഴെ തള്ളിയിട്ടു തലയിലും വയറ്റിലും ഒക്കെ തൊഴിച്ചു. കരഞ്ഞു കൊണ്ട് അമ്മയെ കെട്ടിപ്പിടിച്ച എന്നെയും അടിച്ചു."
അവൾ നിർത്താതെ കരഞ്ഞു കൊണ്ടിരുന്നു. പാവം കുട്ടി! അവളുടെ സങ്കടം സഹിക്കാൻ കഴിയുമായിരുന്നില്ല. കണ്ണുനീർ തുടച്ച് മോളെ ചേർത്തു പിടിച്ചു ആശ്വസിപ്പിച്ചു. ആളുകൾ പലരും വന്നു പോയിക്കൊണ്ടിരുന്നു.
'എത്രയും പെട്ടെന്ന് ഈ വിവരങ്ങൾ വേണ്ടപ്പെട്ടവരെ അറിയിക്കണം' അവളുടെ ഉള്ളു തുടിച്ചു.
ധൃതിയിൽ അവിടെ നിന്നും ഇറങ്ങി വീട്ടിലെത്തി, സുകുവേട്ടനെ വിളിച്ചു തന്റെ സംശയങ്ങൾ വിവരിച്ചത്തിനുശേഷം മക്കളേയും കൂട്ടി തിരിച്ചെത്തി.
അര മണിക്കൂറിനുള്ളിൽ നാലു പോലീസുകാരേയും വഹിച്ചു കൊണ്ട് ഒരു പോലീസ് ജീപ്പ് ആ വീടിന്റെ മുൻപിൽ വന്നു നിന്നു. സബ് ഇൻസ്പെക്ടറും മൂന്നു കോൺസ്റ്റബിൾ മാരും വണ്ടിയിൽ നിന്നും ചാടിയിറങ്ങി. പരിസരവും ചുറ്റുപാടും ഒക്കെ ഒന്നു വീക്ഷിച്ചിട്ട് അകത്തു കയറി. മൃതദേഹത്തെ വണങ്ങിയതിനു ശേഷം പുറത്തുവന്ന ഇൻസ്പെക്ടർ എല്ലാവരേയും ഒന്നു നോക്കിയിട്ടു ചോദിച്ചു:
"ഈ സ്ത്രീ എങ്ങനെയാണ് മരിച്ചത്?"
"ഹാർട്ട് അറ്റാക്കാണെന്നാണ് ഇവരുടെ ഭർത്താവ് വിജയൻ പറഞ്ഞത്." കൂടി നിന്നവരിൽ ഒരാൾ പറഞ്ഞു.
"ഇവരുടെ ഭർത്താവ് എവിടെ?"
"അവൻ അവിടെ ബീഡിയും വലിച്ചുകൊണ്ട് ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ പോയി വിളിച്ചു കൊണ്ടു വരാം."
മുറ്റത്തിങ്ങി വടക്കുവശത്തേയ്ക്കു പോയ ആളിന് പിറകേ രണ്ടു പോലീസുകാരും അവിടേക്കു ചെന്നു. പോലീസുകാരെ കണ്ട വിജയൻ, ഭവ്യതയോടെ എഴുന്നേറ്റു നിന്നു.
"നീ ആണോടാ വിജയൻ?
"അതേ സാർ, ഞാനാണ്."
"നിന്റെ ഭാര്യയെ എന്തിനാണ് നീ കൊന്നത്?"
"ഞാൻ കൊന്നില്ല സാർ. അവൾ, ഹാർട്ട് അറ്റാക്ക് വന്നു മരിച്ചതാണ്. ഞാൻ അല്പം കുടിക്കുമെങ്കിലും അവളെയും മോളേയും എനിക്കു ജീവനാണ്."
"ഏതായാലും നീ വാ... എസ്.ഐ സാർ അന്വേഷിക്കുന്നു."
ഒറ്റനോട്ടത്തിൽ സാധുവെന്നു തോന്നിക്കുന്ന ഒരു മനുഷ്യനേയും കൂട്ടി പോലീസുകാർ ഇൻസ്പെക്ടറുടെ മുന്നിൽ എത്തി.
കൈകൾ കൂപ്പി ഭവ്യതയോടെ നിൽക്കുന്ന ആ മനുഷ്യനോട് എസ്.ഐ. അനിൽകുമാർ ചോദിച്ചു:
"നിന്റെ ഭാര്യ മരിച്ചതല്ല, നീ കൊന്നതാണെന്ന് ഒരു പരാതി കിട്ടിയിട്ടുണ്ട്. സത്യം ആണോടാ?"
"അല്ല സാർ. അങ്ങയെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. ഞാൻ ആരേയും കൊന്നിട്ടില്ല. എനിക്കതിനു കഴിയില്ല സാർ. അവൾ എന്റെ ജീവനാണ്."
"ശരി, ഏതായാലും ബോഡി പോസ്റ്റ്മാർട്ടം ചെയ്യാനായി കൊണ്ടുപോകുകയാണ്. നീയും ഞങ്ങളോടൊപ്പം വരണം."
അമ്പരന്നു നിൽക്കുന്ന ആളുകളോടായി ഇൻസ്പെക്ടർ തുടർന്നു:
"പോസ്റ്റുമാർട്ടം കഴിഞ്ഞു ബോഡി ഏറ്റുവാങ്ങാൻ ഒന്നു രണ്ടു ബന്ധുക്കൾ കൂടി ഞങ്ങളോടൊപ്പം വരണം. തുടർന്നുള്ള അന്വേഷണത്തിനായി വിജയനെ ഞങ്ങൾ കൊണ്ടുപോകുന്നു. എല്ലാവരും സഹകരിക്കണം."
എസ്.ഐ മുറ്റത്തേക്കിറങ്ങി അല്പം മാറിനിന്നുകൊണ്ട് സർക്കിളിനെ വിളിച്ചു സംഭവം വിശദീകരിച്ചു.
പിന്നെ കാര്യങ്ങൾ എല്ലാം വളരെ പെട്ടെന്നായിരുന്നു. വീടും പരിസരവും മുറികളും എല്ലാം സൂക്ഷ്മമായി പരിശോധിച്ചു ഇൻക്വസ്റ്റ് തയ്യാറാക്കി. ആംബുലൻസ് വരുത്തി ബോഡിയോടൊപ്പം രണ്ടു ബന്ധുക്കളേയും കയറ്റി സിറ്റി ഹോസ്പിറ്റലിലേക്ക് പാഞ്ഞു. തൊട്ടു പിറകിൽ വിജയനേയും വഹിച്ചു കൊണ്ട് ആ പോലീസ് ജീപ്പും അവിടെ നിന്നും നീങ്ങി.
എല്ലാം നിരീക്ഷിച്ചു കൊണ്ട് മണിക്കുട്ടിയുടെ കയ്യും പിടിച്ചു നിന്നിരുന്ന തന്റെ മുഖത്ത് അത്മനിർവൃതിയുടെ പൂക്കൾ വിരിഞ്ഞുവോ? ഈശ്വരാ... എന്റെ തുളസിയുടെ ആത്മാവിനു നീതി ലഭിക്കണേ എന്ന് ഉള്ളുരുകി പ്രാർത്ഥിച്ചു.
മണിക്കുട്ടി ഇനി തന്റെ മകളായി, തന്റെ വീട്ടിൽ സ്വന്തം മക്കളോടൊപ്പം തന്നെ വളരും എന്ന് ഹൃദയത്തിൽ നിശ്ചയിച്ചുറപ്പിച്ചു.