mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

പ്രിയപ്പെട്ടവരെ, ഞാനൊരു കഥ പറയട്ടെ നിങ്ങളോട്. ഇതെൻ്റെ കഥയാണേ.

ഒരു പാട് സ്വപ്നങ്ങൾ കാണിച്ചിട്ടൊടുവിൽ ഒന്നുമല്ലാതാക്കപ്പെട്ട, ആരുടെയൊക്കെയോ ആരൊക്കെയോ ആകുമെന്ന പ്രതീക്ഷകളുടെ അവസാനം ആരുടെയും ആരുമല്ലാതായിത്തീർന്ന,  എന്നോടൊപ്പമുള്ളവരേക്കാൾ സൗന്ദര്യമുള്ളവനാക്കാനായി ലക്ഷങ്ങൾ പൊടിച്ച് അന്തസ്സിൻ്റെ അടയാളമായി അഹങ്കരിക്കപ്പെട്ട് ഇന്നൊരു മൂലയിൽ പൊടിപിടിച്ചിരിക്കേണ്ടി വന്ന എൻ്റെ കഥ.

എൻ്റെ ആമുഖം കുറച്ച് നീണ്ടു പോയല്ലേ? സംശയിക്കേണ്ട വായനക്കാരെ ... ഇന്നത്തെ ഞാൻ ഇങ്ങനെയൊക്കെയാണ്. ഇപ്പോഴും ഞാനാരാണെന്ന സംശയത്തിലാണല്ലേ? ആരാലും തിരിച്ചറിയപ്പെടാതെ നിങ്ങളുടെ എല്ലാവരുടെയും കൂടെയുള്ളവളാണ് ഞാൻ.

ഇനിയും വിഷമിപ്പിക്കാതെ ഞാനാരാണെന്ന് പറയാം...

എൻ്റെ പേര് ബാൽക്കണി. ഇപ്പോ ഒന്ന് ഞെട്ടിയല്ലേ? ബാൽക്കണിക്കും കഥയോ എന്നോർത്ത്? മുകപ്പ് എന്നൊക്കെ മലയാളത്തിൽ അർത്ഥം പറയപ്പെടുമെങ്കിലും എന്നെ ബാൽക്കണി എന്ന് വിളിക്കാനാണ് നിങ്ങൾക്കും എനിക്കും ഇഷ്ടം അല്ലെ?

ഇനി എൻ്റെ കഥയിലേക്ക് വരാം....

സിമൻറും മണലും കമ്പിയുമായി ഞാൻ കൂട്ടിച്ചേർക്കപ്പെട്ട നാളുകളിലൊന്നിൽ അവർ ഇവിടെ വന്നിരുന്നു. അവരെന്നാൽ എൻ്റെ ഉടമസ്ഥർ .എന്നോട് ചേർന്ന് നിന്ന് എന്നെയും ചേർത്തുള്ള ഒരു പാട് സ്വപ്നങ്ങൾ അവർ നെയ്ത് കൂട്ടി.ഏറ്റവും നല്ല ടൈൽസും വിലകൂടിയ ഗ്രാനൈറ്റും കൊണ്ട് എന്നെ മറ്റുള്ളവരെക്കാൾ മനോഹരിയാക്കണമെന്ന് അവൾ പറഞ്ഞപ്പോൾ  അവളേയും നെഞ്ചോട് ചേർത്ത് എന്നോടൊപ്പം ഓരോ സായാഹ്നങ്ങളും ചിലവഴിക്കണമെന്നതായിരുന്നു പ്രണയാതുരനായ അവൻ്റെ മോഹങ്ങൾ. ഇതെല്ലാം ഉൾപ്പുളകത്തോടെ കേട്ടു നിന്ന ഞാൻ ആനന്ദത്താൽ ആറാടിയിരുന്നു ആ സമയങ്ങളിൽ. സംഭവിക്കാനിരിക്കുന്ന സുന്ദരമായ സ്വപ്നങ്ങളുമായി ഒരു പട്ടം പോലെ പറക്കുകയായിരുന്നു എൻ്റെ മനസ്സ്.

കുറച്ച് മാസങ്ങൾക്ക് ശേഷം വീടിൻ്റെ പണിയെല്ലാം തീർന്നപ്പോൾ അവർ പറഞ്ഞതുപോലെ തന്നെ അവരെന്നെ ചുറ്റുമുള്ളവരേക്കാൾ ഏറെ മനോഹരിയാക്കിയിരുന്നു. ആദ്യകാലങ്ങളിൽ അവരുടെ സുന്ദരമായ സായാഹ്നങ്ങൾ എന്നോടൊപ്പമായിരുന്നു. എനിക്കവരുടെ കളി ചിരികൾ കാണാം, കൊഞ്ചലുകൾ കേൾക്കാം., ഹൃദയമിടിപ്പുകളെ തൊട്ടറിയാം... അവരുടെ ആരൊക്കെയോ ആയിത്തീർന്നതിൻ്റെ അഹങ്കാരത്തിലായിരുന്നു ഞാനാ ദിനങ്ങളിൽ. ആനന്ദലബ്ധിക്കിനിയെന്തു വേണ്ടൂ അല്ലെ?

പക്ഷേ.... പോകെപ്പോകെ കാര്യങ്ങളാകെ മാറി മറിഞ്ഞു... അവരുടെ സ്നേഹത്തെയും സുന്ദര നിമിഷങ്ങളെയും അവരുടെ കയ്യിലിരിക്കുന്ന കൊച്ചു യന്ത്രത്തിലവരൊളിപ്പിച്ചപ്പോൾ ആരോരുമില്ലാത്തവളായി ഞാൻ മാറിയത് ഞാൻ പോലുമറിയാതെയായിരുന്നു.

ഇതിനിടയിലവർക്കൊരു കുഞ്ഞുണ്ടായി... ആ കുഞ്ഞു പാദങ്ങൾ എന്നിൽ സ്പർശിക്കുന്ന അനർഘ നിമിഷത്തിനായി ഞാൻ കാത്തു കാത്ത് വർഷങ്ങളോളമിരുന്നു... പക്ഷേ.... കുഞ്ഞു പ്രായത്തിൽ തന്നെ ആ യന്ത്രത്താൽ അവനും കീഴടക്കപ്പെട്ടിരുന്നു. അവഗണനയുടെ വേദന ഞാൻ തിരിച്ചറിയപ്പെടുകയായിരുന്നു ഓരോ നിമിഷങ്ങളിലും.

"ശ് .... ശ്... ഒരു നിമിഷം.... ഒരു കാലടി ശബ്ദം കേൾക്കുന്നല്ലോ? അവനായിരിക്കുമോ?അതോ അവരായിരിക്കുമോ?"

"ഹ .... ഹ... ഹ " "ഇത്രയൊക്കെയായിട്ടും യാഥാർത്ഥ്യം തിരിച്ചറിയാത്ത  വിഡ്ഢി " .... അതാ വേലക്കാരി ഇവിടം അടിച്ചു തുടക്കാൻ വരുന്നതായിരിക്കും. അല്ലെങ്കിൽ കൊച്ചമ്മ നെറ്റിന് റേഞ്ച് കിട്ടാഞ്ഞിട്ട് ഈ മൂലയിലേക്ക് വരുന്നതായിരിക്കും " ...എന്നെ പരിഹസിക്കുന്നത് ആരാണെന്നായിരിക്കും നിങ്ങളുടെ ചിന്ത .

അതവനാ.... എൻ്റെയറ്റത്ത് ഒരിളം തണുപ്പോട് കൂടി എന്നോട് ചേർന്ന് നിൽക്കുന്ന കൈവരി.അവനെപ്പോഴും സ്വപ്നജീവി എന്ന് വിളിച്ച് എന്നെ കളിയാക്കിക്കൊണ്ടിരിക്കും .അവനും എന്നെപ്പോലെ തന്നെ ആരാലും പരിഗണിക്കപ്പെടാതെ വേദനിക്കുന്നവനാണ്. അവനോട് ചേർന്ന് നിന്നാൽ ചുറ്റുമുള്ള പ്രകൃതീ രമണീയമായ കാഴ്ചകൾ മുഴുവൻ ആസ്വദിക്കാം. പക്ഷേ.... പ്രകൃതിയൊരുക്കിയ വിരുന്നുകൾ കാണാതെ കയ്യിലെ ചെപ്പിലെ കാഴ്ചകൾ കാണാൻ വെമ്പുന്നവനതെങ്ങിനെ മനസ്സിലാക്കാൻ? പിന്നെ അവൻ പറഞ്ഞത് ശരിയായിരുന്നൂ ട്ടോ.... ആ വന്നത് വേലക്കാരിയായിരുന്നു. ഞാൻ വെറുതെ പ്രതീക്ഷിച്ചു.

"നീയിത് ആരോടാ നിൻ്റെയും എൻ്റെയും കദന കഥകൾ വിളമ്പുന്നത്? അവൻ്റെ വീട്ടിലും കാണും പെണ്ണെ നിന്നെയും എന്നെയും പോലെ അവഗണിക്കപ്പെട്ടവർ. അവിടെയും ഒന്ന് പരിഗണിക്കപ്പെടാനും തഴുകപ്പെടാനുമാഗ്രഹിച്ച് നിന്നെപ്പോലെ പതം പറയുന്നവരുണ്ടാകും ... അവരെക്കുറിച്ച് ചിന്തിക്കാത്തവരാണോ നിന്നെയും എന്നെയും കുറിച്ച് ചിന്തിക്കുന്നത്? നീയിനിയെങ്കിലും മനസ്സിലാക്കൂ.... മാറിയ കാലത്ത് നമ്മെപ്പോലെയുള്ളവരുടെയെല്ലാം ഗതി ഇതു തന്നെയാണെന്ന് തിരിച്ചറിയൂ: "

കേട്ടോ കൂട്ടുകാരേ .... വീണ്ടും അവനെന്നെ കളിയാക്കുകയാണ്.... എന്നാലും എനിക്ക് പ്രതീക്ഷയുണ്ട് ട്ടോ നിങ്ങളിലാരെങ്കിലും എൻ്റെ കഥ കേട്ട് നിങ്ങളുടെ വീട്ടിലെ എന്നെപ്പോലെയുള്ളവരെയും പരിഗണിക്കുമെന്ന് .അപ്പോ ഞാൻ നിർത്തുകയാണേ കൂട്ടുകാരെ ....

ഇതാണെൻ്റെ കഥ.എന്നെപ്പോലെയുള്ള ഒരോരുത്തരുടെയും കഥ. 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ