mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

 

(Abbas Edamaruku)

കൈയിലിരുന്ന നോട്ടുകെട്ടുകൾ സുഭദ്ര, ഗായത്രിക്കു നേരെ നീട്ടി. ''ഇത് നീ വെച്ചോ ... ഇരുപത്തഞ്ചുലക്ഷം രൂപയുണ്ട്. ഇന്നത്തെക്കാലത്ത്‌ ഇതൊരു വലിയ തുകയൊന്നുമല്ലെന്ന് എനിക്കറിയാം. പക്ഷേ,

ഇതേയുള്ളൂ ഇപ്പോൾ എന്റെ കൈയിൽ. ഇത്രയും കാലത്തെ ജീവിതംകൊണ്ട് നേടിയെടുത്തതെല്ലാം വിറ്റുപെറുക്കി ഞാൻ. വീടും ,സ്ഥലവും ,വാഹനവുമെല്ലാം.." പറഞ്ഞിട്ട് അവൾ ഗായത്രിയെ നോക്കി.

''എനിക്കെന്തിനാണിത്രയും പണം. ഞാനീ പണംകൊണ്ട് എന്തുചെയ്യാനാണ് ?'' ഗായത്രി അവളെ നോക്കി അത്ഭുതം കൊണ്ടു.

''ഈ പണംകൊണ്ട് നീ നിന്റെ നാട്ടിലേക്ക് മടങ്ങിപ്പോണം. അവിടുള്ള കടമെല്ലാം വീട്ടണം. എന്നിട്ടൊരു കൊച്ചുവീട് വാങ്ങണം. അവിടെ അച്ഛനും, അമ്മയുമൊത്തു സുഖമായി ജീവിക്കണം ഇനിയുള്ളകാലം." ഗായത്രിയെ നോക്കി പറഞ്ഞിട്ട് ടേബിളിന് പുറത്തിരുന്ന ഗ്ലാസിലെ മദ്യമെടുത്തൊരിറക്ക് കുടിച്ചു അവൾ.

''പിന്നെ...ഈ പണം ഇത്രയും കാലത്തെ നിന്റെ പ്രതിഫലമായിട്ടൊന്നും കരുതണ്ട നീ. പണംകൊണ്ട് തീർക്കാവുന്നതല്ലല്ലോ എനിക്കുനിന്നോടുള്ള ബാധ്യതകൾ. ഈ കാണുന്നതെല്ലാം നിന്റെയും കൂടി വിയർപ്പിന്റെ ഫലമാണ്. പിന്നൊരു കാര്യം പറയാനുള്ളത്. ഇന്നത്തോടെ നമ്മൾ ഈ നഗരം വിടുകയാണ് എന്നെന്നേക്കുമായി. ഈ നഗരത്തിലെ നമ്മുടെ അവസാന രാത്രിയാണിന്ന്.'' അവൾ ഒരിക്കൽക്കൂടി മദ്യഗ്ലാസ് ചുണ്ടോട് ചേർത്തു.

''ചേച്ചീ... നമ്മുടെ അബ്‌ദു?' 'പൊടുന്നനെ ഗായത്രി ചോദിച്ചു .അപ്പോൾ അവളുടെ കണ്ണുകൾ നിറയുകയും ശബ്ദം ഇടറുകയും ചെയ്‌തു.

''മറന്നിട്ടില്ല ഞാൻ. എന്റെ എല്ലാമെല്ലാമായിരുന്ന അബ്‌ദുവിനും ഞാനൊരു സമ്മാനം കരുതിവെച്ചിട്ടുണ്ട്... മരണമെന്ന സമ്മാനം.'' പറഞ്ഞിട്ട് അവൾ നിറമിഴികൾ തുടച്ചു .

സുഭദ്രയുടെ വാക്കുകൾകേട്ട് ഗായത്രി ഞെട്ടിപ്പോയി.

''ചേച്ചീ...'' അവളുടെ ശബ്ദ്ദം വല്ലാതെ വിറകൊണ്ടു. അവൾ ഭയത്തോടെ അവരെ നോക്കി.

''ഗായത്രി... നിനക്കെന്റെ വാക്കുകൾ ഉൾക്കൊള്ളാനാവുന്നില്ലെന്ന് എനിക്കറിയാം. പക്ഷേ, എന്തുചെയ്യാം? നശിച്ച ഈ ലോകത്തുനിന്ന്, നരകിച്ചുള്ള ഈ ജീവിതത്തിൽനിന്ന്... അവനൊരു മോചനം... അത് മരണം മാത്രമാണ്. ഈ സത്യം എന്നെപ്പോലെതന്നെ നിനക്കും അറിയാം.'' സുഭദ്ര ഒരുനിമിഷം നിറുത്തിയിട്ട് അവളെ നോക്കി.എന്നിട്ട് വീണ്ടും തുടർന്നു.

"വാഹനാപകടത്തിൽപ്പെട്ട് ഇരുകാലുകളും മുട്ടിനൊപ്പം വെച്ചറ്റുപോയി അരക്കുകീഴ്പോട്ട് തളർന്ന് ജീവച്ഛവം കണക്കെ കട്ടിലിൽ കിടക്കുന്ന അബ്‌ദുവിന് ഇതിലും നല്ലൊരു മോചനം വേറെന്താണ് നമുക്ക് നൽകാനാവുക?''പറഞ്ഞിട്ട് സുഭദ്ര വീണ്ടും മിഴിനീരൊപ്പി.

"അബ്‌ദുവിനൊരിക്കലും ഈ നരകിച്ച ജീവിതത്തിൽ നിന്നൊരു മോചനമില്ല. ഒരിക്കലും പഴയജീവിതത്തിലേക്ക് ഇനി അവൻ മടങ്ങിവരില്ല. അവനെയുംകൊണ്ട് ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ നിനക്കാവില്ല. നീ അതിന് തയ്യാറായാൽ തന്നെ ഞാനതിനു അനുവദിക്കില്ല. അതുപോലെതന്നെ എല്ലാം അവസാനിപ്പിച്ച് ചെയ്തുപോയ തെറ്റുകൾക്കൊക്കെ പ്രായശ്ചിത്തം ചെയ്യാനായി തീർത്ഥാടനത്തിനൊരുങ്ങിയിരിക്കുന്ന എനിക്കും അവനൊരു ബാധ്യതതന്നെയാണ്. അതുകൊണ്ടാണ് ഞാൻ പറയുന്നത് മരണമല്ലാത്തൊരു മോചനം നമുക്ക് അബ്‌ദുവിന് നൽകാനില്ലെന്ന്." ഗ്ലാസിലെ മദ്യം ഒറ്റവലിക്ക് കുടിച്ചിട്ട് അവൾ കസേരയിൽ നിന്നു മെല്ലെ എഴുന്നേറ്റു. എന്നിട്ട് ഗായത്രിയെ കൂട്ടികൊണ്ട് അബ്‌ദു കിടക്കുന്ന മുറിയിലേക്ക് നടന്നു.

പഴമയുടെ ഗന്ധം നിറഞ്ഞുനിൽക്കുന്നൊരു കൊച്ചുമുറിയുടെ മൂലയോടുചേർത്തിട്ടിരുന്ന കട്ടിലിൽ... ജീവച്ഛവംകണക്കെ കിടക്കുകയായിരുന്നു അബ്‌ദു. താടിയും മുടിയുമെല്ലാം നീണ്ടൊരു പേക്കോലമായി തീർന്നിരുന്നു അവൻ ഇതിനോടകംതന്നെ. ജീവനുള്ളൊരസ്ഥിപഞ്ജരം. കട്ടിലിനോട് ചേർത്തിട്ടിരുന്ന കസേരയിൽ അവന് അരികിലായിക്കൊണ്ട് അവൾ മെല്ലെ ഇരുന്നു.

സുഭദ്രയേയും... ഗായത്രിയേയും കണ്ട് അവന്റെ മുഖത്തൊരു പുഞ്ചിരി വിടർന്നു. സുഭദ്ര അവന്റെ നെറ്റിയിലേക്ക് വീണുകിടന്ന മുടിയിഴകളെ തന്റെ കൈകൊണ്ട് മെല്ലെ മാടിയൊതുക്കിവെച്ചു.

"അബ്‌ദു... ഇന്നത്തോടെ നമ്മൾ പിരിയുകയാണ്. എന്നെന്നേക്കുമായി ഈ നഗരംവിട്ട് നമ്മൾ പോകുന്നു. മൂന്നുപേരും മൂന്നുവഴിക്ക് പിരിയുന്നു. നിന്നെ കൂടെക്കൂട്ടാൻ ഞങ്ങൾക്കാവില്ലെന്ന് നിനക്കറിയാമല്ലോ?ഞങ്ങളോട് ക്ഷമിക്കഡാ..." പറഞ്ഞിട്ട് സുഭദ്ര അവന്റെ നെറ്റിയിൽ ചുണ്ടുകൾചേർത്തു ചുംബിച്ചു.

''മതി നീ ഇങ്ങനെകിടന്നു നരകിച്ചത്. എത്രയോപ്രാവശ്യം നീ എന്നോട് ആവശ്യപെട്ടിട്ടുണ്ട് ഒരുചേച്ചിയുടെ സ്ഥാനത്തുനിന്ന് എന്നെയൊന്നു കൊന്നുതരാൻ. ഇന്നിതാ നിന്റെ ആഗ്രഹം ഞാൻ നിറവേറ്റിത്തരാൻ പോവുകയാണ്. എന്നെന്നേക്കുമായി ഈ നശിച്ച ജീവിതത്തിൽനിന്ന്... മരണമെന്ന മോചനം നിനക്ക്‌ ഞാൻ നൽകാൻ പോകുന്നു...'' പറഞ്ഞിട്ട് അവൾ ഒരിക്കൽക്കൂടി അവന്റെ നെറ്റിയിൽ അമർത്തിച്ചുംബിച്ചു.

അപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞുതൂവി. ആ കണ്ണുനീർത്തുള്ളികൾ കവിളിലൂടെ ഒഴുകിയിറങ്ങി തലയണയെ നനച്ചു. അവൻ ദയനീയമായി ഇരുവരേയും മാറിമാറിനോക്കി. ആ നോട്ടം നേരിടാനാവാതെ ഗായത്രി മുഖംതിരിച്ചു. അവളുടെ മനസ്സിലേക്ക് അപ്പോൾ കഴിഞ്ഞകാലത്തെ ചില ഓർമ്മകൾ കടന്നുവന്നു.

നാട്ടിൽനിന്നു ജോലിക്കായി ഒരേജന്റ്‌ മുഖേനെ... മുംബൈ എന്ന ഈ വൻനഗരത്തിൽ എത്തിച്ചേർന്നതും, അവിടെനിന്നും ചതിയിലകപ്പെട്ട് സുഭദ്രയെന്ന വേശ്യാലയം നടത്തിപ്പുകാരിയുടെ അടുക്കലെത്തിച്ചേർന്നതുമെല്ലാം... ഒരുനിമിഷം അവൾ മനസ്സിലോർത്തു. അന്നുമുതലുള്ള പരിചയമാണ് അബ്‌ദുവുമായി. സുഭദ്രേച്ചിയുടെ ഡ്രൈവറും, മനസാക്ഷിസൂക്ഷിപ്പുകാരനുമായ അബ്‌ദു. അറിയാതെയെന്നവണ്ണം... തന്റെ മനസ്സിനെ കീഴടക്കുകയായിരുന്നു അവൻ.

അബ്‌ദു, തനിക്കാരാണ് ഒരു നിമിഷം അവൾ മനസ്സിലോർത്തു. കാമുകനോ, തോഴനോ, സഹോദരനോ അറിയില്ല. ആ ഓർമ്മകൾ അവളുടെ മനസ്സിനെ പിടിച്ചുലച്ചു. അവളുടെ കണ്ണിൽനിന്നു കണ്ണുനീർത്തുള്ളികൾ അടർന്നുവീണു.

"വാഹനാപകടത്തിൽപെട്ട് അബ്‌ദു ഇന്നൊരു ജീവച്ഛവമാണെങ്കിലും... ഒരുകാലത്ത് അവൻ തന്റെ എല്ലാമെല്ലാമായിരുന്നു. ഒരിക്കൽ അവനും താനുമൊത്ത്‌ ഒരുപാട് സ്വപ്നങ്ങൾ നെയ്തുകൂട്ടിയതാണ്. അങ്ങനെയുള്ള അബ്‌ദുവിനെ, മരണത്തിലേക്ക് തള്ളിവിട്ടിട്ട് നാടുവിട്ടോടിപ്പോകാൻ തനിക്കാവില്ല. അങ്ങനെ ചെയ്താൽ ഈശ്വരൻപോലും തന്നോട്‌ ക്ഷമിക്കില്ല അവൾ മനസ്സിലുറപ്പിച്ചു.

ഈ സമയം സുഭദ്ര തന്റെ അരയിൽ നിന്നു റിവോൾവർ വലിച്ചൂരിയെടുത്തു. എന്നിട്ട് അബ്‌ദുവിന്റെ നെറ്റിയോട് ചേർത്തു.

''അബ്‌ദു ..ഈ ചേച്ചിയോട് ക്ഷമിക്കടാ മോനേ. ഇതല്ലാതെ നിന്റെ നരകയാതനയിൽ നിന്നും മോചിപ്പിക്കാനൊരു മാർഗം ഞാൻ കാണുന്നില്ല...'' പറഞ്ഞിട്ട് അവൾ പൊട്ടിക്കരഞ്ഞു .

മരണം തോക്കിന്റെരൂപത്തിൽ കണ്മുന്നിലെത്തിയപ്പോൾ... അവൻ കണ്ണുകൾ ഇറുക്കെയടച്ചു. അവന്റെ കണ്ണിൽനിന്നും കണ്ണുനീർത്തുള്ളികൾ ധാരധാരയായി ഒഴുകിയിറങ്ങിക്കൊണ്ടിരുന്നു.

''ചേച്ചി ...''പൊടുന്നനെ ഗായത്രി വിളിച്ചു.

''ഉം ..''അവൾ മുഖം തിരിച്ചു ഗായത്രിയെ നോക്കി.

''അബ്‌ദുവിന്റെ, ജീവനെടുക്കാനുള്ള അവസരം എനിക്ക്തരൂ... കണ്ടുമുട്ടിയനാൾമുതൽ ഞാനും അവനും ഒരുമിച്ചായിരുന്നില്ലേ? അതുകൊണ്ട് അവനെ അവസാനമായി യാത്രയാക്കാനുള്ള അവസരവും എനിക്ക്തരൂ...'' അവൾ വികാരംകൊണ്ട് പറഞ്ഞു.

ഒരുനിമിഷം സുഭദ്ര, വിശ്വാസം വരാത്തതുപോലെ അവളെ സൂക്ഷിച്ചുനോക്കി. എന്നിട്ട് തോക്ക് കയ്യിൽ വെച്ചുകൊടുത്തു.

ഗായത്രി തോക്ക് കയ്യിൽവാങ്ങിക്കൊണ്ട് അബ്‌ദുവിന് നേരെചൂണ്ടി. അപ്പോളവളുടെ കൈകൾ വിറകൊണ്ടു. കണ്ണുകൾ നിറഞ്ഞു. ഈ കാഴ്ചകണ്ട് സുഭദ്ര കണ്ണുകൾ ഇറുക്കെയടച്ചു. ആ നിമിഷംതന്നെ അവളുടെ വിരൽ തോക്കിന്റെ കാഞ്ചിയിലമർന്നു.

ഒരുനിമിഷം... വല്ലാത്തൊരലർച്ചയോടെ... സുഭദ്ര കസേരയിൽ നിന്ന് അബ്‌ദുവിന്റെ കട്ടിലിലേക്ക് മറിഞ്ഞുവീണു. അവളുടെനെറ്റിയിൽനിന്നു രക്‌തം ചീറ്റിത്തെറിച്ചു.

"ചേച്ചി ...മാപ്പ്... ഈ പാപിയോട് ക്ഷമിക്കൂ..." ഗായത്രിയുടെ ചുണ്ടുകൾ മന്ത്രിച്ചു. അവൾ സുഭദ്രക്കരികിലായി മുട്ടുകുത്തിനിന്നു.

"എന്നോട് ക്ഷമിക്കൂ ചേച്ചീ...എന്തൊക്ക ന്യായത്തിന്റെ പേരിലായാലും... നമ്മുടെ അബ്‌ദുവിനെ മരണത്തിലേക്ക് തള്ളിവിടാൻ എനിക്കായില്ല. ഒരു നിമിഷം അവനെ മരണത്തിനു വിട്ടുകൊടുക്കാൻ തോന്നിയ ചേച്ചിയുടെ മനസ്സിനോട് ക്ഷമിക്കാനും എനിക്കായില്ല." പറഞ്ഞിട്ട് അവൾ പൊട്ടിപ്പൊട്ടിക്കരഞ്ഞു.

ആ നിമിഷം സുഭദ്ര, വിറയാർന്ന കൈകൾകൊണ്ട് ഗായത്രിയുടെ കയ്യിൽപിടിച്ചു. എന്നിട്ടാ കൈ അബ്‌ദുവിന്റെ കയ്യിൽ വെച്ചുകൊടുത്തു.

''നിങ്ങൾ ഒരുമിച്ചു ജീവിക്കണം ഇനിയും ഒരുപാട് കാലം. ഞാനാണ് മരിക്കേണ്ടവൾ. നിങ്ങളുടെ മനസിലെ പ്രണയത്തിന്റെ ആഴം കാണാതെപോയ ഞാനാണ് നിർഭാഗ്യവതി." അത്രയും പറഞ്ഞിട്ട് വല്ലാത്തൊരു പിടച്ചിലോടെ അവളുടെ ശരീരം നിശ്ചലമായി.

ഈ സമയം അബ്‌ദുവും ഗായത്രിയും മുഖത്തോടുമുഖം നോക്കി. ഇരുവരുടേയും കണ്ണിൽനിന്നും കണ്ണുനീർത്തുള്ളികൾ അടർന്നുവീണു.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ