നമ്മുടെ നാട്ടിൽ വൃത്തി അല്പം കൂടുതലുള്ളവർക്ക് വസ്വാസുണ്ട് അല്ലെങ്കിൽ അവന് വസ്വാസ് ആണ് എന്നൊക്കെ പറയാറില്ലേ? ഒബ്സെസ്സീവ് കമ്പൽസീവ് ഡിസോഡർ (OCD) എന്ന ഒരു മെന്റൽ ഹെൽത്ത് കണ്ടിഷനെ പൊതുവെ വസ്വാസ് എന്ന് വിളിക്കാറുണ്ട്. എന്നാൽ ഇത് പറയുന്ന പോലെ സിമ്പിൾ ആയി കാണാൻ പറ്റുമോ?
ഒ സി ഡി എന്നത് ഉത്കണ്ഠ രോഗത്തിൽ (anxiety disorder) പെട്ട ഒരു വിഭാഗമാണ്. പ്രധാനമായും രണ്ട് കാര്യങ്ങളാണ് ഇതിൽ ഉള്ളത്.
- ഒരു കാര്യത്തെക്കുറിച്ച് അനിയന്ത്രിതമായി തുടരെത്തുടരെ അനാവശ്യമായ ചിന്തകൾ വരുന്നത്. ഇതിനെ ഒബ്സെഷൻ (obsession) എന്ന് വിളിക്കാം.
- ഈ ചിന്തയുടെ പരിണിതഫലമായി അനാവശ്യമായ അഥവാ മറ്റുള്ളവർക്കു അനാവശ്യം എന്ന് തോന്നുന്ന വീണ്ടും വീണ്ടും (repeated ) ഉള്ള പ്രവൃത്തി ഉണ്ടാകുന്നത്. ഇതിനെ കമ്പൽഷൻ (compulsion ) അല്ലെങ്കിൽ കമ്പൽസീവ് ബിഹേവിയർ എന്ന് വിളിക്കാം. ഈ ഒബ്സസീവ് ചിന്തകൾ കാരണമാണ് കമ്പൽസീവ് ബിഹേവിയർ ആളുകൾ കാണിക്കുന്നത്. ഉദാ : ഒരു തവണ കൈ കഴുകിയ ഒരാൾക്ക് അത് ശരിയായില്ല എന്ന് തോന്നുന്നു. വീണ്ടും ചെയ്ത് ശരിയാക്കിയില്ലെങ്കിൽ തനിക്കോ തന്റെ ഉറ്റവർക്കോ എന്തെങ്കിലും അപകടം സംഭവിക്കുമോ എന്ന ചിന്ത അവരിൽ അമിതമായ ഉത്കണ്ഠ ഉണ്ടാക്കുന്നു. അങ്ങനെ വീണ്ടും വീണ്ടും തൃപ്തിയാവുന്നത് വരെ കൈ കഴുകുന്നു.
ഓ സി ഡി യിൽ ഒബ്സെഷൻ മാത്രമോ ഒബ്സെഷനും കമ്പൽഷനും ഒരുമിച്ചോ ഉണ്ടാവാം.
സാധാരണ ഗതിയിൽ അമിത വൃത്തിയുമായി ബന്ധപ്പെട്ടാണ് ഒ സി ഡി യെ മനസ്സിലാക്കുന്നതെങ്കിലും, ഒ സി ഡി പലതരത്തിലുണ്ട്. തീവ്രമായ ഉത്കണ്ഠ കാരണമായാണ് ഒ സി ഡി ഉള്ളവർ തുടരെത്തുടരെ ചില പ്രവർത്തികൾ ചെയ്യുന്നത്. ഈ ചിന്തകളും പ്രവർത്തികളും യുക്തിരഹിതമാണെന്ന് മിക്ക ആളുകളും മനസ്സിലാക്കുന്നുണ്ടെങ്കിലും ഈ പ്രവർത്തിയിൽ നിന്ന് വിട്ടുനിൽക്കാൻ അവർക്ക് ആവില്ല. ഈ അവസ്ഥ കാരണം അവർക്ക് മാത്രമല്ല, അവരുടെ കൂടെ ജീവിക്കുന്നവർക്കും പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. ഉദാഹരണം, ഒരു സ്ത്രീക്ക് വൃത്തിയുമായി ബന്ധപ്പെട്ട് ഒ സി ഡി ഉണ്ടെങ്കിൽ ഭർത്താവിനെയോ മക്കളെയോ മറ്റ് അംഗങ്ങളെയോ കുളിക്കാനും കഴുകാനും വൃത്തിയാക്കാനും അനാവശ്യമായി നിർബന്ധിക്കുന്നു. ഇത് ബന്ധങ്ങളിലെ വിള്ളലുകളിലേക്ക് നയിക്കാം.
ഒ സി ഡി യുടെ ചില ലക്ഷണങ്ങൾ താഴെ കൊടുക്കുന്നു.
- അഴുക്ക്, അണുക്കൾ, ബാക്ടീരിയ ഇവയുമായി സമ്പർക്കം വന്നിട്ടുണ്ടോ അല്ലെങ്കിൽ വരുമോ എന്ന ചിന്തയും പേടിയും.
- അറിയാതെ ആർക്കെങ്കിലും താൻ കാരണം അപകടം സംഭവിക്കുമോ എന്ന ഭയം. ഉദാ: വാഹനം ഓടിക്കുമ്പോൾ അറിയാതെ ആരെയെങ്കിലും വാഹനം ഇടിക്കുന്നതിന് (ആക്സിഡന്റിന് ) ഞാൻ കാരണമാവുമോ എന്ന ഉത്കണ്ഠ.
- തെറ്റ് വന്നു പോകുമോ എന്ന ഭയം
- മതപരമായ കർമ്മ- അനുഷ്ഠാനങ്ങൾ ചെയ്തത് ശരിയായിട്ടില്ല എന്ന തോന്നലും വീണ്ടും വീണ്ടും ചെയ്യലും.
- ശരി തെറ്റുകളെ കുറിച്ച് അമിത ആശങ്ക.
- ലൈംഗികതയെ കുറിച്ച് അനാവശ്യ ചിന്തകളും ചിത്രങ്ങളും.
- അനാവശ്യമായ സംശയം ഉദാ : ഡോർ അടച്ചോ, ഗ്യാസ് സ്റ്റോവ് ഓഫ് ചെയ്തോ.
- ഓർഡർ, ബാലൻസ്, വൃത്തി എന്നിവയുമായി ബന്ധപ്പെട്ട അമിത ഉത്കണ്ഠ. ഉദാ: ഒരു കൈ കൊണ്ട് ഒരു സാധനം എടുത്തു കഴിഞ്ഞാൽ മറ്റേ കൈകൊണ്ടും എടുക്കണം, ഇത്ര തവണ തന്നെ ഒരു കാര്യം ചെയ്യണം.
- ഒരു കാര്യം ശരിയാവണമെങ്കിൽ നിശ്ചിത പ്രാവശ്യം ചെയ്യണമെന്ന് തോന്നൽ. ഉദാ :ഒരു തവണ ഒരു കാര്യം ചെയ്തു കഴിഞ്ഞാൽ രണ്ടോ നാലോ തവണ ചെയ്യണം (ഇരട്ട സംഖ്യയാണ് ശരിയായത് ).
- ഒരുപാട് സമയം കുളിക്കുക, കൈ കഴുകുക.
- ചില പ്രത്യേക വസ്തുക്കളുടെ ശേഖരണം.
- ആർക്കെങ്കിലും താൻ കാരണം എന്തെങ്കിലും പറ്റിയോ എന്ന് പരിശോധിക്കുക.
- കാര്യങ്ങൾക്ക് മറ്റുള്ളവരിൽ നിന്ന് അനാവശ്യമായി തുടരെത്തുടരെ ഉറപ്പ് (assurance) ചോദിക്കുക. ഉദാ : ഞാൻ ഇപ്പൊ അവിടെ തൊട്ടിട്ടില്ലല്ലോ എന്ന് മറ്റുള്ളവരോട് ചോദിച്ചു ഉറപ്പ് വരുത്തുക.
- ചില വാക്കുകളോ പ്രാർത്ഥനയോ അനാവശ്യ സന്ദർഭങ്ങളിൽ പറയുക.
- ഒബ്സെസ്സീവ് ചിന്തകൾ വരാവുന്ന സന്ദർഭങ്ങളിൽ നിന്ന് തുടതുടരെത്തുടരെ വിട്ടുനിൽക്കൽ. ഉദാ: അമ്പലമോ പള്ളിയോ കണ്ടുകഴിഞ്ഞ് ഒരു നിശ്ചിത തുക നിർബന്ധമായും നേർച്ച ചെയ്യണം എന്ന് ചിന്ത വരുന്ന ഒരാൾ പുറത്തു പോകുന്നതിൽ നിന്ന് തന്നെ വിട്ടുനിൽക്കൽ.
ഒ സി ഡി ഒരാളുടെ ദൈനംദിന ജീവിതത്തെ തന്നെ ബാധിക്കാറുണ്ട്. ഇത്തരം ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഒരു സൈക്കോളജിസ്റ്റിനെ കാണുകയും ആവശ്യമായ ചികിത്സ ചെയ്യുകയും ചെയ്താൽ ഈ പ്രശ്നങ്ങൾ ദൈനംദിനത്തിൽ ഉണ്ടാവുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാവുന്നതാണ്. സൈക്കോതെറാപ്പി, മരുന്ന് ചികിത്സ എന്നിവയാണ് ചികിത്സ രീതികൾ . ചിലരിൽ തീവ്രത അനുസരിച്ചു സൈക്കോതെറാപ്പി മാത്രം മതിയാവുന്നതാണ്.
ഓ സി ഡി വരുന്നതിനെ തടയാൻ നമുക്ക് കഴിയില്ല എന്നാൽ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നത് മൂലം അതിന്റെ ലക്ഷണം കുറയ്ക്കാനും അത് ദൈനംദിന ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ മറികടക്കാൻ സഹായിക്കും.
*Raiha Abdurahman*
Consultant Psycholgist
Planet Growth and Wellness
☎️90613 13582