മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

''കാടെവിടെ മക്കളേ  മേടെവിടെ മക്കളേ 
കാട്ടു പുൽത്തകിടിയുടെ വേരെവിടെ മക്കളേ''

ഏഴാം തരത്തിലെ കുട്ടികളെ അയ്യപ്പപ്പണിക്കരുടെ കവിത പഠിപ്പിച്ചു കഴിഞ്ഞിറങ്ങുമ്പോൾ ആ മലയാളം അധ്യാപികയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. നഗരജീവിതം മടുത്തു തുടങ്ങിയിട്ട് നാളേറെയായി.

ഫ്ലാറ്റിലെ നാലുചുവരുകൾക്കുള്ളിൽ വീർപ്പുമുട്ടിയുള്ള ജീവിതം. തൊട്ടപ്പുറത്ത് താമസിക്കുന്നവർ പോലും അപരിചിതർ. പുറത്തേക്കു നോക്കിയാൽ കൂറ്റൻ കെട്ടിടങ്ങളും പുക വമിക്കുന്ന ഫാക്ടറികളും തിരക്കുപിടിച്ചു പായുന്ന വാഹനങ്ങളും നിർവികാരമായി, യാന്ത്രികമായി നിരങ്ങി നീങ്ങുന്ന മനുഷ്യരും. കണ്ണിനും മനസ്സിനും കുളിർമ നൽകാൻ പേരിനുപോലും ഒരു പച്ചപ്പോ നദിയോ ഒന്നുമില്ല ഇവിടെ.നഗരത്തിലെ ഏറ്റവും പ്രശസ്തമായ ഐടി കമ്പനിയിലെ സി ഇ ഓ യുടെ ഭാര്യ.താമസിക്കാൻ മുന്തിയയിനം ഫ്ലാറ്റ് . സഞ്ചരിക്കാൻ ആഡംബര കാർ. ഏകമകൻ അഡ്മിഷൻ കിട്ടാൻ ഏറ്റവും പ്രയാസമേറിയ അന്തർദേശീയ സ്കൂളിൽ ഒന്നാം ക്ലാസ്സിൽ. നഗരത്തിലെ തന്നെ ഗവൺമെൻറ് സ്കൂളിൽ അധ്യാപികയായി തനിക്കും ജോലിയുണ്ട്.പുറത്തുനിന്ന് കാണുന്നവർ പറയും അസൂയാവഹമായ ജീവിതംതന്നെ! മകന്റെ കാര്യം ഓർത്താൽ ആധി കൂടും.അച്ഛൻറെ അരുതുകളുടെ, വിലക്കുകളുടെ,നടുവിലാണ് അവൻ വളർന്നു കൊണ്ടിരിക്കുന്നത്. സ്കൂളിൽ ആകെ കളിക്കാൻ കിട്ടുന്ന ഇത്തിരി സമയത്തുപോലും മണ്ണിൽ ഇറങ്ങരുത്,മഴ നനയരുത്, മരത്തിൽ കയറരുത് ഇങ്ങനെ തുടങ്ങുന്ന വിലക്കുകൾ അനുസരിക്കുന്നതിനു പ്രതിഫലമെന്നോണം ഓരോ ദിവസവും പുതിയ പുതിയ കമ്പ്യൂട്ടർ ഗെയിമുകൾ ഇൻസ്റ്റാൾ ചെയ്തു കൊടുക്കുന്നുണ്ട് അച്ഛൻ. പ്രകൃതിസ്നേഹിയായ ഭാര്യയോട് അയാൾക്ക് പുച്ഛമാണ് .സ്കൂളിൽ കുട്ടികളെ പഠിപ്പിക്കുന്നതിനിടയിൽ പ്രകൃതി വിഷയമായി കടന്നു വരുമ്പോഴൊക്കെ വാചാല ആകാറുണ്ട് അവൾ. പ്രകൃതിയെ സംരക്ഷിക്കണമെന്ന് കുട്ടികളോട് പറയുമ്പോഴൊക്കെ അവളുടെ ഉള്ള് നീറിപ്പുകയാറുണ്ട്. ഘോരഘോരം പ്രകൃതി സംരക്ഷണം പ്രസംഗിച്ചാൽ മാത്രം മതിയോ പ്രവർത്തിയിൽ കൂടി മാതൃക കാണിക്കണ്ടേ ടീച്ചറേ എന്ന് ഒരു കുട്ടി ഏതെങ്കിലും ഒരു കുട്ടി ഒരിക്കലെങ്കിലും എഴുന്നേറ്റുനിന്നു മുഖത്ത് നോക്കി ചോദിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ടീച്ചർ ആണെന്ന വസ്തുത തന്നെ മറന്ന് കരഞ്ഞുകൊണ്ടവൾ ക്ലാസ് മുറിയിൽനിന്ന് ഇറങ്ങി പോകുമായിരുന്നു. മണലൂറ്റ് ,പ്ലാസ്റ്റിക് മലിനീകരണം,നദികളെ മലിനമാക്കൽ, റോഡിന് വീതികൂട്ടാൻ എന്നപേരിൽ മരങ്ങൾ അനാവശ്യമായി മുറിച്ചുമാറ്റൽ തുടങ്ങി തന്റെ ചുറ്റുവട്ടത്ത് നടന്ന എത്രയോ പ്രകൃതി ചൂഷണങ്ങൾക്കു നേരേ ശക്തമായി പ്രതികരിക്കാനുള്ള ഊർജ്ജം അടിമുടി നിറഞ്ഞു നിന്നിട്ടും നിസ്സഹായയായി, നോക്കുകുത്തിയായി നിൽക്കേണ്ടി വന്നിട്ടുണ്ട് അവൾക്ക്. കോർപ്പറേറ്റ് മുതലാളിമാർക്ക് ചുക്കാൻ പിടിക്കുന്ന ഭർത്താവിന്റെ വിലക്കുകൾ പുറത്തുകടക്കാനാവാത്ത വിധം ചങ്ങലക്കണ്ണികൾ ആയി രൂപാന്തരപ്പെട്ടു അവളെ ചുറ്റി വരിഞ്ഞിരുന്നു അപ്പോഴെല്ലാം. ആ ചങ്ങലക്കണ്ണികൾ പൊട്ടിച്ചെറിയാൻ കഴിയാത്ത ദുർബലയാണ് താനെന്ന തോന്നലിൽ വിധേയത്വത്തോടെ നീറുന്ന മനസ്സോടെ ക്ലാസ് മുറികളിൽ അവൾ വീണ്ടും വീണ്ടും ആഹ്വാനം ചെയ്തു കൊണ്ടേയിരുന്നു.

'പരിസ്ഥിതി സംരക്ഷിക്കണം നമ്മൾ. നമ്മുടെ കടമയാണത്'. 

പൊള്ളയായ വാക്കുകൾ ക്ലാസ്സ് മുറികളുടെ ചുവരിൽ തട്ടി പതിന്മടങ്ങ് ശക്തിയോടെ തന്നിലേക്ക് തിരിച്ചുവന്ന ഒരു ദിവസം തന്നെ വരിഞ്ഞു മുറുകിയിരിക്കുന്ന ചങ്ങല പൊട്ടിച്ചെറിയാൻ എവിടെനിന്നോ കിട്ടിയ ധൈര്യത്തിന്റെ പുറത്ത് മകനേയും കൂട്ടി ഭർത്താവിനോട് പോകുന്നു എന്ന് മാത്രം പറഞ്ഞു അനുവാദത്തിന് കാത്തുനിൽക്കാതെ അവൾ യാത്ര തിരിച്ചു. ബസിന്റെ ജനാല സീറ്റിൽ ചാരിയിരിക്കുമ്പോൾ മടിയിലിരുന്ന് കിരൺ ചോദിച്ചു .

'മമ്മീ നമ്മൾ എങ്ങോട്ടാ പോണേ'?

 'മുത്തശിയുടെ അടുത്തേക്ക്. മോനിതുവരെ കണ്ടിട്ടില്ലാത്ത തറവാട്ടിലേക്ക്.'

 എത്ര ശ്രമിച്ചാലും പിഴുതെറിയാൻ കഴിയാത്ത ആഴത്തിൽ ഉറച്ച വേരുകൾ തേടിയുള്ള യാത്രയാണിതെന്ന് പറഞ്ഞാൽ ആറുവയസ്സുകാരന് എന്തു മനസ്സിലാകാനാണ്?

ബസ് പുറപ്പെടാൻ ഇനിയും സമയമുണ്ട് എന്നതുകൊണ്ട് വെറുതെ ഫോൺ കൈയിലെടുത്തപ്പോൾ ഫേസ്ബുക്ക് ഓണായി കിടപ്പുണ്ടായിരുന്നു.ന്യൂസ് ഫീഡിൽ ആദ്യം വന്ന ഫോട്ടോ അവൾക്ക് അധികനേരം നോക്കി നിൽക്കാനായില്ല. ഉല്ലാസയാത്രയുടെ മാസ്മരിക നിമിഷങ്ങളിൽ ലഹരി നുണഞ്ഞ് കാട്ടിൽ ആരോ വലിച്ചെറിഞ്ഞ മദ്യക്കുപ്പിയുടെ ചീള് കാലിൽ തുളഞ്ഞുകയറി ചരിഞ്ഞ ഒരാനയുടെ ഹൃദയഭേദകമായ ചിത്രമായിരുന്നു അത്. വന്യജീവി ഫോട്ടോഗ്രാഫറും ഏറ്റവും അടുത്ത സുഹൃത്തുമായ അരുൺ പങ്കുവച്ച ചിത്രം. പൊടുന്നനെ ഫോൺ സ്വിച്ച് ഓഫ് ചെയ്തു സീറ്റിൽ അമർന്നപ്പോഴേക്കും ബസ് നീങ്ങി തുടങ്ങിയിരുന്നു.

 കാടു കത്തിപ്പടർന്നത് പെട്ടെന്നാണ്. വൻമരങ്ങൾ ഉൾപ്പെടെ സസ്യലതാദികൾ വെണ്ണീർ ആകുന്നു. മൃഗങ്ങളും പക്ഷികളും ചുട്ടുപഴുത്ത തീയിൽ വെന്തമരുന്നു.ആനയും മാനും കാട്ടുപോത്തും മരണഭയത്താൽ കഴിയുന്നത്ര വേഗത്തിൽ ഓടുന്നു. ഇതിനിടയിൽ ഇണയ്ക്കും മക്കൾക്കും തീറ്റയുമായി വന്ന വേഴാമ്പൽ കൂടിരുന്ന മരം കത്തിയമരുന്നത് കണ്ടു ഉറക്കെ നിലവിളിച്ചുകൊണ്ട് ആ തീയിലേക്ക് സ്വയം ഹോമിക്കുന്നു. അവൾ ഞെട്ടി ഉണർന്നതും ഇറങ്ങേണ്ട സ്റ്റോപ്പ് എത്തിയെന്ന് അറിയിച്ചുകൊണ്ട് കണ്ടക്ടർ ബെൽ മുഴക്കിയതും ഒരുമിച്ചായിരുന്നു. ഇതാദ്യമല്ല അവൾ ഇതേ സ്വപ്നം കണ്ട് ഞെട്ടി ഉണരുന്നത് .ആവർത്തിച്ചു കാണുന്ന ഇതേ സ്വപ്നം അത് അവളുടെ ഉപബോധമനസ്സിൽ അത്രയേറെ ആഴത്തിൽ പതിഞ്ഞു പോയിരിക്കുന്നു .കമ്പനിക്ക് ലഭിച്ച ഉജ്ജ്വലമായ വിജയമാഘോഷിക്കാൻ ഭർത്താവ് സഹപ്രവർത്തകർക്കൊപ്പം രണ്ടുവർഷം മുമ്പ് നടത്തിയ വിനോദയാത്ര. ട്രെക്കിങ്ങിന് ഇടയിൽ അശ്രദ്ധമായി അയാളുടെ കൂട്ടത്തിൽ ആരോ വലിച്ചെറിഞ്ഞ ഒരു തീപ്പെട്ടിക്കൊള്ളി. പിറ്റേന്ന് കാട്ടുതീയിൽ വയനാട്ടിലെ കാടുകളിൽ ഒന്ന് അപ്പാടെ കത്തിനശിച്ചു എന്ന പത്രവാർത്ത കണ്ട് ഒന്നുറക്കെ കരയാൻ പോലുമാകാതെ മണിക്കൂറുകളോളം മരവിച്ചിരുന്ന അവളോട് കുറ്റബോധത്തിന്റെ കണിക ഏതുമില്ലാതെ അയാൾ പറഞ്ഞത് ഇങ്ങനെയായിരുന്നു. 

'സംഭവിക്കാനുള്ളത് സംഭവിച്ചു. ഈ വാർത്തയിൽ പറഞ്ഞിട്ടുള്ള സമയം വച്ച് നോക്കിയാൽ ഈ കാട്ടുതീ ഉണ്ടായതിനു പിന്നിൽ ഞങ്ങളുടെ കൂട്ടത്തിലുള്ള ആരോ ഒരാൾ തന്നെയാണ്.ഇനി നീ ആയിട്ട് ഇതാരോടും പറയാൻ നിൽക്കണ്ടാ. കമ്പനി വളർന്നുവരുന്ന ഈ സാഹചര്യത്തിൽ വെറുതെ കേസും കോടതിയുമായി പുലിവാല് പിടിക്കാൻ വയ്യെനിക്ക്. കാടല്ലേ കത്തിയത് ?കുറേ മൃഗങ്ങൾ അല്ലേ ചത്തു പോയിട്ടുള്ളൂ ?അല്ലാതെ മനുഷ്യർക്ക് ഒന്നും സംഭവിച്ചില്ലല്ലോ. അങ്ങനെ സമാധാനിക്ക്. എത്ര നിസ്സാരമായിട്ടാണ് അയാളത് പറഞ്ഞു നിർത്തിയത് ! 

അധികം ചിന്തിച്ചു നിൽക്കാൻ സമയമില്ല. ഇപ്പൊ തന്നെ നേരം വൈകി. കിരണിനേയും എടുത്ത് മറുകൈയിൽ ബാഗുമായി അവൾ നടക്കാൻ തുടങ്ങി, ബാല്യവും കൗമാരവും യൗവനത്തിന്റെ തുടക്കവും പങ്കിട്ട നാട്ടിടവഴിയിലൂടെ...

തറവാട്ടിലെത്തി മുത്തശ്ശിയെ കണ്ടപ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം ,ഒരു നിർവൃതി അവളിൽ നിറഞ്ഞു. തലമുടി പഞ്ഞിക്കെട്ട് പോലെ നരച്ചു എന്നല്ലാതെ മുത്തശ്ശിക്ക് ഒരു മാറ്റവുമില്ല.

'യാത്രാക്ഷീണം കാണില്ലേ. നല്ലോണം ഉറങ്ങിക്കോളൂ. വിശേഷങ്ങളൊക്കെ കാലത്ത് പറയാം'

 മുത്തശ്ശിയുടെ കവിളിലൊരുമ്മ കൊടുത്തു കിരണിനേയും കൂട്ടി മുറിയിലേക്ക് പോയി. കുറേയേറെ വർഷങ്ങൾക്ക് ശേഷം അവൾ മനസമാധാനമായി ഉറങ്ങിയതാണ് അന്നാണ്.

 കിരൺ എഴുന്നേറ്റിട്ടില്ല.അവൻ ഉറങ്ങട്ടെ. പുലർച്ചെ തന്നെ അവൾ എഴുന്നേറ്റത് അമ്മായിയുടെ മകൾ മാലതിക്കൊപ്പം പുഴയിൽ പോയി കുളിക്കാനുള്ള ആഗ്രഹത്തിന്റെ പുറത്താണ്.

ഒരിക്കൽ നടന്നു പരിചിതമായിരുന്ന പുഴക്കടവിലേക്ക് ഇറങ്ങിയപ്പോൾ മാലതി കൈനീട്ടി .

'സൂക്ഷിച്ചു ഇറങ്ങണേ. വഴുക്കലുണ്ട്'

വീണാലോ എന്ന് പേടിച്ച് പെട്ടെന്ന് മാലതിക്ക് കൈകൊടുത്തു. അതെ കാലം തന്റെ അനുഭവങ്ങളെയും ശീലങ്ങളെയും അത്രമേൽ മാറ്റിയിരിക്കുന്നു!

ചെറുപ്പത്തിൽ മുത്തശ്ശിക്കൊപ്പം തണുത്ത വെള്ളത്തിൽ മുങ്ങി കുളിക്കുന്നതും വെള്ളം തെറിപ്പിച്ച് കളിച്ചു തിമിർക്കുന്നതുമായ ഓർമകളും പേറി പുഴയിലേക്ക് പോയ അവൾക്കു പക്ഷെ നിരാശപ്പെടേണ്ടി വന്നു. കണ്ണെത്താദൂരത്തോളം നിറഞ്ഞുകവിഞ്ഞു കിടന്ന ആ പുഴ ആയിരുന്നില്ല അവളെ എതിരേറ്റ്.  

'പണ്ടത്തെപ്പോലെ വെള്ളം ഒന്നുമില്ല ചേച്ചി. ഇത്രതന്നെ ഇപ്പൊ ഉള്ളത് ഭാഗ്യാ'.

 അവളുടെ മുഖത്തെ ഭാവപ്പകർച്ച കണ്ടിട്ടെന്ന പോലെ മാലതി പറഞ്ഞു. മനസ്സിൽ നിന്ന് തികട്ടി വന്ന സങ്കടം കടിച്ചമർത്തി ഇത്തിരി വട്ടത്തിൽ കിടന്ന വെള്ളത്തിൽ മുങ്ങി വന്നപ്പോഴേക്കും കാലിൽ എന്തോ തടഞ്ഞു .നോക്കിയപ്പോൾ ഒരു പ്ലാസ്റ്റിക് കുപ്പിയാണ്! ഒരു നടുക്കം അവളിലൂടെ കടന്നു പോയത് മാലതിക്ക് മനസ്സിലായിട്ടുണ്ടാകണം.

'മാലതീ ....നമ്മുടെ കാവിൽ ഒന്നുപോയി തൊഴണം എനിക്ക്. ഇവിടെനിന്ന് പോയതിൽ പിന്നെ ഞാൻ ശരിക്കും മിസ് ചെയ്യുന്നതിൽ ഒന്ന് നമ്മുടെ കാവും കാവിലെ ഉത്സവവും ആണ് .നിനക്കോർമ്മയുണ്ടോ പണ്ട് നമ്മൾ കുട്ടികളായിരുന്നപ്പോൾ കാവിൽ പോയി മത്സരിച്ച് നാരങ്ങ വിളക്ക് കത്തിച്ചിരുന്നത്?' മാലതി മറുപടി ഒരു മൂളലിൽ ഒതുക്കിയത് എന്തുകൊണ്ടാണെന്ന് കാവ് നേരിൽ കണ്ടപ്പോഴാണ് അവൾക്ക് മനസ്സിലായത്. പടർന്നുപന്തലിച്ച വൻമരങ്ങളും ചെമ്പകം കൂവളം തുടങ്ങിയ തന്റെ പ്രിയപ്പെട്ട പൂക്കളും പിന്നെ പേരറിയാത്ത എണ്ണമറ്റ ഔഷധച്ചെടികളും കൊണ്ട് സമ്പന്നമായിരുന്ന,സർപ്പപൂജ മുടങ്ങാതെ നടത്തിയിരുന്ന പുള്ളുവൻ വീണ സംഗീതം പൊഴിച്ചിരുന്ന ചെറിയ ഭയത്തോടെയും ആദരവ് കലർന്ന ആരാധനയോടെയും കാത്തുസൂക്ഷിച്ചിരുന്ന കാവിനു പകരം അവൾ കണ്ടത് ശോഷിച്ച നാലഞ്ചു മരങ്ങളും നാഗ പ്രതിഷ്ഠയും മാത്രമുള്ള എന്തോ ഒന്നായിരുന്നു.കാവ് എന്ന് ഒരിക്കലും വിളിക്കാൻ പറ്റാത്ത എന്തോ ഒന്ന് .

ഇക്കുറി അവൾക്ക് അവളെ നിയന്ത്രിക്കാനായില്ല.അതുവരെ പിടിച്ചുനിർത്തിയ സങ്കടം കരച്ചിലായി പുറത്തേക്കു വന്നു. കരഞ്ഞുകൊണ്ട് അവൾ തറവാട്ടിലേക്ക് നീളുന്ന ഇടവഴിയിലൂടെ വേഗത്തിൽ നടക്കാൻ തുടങ്ങി. കാടും നാടും നഗരവും ഒന്നായി ചേർന്നു ഒരു വലിയ തീഗോളമായി തന്നെ വിഴുങ്ങാൻ വരുന്നതുപോലെ. ഭീതിയോടെ, നീറുന്ന മനസ്സോടെ പിന്നെ പറഞ്ഞറിയിക്കാൻ പറ്റാത്ത ഏതൊക്കെയോ സമ്മിശ്ര ഭാവങ്ങളോടെ അവൾ നടത്തത്തിന് വേഗത കൂട്ടി. നടത്തത്തിന്റെ വേഗത കൂട്ടിയതും എവിടെനിന്നോ കാവിലെ ഉത്സവത്തിന്റെ മേളം അവളുടെ കാതിൽ മുഴങ്ങാൻ തുടങ്ങി. ചെണ്ടമേളത്തിന്റെയും ഇലത്താളത്തിന്റെയും അകമ്പടിക്കൊപ്പം കുറത്തി തെയ്യം രൗദ്രഭാവത്തോടെ അവളുടെ മുൻപിൽ ഉറഞ്ഞു തുള്ളാൻ തുടങ്ങി.കോപത്തോടെ കുറത്തി തെയ്യം ചോദിക്കുന്നു, 

''നിങ്ങളെന്റെ കറുത്തമക്കളെ ചുട്ടുതിന്നുന്നോ, 
നിങ്ങൾ ഞങ്ങടെ കുഴിമാടം കുളം തോണ്ടുന്നോ 
നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്നു
നിങ്ങളറിയണമിന്നു ഞങ്ങൾക്കില്ല വഴിയെന്ന് വേറെയില്ല വഴിയെന്ന്''

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ