മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ഉറങ്ങിയോ..??
ഇല്ലേട്ടാ.. ഏട്ടൻ ഉറങ്ങിയില്ലേ..??
ഇല്ല.. നിനക്ക് അറിയില്ലാരുന്നോ..??
ഇല്ലാരുന്നു.. ഞാൻ.. സോറി ഏട്ടാ..
സാരല്ല മോളൂ..
5 വർഷത്തെ കാത്തിരിപ്പിനു ശേഷം ഉണ്ടായ കുഞ്ഞ്.. വയറ്റിൽ കുരുത്തു രണ്ടു മാസങ്ങൾക്കുള്ളിൽ അബോർഷൻ ആയതിന്റെ നൊമ്പരം രണ്ടു പേരുടെയും ഇടയിൽ കിടന്ന് ഞെളിപിരി കൊണ്ടു..

അവളുടെ ഓർമ  വർഷങ്ങൾ പിറകേക്ക് ഓടി..

ഇഷ്ട്ടമുള്ള ജോലി ആസ്വദിച്ചു ചെയ്യുന്ന ഭർത്താവ്.. മൂന്നോ നാലോ മാസം കൂടുമ്പോൾ ഒരാഴചത്തേക്ക് വീട്ടിലെത്തുന്ന വിരുന്നുകാരൻ..

രാത്രികളും പകലുകളും ആവേശത്തോടെ അവളുടെ മേൽ കോറിയിടുന്ന രതിസുഖങ്ങൾ. അവളിൽ അല്ലാതെ മറ്റൊരു പെണ്ണിന്റെ ചിന്തയിൽ പോലും അയാളുടെ വികാരം തീപ്പിടിച്ചിട്ടില്ല..

എന്നിരുന്നാലും അവളാഗ്രഹിച്ച പോലെ ശുക്ലം,  സ്നേഹവും സാന്ത്വനവും സാമീപ്യവും കൂട്ടിക്കുഴക്കാതെ വിതച്ചതുകൊണ്ടാവാം ഒന്നുപോലും കുരുത്തില്ല..

സ്നേഹവും കുടുംബജീവിതവും രണ്ട് ചെടികളിലെ പൂക്കൾ പോലെ കാണാൻ അവൾ ശ്രമിച്ചു..

കുടുംബത്തിന് പുറത്ത് സ്നേഹം മാത്രം പൂക്കുന്ന നിറയെ മരങ്ങൾ ഉണ്ടായിരുന്നു.. അതിലൊന്നിനു അവളും വെള്ളമൊഴിച്ചു..

പരാതികളും പരിഭവങ്ങളും ഇല്ലാതെ തന്നെ സ്നേഹിക്കുന്ന ഭാര്യ അയാളിൽ സന്തോഷമുണർത്തി.. പതിയെ അവളുടെ ഏകാന്തതയെ തന്റെ കുറ്റമെന്നു തിരിച്ചറിയാൻ അയാൾക്കായി..

അപ്പോളേക്കും അവളുടെ സ്നേഹാഭാജനം അവളിൽ തളിർക്കാൻ തുടങ്ങിയിരുന്നു.. കണ്ടുമുട്ടലുകൾ.. തലോടലുകൾ.. കെട്ടിപ്പിടുത്തങ്ങൾ.. ചുംബനങ്ങൾ..

അതിനപ്പുറം അവൾ ആഗ്രഹിച്ചിരുന്നില്ല.. എന്തുകൊണ്ടോ ആ സ്നേഹിതനും നിർബന്ധിച്ചില്ല.. അവനു എല്ലാത്തിനും വേറെയും കൂട്ടുണ്ടാവാം.. ഒരുപക്ഷേ.. അല്ലെങ്കിൽ അവനും സ്നേഹം നഷ്ടമായ ഒരു ആത്മാവ് ആയിരുന്നിരിക്കാം..

കാലം കുറേ വെറുതേ അങ്ങ് കടന്നു പോയി..

അവളുടെ ഭർത്താവ് അവളെ ഒപ്പം  നിർത്താൻ തീരുമാനിച്ചു.. അവർ ഒരുമിച്ചു..

ഇതുവരെ ഇല്ലാത്ത സ്നേഹം അവൾക്കൊരു അധികപ്പറ്റായി.. അഭിനയമോ ആത്മാർത്ഥതയോ എന്ന് തിരിച്ചറിയാൻ കഴിയാതായി.. എന്തായാലും അയാൾക്കൊപ്പം ആണ്‌ ജീവിക്കേണ്ടത് എന്ന് അവൾ തീരുമാനിച്ചു..

അവളുടെ സ്നേഹിതനും അതായിരുന്നു തീരുമാനം.. പക്ഷേ ആ സ്നേഹത്തിന്റെ ഓർമയ്ക്ക് എന്തെങ്കിലും ഒന്ന് വേണമെന്ന് അവൾ പറഞ്ഞു.. ഇതുവരെ പങ്കുവെക്കാത്ത ശരീരത്തിന്റെ ഒരു പങ്ക് നൽകും പകരം അവന്റെ ചോരയുടെ ഒരു തുള്ളി.. അതാണവൾ ആവശ്യപ്പെട്ടത്..

തീരുമാനിച്ചുറപ്പിച്ച് അവർ ഒന്നായി.. നനഞ്ഞ മണ്ണിൽ വേരോടിയതും നാമ്പ് കിളിർത്തതും അവൾ അറിഞ്ഞു..

പതിയെ പതിയെ ഭർത്താവിന്റെ സ്നേഹവും അവൾ മനസ്സിലാക്കി.. അഭിനയം ആയിരുന്നില്ല.. ഇതുവരെ ഒറ്റപ്പെടുത്തിയതിന്റെ കുറ്റബോധം.. ഉള്ളിലുറഞ്ഞ സ്നേഹത്തിന്റെ നീരുറവയെ തുറന്നു വിട്ടതാണ് എന്നറിഞ്ഞ നിമിഷം അവൾ വീണ്ടും പറവശയായി..

5 വർഷത്തിനൊടുവിൽ ഉള്ളിൽ തുടിച്ച കുരുന്ന് ജീവനോ.. അഞ്ചു വർഷങ്ങൾ കിട്ടാത്ത സ്നേഹം ഒരുമിച്ച് തരുന്നയാളോടുള്ള ആത്മാർത്ഥതയോ...

ഓർമ്മകൾക്കിപ്പുറം ഒഴിഞ്ഞ വയറിൽ കൈ ചേർത്ത് ഭർത്താവിന്റെ കൈത്തണ്ടയിൽ തലവച്ചു അവൾ ഉറങ്ങി..

അവൾക്ക് പിന്നിൽ അയാളുടെ മനസ്സും കുറേകാലം പിന്നിൽ ആയിരുന്നു..

എന്തിനോ വേണ്ടി തുറന്ന അവളുടെ ഫോണിലെ മെസ്സേജ്..

ഏട്ടന് എന്നോട് വലിയ സ്നേഹം ആണ്‌.. എനിക്ക് ചതിക്കാൻ മനസ്സുവരുന്നില്ല.. ഞാൻ ഈ കുഞ്ഞ് വേണ്ടിയിരുന്നില്ല  എന്നോർക്കുന്നു...

പിന്നിലേക്കുള്ള കഥ മുഴുവൻ മെസ്സേജ്‌സിൽ ഉണ്ടായിരുന്നു..

അത് വായിച്ച അയാൾക്ക്‌ എന്താണ് തോന്നിയത് എന്ന് അയാൾക്ക്‌ തന്നെ മനസ്സിലായില്ല.. അറിഞ്ഞതൊന്നും അവളെ അറിയിക്കാനും മുതിർന്നില്ല..

പിറ്റേ ദിവസം അല്ലെർജിക് മരുന്ന് കുറിച്ച് കൊടുക്കുമ്പോൾ ഡോക്ടർ പ്രത്യേകം ചോദിച്ചു..

"പ്രെഗ്നന്റ് അല്ലല്ലോ.. ആണെങ്കിൽ ചിലപ്പോൾ ഈ മരുന്ന് അബോർഷൻ ഉണ്ടാക്കും.."

അല്ല.. പ്രെഗ്നന്റ് അല്ല ഡോക്ടർ.. അവളുടെ മറുപടി..

ഓർമ്മകൾക്കിപ്പുറം അയാളും അവളെ ചേർത്ത് പിടിച്ചു...

ഇനിയുണ്ടാകുന്ന കൂടിച്ചേരലിൽ വേരുപിടിക്കാൻ തയ്യാറായി ഒരു കുഞ്ഞ് ജീവൻ ഇരുമനസ്സുകളിലും ഉണർന്നിരുന്നു...

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ