മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

Attappaadi
Mohan das
കേരളത്തിലെ ആദിവാസി കേന്ദ്രത്തിൽ റിസർച്ച് ആവശ്യത്തിനായി അശോകൻ എത്തി. ബസ്സ് ഇറങ്ങി മലയടിവാരത്തേക്ക് നടന്നു. കാട്ടു പാതയിലൂടെ മരങ്ങളും ചോലകളും താണ്ടി നടക്കുമ്പൾ ഒരു ചെറുപ്പക്കാരൻ എതിരെ വരുന്നത് കണ്ടു.   അശോകൻ " മൂപ്പന്റെ  വീട് എവിടെ " എന്ന് അവനോട് അന്വേഷിച്ചു.  
ആദിവാസി നാട്ടുവാസിയെ തുറിച്ചു നോക്കി നിന്നു. 
അശോകൻ " മൂപ്പന്റെ  കുടി (വീട്)എങ്കെ ?" ഭാഷമാറ്റി ചോദിച്ചു.  
ആദിവാസി ഒരു കുന്നിലേക്ക് കൈ ചൂണ്ടി "ദേണ്ടേ അമ്പടെ" എന്ന് പറഞ്ഞു.
അശോകൻ " അന്റെ  പേര് ?  " 
ആദിവാസി " ബാസു " 
അശോകൻ " എബടെ പോണ് " 
വാസു " കടേല്  പ്പം ബരാം " അവൻ നടന്നു നീങ്ങി. 
അശോകൻ മുന്നോട്ട് നടന്നു കുന്നിൻ ചെരിവിലെത്തി. മൂപ്പന്റെ  വീട് കണ്ട് പിടിക്കാൻ എന്താ ഒരു വഴി അവനാലോചിച്ചു. ഒരേ രൂപത്തിൽ ഇലകൾ മേഞ്ഞ വീടുകൾ നിര നിരയായി ഒരേ വലുപ്പത്തിൽ കുന്നിനെ ചുറ്റി മേൽപ്പോട്ട് പോകുന്നു.  കുറെ കുട്ടികൾ അവിടെ കളിക്കുന്നു. പെട്ടെന്ന് ഒരു യൗവനയുക്തയായ ഒരു യുവതി ഒരു കുടിയിൽ നിന്നും ഇറങ്ങി വരുന്നത് അശോകൻ കണ്ടു. ഉടനെ അവൻ ആ സ്ത്രീയുടെ അടുത്ത് ചെന്നു. പണ്ട് കാലത്ത് കാട്ടിലെ ജനങ്ങൾ അരക്ക് മുകളിൽ തുണി ഇട്ടിരുന്നില്ല. കാരണം അന്ന് നഗരങ്ങൾ ഇല്ലായിരുന്നല്ലൊ. അവൾ നഗരത്തിൽ നിന്ന് വന്നവനെ പേടിയൊടെ നോക്കി. കാട്ടു വാസികൾക്ക് അന്നും ഇന്നും നഗരവാസികളെ ഭയമായമായിരുന്നു. 
അശോകൻ " മൂപ്പന്റെ  കുടിയെവിടെ ? " എന്നവളോട് അന്വേഷിച്ചു.
 
അവൾ " ദേണ്ടേ മോളില് " എന്ന് പറഞ്ഞ് കുന്നിൻ പുറത്തേക്ക് വിരൽ ചൂണ്ടി.  അശോകൻ അവൾ ചൂണ്ടുന്ന ദിക്കലേക്ക് നോക്കി.  കുന്നിൻ മുകളിൽ ധാരാളം വീടുകൾ കാണുന്നു ഇതിനിടയിൽ മൂപ്പന്റെ  വീട് ഏതാകും അവൻ ആലോചിച്ചു. 
 
അശോകന്റെ  പരുങ്ങൽ കണ്ടിട്ടാവണം ആ യുവതി പറഞ്ഞു " കരിമ്പന ഓല മേഞ്ഞത് മുപ്പന്റെ  കുടി, ഇലകൾ മേഞ്ഞവ ഞങ്ങ കുടി" 
 
അശോകൻ നേക്കുമ്പോൾ കുന്നിൻ മുകളിൽ പച്ച കരമ്പന ഓല മേഞ്ഞ വീട് കണ്ടു. അവൻ അവളോട് " കിടാത്തീടെ പേരന്നാ? " എന്ന് അന്വേഷിച്ചു. 
 
അവൾ പറഞ്ഞു "രാധിക " 
 
അശോകൻ അത്ഭുതപ്പട്ടു , ചക്കിയും ചങ്കരനും മുണ്ടനും മുണ്ടിയും ഉണ്ടനും ഉണ്ടിയും  ഒക്കെ പോയി,  കാട്ടിലും നഗരവാസി പേരുകൾ ചേക്കേറിയിരിക്കുന്നു. അവൾക്ക് നന്ദി പറഞ്ഞ് അശോകൻ മുപ്പന്റെ  കുടി ലക്ഷ്യമാക്കി നടന്നു. മുപ്പനെ കണ്ട് തന്റെ  ആഗമനോദ്ദേശ്യം അറിയിച്ചു.  മൂപ്പന്റെ  പേരിന് ഒരു മാറ്റവും ഇല്ല 'കണ്ടോരൻ ' 
 
മൂപ്പൻ "ഈ പക്കത്ത് ദാ ആ കുടീല് ആളില്ല. അബടെ ങ്ങള് പാർത്തോളിൻ. പച്ചേങ്കില് ങ്ങള് ഒരിക്കലും ബടത്തെ മൂപ്പന്റെ  കിടാത്തികളെ കഷ്ടപ്പടുത്തരുത് ഓക്കള് പാവങ്ങളാ" 
 
ആദിവാസികളിൽ ഏറ്റവും പുരാതന കാട്ടു വർഗ്ഗം. കാട്ടു മൂപ്പന്റെ  സമ്മതത്തോടുകൂടി അശോകൻ  ആ  കുടിലിൽ  താമസം തുടങ്ങി. 
 
പ്രകൃതിയുടെ കലാവിരുത് ആസ്വദിക്കാൻ അട്ടപാടി ഒരു പറുദീസ തന്നെ. അശോകൻ കുറച്ചു ദിവസം പ്രകൃതിരമണീയത ആസ്വദിച്ച് മൂപ്പന്റെ  കൂടെ കാടും കാട്ടാറും താണ്ടി നടന്ന് കാട്ടിലെ നിവാസികളെ പരിചയപ്പട്ടും കാട്ടു മൃഗങ്ങളെ കണ്ടും രസിച്ചു നടന്നു.  അശോകന്റെ  ഭക്ഷണം എല്ലാം കാട്ടുവാസി ശൈലിയിൽ തന്നെ ആയിരുന്നു. അത് മൂപ്പന്റെ  മൂപ്പത്തി മുണ്ടിച്ചിയുടെ വക ആയിരുന്നു.
 
കണ്ടോരനും മുണ്ടച്ചിക്കും മൂന്ന് കുട്ടികൾ ഉണ്ടായിരുന്നു. രണ്ടു പെണ്ണും  ഒരാണും . മൂത്തവൾ ലതിക   പത്താം ക്ലാസ് കഴിഞ്ഞ് ആദിവാസി സ്ക്കൂളിലെ ടീച്ചർജോലി ചെയ്യുന്നു.  ഇളയവൾ സുന്ദരി    പത്താം ക്ലാസ് പഠിക്കുന്നു. ചെറുക്കൻ  രാമൻ  മൂന്നാം ക്ലാസ്സിൽ പഠിക്കുന്നു. രാമൻ അശാകന്റെ  വലിയൊരു സുഹൃത്ത് ആയിമാറി. 
 
അശോകന്റെ  ചിന്തകൾ ആ ആദിവാസി മേഖലയിലെ മുക്കും മൂലയും പരതി. തനിക്ക് റിസർച്ചിന് ഉതകിയ എന്തോ ഒന്ന് എവിടെ നിന്നോ അവനെ മാടി വിളിക്കുന്നത് പോലെ. അട്ടപാടിയിലെ ആദിവാസി ഊരുകളെ കുറിച്ച് പലരും പഠനങ്ങൾ നടത്തിയിരുന്നു. അശോകനിലൂടെ പുറത്ത് വരേണ്ടത് അവനെ കാത്ത് എവിടെയൊ പുതഞ്ഞു കിടക്കുന്നു എന്ന സത്യം അവന്റെ ഉപബോധമനസ്സ് മന്ത്രിക്കുന്നത് അശോകൻ തിരിച്ചറിഞ്ഞു. 
 
അട്ടപാടിയുടെ ഭൂമിശാസ്ത്രം അവൻ പതുക്കെ റിക്കോർഡ് ആക്കി.  ഇനി വേണ്ടത് ആ സത്യം മാത്രം.  
 
അശോകൻ കണ്ടോരമുപ്പനെ സമിപിച്ചു ചോദിച്ചു .
 
"മൂപ്പാ  അട്ടപാടി ആദിവാസി ഊരുകളുടെ ഉത്ഭവവും ഐതിഹ്യവും അറിയാവുന്നവർ ഇപ്പോൾ ആരങ്കിലും ജീവിച്ചിരുപ്പുണ്ടോ."
 
കണ്ടോരൻ നീണ്ട ആലോചനക്ക് ശേഷം പറഞ്ഞു. 
 
"ങ്ങടെ കുട്ടികാലത്ത് അപ്പനപ്പൂപ്പന്മാർ പാടി കളിച്ചിരുന്ന ഒരു കഥയുണ്ട്. അതിപ്പോഴും ഊര് ഉത്സവങ്ങളിൽ കളിക്കാറുണ്ട്. ആ പാട്ടിന്റെ ഐതിഹ്യം അറിയാവുന്ന ഒരാളെ ഇപ്പോൾ ജീവിച്ചിരുപ്പുള്ളു. ങ്ങടെ 'കോരച്ചാര്മുത്തപ്പൻ'. 
 
മൂപ്പര് അങ്ങ് മലയടിവാരത്ത് പുലി മടയിലാണ് താമസം . വയസ്സ് എത്രയെന്ന് ആർക്കും പിടികാണൂല. ഓര് കൊല്ലത്തില് ചാമൂണ്ഡി ഭഗോതീടെ ഉത്സവത്തിന് മാത്രം ഞമ്മന്റെ  ഊരിലു വരും അതും ഞ്മ്മള് പോയി മുളേന്റെ  പല്ലക്കില് എടുത്ത് വരും. ങ്ങളെ ഞമ്മള് കൂടെവന്ന്  ആ മുത്തപ്പന്റെ  അടുത്താക്കാം. പോകുമ്പോൾ രണ്ടു കുപ്പി ' പനങ്കള്ളും  ' കുറച്ച് ' കറുപ്പും ' കരുതണം. മുത്തപ്പന്റെ  കഥ പുറത്തേക്ക് ഒഴുകിവരാൻ ഈ മരുന്ന് വേണം." 
 
അശോകൻ " ശരി , ഇനി ആ ഐതിഹ്യം  കേട്ടിട്ടാവാം ബാക്കി പഠനം."  എന്ന് പറഞ്ഞു.
 
അടുത്ത ദിവസം തന്നെ മുത്തപ്പനെ കാണാൻ മുപ്പനും വാസുവും അശോകനും പുലിമടയിലേക്ക് യാത്രയായി. അശോകൻ ആദ്യമായി പരിചയപ്പെട്ട കാട്ടുവാസിയാണല്ലൊ വാസു.
 
കണ്ടോരമൂപ്പന്റെ  ഒരു ബന്ധുകൂടിയാണ് . വാസു സഞ്ചരിക്കാത്ത ഊരും മടകളും ആ ഊരിലില്ല. നഗരത്തിലെ വൈദ്യന്മാർക്ക് പലതരം അപൂർവ്വ പച്ച   മരുന്നുകൾ എത്തിച്ച് കൊടുക്കുന്നത് വാസുവാണ്. മൂന്ന് പേരും പുലിമടയിലെത്തി. മുത്തപ്പൻ പ്രഭാത ഭക്ഷണം കഴിഞ്ഞു വിശ്രമിക്കുന്ന സമയത്താണ് മൂന്ന് പേരും കുടിയിലെത്തിയത്. മൂത്തപ്പനെ കണ്ടാൽ നൂറിലധികം  വയസ്സ്  തോന്നിക്കും. മൂപ്പനേയും വാസുവിനേയും നോക്കിയശേഷം അശോകനെ നോക്കി 
"ഏനെവിടന്ന് കിട്ടി മൂപ്പാ " 
മൂപ്പനോട് ഒരു ചോദ്യം 
 
"ഓര്  പട്ടണത്തിൽ  നിന്ന് മ്മടെ ജീവിതം പഠിക്കാൻ വന്നോരാ "  മൂപ്പൻ പറഞ്ഞു. 
 
"ഓനെ ബിശ്വസിക്കാമോ ബാസോ " അടുത്ത് വാസുവിനോട് ഒരു ചോദ്യം. 
 
" ഓര്ക്ക് ഒരു ഡിഗ്രിക്ക് മേണ്ടിണീ മുത്തപ്പനയ്യൻ മ്മടെ   '   ജാൻസിറാണീന്റെ    '  കഥ ചൊല്ലി കൊടുക്കുവോ "  വാസു മുത്തപ്പനോട് പറഞ്ഞു. 
 
മുത്തപ്പൻ " ശരി . രണ്ടീസം ഓൻ ന്റെ  കുടീല് തങ്ങട്ടെ , ജ്ജും കൂടെ കൂടിക്കോ " മുത്തപ്പൻ ചൊല്ലി. 
 
"ങ്ങടെ ഉരും പേരും ചൊല്ലു  " അശോകനോട്
 
"പേര് അശോകൻ ഊര്  തെക്ക്  "  അശോകൻ 
 
"അപ്പോജ്ജ് തിരോന്തോരം ഭാഗത്തിന്നാല്ലെ"  മുത്തപ്പനൊന്ന് ചിരിച്ചു.
 
അശോകനേയും വാസൂനേയും മുത്തപ്പന്റെ അടുത്താക്കി മൂപ്പൻ കീഴോട്ടിറങ്ങി. വാസു കൊണ്ട് വന്ന സാധനങ്ങൾ മുത്തപ്പന് കൊടുത്തു. മുത്തപ്പന്  അത് കണ്ടപ്പോൾ  വളരെ സന്തോഷം ആയി. 
 
മുത്തപ്പൻ അത് രണ്ടും ഒന്ന് മണത്ത് നോക്കി തലയാട്ടി. രണ്ടു പേരോടും അടുത്ത് ഇരിക്കാൻ പറഞ്ഞു പതുക്കെ കഥ പറഞ്ഞു തുടങ്ങി. 
 
"ൻറെ അപ്പനപ്പൂപ്പന്മാര് ഓലേല് കുത്തി കുറിച്ച് വെച്ച കഥയാണ്. ഭഗോതീടെ പൂരത്തിന് അതും ചൊല്ലി ക്ടാങ്ങളും ക്ടാത്തികളും തുള്ളാറുണ്ട്.
അയിന്റെ  പയക്കം പറേണേല് പത്തഞ്ഞൂറ് ബർഷണ്ടാകണം. അന്ന് ബ്ടെല്ലാം കനത്ത കാടായിരിക്കണം ഉച്ചക്ക് കൂടി ചൂര്യനെ കാങ്ങാൻ പറ്റൂണ്ടാകില്ല. ഓലേല് പറഞ്ഞത് നോക്കൂമ്പോൾ ആ കാലത്ത് പറങ്കീന്റെ  മുന്നെ പാറീസ് കാര് കച്ചോടത്തന് പായകപ്പലേറി ബന്നിരുന്ന കാലം. മ്മടെ കാട്ടിലെ മറ്ന്ന്  ചെടികള് , കുറുമുളക്, ഇഞ്ചി,  ഏലം , ഇത്യാദി ദഹണങ്ങളൊക്കെ ഓരടെ നാട്ടില്ക്ക് കൊണ്ട് പോകും അബടന്ന് ബാസന തൈലം,  പട്ട് തുണി, ഭക്ഷണം സാധനങ്ങൾ,  ഗോതമ്പ്, നല്ല കള്ള് , പുകയില ചുരുട്ട് ,  ഇത്യാദി മ്മക്ക് കൊണ്ടേ തരും. അന്നി കാട് ഫരിച്ചിരുന്നത് മ്മടെ ഒരു മൂപ്പനായിരുന്നു. ആ മൂപ്പന് ബാസൂൻറ പോലുള്ള കിടാങ്ങളും കിടാത്തികളും അമ്പും ബില്ലുമായി തുണക്ക് ഉണ്ടായിരുന്നു. അതാണ് അന്നത്തെ കാടിൻറെ സർക്കാര്. ബിദേശികള് മൂപ്പന്റെ  ചമ്മതം ഇല്ലാതെ കാട്ടില് ബന്നാലെക്കൊണ്ട് മൂപ്പന്റെ  കുട്ട്യോളടെ അമ്പിന് ഇരയാകേണ്ടിബരും.
 
പച്ചെങ്കില് കാലം മാറി മ്മടെ കൂട്ടത്തിലുള്ളോർക്ക് കള്ളും ലഹരിമരുന്നും കൊടുത്ത്  പാരീസ്കാര് കച്ചോടത്തിലൂടെ ബ്ടെ കുടിബെച്ച് കൂടാൻ തുടങ്ങി. കിടത്തികൾക്ക് മണക്കണ തൈലം, ബാസന സോപ്പ് ,  തിളങ്ങണ ബളകള് , പള പള മിന്നണ തുണികള് , കുടിച്ച് കൂത്താടാൻ പാരീസ് കള്ള് ഇത്യാദി കൊടുത്ത് ഓരേ മയക്കി കാട്ടില് ഓര്ക്ക് ബേണ്ട സുഖം ബാങ്ങി. മൂപ്പൻ പറേണത്  കേക്കാതെ പാരീസ്കാരടെ അടിമയായി കാടിനേയും കാട്ടിലെ മൃഗങ്ങളേയും , ആനക്കൊമ്പ്,  പുലിനകം , കസ്തൂരി, ചന്ദനം ഇബയെല്ലാം ഓര്ക്ക് ഇഷ്ടം പോലെ കൊടുത്തു. ഞമ്മൻറെ കാട് രച്ചിക്കേണ്ട കിടാങ്ങള് മൃപ്പൻ പറേണ് കേക്കാതെ ബിദേസി മദ്യം കഞ്ചാവ്കൾക്ക് അടിമയായി. എന്നല് അന്നത്തെ മൃപ്പന്റെ മൂപ്പത്തിക്കും ഉണ്ടായ കിടാത്തി ചിരുത പെണ്ണു ചെറുപ്പകാലത്ത് വൾ, അമ്പ് ബില്ല്,  കുന്തം , കുതിര പയറ്റ്, ആന പയറ്റ് ഒളി യുത്തം എല്ലാറ്റിലും കേമി ആയിരുന്നു.  ഓൾടെ കളരീല് പത്ത് നൂറ്  കിടാത്തികളും പത്തഞ്ഞൂറ് കിടാങ്ങളും ഉണ്ടായിരുന്നു. പാരീസ്കാരുടെ കച്ചോടം അട്ടപാടി മ്മടെ കൂട്ടരെ പറ്റിച്ച് തിന്നണത് ചിരുതക്ക് അത്രക്ക് പിടിച്ചില്ല. ഓള് ഓൾടെ തന്തേടേം തള്ളേടേം അനുഗ്രഹം വാങ്ങി അട്ടപാടി കാട്ടുവാസികളെ രച്ചിക്കാൻ ശിശ്യരേം കൂട്ടി കാട്ടിലേക്ക് കേറി. ചിരുത ഓൾടെ ശിശ്യറർക്ക് എല്ലാ അഭ്യാസങ്ങളും പഠിപ്പിച്ചു കൊടുത്യർന്നു.ഒളിയുത്തത്തിന്റെ ബിരുതുകള് ഔള് പറഞ്ഞ് കൊടുത്തു. പാരീസ് കാരും അവരുടെ കൂട്ടാളികളമായിരുന്നു ചിരുതേന്റെ  ലച്യം. 
 
അട്ടപപാടി ഗോത്ര വർഗ്ഗത്തിന്റെ അതിര് കാക്കാൻ ഈ പടയെ ചിരുത സജ്ജീകരിച്ചു. നല്ലയുത്തം തന്നെ നടത്തി.  അന്ന് തോക്ക് കണ്ടിപിടിച്ചിട്ടില്ലയിരുന്നു. വാള് കത്തി കുന്തം അമ്പ് വില്ല് ഇവ ആയിരുന്നു യുത്തത്തിന് രണ്ടു പാകക്കാരും ഉപയോഗിച്ചിരുന്നത്. പാരീസ് കാരെ ഓള് നിലം തൊടിക്കാതെ ഓടിച്ച്. മരങ്ങൾ ചാടി ചാടി നല്ല മെയ് വഴക്കത്തോടെ അമ്പ് പ്രയേഗിക്കാൻ മിടുക്കി ആയിരുന്നു.  ഒരു മാസം യുത്തം നീണ്ടു നിന്നു. പാരീസ് കാരടെ സഹായത്തിന് മൂപ്പിൽ നായർ കുടുബകാര് കൂടെ ഉണ്ടായിരുന്നു. പച്ചേങ്കില് ചിരുതേടെ മിടുക്കിന് മുന്നിൽ അവരും തോറ്റു. കാട്ടിൽ കേറി കക്കാൻ ഓള് ആരേം ചമ്മതിച്ചില്ല. ഓൾടെ കൂട്ടത്തിലെ ശതിയന്മാരെയം ഓള് കൊന്നു കളഞ്ഞു. ചിരുതക്ക്   കാട് തീറ്റികളെ  കണ്ടാല് ഹാല് ഇളകും . പിന്നെ ഓൾടെ മുന്നിൽ പെട്ടാലെകൊണ്ട് വാള് ഉറുമി ബീശി എടത് വലതും ചവിട്ടി പാരീസ്കാരുടെ തല കൊയ്യണ്ത് ഓൾക്ക ഒരു ഹരം ആയിരുന്നു.  ഔള് പതിനട്ടടവും പഠിച്ച നല്ലൊരു യോദ്ധവ് ആയിരുന്നു.  ഓൾടെ ഈ രാജ്യസ്നേഹവും ചീറ്റ പുലീന്റെ  ശൗര്യവും കൊണ്ട് പാരീസ്കാരുടെ കച്ഛോടം ഓള്പൂട്ടി. പാരീസ്കാര് ഓൾക്ക് കൊടുത്ത പേരാണ് ' അട്ടപാടി ജാൻസി റാണി '.
 
ഒരു യുത്തമുറക്കും ഓളെ വെല്ലാൻ ആരുംണ്ടായില്ല. അങ്ങിനെ ഒരു ചുണകുട്ടി പിന്നെണ്ടായിട്ടില്ല. മരിക്കുന്നത്ബരെ ഓളായി മൂപ്പത്തി. കാട്ടിലെ പച്ച മരുന്ന് ബേണ്ടോർക്ക മേണ്ടി ഓള് അതിർത്തീല് ഒര് കുടിലുണ്ടാക്കി. കിടാത്തികള് അബിടെ കാവല് നിർത്തി. ആ കാലത്ത ഓൾടെ ബീര പരാകൃമങ്ങൾ പാടി പാടി അത് ഒരു ഭഗോതി പാട്ടായി."
 
മുത്തപ്പൻ അങ്ങിനെ ആ കഥ പറഞ്ഞു നിർത്തി. 
 
അശോകൻ "ഭാരത  മണ്ണിനെ വിഴുങ്ങാൻ വന്ന വിദേശികൾക്ക് കിട്ടിയ പെൺകരുത്തിനൊരുദാഹരണം കൂടി അല്ലെ?  വിദേശികൾക്ക്  മാത്രമല്ല,  വിദേശികൾക്ക പാലൂട്ടിയിരുന്ന ധനാർത്തികളായ ആത്മ സ്നേഹികൾക്ക്  കൂടിയുള്ള     ആത്മജ്ഞാനിയുടെ  പ്രഹരം അല്ലെ? "
 
മുത്തപ്പൻ "ങ്ഹ , പാരീസ്കാർക്ക് കിടക്ക ബിരിച്ച രാജ്യ ദ്രോഹികൾക്കാണ് ഓള് ആദ്യം ശിശ്ശ കൊടുത്തത്. അന്നത്തെ മണ്ണാർക്കാട് മൂത്ത നായരുടെ തലവെട്ടിയെടുത്ത്  പാരിസ്കാരുടെ കൂടാരത്തിന് മുന്നിൽ തൂക്കിയിട്ടായിരുന്നു ഓൾടെ തുടക്കം. കലിമുത്ത നായന്മാരും പാരിസ്കാരും കാട്ടിനുള്ളിലേക്ക് ഇരച്ച് കയറിയപ്പോഴാണ് ചിരുതയും കൂട്ടരും ഒളിയുത്തത്തിലെ ഒളിയമ്പ് പ്രയോഗം നടത്തി എല്ലാർക്കും വിഷമരുന്ന് മരണം നൽകിയത്. ഓളും ഒരിക്കല് പാരീസ് കാരുടെ കയ്യില് അകപ്പെട്ടു. അന്നാണ് ഓൾടെ പരാക്രമങ്ങൾ വിദേശികൾക്ക് സരിക്കും പിടികിട്ടയത്. അതുവരെ ഒളിയുത്തമായിരുന്നല്ലോ. നേർക്ക് നേരേയുള്ള യുത്തം അന്നായിരുന്നു. പത്ത് പതിനഞ്ച് വിദേശി മല്ലന്മാര് ചിരുതയെമളഞ്ഞ് . ഓള് ഉറുമിയെടുത്ത് നാലുപാടും വീശീ ആകാശത്ത് പറന്ന് അവരുടെ തലകൾ നിലത്ത് ബീഴ്ത്തി പന്ത് കളിച്ചുന്നാണ് കേക്കണത് ."  മൂത്തപ്പൻ പറഞ്ഞു നിർത്തി. 
 
അശോകൻ "അപാരം തന്നെ.  അങ്ങിനെ അട്ടപാടിയിലും ഒരു വീര വനിതാ രത്നം ജന്മം കൊണ്ടു." 
 
മുത്തപ്പൻ "പച്ചെങ്കില് , മ്മടെ ആൾക്കാര് തന്നെ ബിദേശികൾക്ക്  ഫാരതത്തെ അടയറ ബെച്ചില്ലെ , കിടാവെ ...." 
 
അശോകൻ "ങ്ഹ , വളരെ സന്തോഷം മൂത്തപ്പ, വാസു, ന്ന നമക്ക് പോകാം അല്ലെ" 
 
മുത്തപ്പനോട് യാത്ര പറഞ്ഞ് അശോകനും വാസുവും പുലിമടയിറങ്ങി. 
 
അശോകന്റെ മനസ്സിൽ ആ ജാൻസിറാണി തിളങ്ങി നിന്നു. മൂപ്പനോടും എല്ലാ ആദിവാസി കുടുംബങ്ങളോടും യാത്ര പറഞ്ഞ് അയാൾ നഗരത്തിലേക്ക് മടങ്ങി. 
 
ശുഭം.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ