"പിന്നെ ഇപ്പോഴത്തെ പെൺപിള്ളേർക്ക് സിസേറിയൻ മതിയല്ലോ." "അതെ ചേച്ചി അതല്ലേ സുഖം. ഒന്നും അറിയണ്ട. പ്രസവവേദന ഇല്ല. നിലവിളിക്കണ്ട. സുഖം" പുറത്തെ സംസാരം കേട്ടാണ് വീണ ജനാല വഴി
പുറത്തേക്ക് നോക്കിയത്. അമ്മായിയമ്മയും അപ്പുറത്തെ വീട്ടിലെ ലത ചേച്ചിയും തമ്മിൽ പൊരിഞ്ഞ ചർച്ച. അടുത്ത് എവിടേലും ഉള്ള ന്യൂസ് എത്തിക്കലാണ് എന്ന് മനസിലായി. എന്തേലും കിട്ടിയാൽ ചേച്ചീന്നു വിളിച്ചു ഓടിവരും. മിക്കവാറും വീണക്കുകൂടി ഉള്ള പണിയാകും. എങ്കിൽ പിന്നെ സുഖം.
സിസേറിയൻ വിശേഷങ്ങളാണ് ഇന്നത്തെ ചർച്ചാ വിഷയം." അവളുമാർ ഇപ്പോ ചോദിച്ചു വാങ്ങുകയല്ലേ ചേച്ചീ വേദന ഇല്ലല്ലോ. നമ്മളൊക്കെ എന്തുമാത്രം അനുഭവിച്ചതാ".ലതചേച്ചി വിടുന്ന ലക്ഷണമില്ല." ചേച്ചിടെ മരുമോള്ക്കും സിസേറിയൻ ആയിരുന്നില്ലേ?" വീണ ഒന്നു ഞെട്ടി. തനിക്കുള്ള പണി എത്തിയിരിക്കുന്നു. "ഓഓഓ അവൾക്കും സിസേറിയനായിരുന്നു. എന്റെ മോൾക്ക് സുഖപ്രസവം ആയിരുന്നു. അവളോട് ഡോക്ടർ ചോദിച്ചതാ പക്ഷെ അവൾ പ്രസവിച്ചാൽ മതി എന്ന് പറഞ്ഞു. ഞാൻ അങ്ങനെയാ അവളെ വളർത്തിയത്. നിനക്ക് അറിയില്ലേ അവൾ റോഡിൽ ഇറങ്ങിയാൽ തല ഉയർത്തി നോക്കില്ല. ഇപ്പോഴും ഇവിടെ ഉള്ളവർ പറയും." " അതു പിന്നെ എനിക്കറിയില്ലേ ചേച്ചി ", അവരുടെ സംഭാഷണം തുടർന്നു.
വീണ മുറിയിൽ കയറി ഉറങ്ങുന്ന മകന്റെ മുഖത്തേക്ക് നോക്കി. എന്റെ പൊന്നുമോൻ മോൻ ജനിക്കുന്നതിനു മുൻപ് ഹോസ്പിറ്റലിൽ ചെക്കപ്പിന് പോയപ്പോഴാ ഡോക്ടർ പറഞ്ഞത് നിങ്ങൾക്ക് സിസേറിയൻ വേണ്ടി വരും എന്ന്. കുഞ്ഞിന്റെ സേഫ്റ്റിക്ക് അതാണ് നല്ലതത്രെ. കൂടെയുണ്ടായിരുന്ന ഹസ്ബന്റിനോട് കാര്യങ്ങൾ വിശദീകരിക്കുമ്പോൾ എനിക്ക് ഒരു ഞെട്ടലായിരുന്നു. അടുത്ത ആഴ്ച അഡ്മിറ്റാകണം എന്നായിരുന്നു തീരുമാനം. നോർമൽ ഡെലിവറി ആണേൽ കുഞ്ഞിന് സേഫ് അല്ല എന്ന് പറഞ്ഞത് കൊണ്ടുമാത്രം സിസേറിയനു സമ്മതിച്ചവൾ ആണ് താൻ. പറഞ്ഞിട്ടെന്തു കാര്യം ഒളിഞ്ഞും തെളിഞ്ഞും കുറ്റക്കാരി താനാണ് എന്നു പറയുന്നത് കേൾക്കുമ്പോൾ വല്ലാത്തൊരു ദുഃഖം. സിസേറിയനു വേദന ഇല്ലേ. കുഞ്ഞുവന്നു കഴിഞ്ഞ് പിറ്റേ ദിവസം മുതൽ പിന്നെ കുറേ ദിവസങ്ങൾ വേദനയുടേതായിരുന്നു. ഇതൊക്ക അനുഭവിക്കുന്നവർക്കല്ലേ അറിയൂ. മോനു മഞ്ഞ ഉണ്ടായിരുന്നു അതും എന്റെ കുറ്റം എന്ന് പറഞ്ഞവർ ഉണ്ട്. എന്നും രാവിലെയും വൈകിട്ടും വയറിൽ വെയിൽ കൊള്ളുമായിരുന്നു ഞാൻ ഇതൊക്കെ ആരോട് പറയാൻ. ചെറിയ നട്ടെല്ല് വേദന എന്നുപറഞ്ഞാൽ പ്രസവ രക്ഷ ശെരിയാകാത്തതിനാൽ എന്ന് പറയും. ഇപ്പോ ഒരു വേദനയെ കുറിച്ചും പറയില്ല എന്തിനാ എന്റെ വീട്ടുകാരെ കുറ്റം പറയിപ്പിക്കുന്നത്. സിസേറിയൻ നിസാരം OK സമ്മതിച്ചുകൊടുത്താൽ പ്രശ്നം ഇല്ലല്ലോ. എന്നാലും എനിക്ക് അമ്മയോട് ദേഷ്യം ഒന്നും ഇല്ല. കാരണം എന്നോട് എന്റെ അമ്മ എപ്പോഴും പറയും ഇനി നിന്റെ അമ്മ ഇതാണ് എന്ന്. ശരിയാണ് എന്റെ അമ്മയാണ്. എന്നെ നന്നായി നോക്കുന്നുമുണ്ട് മോന്റെ എല്ലാകാര്യങ്ങളും അമ്മയാണ് നോക്കുന്നത്. ചില കാര്യങ്ങളിൽ എനിക്ക് സങ്കടം വരാറുണ്ട് എന്നാലും സാരമില്ല. കുഞ്ഞിന്റെ കരച്ചിൽ കേട്ട് വീണ ചിന്തയിൽനിന്നുണർന്നു. മോനെയും എടുത്ത് അമ്മയുടെ അടുത്തേക്ക് നടന്നു. "അമ്മേ മോനുണർന്നു കേട്ടോ...."