(ഷൈലാ ബാബു)
അത്താഴം കഴിച്ച പാത്രങ്ങൾ എല്ലാം കഴുകി കമഴ്ത്തിവച്ചു. അടുക്കളയെല്ലാം വൃത്തിയാക്കി വാതിലുകൾ ഭദ്രമായി അടച്ചതിനുശേഷം തന്റെ മുറിയിൽ വന്നു കിടന്നു.
ഒന്നു നടുനിവർക്കണം. ഒന്നുറങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ! ഉച്ചയ്ക്കു പോലും ഒന്നു വിശ്രമിക്കാൻ കഴിയുന്നില്ല. എത്ര ചെയ്താലും തീരാത്ത പണികളാണ് ഈ വീട്ടിൽ. കുറച്ചു ദിവസങ്ങളായി നടുവിന് നല്ല വേദനയുണ്ട്. ആരോടു പറയാൻ. ഈ ദുരിതങ്ങൾ എല്ലാം അനുഭവിക്കേണ്ടിവരുന്നത് എന്തു തെറ്റു ചെയ്തിട്ടാണ്?
ഈ വീട്ടിലെ ജോലിക്കാരിയായി വന്നിട്ട് ഒരു കൊല്ലം കഴിയാറായി. മൂന്നുമക്കളും അച്ഛനും അമ്മയും ആണുള്ളത്. ആഹാരകാര്യങ്ങളിൽ ഓരോരുത്തർക്കും ഓരോ ഇഷ്ടം ആണ്. ആരും ഒരുമിച്ച് ഇരുന്നു ഭക്ഷണം കഴിക്കാറേയില്ല. അവരവർക്കുവേണ്ടുന്നത് ആവശ്യാനുസരണം ഉണ്ടാക്കിക്കൊടുക്കണം. പകൽസമയം മുഴുവനും അടുക്കളയിൽത്തന്നെ. മുറി വൃത്തിയാക്കലും തുണി കഴുകലും മറ്റുമായി വേറെയുമുണ്ട് ജോലികൾ.
അന്നന്നിടേണ്ട വസ്ത്രങ്ങൾ ഇസ്തിരിയിട്ടു വയ്ക്കണം. ചേച്ചിയുടെ നട്ടെല്ലിന് ഒരു ഓപ്പറേഷൻ കഴിഞ്ഞതിനാൽ വീട്ടുജോലികൾ ഒന്നും ചെയ്യാറില്ല. ആശുപത്രിയിൽ നഴ്സ് ആണ്. ബിസിനസ്സുകാരനായ അച്ഛനും ഹൈസ്ക്കൂളിൽ പഠിക്കുന്ന മക്കളും എപ്പോഴും അവരവരുടെ ലോകത്താണ്. ഈ വീട്ടിൽ വലിയ സംസാരമോ, ചിരിയോ, കളികളോ ഒന്നും തന്നെയില്ല.
അവധി ദിവസമാണെങ്കിൽ എല്ലാവരും പത്തുമണി വരെ കിടന്നുറങ്ങും. അന്ന് തനിക്കും താമസിച്ച് എഴുന്നേറ്റാൽ മതി. ഒരു ദിവസം പോലും വിശ്രമം ഇല്ലാതെ ജോലി ചെയ്യണം.
ഇങ്ങനെ എത്ര നാൾ മുന്നോട്ട് പോകും. ഓരോ ദിവസം കഴിയുന്തോറും തന്റെ ആരോഗ്യവും കുറഞ്ഞു കൊണ്ടിരിക്കുന്നു.
എല്ലാം സഹിക്കുകയേ നിർവാഹമുള്ളൂ. നിസ്സഹായയായ തനിക്ക് മറ്റൊരു ആശ്രയമില്ല. തൽക്കാലം പിടിച്ചു നിന്നേ പറ്റുകയുള്ളൂ. വേറെ എവിടെയും പോകാൻ ഒരിടമില്ലല്ലോ...
കുറച്ചു നാൾ മുൻപുവരെ തന്റെ ജീവിതത്തിൽ എത്ര സന്തോഷമായിരുന്നു! സ്നേഹവാനായ ഭർത്താവും രണ്ടു കുഞ്ഞുങ്ങളും അടങ്ങുന്ന തന്റെ സന്തുഷ്ട കുടുംബം എത്ര വേഗമാണ് ശിഥിലമായത്! വെറും സംശയങ്ങളുടേയും തെറ്റിദ്ധാരണകളുടേയും പേരിൽ കുടുംബത്തിൽ നിന്നും തന്നെ പുറത്താക്കി.
ഭർത്താവിന്റെ മൂത്ത സഹോദരന്റെ ഭാര്യയാണ് അപവാദങ്ങൾ പറഞ്ഞുണ്ടാക്കിയത്. അവിഹിത ബന്ധം കെട്ടിച്ചമച്ച് വളരെ എളുപ്പത്തിൽ തന്റെ ഭർത്താവിനെ വിശ്വസിപ്പിക്കാൻ അവർക്കു സാധിച്ചു.
ചേട്ടന്റെ ഭാര്യയായി വന്ന നാൾ മുതൽ അവർക്കു തന്റെ ഭർത്താവിനോട് ഒരു വല്ലാത്ത അടുപ്പമായിരുന്നു ഉണ്ടായിരുന്നത്. പല പ്രാവശ്യം ആ ബന്ധത്തെ താൻ ചോദ്യം ചെയ്തിട്ടുമുണ്ട്. അപ്പോഴെല്ലാം അവർ തന്റെ ചേട്ടത്തിയാണെന്നും അമ്മയെപ്പോലെയാണെന്നും ഒക്കെ പറഞ്ഞു തന്നെ വിശ്വസിപ്പിച്ചു. അവർ പറയുന്നതെന്തും വേദവാക്യമായി കരുതിപ്പോന്നിരുന്നതിനാൽ തന്നെപ്പറ്റിയുള്ള ആക്ഷേപങ്ങൾ ശരിയാണെന്നു ധരിച്ചു വീട്ടിൽ നിത്യം വഴക്കായി.
തന്റെ നിരപരാധിത്വം തെളിയിക്കാൻ പരമാവധി ശ്രമിച്ചു. പക്ഷേ, താൻ പറയുന്നതൊന്നും ആരും മുഖവിലയ്ക്ക് എടുത്തില്ല. അപവാദങ്ങൾ കൂടിക്കൂടി വന്നുകൊണ്ടിരുന്നു. മദ്യം കഴിച്ചു വന്ന് തന്നെ ഉപദ്രവിക്കുന്നത് പതിവായി. എല്ലാ അപമാനവും സഹിച്ച് മക്കൾക്കു വേണ്ടി ആ വീട്ടിൽ ഒതുങ്ങിക്കഴിഞ്ഞു. ദുഷ്ട സ്ത്രീയായ ചേട്ടത്തി, ഭർത്താവിൽ നിന്നും തന്നെ അകറ്റാൻ വേണ്ടതായ കരുക്കൾ നീക്കിക്കൊണ്ടിരുന്നു.
ഒരു ദിവസം രാത്രിയിലുണ്ടായ ലഹളയ്ക്കു ശേഷം വീട്ടിൽ നിന്നും തന്നെ പുറത്താക്കി കതകടച്ചു. ആ രാത്രിയിൽ മറ്റൊരിടത്തേക്കു പോകാൻ കഴിയുമായിരുന്നില്ല. തണുത്തു വിറച്ച് അടുക്കളത്തിണ്ണയിൽ ഇരുന്നു നേരം വെളുപ്പിച്ചു. അവിടെ തുടരാൻ തന്റെ അഭിമാനം പിന്നെ അനുവദിച്ചില്ല.
നേരം പുലരുന്നതിനു മുമ്പു തന്നെ വീട്ടിൽ നിന്നും ഇറങ്ങി ഒരു ഓട്ടോയിൽ കയറി അമ്മയുടെ അടുത്തെത്തി. അമ്മതന്നെയാണ് ഓട്ടോക്കൂലി കൊടുത്തതും. കാര്യങ്ങൾ വിശദമായി അമ്മയോടു പറഞ്ഞു. എല്ലാം കേട്ടു കഴിഞ്ഞ് ദീർഘമായി ഒന്നു നിശ്വസിച്ചതിനു ശേഷം നല്ല വാക്കുകളാൽ അമ്മ എന്നെ സാന്ത്വനിപ്പിച്ചു.
മക്കൾക്കെല്ലാം വീതം വച്ചു കൊടുത്തതിനുശേഷം ആ കൊച്ചു വീട്ടിൽ വൃദ്ധയായ അമ്മ തനിച്ചായിരുന്നു താമസിച്ചിരുന്നത്. അമ്മയുടെ കാലശേഷം സഹോദരൻ അപ്പുവിനുള്ളതായിരുന്നു ആ വീടും പുരയിടവും.
വീടു വിട്ടു വന്നിട്ട് ഒരു മാസം അമ്മയുടെ കൂടെ താമസിച്ചു. ഭർത്താവിന്റേയും മക്കളുടേയും വിശേഷങ്ങൾ ഒരു കൂട്ടുകാരി വഴി അറിയുന്നുണ്ടായിരുന്നു. അമ്മയുടെ അഭാവം മകനെ വല്ലാതെ ദുഃഖിപ്പിച്ചു. മകൾക്ക് വലിയ പ്രശ്നം ഒന്നും ഉണ്ടായിരുന്നില്ല എന്ന് അറിയാൻ കഴിഞ്ഞു.
എങ്ങനെയെങ്കിലും ഒരു ജോലി സമ്പാദിക്കാനുള്ള ശ്രമമായിരുന്നു പിന്നീട്. അപമാനഭാരം താങ്ങാനാവാതെ ആ നാട്ടിൽ നിന്നും ഓടി രക്ഷപ്പെടാൻ മനസ്സു കൊതിച്ചു. തന്റെ സഹോദരങ്ങൾക്കിടയിലും താൻ ഒരു തെറ്റുകാരിയായി. അമ്മ മാത്രമായിരുന്നു ഏക ആശ്വാസം.
അങ്ങനെയിരിക്കെ തന്റെ കൂട്ടുകാരി മുഖേന ഈ വീട്ടിൽ ജോലിക്കു കയറി. നാട്ടിൽ നിന്നും വളരെ ദൂരെയായത് വലിയ ആശ്വാസമായി. ജോലിക്കൂടുതലും ഹൃദയ ഭാരങ്ങളും മൂലം ശരീരവും മനസ്സും പലപ്പോഴും തളർന്നു പോകുന്നുണ്ടെങ്കിലും ജീവിച്ചു കാണിക്കണമെന്നുള്ള അടങ്ങാത്ത മോഹം ഒരു വാശിയായി വളരുകയായിരുന്നു.
ദുഃഖത്തിന്റെ ചിതയിൽ കത്തിയെരിയുവാൻ മനസ്സിനെ വിട്ടു കൊടുക്കില്ല. തന്നെ അപമാനിച്ചവരുടെ മുൻപിലൂടെ അഭിമാനത്തോടെ ഒരു ദിവസമെങ്കിലും തനിക്കു തലയുയർത്തി നടക്കണം. അതിനു വേണ്ടി എന്തു ത്യാഗവും സഹിക്കാനുള്ള ശക്തി സർവശക്തനായ ദൈവം കനിഞ്ഞു നൽകട്ടെ എന്ന ഒരു പ്രാർത്ഥനയേ ഉള്ളൂ...