mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

സെമീ.. ഒന്ന് ബേൻ എണീക്ക്, അല്ലെങ്കിൽ ഞാൻ വെള്ളം കോരി മോത് ഒഴുക്കും ട്ടോ ! ഉമ്മയുടെ അന്ത്യ ശാസനം കിട്ടിയപ്പോഴാണ് കണ്ണ് പതുക്കെ തുറന്നത്. ആകാശത്തു മാലാഖമാരുടെ കൂടെ പാറി നടക്കുമ്പോഴാണ് ഉറക്കിൽ നിന്ന് ഞെട്ടുന്നത്.

ഉമ്മയോട് വല്ലാത്ത ദേഷ്യം തോന്നി. എഴുന്നേറ്റു കുളിമുറിയിലേക്കോടി. കയ്യും മുഖവും കഴുകി കുളിച്ച പോലെ വരുത്തി കിതാബുമെടുത്ത ഇറങ്ങിയോടി.

ബേക്കറി ബസ് സ്റ്റോപ്പിൽ കൂട്ടുകാരികൾ കാത്തു നില്പുണ്ടായിരുന്നു. മരക്കൊമ്പിൽ ഇരുന്ന് കുയിലുകൾ കൂവികൊണ്ടിരിക്കുന്നു. അവളും കൂട്ടുകാരികളും തിരിച്ചു മത്സരിച്ച കൂവിയപ്പോൾ കുയിൽ നാണിച്ചു കൂവൽ മതിയാക്കിയെന്ന് തോന്നുന്നു. അവർ നടത്തത്തിനു വേഗത കൂട്ടി. മദ്രസ ഗേറ്റ് കടന്നു ക്ലാസ്സിൽ കയറി. താമസിച്ചു ചെന്നതിനാൽ ഉസ്താദ് ഒന്ന് കണ്ണുരുട്ടി. പിന്നെ ചിരിച്ചു. അപ്പോൾ ഉസ്താദിന്റെ കയ്യിൽ ഉള്ള മിഠായി എല്ലാവരെയും നോക്കി ചിരിച്ചു. പക്ഷെ എന്ത് ചെയ്യാൻ, ഉസ്താദിന്റെ കയ്യിലുള്ള ചോക് എറിയുമ്പോൾ ആരുടെ ദേഹത്താണോ വന്നു വീഴുക. അവർക്കാണ് അത് കിട്ടുക.എല്ലാരും കാത്തിരുന്നു. അന്ന് സമീറയുടെ മടിയിൽ ആണ് ചോക് വന്നു വീണത്. അവൾ ഓടിച്ചെന്ന് ഉസ്താദിന്റെ മടിയിൽ ഇരുന്നു. മുട്ടായി അവൾക്ക് നൽകി ഉസ്താദ് ക്ലാസ് ആരംഭിച്ചു. അദബുൻ. അത് കേട്ടു എല്ലാവരും ഏറ്റു പറഞ്ഞു. അദബുൻ
മദ്രസ്സ വിട്ട് വന്നു സ്കൂളിലേക്ക് പോകാൻ തയ്യാറെടുത്തു.

ഉമ്മ വീണ്ടും ദേഷ്യത്തിലാണ്. കണ്ണാടിയുടെ മുന്നിൽ ഇരുന്നാൽ പിന്നെ പെണ്ണിന് ചുറ്റുള്ളതൊന്നും കാണൂല. ഉമ്മ പിറു പിറുത്തു. അവൾ പെട്ടെന്ന് എഴുന്നേറ്റു വസ്‌ത്രം മാറി ഒന്ന് കൂടി കണ്ണാടിയിൽ നോക്കി. ഒരു സംശയവുമില്ല. അതി സുന്ദരി തന്നെ. അവൾ മന്ദഹസിച്ചു സ്കൂൾ ബാഗുമെടുത്തു പുറത്തു ഇറങ്ങുമ്പോൾ കൂട്ടുകാരികൾ വീട്ടു മുറ്റത്തെ മാവിലേക്ക് കല്ലെറിയുന്നുണ്ടായിരുന്നു. എല്ലാരും കൂടി ബഹളം വെച്ചു സംസാരിച്ചു കൊണ്ട് റോഡിലൂടെ നടന്നു. താമസിച്ച ചെന്നാൽ നാരായണൻ മാഷിന്റെ വക ചൂരൽ പ്രയോഗം ഉണ്ട് എന്നത് അവരുടെ നടത്തത്തിന്റെ വേഗത വർധിപ്പിച്ചു.

അങ്ങിനെ സമീറ വളർന്നു കൊണ്ടിരുന്നു. കണ്ണാടിയിൽ കുറെ നേരം അവളെ തന്നെ നോക്കി നിന്ന് മനോരാജ്യത്തിൽ ഏർപ്പെടൽ ആണ് ഇപ്പോൾ അവളുടെ പ്രധാന നേരം പോക്ക്. വലത്തേ കവിളിൽ ഉള്ള ഒരു നുണക്കുഴി, ചിരിക്കുമ്പോൾ നന്നായി തെളിഞ്ഞു കാണാം, അത് അവളുടെ സൗന്ദര്യത്തെ കുറച്ചൊന്നുമല്ല പൊലിപ്പിക്കുന്നത്. കറുത്ത ഇട തൂർന്ന മുടിയിഴകളിൽ നിന്നും കുറച്ചു മുടി എപ്പോഴും മുഖത്തേക്ക് പാറി വീഴും.

എസ് എസ് എൽ സി പരീക്ഷയുടെ അവസാന ദിനമാണ് ഇന്ന്. പരീക്ഷ കഴിഞ്ഞ ഉടനെ തന്നെ വരണേ. സ്കൂളിലേക്ക് ഓടുമ്പോൾ ഉമ്മ പിറകിൽ നിന്ന് വിളിച്ച പറയുന്നുണ്ടായിരുന്നു. ബസ് സ്റ്റോപ്പിൽ അവൾ വളരെ നാണിച്ചു ആണ് നിൽക്കുക. ചൂടുള്ള കണ്ണുകൾ അവളെ നോക്കി നിൽക്കുന്നത് അവൾ അറിയുമ്പോൾ കൂടുതൽ നാണിക്കും. അപ്പോൾ പുസ്തകം കൊണ്ട് മാറ് മറച്ചു പിടിച്ചാണ് അവൾ നടക്കുക.

ബസ് ഇറങ്ങി നടക്കുമ്പോൾ സ്കൂളിലേക്കുള്ള വഴിയിൽ വെച്ച അന്ത്രു തടഞ്ഞു.
"സെമീ.. എനിക്ക് കുറച്ച സംസാരിക്കാൻ ഉണ്ട്." അതും പറഞ്ഞ അവൻ മുന്നിൽ നടന്നു.
അവളുടെ കൈ കാലുകൾ വിറക്കുന്നുണ്ടായിരുന്നു അപ്പോൾ. വളരെ അധികം കഷ്ടപ്പെട്ടാണ് അവന്റ മുഖത്തേക്ക് ഒന്ന് നോക്കിയത്. എന്താണ് ഇത്ര മാത്രം സംസാരിക്കാൻ ഉള്ളത്?
"എനിക്ക് അന്ത്രുനെയും അന്ത്രുന് എന്നെയും ഒരു പാട് ഇഷ്ടമാണ്. പക്ഷെ അത് നമുക്ക് തുടർന്ന് കൊണ്ട് പോവാൻ പറ്റുമോ?"
അവൾ ധൈര്യ സമേതം ഇത് പറയുമ്പോൾ മുടിയിഴകൾ പാറി മുഖത്തേക്ക് വീഴുന്നുണ്ടായിരുന്നു. അന്ത്രുവിനു തന്റെ കൈ നീട്ടി അത് ഒതുക്കി വെക്കാൻ തോന്നി. പക്ഷെ കൈ പൊന്തിയില്ല.

"എന്നാണ് കാണുക.?" അന്ത്രു ചോദിച്ചു
അവൾ അത് കേട്ടില്ല.അവൾ തിരിഞ്ഞു നടന്നു. ഉത്തരം ഇല്ലാത്തത് കൊണ്ട് കേൾക്കാതെ ഭാവിച്ചതാണോ എന്ന് അറിയില്ല. മാർച്ച് മാസത്തിലെ ചൂടിൽ അവളുടെ തല ചുട്ട പൊള്ളുന്നുണ്ടായിരുന്നു അപ്പോൾ.

എന്താണ് ഇങ്ങനെ ചൂട് വർധിക്കുന്നത്? ചെറുപ്പത്തിൽ കടപ്പുറത്തു വെച്ചു മൺ വീട് ഉണ്ടാക്കി കളിക്കുമ്പോൾ അവൾ അവനോട് ചോദിച്ചു.
"അത് പിന്നെ പ്രകാശത്തിനു ചൂട് അല്ലെ ഉണ്ടാവുക?" അന്ത്രു മറുപടി പറഞ്ഞു

"അപ്പോൾ പിന്നെ നിലാവെളിച്ചത്തിനു എന്താണ് ചൂട് ഇല്ലാത്ത?" അവളുടെ ചോദ്യം കേട്ട് അവനു ഉത്തരം മുട്ടി.
മൺ വീട് ചവിട്ടി പൊളിച്ചു അവൻ അവളെ ദേഷ്യം പിടിപ്പിച്ചു കൊണ്ട് ഓടി. അപ്പോൾ അവൾ കരഞ്ഞു കൊണ്ട് പിറകെ ഓടി ദേഷ്യത്തോടെ മണ്ണ് വാരി അവന്റെ ദേഹത്തേക്ക് എറിഞ്ഞു. അവളെ ഇങ്ങനെ ദേഷ്യം പിടിപ്പിക്കാൻ അന്ദ്രുന് വലിയ ഇഷ്ടമാണ്.

ഇനി ഇപ്പോൾ അതൊന്നും പറ്റില്ല. കുട്ടിക്കാലം കഴിഞ്ഞിരിക്കുന്നു. ഓരോരോ ഓർമ്മകൾ കൊണ്ട് സമീറയുടെ കണ്ണ് മൂടി. പരീക്ഷയിൽ ഒന്നും എഴുതാൻ പറ്റിയില്ല. ബെൽ അടിച്ചപ്പോൾ പേപ്പർ ടീച്ചറെ ഏൽപ്പിച്ചു സ്കൂൾ വരാന്തയിലൂടെ അവൾ ഇറങ്ങി ഓടി.

ബസ് ഇറങ്ങി നടക്കുമ്പോൾ വഴിയിൽ ഉമ്മയുടെ ആടുകൾ ഉണ്ടായിരുന്നു. വേഗം വീട്ടിൽ കയറി പോ എന്ന് പറഞ്ഞു അവറ്റകളെ കല്ലെറിഞ്ഞ ഓടിച്ചു. മുറ്റത്തെ സപ്പോട്ട മരത്തിൽ നിന്ന് വീണ് കിടന്ന സപ്പോട്ടകൾ പെറുക്കി എടുത്ത് അകത്തേക്ക് കയറുമ്പോൾ കോലായിൽ അപരിചിതർ ഇരിപ്പുണ്ടായിരുന്നു.

ഉമ്മാ, ആരാണ് പുറത്തു കസേരയിൽ ഇരിക്കുന്നത്? എന്ന നീട്ടി ചോദിച്ച കൊണ്ടാണ് അടുക്കളയിലേക്ക് കയറിയത്.

ശ്ശ് ശ്ശ് ശ്ശ്.. മിണ്ടല്ലേ പെണ്ണേ… എന്നു കൈ കൊണ്ട് ആംഗ്യം കാണിച്ചു ഉമ്മ വേഗം പോയി കുളിച്ച വസ്‌ത്രം മാറി വരാൻ പറഞ്ഞു. അവൾ കുളിക്കാൻ കയറുമ്പോൾ ഇത്താത്ത പറഞ്ഞു, നിന്നെ പെണ്ണ് കാണാൻ വന്നവർ ആണെന്ന്. അവൾ ഒരു നിമിഷം എന്തോ ആലോചിച്ചു നിന്നു. പിന്നീട് കിണറിൽ നിന്നും തണുത്ത വെള്ളം കോരി ഒഴിച്ച്. എത്ര ഒഴിച്ചിട്ടും തലയിലെ ചൂട് മാറുന്നില്ല. പിന്നീട് എല്ലാം യാന്ത്രികമായി കഴിഞ്ഞു. വന്നവർ ചായ കുടിച്ച പിരിഞ്ഞു. മങ്ങലം ഉറപ്പിച്ചിരിക്കുന്നു.

വീട്ടു മുറ്റത്തു മങ്ങല പന്തൽ ഉയർന്നപ്പോൾ മനസ്സും ശരീരവും തളർന്ന് അവൾ മൗനിയായി. നാട്ടുകാരും വീട്ടുകാരും കൂട്ടുകാരും വന്നു പൊട്ടിച്ചിരിയും കൈ മുട്ടിപ്പാട്ടുമായി അവളെ ചിരിപ്പിച്ചു. അവൾ ചിരിച്ചു. ഒരു പാട് ഒരു പാട് ചിരിച്ചു. അത്തറിന്റെ മണം നിറഞ്ഞ മുറിയിലേക്ക് പിയാപ്ല വന്നു കയറിയപ്പോൾ പിന്നാലെ അവളെയും മുറിയിലേക്ക് തള്ളിയിട്ടു. വാതിൽ ചാരുമ്പോൾ പുറത്തു നിന്നുള്ള കളിയാക്കലുകളും ചിരിയും അവൾ കേട്ടു. വളരെ പെട്ടെന്ന് നികാഹ് നടന്നത് കൊണ്ട് അയാളുടെ മുഖം പോലും അവളുടെ മനസ്സിൽ ഉണ്ടായിരുന്നില്ല.

അവൾ പതുക്കെ ജനാലക്കരികിലേക്ക് നീങ്ങി നിലാവിനെ നോക്കി ഇരുന്നു. ഇനി ഉറക്കിൽ എന്റെ മാലാഖമാരെ കാണാൻ പറ്റുമോ? അവൾ ആലോചിച്ചു. ദൂരെ ചൂട്ട് വെളിച്ചത്തിൽ ആരോ നടന്നു പോവുന്നുണ്ടായിരുന്നു. കടപ്പുറത്തേക്ക് മീൻ പിടിക്കാൻ പോവുന്നവരായിരിക്കണം. പിറകിൽ നിന്നും നേരിയ ഒരു കൂർക്കം വലി കേട്ടപ്പോൾ ആണ് അവൾ തിരിഞ്ഞു നോക്കിയത്. പിയാപ്ല ഉറങ്ങിയിരിക്കുന്നു. അവൾ ഒന്ന് ഗൂഡമായി മന്ദഹസിച്ചു. രാവ് പകലിനെ പുൽകുന്നത് വരെ അവൾ ജനാലക്കരികിൽ ഇരുന്നു. പിന്നീട് എപ്പോഴോ മയങ്ങി.

പിറ്റേ ദിവസം പിയാപ്ല വന്നു. അടുത്തു ഇരിക്കുമ്പോൾ സിഗെരെറ്റിന്റെ രൂക്ഷ ഗന്ധം മൂക്കിൽ തുളച്ചു കയറുന്നുണ്ടായിരുന്നു. വളരെ മൃദുവായാണ് അവളോട് അയാൾ സംസാരിക്കുന്നത്. വാക്കുകളിൽ നിറഞ് തുളുമ്പുന്ന സ്നേഹം. മുറിയിലെ വെളിച്ചം അണഞ്ഞപ്പോൾ അവളുടെ ശരീരം അവൾക്ക് നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. കിടക്കയിൽ മലർന്ന് കിടന്ന് അവൾ തന്റെ മാലാഖമാരെ ധ്യാനിച്ചു.

അല്ലെങ്കിലും മങ്ങലം കഴിഞ്ഞാൽ പിന്നെ പുരുഷന്റെ സ്വത്ത് ആണല്ലോ സ്‍ത്രീ ? അപ്പോൾ മങ്ങലം കഴിയുന്ന മുന്നെയോ? അത് ഉപ്പയുടെയും ഉമ്മയുടെയും സ്വത്ത്. അപ്പോൾ അവർ രണ്ട് പേരും ഇല്ലെങ്കിലോ? എങ്കിൽ പിന്നെ ബന്ധനം ഒന്നുമില്ലലോ. ഭൂമിയുടെ ഗുരുത്വഘർഷണത്തിൽ നിന്ന് വിട്ട് പോയ പോലെ അന്തരീക്ഷത്തിൽ അങ്ങനെ പാറി പാറി നടക്കാം. ചിന്തകൾക്ക് ചൂട് പിടിക്കവേ അയാൾ അവളുടെ അരികിൽ തളർന്ന് കിടന്നുറങ്ങിയിട്ടുണ്ടായിരുന്നു.

ഏട്ടത്തിമാരുടെ മക്കൾ എല്ലാം കൂടി വീട്ടിൽ നിറഞ്ഞു നിൽക്കുമ്പോഴായിരുന്നു സമീറയുടെ ആദ്യത്തെ കണ്മണി വന്നത്, ആണായിരുന്നു. മറ്റു കുട്ടികളുടെ കൂടെ അവനും വളർന്നു. പക്ഷെ ബുദ്ധി വളർന്നില്ല. അതിനിടയിൽ രണ്ടാമത്തെ കുഞ്ഞു പിറന്നു. പെൺ കുഞ്ഞു. ഉമ്മയെക്കാൾ സുന്ദരി. രണ്ട് കുട്ടികൾ ആയപ്പോഴേക്കും നാഥനില്ലാ കളരി ആയി മാറിയിരുന്നു വീട്. ഭർത്താക്കന്മാർ വീട്ടിലേക്ക് വരാതെ സമീറയും ഏട്ടത്തിമാരും അടങ്ങുന്ന കുടുംബം വല്ലാതെ പൊറുതി മുട്ടി. അടുക്കളയിൽ ഭക്ഷണ തയ്യാറായാൽ കുട്ടികൾ ദുരിതാശ്വാസ ക്യാമ്പിൽ എത്തിയ പോലെ ആർത്തി കൂടി വാരി വലിച്ചു തിന്നും. അതിനിടയിൽ അടി കൂടും. അത് നോക്കി നിക്കവേ മുതിർന്നവർ തമ്മിൽ വാക്ക് കൊണ്ട് അടി കൂടും. ബഹളത്തിനിടയിൽ പാത്രങ്ങൾ വലിച്ച എറിയലും കൂട്ട കരച്ചിലും തുടങ്ങും. അതോട് കൂടെ രംഗം ശാന്തമാകും. ഇതേ രംഗം ദിവസവും തുടർന്ന് കൊണ്ടിരിക്കും.

കൂട്ടു കുംടുംബ വ്യവസ്ഥയിൽ സമീറയും മക്കളും വല്ലാതെ ഞെരുങ്ങാൻ തുടങ്ങി. പുതിയാപ്ല വീട്ടിൽ വരാതെ ആയപ്പോൾ ചിലവിനുള്ള വക കണ്ടെത്താൻ അവൾ ഒരു ജോലിക്ക് ഇറങ്ങി പുറപ്പെട്ടു. നാട്ടിലെ പ്രമാണിമാരുടെ അടുക്കള അവളുടെ വരുമാന മാർഗം ആയതോട് കൂടി വീട്ടിലെ വഴക്കും വക്കാണവും ഒക്കെ കുറഞ്ഞു വരാൻ തുടങ്ങി.

ഒരു വൈകുന്നേരം. അത്യാവശ്യമായി വീട്ടിലേക്ക് എത്തണം എന്ന് വീട്ടുടമസ്ഥ പറഞ്ഞപ്പോൾ ജോലി സ്ഥലത്തു നിന്നും പെട്ടെന്ന് വീട്ടിലേക്കോടി. ഉമ്മക്കും കുട്ടികൾക്കും ആപത്തൊന്നും വരുത്തരുതേ എന്നായിരുന്നു ഓട്ടത്തിനിടയിലെ പ്രാർത്ഥന മുഴുവനും. വീട്ടിൽ എത്തിയപ്പോൾ പിയാപ്ലയുടെ മരണ വാർത്തയാണ് അവളെ വരവേറ്റത്. നിർവികാരതയായിരുന്നു അപ്പോൾ. കുറച്ചു സമയം അനങ്ങാതെ ഇരുന്നു അവിടെ. അവളുടെ ശരീരത്തെ വരിഞ്ഞ കെട്ടിയ അദൃശ്യമായ ഒരു ചരട് അഴിഞ്ഞു പോയത് പോലുള്ള ഒരു ആശ്വാസം തോന്നി അവൾക്കപ്പോൾ.

മയ്യിത്ത് കാണാൻ പോവണ്ടേ? ആരോ ചോദിച്ചു. വേണ്ടെന്ന് തലയാട്ടി. എങ്കിൽ ഖബർ അടക്കാൻ സമ്മതം കൊടുക്കണം. പൊയ്ക്കോളൂ എന്ന് കൈ കൊണ്ട് ആംഗ്യം കാട്ടി അവൾ.

പിറ്റേ ദിവസം ജോലിക്കിടയിൽ പത്രം വായിക്കുമ്പോൾ ആണ് നാട്ടിലെ പ്രധാന കഞ്ചാവ് ഡീലറുടെ കോല പാതക വാർത്ത കണ്ണിൽ ഉടക്കിയത്. അവൾ കുറച്ചു കാലമായി ശ്വസിച്ച കൊണ്ടിരുന്ന ഗന്ധം കഞ്ചാവിന്റേതായിരുന്നു എന്ന് അവൾ അപ്പോൾ തിരിച്ചറിഞ്ഞു.

പ്രാരാബ്ധങ്ങൾക്കിടയിൽ കാലം നീങ്ങി. മകന് രോഗം മൂർച്ഛിച്ച കൊണ്ടിരിക്കുന്നു. ജോലി കുറവ് കാരണം വരുമാനവും നിലച്ചു. നാട്ടുകാരുടെ സഹായം കൂടാതെ വയ്യെന്നായപ്പോൾ അവൾ റോഡിലേക്കിറങ്ങി.
ബേക്കറി ബസ് സ്റ്റോപ്പിൽ ഇപ്പോൾ മരങ്ങൾ ഒന്നും തന്നെ ഇല്ല. ഓടിട്ട ബേക്കറി ഇപ്പോൾ കോൺക്രീറ്റ് കെട്ടിടത്തിലേക്ക് മാറിയിരിക്കുന്നു. പത്തു പേർ കൂടുന്ന സംഘടനകൾ എല്ലാം ചാരിറ്റി പ്രവർത്തനത്തിൽ മുഴുകി ഇരിക്കുന്നു. വാഗ്ദാനങ്ങൾ ഒരു പാട് ലഭിച്ചു. ചികിത്സാക്കുള്ള വക ലഭിക്കാൻ തുടങ്ങി.
ആശുപത്രിയിൽ നിന്നും മരുന്ന് വാങ്ങാൻ ഫർമസിയിലേക്ക് പോയപ്പോൾ ആണ് അവൾ അന്ത്രുവിനെ വീണ്ടും കാണുന്നത്. അവൻ ഇപ്പോൾ മുതലാളിയാണ്, സമീറയെ ഒറ്റ നോട്ടത്തിൽ അയാൾ തിരിച്ചറിഞ്ഞു. കാലത്തിന്റെ മാറ്റത്തിൽ സമീറയും മാറിയിരുന്നു. ഒട്ടിയ കവിളും എല്ലുന്തിയ ശരീരവും അന്ദ്രുവിനെ വല്ലാതെ അസ്വസ്ഥനാക്കി.

"സുഖമാണോ?" അവൾ ചോദിച്ചു

അന്ദ്രുവിന് ഒന്നും പറയാൻ വാക്കുകൾ വരുന്നുണ്ടായിരുന്നില്ല. പരീക്ഷയുടെ അവസാന ദിവസം തന്റെ കൺ മുന്നിലൂടെ നടന്ന നീങ്ങിയ സമീറയെ പിറകെ നിന്ന് നോക്കി നിന്ന ആ ഓർമയാണ് അവന്റെ മനസ്സ് നിറയെ.

"നിനക്കെന്തു പറ്റി?"

"എന്ത് പറ്റാൻ? കല്യാണം കഴിഞ്ഞു. കുട്ടികൾ രണ്ടായി. അജ്ഞാത രോഗം ആണ് മകന്. ഇപ്പോൾ പിയാപ്ല മരിച്ചു. ഞാൻ ഇതെല്ലാം നന്നാക്കി എടുക്കാൻ നെട്ടോട്ടം ഓടുന്നു."

അവൾ സംസാരിക്കുമ്പോൾ വിറയൽ ഒന്നുമില്ല ഇപ്പോൾ. ജീവിതം അവളെ ഉരുക്കി എടുത്തിരിക്കുന്നു. അവൻ അവളെ കരുണ നിറഞ്ഞ കണ്ണുകളോടെ നോക്കി. കടപ്പുറത്ത ഓടി കളിച്ച ബാല്യ കാലം അയാൾ മനസ്സിൽ ആവാഹിച്ചെടുത്തു. അവളുടെ കൈകൾ കോരിയെടുത്തു അയാൾ ചുംബിക്കാൻ ഒരുങ്ങി. അവൾ പൊട്ടിച്ചിരിച്ചു, എത്രയോ കാലത്തിനു ശേഷം ആയിരുന്നു അവളുടെ ആ ചിരി പുറം ലോകം കേട്ടത്.
നിന്നെയും മക്കളെയും ഞാൻ നോക്കിക്കൊള്ളാം. കുട്ടികളെ സ്കൂളിലേക്ക് അയച്ച പഠിപ്പിക്കണം. അവരെ നിന്നെക്കാൾ നന്നായി വളർത്തണം.

ആ ദിവസം മുതൽ സമീറ വീണ്ടും സുന്ദരി ആയി. അവൾ തന്നെ മറന്നു പോയ തന്റെ ശരീരം ആർക്കോ വേണ്ടി ഊർജ സ്വലമായി തുടുക്കാൻ തുടങ്ങി. ദൂരെ തെളിഞ്ഞ ആ തിരി വെട്ടത്തിനു ചുറ്റും അവൾ മീരയായി കറങ്ങി. ചുണ്ടുകളിൽ മൂളിപ്പാട്ടും മനസ്സിൽ ആനന്ദവും നിറഞ്ഞു. തനിക്ക് എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാൻ അവൾക്ക് സാധിക്കുന്നില്ല. ഒടുവിൽ കറങ്ങി കറങ്ങി ഈയാം പാറ്റയെ പോലെ അവൾ ആ തിരി നാളത്തിൽ വീണെരിഞ്ഞു .

ഒരു ദിവസം വൈകുന്നേരം കുട്ടികൾ മുറ്റത്തു കളിക്കുമ്പോൾ അവൾ കൂടെ കളിക്കുകയായിരുന്നു. കുട്ടികൾ പെറുക്കാതെ മാങ്ങയും സപ്പോട്ടയും അവിടവിടെയായി ചിതറി കിടക്കുന്നു. കുറച്ചു ആൾക്കാർ വീട്ടിലേക്ക് വരുന്നത് കണ്ടപ്പോൾ അവൾ അകത്തേക്ക് കയറി. അവർ ഉമ്മയോട് സംസാരിച്ചു. സമീറയെ കുറിച്ച നാട്ടുകാർ പലതും പറയുന്നത് കേൾക്കുന്നുണ്ട്. ഉമ്മ ആകെ പരിഭ്രാന്തയായി അവളെ നീട്ടി വിളിച്ചു. പുറത്തേക്ക് വന്ന നോക്കിയപ്പോൾ തന്റെ സ്വഭാവ ദൂഷ്യത്തെ കുറിച്ച സംസാരിക്കാൻ ആണ് ആൾക്കാർ വന്നത് എന്ന് മനസ്സിലായി.

"ഈ വീട്ടിൽ എത്ര പേർ താമസിക്കുന്നുണ്ട് എന്ന് നിങ്ങൾക്ക് ആർകെങ്കിലും അറിയാമോ?" അവൾ ഉച്ചത്തിൽ ചോദിച്ചു.

"ഇവിടെ ഉള്ള പെണ്ണുങ്ങളുടെ എല്ലാം പിയാപ്ലമാർ കൂടെ ഉണ്ടോ എന്ന് അറിയാമോ?" വന്നവർ ആരും മിണ്ടിയില്ല.

"നിങ്ങളുടെ കുട്ടിയുടെ ചികിത്സാക്കുള്ള പണം ക്ലബ്ബുകാർ സഹായിക്കുന്നില്ലേ?" പിന്നെന്തിനാണ് നിങ്ങൾ ഇങ്ങനെ ഇറങ്ങി നടക്കുന്നത് ? ഒരാൾ തങ്ങൾ നൽകുന്ന സഹായം എടുത്ത് പറഞ് ചോദ്യം ചെയ്തു. അവൾ ചിരിച്ചു.

"അപ്പോൾ ഈ വീട്ടിൽ ഉള്ളവർക്ക് ഭക്ഷണം കഴിക്കണം എന്ന് നിങ്ങൾക്ക് ആർക്കും അറിയില്ലേ?"

വന്നവർ പുറത്തേക്കിറങ്ങി നീളത്തിൽ നടന്നു. വെയിൽ ആറിയെങ്കിലും എല്ലാവരും നന്നായി വിയർത്തിട്ടുണ്ടായിരുന്നു. സമീറ അടുക്കളയിലേക്ക് നടന്നു. പതിവ് പോലെ പാത്രങ്ങൾ കല പില കൂട്ടി ജോലി തുടങ്ങി.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ