mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

വഴിയിൽ തല കറങ്ങി വീണ സുഗതനെ ആരും തിരിഞ്ഞു നോക്കിയില്ല. വേനൽ കുടിച്ചു തീർത്ത ഭൂമിയിൽ സുഗതന് നുകരാൻ ഒരു തുള്ളി വെള്ളം പോലും ഉണ്ടായില്ല. അല്ലെങ്കിൽ അത് നൽകാൻ ആരും ശ്രമിച്ചില്ല. ഒന്ന് വീണാൽ ഓടിയെത്താൻ ആരുമില്ലതാനും. ബോധം മങ്ങി തുടങ്ങിയ സുഗതന്റെ കണ്ണിൽ ഇരുട്ടടയ്ക്കുന്നുണ്ടായിരുന്നു. പിന്നീട് ആരോ വിളിച്ചറിയിച്ചാണ് പോലീസ് എത്തി സുഗതനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ ആക്കുമ്പോഴും പറയാനോ അറിയിക്കാനോ പ്രയാസപ്പെടേണ്ടി വന്നില്ല. ബോധം തെളിഞ്ഞതിന് ശേഷം ഒരു ഗ്ലാസ്‌ പച്ചവെള്ളമാണ് സുഗതൻ കഴിച്ചത്.

"നിങ്ങളുടെ വീട് എവിടെയാ? എന്ത് പറ്റി "
"വീട് ഈ നാട്ടിൽ തന്നെയാ ഞാനൊരു ക്യാൻസർ രോഗി ആണ് " സുഗതൻ ചികിത്സാ വിവരങ്ങൾ എല്ലാം പറഞ്ഞു.. "ഇവിടെ അഡ്മിറ്റ് ആവണം. ആരോഗ്യ നില ഇത്തിരി മോശമാണ്. ഭയപ്പെടാൻ ഒന്നുമില്ല" "മം..ഭയമൊന്നുമില്ല ഡോക്ടർ ജീവിതത്തോട് ഒരു ആവേശവും ഇല്ലാത്തവന് എന്തിനാണ് ഭയം... ജീവിച്ചാലും മരിച്ചാലും കാണാനോ കാത്തിരിക്കാനോ ആരും ഇല്ല.." "ഇപ്പോൾ വിശ്രമിക്കു.. ഭക്ഷണം എത്തിക്കും" പിന്നീടുള്ള ദിനങ്ങളിൽ സുഗതന്റെ വിവരങ്ങൾ തിരക്കാൻ എന്നും ആളെത്തും. ചില മരുന്നുകൾ നൽകും. ആശുപത്രിനേരങ്ങൾ മടുത്തു തുടങ്ങിയതാണ് സുഗതന്.ചികിത്സ എല്ലാം ഒരു വിധം അവസാനിച്ചു. ഇനി എല്ലാം വരുന്നിടത്തു വെച്ച് കാണാം എന്ന മട്ടാണ്. എല്ലാം ഒറ്റക്ക് അനുഭവിച്ച് വിരസമായിരിക്കുന്നു. ആ വിരസതയിൽ സുഗതൻ അവളെ ഓർത്തു. അവൾ കൂടെ ഉണ്ടായിരുന്നെങ്കിൽ! ഓർമയിലെ അവളെ സുഗതൻ ഓർത്തെടുത്തു. ഈ ലോകത്തിൽ തന്നെ സ്നേഹിച്ചിരുന്ന ഒരേ ഒരാളെ ഉണ്ടായിരുന്നുള്ളു. അത് അവളാണ്. ആരുമില്ലാത്തവനാ ണെന്നറിഞ്ഞിട്ടും അവൾ തന്നെ സ്നേഹിച്ചു. സ്വപ്നം കാണാൻ പഠിപ്പിച്ചു. വല്ലപ്പോഴും മാത്രമാണ് കൂടികാഴ്ചകൾ ഉണ്ടായിരുന്നത്. അപ്പോൾ അവൾ വാചാലയാകും. അവളുടെ സ്വപ്നങ്ങളെ കുറിച്ച് വാ തോരാതെ സംസാരിക്കും. ആ സ്വപ്നങ്ങളിൽ തന്നെയും പങ്ക് ചേർക്കും. അസുഖമാണെന്നറിഞ്ഞതിന് ശേഷം ഒരു കൂടികാഴ്ചക്ക് സുഗതന് ധൈര്യമുണ്ടായിരുന്നില്ല. എങ്കിലും അവസാനമായി യാത്ര പറയാൻ അവളെ കാണണമായിരുന്നു. ഇടക്കിടക്ക് സുഖമന്വേഷിക്കുന്നവൾ തന്റേതു മാത്രമായ മനപ്രയാസങ്ങളെ പങ്കിട്ടെടുത്തവൾ. അവളെ കൂടുതൽ മനസിലാക്കിയതുകൊണ്ടോ മനസ്സിലാക്കാത്തതുകൊണ്ടോ അതോ അവളെ ഒരുപാട് സ്നേഹിച്ചിരുന്നതുകൊണ്ടോ പിരിയണമെന്ന് തന്നെ സുഗതൻ നിശ്ചയിച്ചു. അവസാനമായി അവളെ കണ്ടത് കോളേജ് കഴിഞ്ഞ ഒരു വൈകുന്നേരം ടൗണിൽ വെച്ചാണ്. അന്ന് അവൾ പതിവിലും സുന്ദരിയാണെന്ന് സുഗതന് തോന്നി. എന്നുമെന്നോണം അവൾ വിശേഷങ്ങൾ തിരക്കി. വിശേഷങ്ങൾ പങ്കുവെച്ചു. സംസാരിച്ച് പിരിയാൻ നേരം സുഗതൻ പറഞ്ഞു "ഇനി നമ്മൾ കാണില്ല. ഇത് അവസാന കണ്ടുമുട്ടലാണ്.. ജീവിക്കണം..ഏറ്റവും സുന്ദരമായി തന്നെ ജീവിക്കണം.." തന്നിൽ വേരു പിടിച്ച അസുഖത്തെ കുറിച്ച് പറയാതെ.. മറ്റൊന്നും ശ്രദ്ധിക്കാതെ സുഗതൻ മടങ്ങി. ആ ആൾക്കൂട്ടത്തിൽ അവൾ കരഞ്ഞിരുന്നുവോ? തന്നോട് എന്തെങ്കിലും അവൾക്ക് പറയണമായിരുന്നുവോ?

അവളെ കേൾക്കാൻ നിൽക്കാതെ അവളെ തനിച്ചാക്കി നടന്നകലുമ്പോൾ സുഗതന് വല്ലാതെ നൊന്തു. തന്റെ ദുഃഖങ്ങളിലേക്കും പിന്നീട് തന്റെ അസാന്നിധ്യത്തിലേക്കും അവളെ തള്ളിവിടാൻ സുഗതൻ ആഗ്രഹിച്ചിരുന്നില്ല. അത്രമേൽ ആഴത്തിൽ സ്വപ്നം കണ്ടിരുന്നവളെ സ്വതന്ത്രമാക്കണമായിരുന്നു. കാരണം സുഗതൻ അത്രമേൽ അവളെ സ്നേഹിച്ചിരുന്നു. ഇന്ന് ആശുപത്രിയിലെ ചിലരെങ്കിലും താൻ ജീവിക്കണമെന്ന് ആഗ്രഹിക്കുന്നു. ആരും ഇല്ലാത്തവനെ സ്നേഹത്തോടെ നോക്കുന്നു. ഒറ്റപ്പെടലിന്റെ ദിനങ്ങൾ ഓരോന്നായി കൊഴിഞ്ഞു പോയി. ഒറ്റക്കായ ദിനങ്ങളിൽ സുഗതൻ ഓർത്തത് അവളെ മാത്രമാണ്. അന്ന് അവസാനമായി യാത്ര പറഞ്ഞ് തിരിച്ച് പോന്നപ്പോൾ ഒരിക്കലെങ്കിലും അവളെ ഒന്ന് തിരിഞ്ഞു നോക്കാമായിരുന്നെന്ന് സുഗതന് തോന്നി. പഴയ ഓർമ്മകൾ,ചിരികൾ ഓരോന്നായി സുഗതന്റെ മനസ്സിൽ നിറഞ്ഞു. സുഗതൻ വെളിച്ചം വീഴുന്ന ജനാലയിലൂടെ പുറത്തേക്ക് നോക്കി. ഇളം മഞ്ഞ വെയിൽ തൂവി നിൽക്കുന്ന സായാഹ്നം.ഇതുവരെ കാണാത്ത സൗന്ദര്യം.ഒറ്റപ്പെടൽ. എങ്കിലും പോവാൻ ഭയമില്ലാത്തവന്റെ മനസ്സിൽ എന്തെ ഒരു പിന്മാറ്റം.അവസാനം ജീവിതത്തോട് കൊതി തോന്നി തുടങ്ങിയോ.? ആ നിമിഷം സുഗതന് ജീവന് വേണ്ടി വിശക്കുന്നതായി തോന്നി.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ