മഴ അവൾക്കെന്നും പ്രിയപ്പെട്ടതായിരുന്നു. അതാണ് ഈ മഴനടത്തം. ജൂണിലെ ഒരു മഴ ദിവസമാണ് അവൾ ആദ്യമായി സഖാവിനെ കണ്ടുമുട്ടിയത്. മഴത്തുള്ളികൾക്കിടയിലൂടെ അവൾക്കരികിലൂടെ നടന്നുനീങ്ങിയ കോളജിലെ വിപ്ലവകാരി.
എപ്പോഴും ഗൗരവകാരനായ ഇടയ്ക്കു മഴവില്ലു വിരിയുംപോലെ പുഞ്ചിരിക്കുന്ന അവളുടെ സഖാവ്. തീപ്പൊരി പ്രസംഗങ്ങൾക്കൊടുവിൽ വിടരുന്ന ആ പുഞ്ചിരി കാണാൻ അവൾ വേഴാമ്പലിനെപോലെ കാത്തിരുന്നു. എപ്പോഴോക്കയോ ആ കണ്ണുകൾ തന്നെ തിരയുന്നില്ലേ? ആൾക്കൂട്ടത്തിലല്ലാതെ തനിയെ കാണാൻ കിട്ടാറില്ല. എന്നെങ്കിലും തന്റെ പ്രണയം പറയാൻ അവൾ കാത്തിരുന്നു. ആ കാത്തിരിപ്പു കവിതകളായി പെയ്തിറങ്ങി. അവൾ പ്രശസ്ത കവയിത്രിയായി. സഖാവ് ജനങ്ങളുടെ പ്രിയപ്പെട്ട ജനനായകനും. അവർ നല്ല സുഹൃത്തുക്കളായി. അപ്പോഴേക്കും കൊല്ലവർഷങ്ങൾ എത്ര കടന്നുപോയി. ഒരു കുടകീഴിൽ മഴനനഞ്ഞു നടക്കാൻ ആഗ്രഹിച്ചവൾ. രണ്ടു കുടകളിൽ സമാന്തരമായി നടന്നു നീങ്ങുമ്പോഴും ആ ചിരികളിൽ പറയാതെപറയുന്നത് പ്രണയം തന്നെയല്ലേ? അവളുടെ കവിതകളെ സഖാവ് എപ്പോഴും നെഞ്ചോട് ചേർത്തുവെച്ചിട്ടില്ലേ? സഖാവിന്റെ ശബ്ദം കേൾക്കുന്നിടത്തെല്ലാം അവളും ഓടിയെത്തിയില്ലേ? ഈ ഒറ്റയാൻ ജീവിതങ്ങൾ പോലും ഒരുതരത്തിൽ പ്രണയമല്ലേ?
സഖാവും അതുതന്നെയോർത്തു.