mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

കാഷായ വസ്ത്രത്തിനോട് ചെറുപ്പം തൊട്ടേ അയാൾക്ക് വലിയ താല്പര്യമായിരുന്നു. സാമൂഹ്യപാഠം ക്ലാസ്സിൽ വച്ചാണ് കാഷായ വസ്ത്രധാരിയായ വിവേകാനന്ദൻറെ ചിത്രം മനസ്സിൽ പതിഞ്ഞത്.

കാന്തശക്തിയുള്ള അദ്ദേഹത്തിൻറെ കണ്ണുകളും സർവ്വ മത സമ്മേളനത്തിൽ നടത്തിയ ഷിക്കാഗോ പ്രസംഗവും അദ്ദേഹത്തിൻറെ ഗുരുവിനെ തേടിയുള്ള യാത്രയുമെല്ലാം വളരെ താല്പര്യത്തോട് ഉൾകൂടിയാണ് അന്ന് കുട്ടിയാണെങ്കിൽക്കൂടി അയാൾ വായിച്ചറിഞ്ഞത്.

സന്യാസത്തോടുള്ള അയാളുടെ താല്പര്യം ആദ്യം ഊതികത്തിച്ചത് ശരിക്കും അദ്ദേഹം തന്നെയായിരുന്നു. കുഞ്ഞുനാളിലേ ജീവിതാഭിലാഷം ഏതാണെന്ന് ചോദിച്ചാൽ മനസ്സ് മന്ത്രിക്കാറുള്ളത് സന്യാസി ആകണമെന്നായിരുന്നു. പക്ഷേ മുതിർന്നവരുടെ ശകാരം ഭയന്ന് പുറത്ത് പറഞ്ഞില്ല എന്ന് മാത്രം. വിവേകാനന്ദ സാഹിത്യം വായിച്ചപ്പോഴും അയാളുടെ മനസ്സിൽ ഒരു വിദ്യുച്ഛക്തി പ്രവാഹം അനുഭവപ്പെട്ടിരുന്നു. സാധാരണ കാഷായ വസ്ത്രം ധരിച്ച് ഭിക്ഷ തേടി വീട്ടിലെത്തുന്ന മനുഷ്യരല്ല യഥാർത്ഥ സന്യാസികൾ എന്ന് അദ്ദേഹത്തിൻറെ പുസ്തകങ്ങൾ വായിച്ചപ്പോഴാണ് അയാൾ തിരിച്ചറിഞ്ഞത്.

സ്കൂളിൽ വായിച്ചറിഞ്ഞ ശ്രീബുദ്ധന്റെ ജീവിതവും സന്യാസത്തോടുള്ള പ്രണയത്തെ സാധൂകരിക്കുന്ന കഥയാണ് അയാളോട് പറഞ്ഞു കൊടുത്തത്. രാജാവായി ജീവിച്ചിട്ടും ലൗകിക ജീവിതം ഉപേക്ഷിച്ച് ആത്യന്തികമായ ജീവിതസത്യം തേടി ആത്മീയതയെ വരിച്ച ഋഷി പുന്ഗവൻ .

സാധാരണക്കാർ അവരുടെ ജീവിതത്തിൽ നിന്നും മാറി ആഡംബര ജീവിതത്തിന് വേണ്ടി അശ്രാന്തപരിശ്രമം നടത്തുമ്പോൾ ആഡംബരജീവിതം ഉപേക്ഷിച്ച ബുദ്ധൻ ശരിക്കും ഒരു അത്ഭുതമായി അയാൾക്ക് തോന്നിയിട്ടുണ്ട്. മാത്രവുമല്ല , വിവേകാനന്ദനും ബുദ്ധനും തനിക്ക് പരിചയമുള്ള മറ്റു സന്യാസികളിൽ നിന്നും ഒരു കാര്യത്തിൽ തികച്ചും വ്യത്യസ്തമായിരുന്നു . കുടുംബ ജീവിതം നയിച്ച് വ്യക്തിപരമായ പ്രശ്നങ്ങൾ കാരണം കാവിയുടുത്ത വര രായിരുന്നില്ല ഇവർ രണ്ടുപേരും. സഹജീവികളുടെ ദുരിതങ്ങൾക്ക് ഒരു പരിഹാരം കണ്ടുപിടിക്കാനുള്ള ശ്രമത്തിലായിരുന്നു അവർ സന്യാസം സ്വീകരിച്ചത്.

വിശപ്പിൻറെ മുന്നിൽ വേദാന്തത്തിന് സ്ഥാനമില്ല എന്ന് ഉദ്ഘോഷിച്ച വിവേകാനന്ദ വചനം അയാളെ ഏറെ ആകർഷിച്ചിരുന്നു. അതുപോലെതന്നെ ആഗ്രഹങ്ങൾ നിയന്ത്രിക്കാൻ ഉപദേശിച്ച ബുദ്ധൻറെ വാക്കുകളും ശരിയായ ഉദ്ബോധനങ്ങൾ ആണെന്ന് അയാൾ മനസ്സിൽ കുറിച്ചിട്ടുണ്ടായിരുന്നു.

പഠിക്കുമ്പോൾ തന്നെ മനസ്സിലൊളിപ്പിച്ച മോഹത്തെ പാലൂട്ടി വളർത്തിയത് വീട്ടിൽ ആരും അറിഞ്ഞില്ല എന്നതാണ് സത്യം. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് കോളേജ് പഠനം തുടർന്നപ്പോഴും ക്യാമ്പസിലെ വർണ്ണശബളമായ ജീവിതം അയാളിൽ ഒരു ചലനവും ഉണ്ടാക്കിയിരുന്നില്ല . ഇസ്തിരിയിടാത്ത ചുളിഞ്ഞ വസ്ത്രങ്ങളുമായി കോളേജിൽ വരുന്ന അയാൾ വിദ്യാർഥികളുടെ കണ്ണിൽ അപരിഷ്കൃതനായിരുന്നു. വിരസമായ പഠനങ്ങളിൽ ഉണ്ടായ വിരക്തി ക്ലാസിൽ നിന്നും കുട്ടികളിൽ നിന്നും അയാളെ ക്രമേണ ലൈബ്രറിയിൽ
എത്തിച്ചിരുന്നു.ആർത്തിയോടെ വായിച്ചു തീർത്ത പുസ്തകങ്ങളിലെല്ലാം അയാൾ തേടിയത് തന്നെ തന്നെയായിരുന്നു.

ഡിഗ്രി അവസാന വർഷം തരക്കേടില്ലാത്ത മാർക്കോട് കൂടി ഭാഷാ വിഷയത്തിൽ ബിരുദധാരിയായി പുറത്തിറങ്ങുമ്പോൾ ലക്ഷ്യം വടക്കേ ഇന്ത്യ ആയിരുന്നു. ഹരിദ്വാർ കേദാർനാഥ് തുടങ്ങിയ സ്ഥലനാമങ്ങൾ അയാളെ നിരന്തരം വിളിക്കുന്നു എന്ന തോന്നൽ അനുദിനം അയാളുടെ മനസ്സിൽ ശക്തമായി കൊണ്ടേയിരുന്നു. ആ ഉൾവിളിക്ക് മറുപടിയെന്നോണം വടക്കേ ഇന്ത്യയിലെ ജോലികൾക്ക് അപേക്ഷിക്കാൻ തുടങ്ങി. അവസാനം ഒരു അധ്യാപക ജോലിക്ക് അവസരം അയാളെ തേടിയെത്തി. അത് അയാൾ ആഗ്രഹിച്ച കേദാർനാഥിനടുത്തും. അമ്മയോട് പോലും മനസ്സിൽ സൂക്ഷിച്ച രഹസ്യം വെളിപ്പെടുത്താതെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ലക്ഷ്യ സ്ഥാനത്തെത്താൻ അയാൾക്ക് സാധിച്ചു. ആ ജോലി ഒരു നിമിത്തമായി അയാൾക്ക് തോന്നി.

ജോലിസ്ഥലത്ത് ആദ്യ ദിവസങ്ങൾ വളരെ യാന്ത്രികമായാണ് കടന്നുപോയത്. അപ്പോഴും മനസ്സിൽ താൻ തൻറെ ലക്ഷ്യത്തിന്റെ തൊട്ടടുത്താണ് എന്ന ചിന്ത അയാളുടെ മനസ്സിനെ എന്തെന്നില്ലാത്ത ആഹ്ലാദത്തിൽ എത്തിച്ചു . ആദ്യം കിട്ടിയ വിന്റർ വെക്കേഷൻ കേദാർനാഥിലേക്ക് പോകാനാണ് ഉപയോഗിച്ചത്. കിട്ടിയ ശമ്പളം ചിലവാക്കാതെ സൂക്ഷിച്ചിരുന്നത് കൊണ്ട് തരക്കേടില്ലാത്ത ഒരു താമസസ്ഥലം കണ്ടെത്താൻ അയാൾക്ക് കഴിഞ്ഞു. പരിമിതമായ വസ്ത്രങ്ങളും പുസ്തകങ്ങളും മാത്രമായിരുന്നു കയ്യിൽ കരുതിയിരുന്നത്. വെക്കേഷൻ കഴിയുമ്പോഴേക്കും സന്യാസ ജീവിതത്തിൻറെ അനുഭവം നേടുക എന്ന ഒരു ഉദ്ദേശം മാത്രമേ യാത്ര പുറപ്പെടുമ്പോൾ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ.

രണ്ടുദിവസം ക്ഷേത്രത്തിൽ താമസിച്ചപ്പോഴേക്കും കുറച്ചു സന്യാസിവര്യൻമാരുമായി അടുത്തിടപഴകാൻ കഴിഞ്ഞു. വളരെ കുറച്ചു മാത്രം സംസാരിക്കുന്ന പ്രകൃതക്കാരായിരുന്നു മിക്കവരും. പലരും ചിലപ്പോൾ അപ്രത്യക്ഷമാകുകയും പിന്നീട് എപ്പോഴെങ്കിലും വന്ന്‌ ക്ഷേത്രദർശനം ചെയ്യുകയും പതിവായിരുന്നു. എവിടേക്ക് പോകുന്നെന്നോ എപ്പോൾ തിരിച്ചുവരും എന്നോ അവർ അയാളോട് പറയാറില്ലായിരുന്നു.നിഗൂഢതയായിരുന്നു ക്ഷേത്രത്തിൽ അവിടവിടെയായി ധ്യാനിക്കുന്ന അവരുടെ മുഖമുദ്ര. അവരാരും ഭക്ഷണം കഴിക്കുന്നതും അയാൾ കണ്ടിട്ടില്ലായിരുന്നു.

ക്ഷേത്രത്തിൻറെ മുന്നിൽ ഏറെ നേരം ഇരുന്നു ധ്യാനിക്കുന്ന പതിവ് അയാൾ മൂന്നാം ദിവസം തന്നെ തുടങ്ങിയിരുന്നു. അതിനിടെ മഞ്ഞ് വീഴ്ച്ച ശക്തമായി തുടങ്ങിയിരുന്നു. ഇത് പലപ്പോഴും സന്ധ്യ കഴിഞ്ഞുള്ള ഭജനത്തിന് തടസ്സമായി മാറി. അപ്പോഴേക്കും മനസ്സിൽ ഒരു തീരുമാനം എടുത്തിരുന്നു. ഇനി ഇവിടെ നിന്നും ഒരു മടക്കം ഇല്ല. കൊണ്ടുവന്ന വസ്ത്രങ്ങൾ താമസിച്ച മുറിയിൽ ഉപേക്ഷിച്ചു മുറിക്കു സമീപത്തു നിന്ന് കിട്ടിയ ഒരു കാഷായവസ്ത്രമണിഞ്ഞ് കയ്യിലുള്ള അവസാനത്തെ പണവും മുറിയുടെ ഉടമസ്ഥനെ ഏൽപ്പിച്ചു പുറത്തിറങ്ങി. ക്ഷേത്രത്തിൽ നിന്നും കിട്ടുന്ന ഭക്ഷണം മാത്രം ആശ്രയിച്ചായിരുന്നു പിന്നീടുള്ള ജീവിതം. കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ എല്ലും തോലുമായി മാറി. താടിയും മുടിയും വളർന്ന്‌ അയാൾക്ക് പോലും അയാളെ തിരിച്ചറിയാനാവത്ത വിധം പ്രാകൃതമായി. രക്തം പോലും തണുത്തുറഞ്ഞു പോകുന്ന ശൈത്യം അയാളെ പുതിയ വാസസ്ഥലം അന്വേഷിക്കുന്നതിന് നിർബന്ധിതനാക്കി. അടുത്തുള്ള കാട്ടു പ്രദേശങ്ങളിൽ താമസിക്കുന്നതായി പറഞ്ഞുകേട്ട യോഗികളെ തിരഞ്ഞ് നടന്ന് അവസാനം ഒരാൾക്ക് കഷ്ടിച്ച് ചാരി കിടക്കാൻ കഴിയുന്ന ഒരു മരപ്പൊത്ത് അയാൾക്ക് ഒത്തു കിട്ടി.

അങ്ങിനെ കുറെ നാൾ കൂടി തനിക്ക് കിട്ടിയ പുതിയ ജീവിതം അയാൾ ജീവിച്ചു. ക്ഷേത്ര പരിസരങ്ങൾ മഞ്ഞു മൂടാൻ തുടങ്ങിയതോടുകൂടി സന്ദർശകരും സന്യാസികളും മലയിറങ്ങാൻ തുടങ്ങി. തണുപ്പിനോട് പൊരുതാൻ പഠിച്ചതിന്റെ ബലത്തിൽ തുടർന്നും അവിടെ തന്നെ തുടരുമെന്ന് അയാൾ തീരുമാനമെടുത്തു. നാട്ടിൽ ആകുമ്പോഴും മറ്റുള്ളവരോട് ചർച്ചചെയ്തു തീരുമാനങ്ങളെടുക്കുന്ന പതിവ്‌ അയാൾക്കില്ലായിരുന്നു. ഈ തീരുമാനത്തിലും അയാൾ തെല്ലും വ്യതിചലിച്ചില്ല. ക്ഷേത്രം അടച്ച് പൂജാരിയും ഉദ്യോഗസ്ഥരും പടിയിറങ്ങുന്ന ദിവസവും അവരുടെ കണ്ണിൽ പെടാതെ അയാൾ ധ്യാനത്തിൽ ഇരുന്നു.

ക്ഷേത്രപരിസരത്താകെ പടർന്ന കൂരിരുട്ടും അതിശൈത്യവും കടുത്ത നിശബ്ദതയുമൊക്കെ അയാളിൽ വല്ലാത്തൊരു അനുഭൂതി നിറച്ചു. പകൽ പുറത്തു നോക്കിയാൽ മഞ്ഞുമൂടിയ മരങ്ങൾ മാത്രമാണ് ദൃശ്യമായിരുന്നത്. ക്ഷേത്രത്തിൻറെ മേൽക്കൂരയും പരിസരത്തുള്ള കെട്ടിടങ്ങളുമെല്ലാം മഞ്ഞുമൂടി തിരിച്ചറിയാതെയായി. ക്ഷേത്രപരിസരത്ത് അദൃശ്യരായി താമസിക്കുന്ന യോഗികൾ ആരെങ്കിലും പുറത്തുവരുമെന്നും അവരോടൊപ്പം തുടർന്ന് അവിടെ ജീവിക്കാം എന്നുമാണ് അയാൾ മനസ്സിൽ കരുതിയത്. രണ്ടാഴ്ചയ്ക്കുള്ള ഭക്ഷണം കരുതിയിരുന്നെങ്കിലും വിചാരിച്ചതിലും നേരത്തെ തീർന്നു പോയി.

വിശപ്പ് സഹിക്കാനാവാതെ മരപ്പൊത്തിൽ നിന്നും പുറത്തിറങ്ങിയ അയാൾ ചുറ്റുപാടും നോക്കി.വെള്ളകമ്പളം വിരിച്ച മലനിരകളും മരങ്ങളും മാത്രമേ ദൃഷ്ടിയിൽ പതിഞ്ഞുള്ളൂ. കുറച്ച് മുന്നോട്ടു നടന്നപ്പോൾ ചത്തു കിടക്കുന്ന ഒരു കാട്ടു മൃഗത്തിൻറെ അവശിഷ്ടങ്ങൾ കണ്ടു. അസ്ഥിപഞ്ചരം മാത്രമേ അവശേഷിച്ചിട്ടുള്ളൂ. ചിലപ്പോൾ ഭക്ഷണം തേടി തന്നെപ്പോലെ പുറത്തേക്കിറങ്ങിയതായിരിക്കും . മുട്ടോളം മഞ്ഞിൽ കാൽ പുതഞ്ഞു മുന്നോട്ടു നടന്ന അയാൾ ക്ഷേത്രമാണ് ലക്ഷ്യമാക്കിയിരുന്നത്. എത്രത്തോളം നടന്നു എന്ന് അയാൾക്ക് തന്നെ അറിയാൻ കഴിഞ്ഞില്ല. ക്ഷേത്രം കണ്ടുപിടിക്കാൻ ആകാത്തത് കൊണ്ട് അയാൾ തിരിഞ്ഞു നടന്നു. വന്ന കാലടി കളുടെ പാട് പിന്തുടർന്നാണ് വാസസ്ഥലത്തേക്ക് മടങ്ങാൻ തുനിഞ്ഞത്. ഏതാനും വാര നടന്നപ്പോഴേക്കും കാൽപ്പാടുകൾ മഞ്ഞു മൂടി തിരിച്ചറിയാൻ കഴിയാതെയായിരുന്നു. ഇനി എവിടേക്ക് പോകുമെന്ന് അറിയാതെ അയാൾ ചുറ്റും നോക്കി. ആശയെല്ലാം അസ്തമിച്ചിരുന്നു എങ്കിലും അയാൾ നടന്നുകൊണ്ടേയിരുന്നു...
**************************************
മാസങ്ങൾക്ക് ശേഷം ശൈത്യകാലം അടുത്ത സീസണിന് വഴിമാറി കൊടുത്തപ്പോൾ പൂജാരിയും ക്ഷേത്രപാലകരുമെല്ലാം പതിവുപോലെ പോലെ തിരിച്ചെത്തി. ക്ഷേത്രം സന്ദർശകരെകൊണ്ടും മന്ത്രോച്ചാരണങ്ങള്ളാലും ശബ്ദമുഖരിതമായി. അയാൾ ധ്യാനനിരതനായി ഇരുന്നിരുന്ന കരിങ്കൽ തൂണിനരികിൽ ചുളിഞ്ഞ വസ്ത്രം ധരിച്ച ഒരു ചെറുപ്പക്കാരൻ വന്നിരുന്നു. കയ്യിൽ കുറെ പുസ്തകങ്ങളും രണ്ട് ജോഡി വസ്ത്രങ്ങളും നിറച്ച ഒരു തോൾസഞ്ചി മാത്രമായിരുന്നു അയാളുടെ പക്കൽ ഉണ്ടായിരുന്നത്. അയാൾ തൻറെ ചുറ്റിലും ധ്യാനത്തിലിരിക്കുന്ന സന്യാസിമാരെ സാകൂതം നിരീക്ഷിക്കുന്നുണ്ടായിരുന്നു.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ