'സാരംഗി ' എന്നുള്ള നേഴ്സിന്റെ വിളി കേട്ടാണ് ഞാൻ ചിന്തയിൽ നിന്നുണർന്നത്. മധ്യവയസ്ക്കയായ ഒരു സ്ത്രീയും, പിന്നാലെ ഒരു യുവതിയും ഡോക്ടറുടെ മുറിയിലേയ്ക്ക് കയറുന്നതു കണ്ടു. കാഴ്ചയിൽ
അമ്മയും മകളും ആണെന്ന് തോന്നുന്നു. സാരംഗി പേര് എന്നിൽ കൗതുകമുണർത്തി. അമ്മയാണോ, മകളാണോ സാരംഗി ?
കുറച്ചു സമയത്തിനു ശേഷം അവർ ഇറങ്ങി വന്നു. മകളുടെ കൈയ്യിൽ ഡോക്ടർ എഴുതിയ പ്രിസ്ക്രിപ്ഷൻ .അവർ നേഴ്സിനോട് എന്തൊക്കെയോ ചോദിക്കുന്നു. നേഴ്സ് ചുണ്ടിക്കാട്ടിയസ്ഥലത്തേയ്ക്ക് അവർ പോയി.
വിടർന്ന കണ്ണുകളും ഇടതു കവിളിൽ കാക്കപ്പുള്ളിയുമുള്ള ഒരു കൊച്ചു സുന്ദരിയാണ് മകൾ. നീണ്ടു ചുരുണ്ട കാർകൂന്തൽ നിതംബം മറഞ്ഞു കിടക്കുന്നു. ഇന്നത്തെ കാലത്തു കുട്ടികൾ ഇതുപോലെ മുടി വളർത്തുമോ! എന്തൊരു ഭംഗി. എന്റെ കണ്ണുകൾ അവളുടെ മുടിയിലായിരുന്നു.എൻ്റെ മാത്രമല്ല, അവിടിരിക്കുന്ന എല്ലാവരുടേം മിഴികൾ ആ കുട്ടിയുടെ മുടിയിലായിരുന്നു.
ബ്ലഡ് റിസൽട്ട് കാത്ത് ലാബിനു മുമ്പിലിരിക്കുമ്പോൾ ആ അമ്മയും മോളും വന്നു. എന്റെയടുത്തായി അവർ ഇരുന്നു. ഏതായാലും പരിചയപ്പെടാം .ഞാൻ ചോദിച്ചു.
"എന്താ മോൾടെ പേര് ?"
"എന്റെ പേര് സാരംഗി ."
ചെറിയൊരു പുഞ്ചിരിയോടെ അവൾ പറഞ്ഞു .
"നല്ല പേര് ..ഇങ്ങനൊരു പേര് ഞാൻ ആർക്കും കേട്ടിട്ടില്ല. ഒരു സംഗീതോപകരണത്തിന്റെ പേരല്ലേ സാരംഗി എന്നത് ?"
ഞാൻ എന്റെ സംശയം തുറന്നു പറഞ്ഞു.
"ആന്റി പറഞ്ഞത് ശരിയാണ്. എന്റെ അച്ഛൻ പണ്ട് വടക്കേ ഇന്ത്യയിലായിരുന്നു. അവിടെ വച്ചാണ് അച്ഛൻ സാരംഗി പഠിച്ചത്.ആ ഇഷ്ടമാണ് എനിക്കീ പേരിടാൻ കാരണം. "
കുറച്ച് വായാടിയാണെന്ന് തോന്നുന്നു .എല്ലാക്കാര്യങ്ങളും തുറന്നു പറയുന്ന നിഷ്കളങ്കയായ പെൺകുട്ടി. പ്യൂട്ടർ സയൻസ് രണ്ടാം വർഷം പഠിക്കുന്നു. ഇടയ്ക്കിടെ തലവേദന .കഴിഞ്ഞ ദിവസം ക്ലാസിൽ വച്ച് തല ചുറ്റി വീണു. ചെക്കപ്പിനായ് വന്നതാണ്. അമ്മശ്രീദേവി അധ്യാപികയാണ്. അച്ഛൻ ജഗന്നാഥ വർമ്മ ബാങ്ക് മാനേജർ. അതി പുരാതന തറവാട്ടുകാർ .അവരുടെ ഏക മകളാണ് സാരംഗി . അവളുടെ സംസാരത്തിലും പെരുമാറ്റത്തിലുമെല്ലാം ആ കുലീനത്വവും ശാലീനതയുംനിറഞ്ഞു കാണാം.
എഴുതിയിട്ടില്ലെങ്കിലും കറുത്ത ഇടതൂർന്ന പീലികളുള്ള വലിയ കണ്ണുകൾ. ചിരിക്കുമ്പോൾ പാതിയടയുന്ന പോലുണ്ട് അവളുടെ മിഴികൾ.അതു കാണാനൊരു പ്രത്യേക ഭംഗിയുണ്ട്. ഇടതു കവിളിൽ ഒരു മറുക്.സൗന്ദര്യ ലക്ഷണം. നീണ്ട മൂക്ക്. അതിലൊരു ചെറിയ നീല കല്ലുവച്ച മൂക്കുത്തി. ചിരിക്കുമ്പോഴും, സംസാരിക്കുമ്പോഴുമെല്ലാം അവളുടെ മൂക്കൂത്തി മിന്നിതിളങ്ങുന്നുണ്ട്.
കുറച്ചു സമയത്തെ സംസാരം കൊണ്ട് തന്നെ കൂടുതൽ അടുപ്പം തോന്നിയതിനാൽ ഞാൻ ചോദിച്ചു.
"എന്ത് എണ്ണയാണ് മോൾ തലയിൽ തേക്കുന്നത്."
"ആന്റീ , ഇതേ എണ്ണയുടെ ഗുണമല്ല. നല്ല വളക്കൂറുള്ള മണ്ണാണിവിടെ ."
അവൾ തലയിൽ തൊട്ട് ഒരു പൊട്ടിച്ചിരിയോടെ പറഞ്ഞു. നിഷ്കളങ്കമായ അവളുടെ സംസാരം കേട്ട് ഞാനുംചിരിച്ചു പോയി. ശ്രീദേവിയും പുഞ്ചിരിക്കുണ്ടായിരുന്നു.
"ആന്റീ.. എനിക്കീ മുടി മുറിച്ച് ക്യാൻസർ രോഗികൾക്ക് ഡൊണേറ്റു ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ ..
ശ്രീയേട്ടൻ സമ്മതിക്കൂല."
"ആരാണീ ശ്രീയേട്ടൻ ? "
എന്റെ ചോദ്യം കേട്ട് അവളുടെ മുഖം ലജ്ജയാൽ തുടുത്തു. ചുണ്ടിലൊളിപ്പിച്ച പുഞ്ചിരിയോടെ അവൾ നിശബ്ദയായി .
മറുപടി പറഞ്ഞത് ശ്രീദേവിയാണ്.
"എന്റെ സഹോദരന്റെ മോനാണ് ശ്രീനാഥ്. "
മുറച്ചെറുക്കനായ ശ്രീനാഥുമായി സാരംഗിയുടെ വിവാഹ നിശ്ചയം കഴിഞ്ഞതാണ്. കുട്ടിക്കാലം തൊട്ടേ ഉള്ള കളിക്കൂട്ടുകാരൻ ജീവിത പങ്കാളിയായി വരാൻ ദിവസങ്ങളെണ്ണി കാത്തിരിക്കുകയാണ് .
എല്ലാക്കഥകളും ഏറെപ്പരിചയമുള്ളതു പോലെ അവൾ എന്നോട് തുറന്നു പറഞ്ഞു. ആദ്യമായി കണ്ടുമുട്ടിയതാണെന്നു തോന്നില്ല, അത്രയേറെ തുറന്ന മനസ്സോടെയാണ് അവളുടെ സംസാരം .
"ആൻറീ ദൈവം അനുവദിച്ചാൽ നമുക്ക് ഇനിയും കാണാം."
എന്നു പറഞ്ഞ് സാരംഗിയും അമ്മയും നടന്നകന്നു. കണ്ണിൽ നിന്ന് മറയും വരെ ഞാനാ കുട്ടിയെ നോക്കി നിന്നു.എവിടെ നിന്നോ വന്ന് കുറച്ചു സമയം കൊണ്ട് അവൾ എന്റെ ഹൃദയം കവർന്നെടുത്തു. ഇനിയാ മോളേ എന്നെങ്കിലും കാണാൻ പറ്റുമോ? ആരും ഒന്നു കൂടികാണാൻ കൊതിക്കുന്ന വ്യക്തിത്വം.
രണ്ടു മാസത്തിനു ശേഷം അതേ ഹോസ്പിറ്റലിൽ വച്ച് ഒരിക്കൽ കൂടി കാണാനാഗ്രഹിച്ച ആ മുഖം ഞാൻ കണ്ടു.
ഞാനല്ല ! അവളാണ്.
'ആന്റീ.. എന്നെ മറന്നോ?'
എന്നു ചോദിച്ചു കൊണ്ട് എന്റെ അടുത്തേയ്ക്ക് ഓടി വന്നത്. ഞാൻ ഞെട്ടിപ്പോയി. മെലിഞ്ഞ് കവിളൊട്ടി കറുപ്പു നിറം ബാധിച്ച ഒരു രൂപം. തലയിൽ ഒറ്റ മുടിയില്ല. വിടർന്ന കണ്ണുകൾക്ക് ഭംഗി നൽകിയ കൺപീലി പോലുമില്ല . കവിളത്തെ മറുകു മാത്രം യാതൊരു വിത്യാസവുമില്ലാതെ അവിടുണ്ട്.
സത്യം പറഞ്ഞാൽ ശ്രീദേവി കൂടെയുള്ളതുകൊണ്ട് മാത്രം ആണ് അത് സാരംഗിയാണെന്ന് എനിക്ക് മനസിലായത്.
"ആന്റിക്കെന്നെ മനസിലായില്ലേ?" എന്റെ കൈകളിൽ പിടിച്ചു കൊണ്ടവൾ ചോദിച്ചു.
ഒരു നിമിഷം .ഞാൻ സ്പ്തയായി നിന്നു പോയി.
നിറഞ്ഞ മിഴികൾ തുളുമ്പാതെ, പൊട്ടി വന്ന തേങ്ങൽ ഉള്ളിലടക്കി, ഞാൻ ഒന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു .
പക്ഷേ, പടർന്ന കണ്ണുനീർ എന്റെ മുമ്പിലുള്ള കാഴ്ച മറച്ചു കളഞ്ഞു. അവളുടെ മുഖത്തേയ്ക്ക് നോക്കാനേ എനിക്കു കഴിഞ്ഞില്ല. വിങ്ങി വിതുമ്പി തേങ്ങലടക്കി നിന്ന എന്നെ നോക്കി അവൾ പറഞ്ഞു.
"ആൻറീ, വിഷമിക്കാനൊന്നുമില്ല. ദൈവത്തിന് എന്നോട് ഇഷ്ടം കൂടി .എനിക്ക് ഒരു വിസ തന്നു .സന്തോഷമുള്ള കാര്യമല്ലേ. ഫ്രീയായ് ഒരു വിസ കിട്ടുകാന്നു പറഞ്ഞാൽ."
എനിക്കു മുന്നിൽ അവൾ സന്തോഷവതിയായി കാണപ്പെട്ടു.
"മോളെ തലയിൽ ഒരു വിഗ്ഗോ അല്ലേൽ ഒരു ഷോളോ ഇട്ടു കൂടെ ?" ഞാൻ ചോദിച്ചു.
"ഞാനിടില്ല ആന്റീ. "
"എന്താ മോളേ ഇത് "
ഞാനവളെ സ്നേഹത്തോടെ തിരുത്താൻ തുടങ്ങിയപ്പോൾ അവൾ പറഞ്ഞു.
"ആൻറീ, ഇതിന് ഒരു കാരണമുണ്ട് . എന്റെ വൈരൂപ്യം കണ്ട് ശ്രീയേട്ടൻ എന്നിൽ നിന്ന് അകലണം. ക്യാൻസർ ബാധിച്ച എനിക്ക് ഇനി ഒരു തിരിച്ചുവരവില്ല.എത്ര പറഞ്ഞാലും എന്നെ വിട്ട് പോകില്ലന്നാണ് ശ്രീയേട്ടൻ പറയുന്നത്.എന്റെ ശ്രീയേട്ടന് ഒരു നല്ല ജീവിതം കിട്ടുന്നത് കണ്ടു വേണം എനിക്ക് ഈ ലോകം വിട്ടു പോകാൻ . അതിനുള്ള പരിശ്രമത്തിലാണ് ഞാൻ ." സാരംഗി പറഞ്ഞു.
ബാക്കി കാര്യങ്ങൾ പറഞ്ഞത് ശ്രീദേവിയാണ്.
ബ്രെയിൻ ട്യൂമറാണ് സാരംഗിക്ക് .ഏറ്റവും വൈകിയ വേളയിൽ ആണ് രോഗം കണ്ടു പിടിച്ചത്. അതു കൊണ്ടു തന്നെ ഇനിയൊന്നും ചെയ്യാനില്ലത്ത അവസ്ഥ. കീമോതെറാപ്പിയ്ക്കു ശേഷം ശരീരം ആകെ ക്ഷീണിച്ചു.
മുടിയെല്ലാം കൊഴിഞ്ഞു. ശരീരത്തിന്റെ നിറമെല്ലാം പോയി.
സാരംഗിയുമായി സംസാരിച്ചതിൽ നിന്ന് ഒരു കാര്യം മനസിലായി. അവളുടെ മനസിൽ ഒരു ആഗ്രഹം മാത്രമേ ഇനി അവശേഷിച്ചിട്ടുള്ളു. അതവളുടെ പ്രിയപ്പെട്ട ശ്രീയേട്ടന് ഒരു നല്ല ജിവിതം ഉണ്ടായിക്കാണുക എന്നുള്ളതാണ്.
ഞങ്ങൾ സംസാരിച്ചിരിക്കെത്തന്നെ ഒരു സുമുഖനായ ചെറുപ്പക്കാരൻ ഞങ്ങളുടെ അടുത്തെത്തി.
"ആന്റീ ,ഇതാണ് എൻ്റെ ശ്രീയേട്ടൻ. എന്റെ അമ്മാവന്റെ മോൻ ."
സാരംഗി എനിക്ക് ശ്രീനാഥിനെ പരിചയപ്പെടുത്തിത്തന്നു. ഒറ്റനോട്ടത്തിൽ തന്നെ ആർക്കും ഇഷ്ടം തോന്നുന്ന ഒരു സുന്ദരൻ. സാരംഗിക്ക് ചേർന്ന പങ്കാളി തന്നെ. സാരംഗിയെപ്പോലെ തന്നെ പെട്ടന്ന് സൗഹൃദം കൂടുന്ന സ്വഭാവമാണ് ശ്രീനാഥിനും. കുറച്ചു നേരത്തെ സംസാരം കൊണ്ടു തന്നെ അവർ രണ്ടു പേരും എനിക്കേറെ പ്രിയപ്പെട്ടവരായി മാറി.ഏതോ മുജ്ജന്മ ബന്ധം പോലെ. യാത്ര പറയുമ്പോൾ ശ്രീ എന്നോട് പറഞ്ഞ വാക്കുകൾ എന്റെ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞു.
"ആന്റീ , എന്റെ ജീവിതത്തിൻ ഇനി മറ്റൊരു പെൺകുട്ടിയില്ല. ഞാൻ സ്നേഹിച്ചത് അവളുടെ ബാഹ്യസൗന്ദര്യത്തെയല്ല . അവളുടെ ഹൃദയമാണ് ഞാൻ സ്വന്തമാക്കിയത്. അവളുടെ സൗന്ദര്യം എത്ര ചോർന്നു പോയാലും ആ സ്നേഹം എന്നിൽ നിന്ന് മാറിപ്പോകില്ല. അവളീ ലോകം വിട്ടു പോയാലും ആ ഓർമ്മകൾ മതി എനിക്കു ജീവിക്കാൻ....ഇനിയൊരു ജന്മം ഉണ്ടെങ്കിൽ ദൈവം ഞങ്ങളെ ഒരുമിപ്പിക്കുമെന്ന പ്രത്യാശ യോടെ ഞാൻ എന്റെ സാരംഗിയോടുള്ള സ്നേഹവുമായി,ആ ഓർമ്മകളുമായി ജീവിക്കും."
പരസ്പമുള്ള സ്നേഹത്താൽ മൽസരിക്കുന്ന ആ ഇണക്കിളികളെ ഒരിക്കലും വേർപിരിക്കരുതേ എന്ന പ്രാർത്ഥനയോടെ ഞാൻ മനസുകൊണ്ട് ഒന്നായ ആ പ്രണയ ജോഡികളെ നോക്കി നിന്നു ഞാൻ .അവർ എൻ്റെ കണ്ണിൽ നിന്ന് മറയുവോളം.