mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഓഫീസിലെ ക്ലോക്കില്‍ നാലേ മുക്കാലായാല്‍ പിള്ള സാറിന്‍റെ മൊബൈലില്‍ അഞ്ചു മണിയുടെ അലാറം ഉറക്കെയടിക്കും. അതൊരറിയിപ്പാണ്; താന്‍ പോകാറായെന്നും, ആയതിനാല്‍ എന്തെങ്കിലും കടലാസ്സുമായി ഇനിയാരും തന്‍റെ അടുക്കലേക്ക് വരേണ്ടതിലെന്നും സഹപ്രവര്‍ത്തകര്‍ക്കുള്ള മുന്നറിയിപ്പ്.

അന്നും പതിവ് പോലെ അഞ്ചു മണിയുടെ അലാറം കേട്ട് ബാഗ്‌ ഒരുക്കി വെച്ച് ടോയ്ലെറ്റില്‍ പോയി തിരിച്ചു വരുമ്പോൾ സാറ് കാണുന്നത് തന്‍റെ മേശയില്‍ കൈകളൂന്നി ചാഞ്ഞു നില്‍ക്കുന്ന ഒരു വൃദ്ധയേയാണ്. അയാളെ കണ്ടതും മേശയിലൂന്നിയ കൈകള്‍ ചേർത്ത് കൂപ്പി പരമാവധി വളഞ്ഞു നില്‍ക്കുന്ന അവരെ ശ്രദ്ധിക്കാതെ സാറ് കസേരയില്‍ ചെന്നിരുന്നു.

"സാറേ...."

പതിഞ്ഞ സ്വരത്തില്‍ അവര്‍ നീട്ടി വിളിച്ചു.

"ഊം...എന്താ കാര്യം? "

മൊബൈല്‍ സ്ക്രീനിൽ പറ്റിച്ചു വെച്ച കണ്ണുകള്‍ പറിച്ചെടുക്കാതെ അയാള്‍ ചോദിച്ചു.

"സാറേ...ഇന്‍റെ പേര് കല്യാണീന്നാ. കഴിഞ്ഞാഴ്ച്ച ഇബടെ വിധവാ പെന്‍ഷന്‍റെ ഒരപേക്ഷ വെച്ചിര്‍ന്നു. മരണ സര്‍ട്ടീറ്റിലെ കെട്ട്യോന്‍റെ പേരിന്റെ പെശക് തിരുത്തി കൊണ്ടൊരാനാ സാറന്ന് പറഞ്ഞേ. അതിപ്പോ തിരുത്തി കിട്ടീണ്ട്."

കായസഞ്ചിയില്‍ നിന്നും വലിച്ചെടുത്ത ഒരു കടലാസ്സും നീട്ടി അവര്‍ അയാളുടെ കസേരക്കരികിലേക്ക് ചെന്നു.

"നിങ്ങളെങ്ങോട്ടാ തള്ളേ ഈ കേറിക്കേറി വരുന്നേ? തോന്നിയ സമയത്ത് കേറി വരാന്‍ ഇതെന്താ ചന്തയോ...? ഇതൊരു സര്‍ക്കാരാപ്പീസാ. പത്തു മുതല്‍ അഞ്ചു വരെയാ ഇവിടുത്തെ പ്രവര്‍ത്തി സമയം. നിങ്ങളാ ക്ലോക്കിലേക്കൊന്നു നോക്കിക്കേ..."

കസേരയില്‍ നിന്നും ചാടിയെണീറ്റ് സാറ് ശബ്ദമുയർത്തി.

"മണി അഞ്ചായില്ലല്ലോ സാറേ..."

പേടിച്ചരണ്ടു പുറകോട്ടു മാറിയ അവര്‍ ക്ലോക്കിലേക്ക് നോക്കി കൊണ്ട് പതുക്കെ ചോദിച്ചു.

"അത് ശെരി....നിങ്ങളെന്നെ നിയമം പഠിപ്പിക്കാനുള്ള പുറപ്പാടാ?"

"അയ്യോ...അല്ല സാറേ. മൂന്നു ദെവസായി പഞ്ചായത്താപ്പീസില്‍ കയറിയിറങ്ങുന്നു. ഇന്നും കാലത്ത് പത്തു മണിക്ക് പോയതാ. ഓര്ടെയൊക്കെ കാല് പിടിച്ചിട്ടാ മണി നാലായപ്പോ എങ്കിലും കടലാസ്സു ശര്യാക്കി കിട്ട്യേത്. അഞ്ചിനു മുമ്പേ ഇങ്ങെത്താന്‍ ഇല്ലാത്ത കാശിനു ഓട്ടോറിക്ഷേം പിടിച്ചാ വന്നേ. പച്ചവെള്ളല്ലാണ്ടെ ഇന്നേരം വരെ ഒന്നും കയ്ച്ചിട്ടില്ല. ഇതൊന്നു വാങ്ങി വെക്ക് സാറേ..."

അവരാ കടലാസ്സു വീണ്ടും അയാള്‍ക്ക്‌ നേരെ നീട്ടി.

"ഇങ്ങനെ നീട്ടുന്ന കടലാസ്സൊക്കെ ചുമ്മാതങ്ങു വാങ്ങി വെച്ചാ മതിയോ? നിങ്ങടെ അപേക്ഷയുള്ള ഫയല്‍ എടുക്കണ്ടേ? ഇപ്പോ അതിനൊക്കെ നിന്നാല്‍ അഞ്ച് മണിക്ക് എനിക്ക് എറങ്ങാന്‍ പറ്റ്വോ? നിങ്ങളൊക്കെ ഒരു കാര്യം മനസ്സിലാക്കണം. ഞങ്ങക്കൂണ്ട് വീടും കുടുംമ്പോക്കെ. നിങ്ങളിപ്പോ ചെല്ല്. വീട്ടീ പോയി ഭക്ഷണോക്കെ കഴിച്ചാെന്നൊറങ്ങി നാളെ കാലത്തേയിങ്ങ് വാ."

അയാള്‍ ബാഗെടുത്ത് തോളില്‍ തൂക്കി.

"അയ്യോ...അങ്ങനെ പറയല്ലേ സാറേ. ഒള്ളത് പറഞ്ഞാ തിരിച്ചു പോവാന്‍ തന്നെ ഇന്റട്ത്ത് കാശ് തെകയൂലാ."

തികട്ടി വന്ന വിതുമ്പൽ വേഷ്ടിയുടെ കോന്തല കൊണ്ട് അവർ അമർത്തിപ്പിടിച്ചു.

"എന്നാ ഒരു കാര്യം ചെയ്തോ. ഇവടെ ആപ്പീസിനു മുന്നിലൊരു കുടില് കെട്ടിക്കോ. അങ്ങ് സെക്രട്ടേറിയറ്റു പടിക്കല് മാത്രം പോരല്ലോ അത്തരം കലാപരിപാടിയൊക്കെ. അല്ലേ...??"

ഉച്ചത്തിലുള്ള "ഫലിതം" തിരി കൊളുത്തിയ ചിരിയുടെ മാലപ്പടക്കത്തിനിടയിലൂടെ ബാഗും തൂക്കി അയാള്‍ പുറത്തേക്ക് നടന്നു.

മൂന്നാം റൌണ്ട് ചീട്ടു നിരത്തുമ്പോഴാണ്‌ കീശയില്‍ കിടന്ന മൊബൈല്‍ ബെല്ലടിച്ചത്. എടുത്ത് നോക്കിയപ്പോള്‍ ഭാര്യയാണ്.

"നിങ്ങളെവിടാ...."

"ഇറങ്ങീലെടീ. ഓഡിറ്റിന്‍റെ കുറച്ചു പണീം കൂടെ ബാക്കിണ്ട്. എന്തേ?"

"ആഹ്...നിങ്ങളെപ്പോ ഇറങ്ങിയാലും വേണ്ടൂലാ. തന്നു വിട്ട ലിസ്റ്റിലെ സാധനങ്ങള് മുഴുവനും കൊണ്ടിങ്ങ് വന്നാ മതി."

കാള്‍ കട്ടായി. കീശയില്‍ നിന്നും നീണ്ട ലിസ്റ്റ് എടുത്ത് നോക്കിയപ്പോൾ തന്നെ അടിച്ച സാധനത്തിന്‍റെ കിക്കൊക്കെ ഇറങ്ങിപ്പോയി.

"അയ്യോ...അടച്ചു പോയലോ സാറേ."

ധൃതിയില്‍ ബൈക്ക് പാര്‍ക്ക് ചെയ്ത് ഓടിച്ചെന്നപ്പോൾ, വാച്ച്മാന്‍ പാതി താഴ്ത്തിയിട്ട ഷട്ടര്‍ ചൂണ്ടിക്കാണിച്ചു.

"അങ്ങനെ പറഞ്ഞാലെങ്ങനാ. എനിക്ക് ചില സാധനങ്ങള്‍ അത്യാവശ്യണ്ട്. ഞാനിവിടുത്തെ സ്ഥിരം കസ്റ്റമറാ...ആഹ്..."

സാറ് ഷട്ടറിനടിയിലൂടെ കുനിഞ്ഞ് അകത്തേക്ക് കയറാന്‍ ശ്രമിച്ചു..

"അയ്യോ..പറ്റില്ല സാറേ. സമയം കഴിഞ്ഞാ ആരെയും കയറ്റി വിടരുതെന്നാ മാനേജര്‍ പറഞ്ഞിരിക്കുന്നേ."

വാച്ച്മാന്‍ ഷട്ടര്‍ അല്‍പം കൂടെ താഴ്ത്തി.

"എന്നിട്ട് അകത്ത് ആളെ കാണുന്നുണ്ടല്ലോ. നീ മുന്നീന്ന് മാറിക്കേ..."

"അതൊക്കെ നേരത്തെ കയറിയവരാ. സാറ് വെറുതെ വെള്ളമടിച്ചു പ്രശ്നണ്ടാക്കല്ലേ"

വീണ്ടും അകത്തു കയറാന്‍ ശ്രമിച്ചപ്പോൾ വാച്ച്മാന്‍ അയാളെ പതുക്കെ തള്ളിമാറ്റി.

പുറത്തെ ബഹളം കേട്ടാണ്, സൂപ്പർ മാർക്കറ്റിന്റെ മാനേജർ ഇറങ്ങി വന്നത്.

"എന്താ സാര്‍ പ്രശ്നം..."

"ഇവന്‍ തന്നെ പ്രശ്നം. സാധനം വാങ്ങാന്‍ വന്ന എന്നെ അകത്തേക്കു വിടുന്നില്ല ഈ നായീന്‍റെ മോന്‍."

വാച്ച്മാനെ ചൂണ്ടി പിള്ള സാര്‍ അലറി.

"സോറി സാര്‍. ഞങ്ങടെ സമയം ഒമ്പത് വരേയാ. പ്രവര്‍ത്തി സമയം കഴിഞ്ഞാല്‍ പിന്നെ അകത്തേക്ക് ആളെ കടത്തി വിടാനാവില്ല. സാറ് പോയിട്ട് നാളെ വരൂ."

"നിങ്ങടെ റെഗുലര്‍ കസ്റ്റമറാ ഞാന്‍. എനിക്ക് അത്യാവശ്യമായി ചിലത് മേടിക്കാനുണ്ട്. പറ്റുമോ ഇല്ലയോ? എനിക്കിപ്പോ അതറിയണം.."

"പ്ലീസ് സാര്‍...നേരം ഇപ്പോത്തന്നെ ഒമ്പതരയായി. ഇനി അകത്തുള്ളവരെ കൂടി ബില്‍ ചെയ്ത് വരുമ്പോഴേക്കും സമയം പത്താകും. പിന്നേ കാഷ് ക്ലോസ് ചെയ്ത് ഞങ്ങളൊക്കെ എപ്പോ വീട്ടില്‍ പോകാനാ...ദയവു ചെയ്ത് സഹകരിക്കണം."

"എടോ...ഞാനൊരു സര്‍ക്കാര്‍ ജീവനക്കാരനാ. പണി തീര്‍ന്നില്ലെങ്കി ഞങ്ങളും ഇരിക്കും എത്ര വൈകിയും. ഇപ്പൊ തന്നെ കണ്ടില്ലേ ജോലിത്തിരക്ക് കാരണം ഇറങ്ങാന്‍ വൈകിയതാ. എന്ന് വെച്ച് കുടുംബത്തെ പട്ടിണിക്കിടാന്‍ പറ്റ്വോ?? ഞങ്ങളൊക്കെ ഉള്ളത് കൊണ്ടാ നീയൊക്കെ ശമ്പളം മേടിക്കുന്നെ. അതോണ്ട് കൂടുതലൊന്നും പറയണ്ട. എനിക്കിവിടുന്നു സാധനം കിട്ടുമോ ഇല്ലയോ...അത് പറ"

"ശെരി...സാറ് വന്നോളു. ഞാന്‍ അറേഞ്ച് ചെയ്യാം."

പാതിയിലേറെ തുറന്ന ഷട്ടറിനടിയിലൂടെ മാനേജർക്ക് പുറകെ പിള്ള സാർ നൂണ്ടു കയറി.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ