മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

Pearke Chenam

ജീവിതം വിരക്തമാകാന്‍ തുടങ്ങിയ അന്നുമുതല്‍ ഇതൊരു ചിരകാലസ്വപ്നമാണ്. ഹിമാലയത്തിലെ പുണ്യസ്ഥലങ്ങളിലേയ്ക്ക് കാല്‍നടയായി യാത്ര പോകുക. ദീര്‍ഘദൂരകാല്‍നടയാത്രകളാണ് മനസ്സില്‍ ഉതിച്ചു നിന്നത്.

അതുമാത്രമേ മനസ്സിന് സൗഖ്യവും ആനന്ദവും നല്‍കുകയുള്ളൂ എന്ന് എങ്ങനെയോ വിശ്വസിക്കാന്‍ തുടങ്ങി. ചാര്‍ധാം യാത്രകള്‍ കണ്ടക്റ്റ് ചെയ്യുന്ന ധാരാളം ടൂറിസ്റ്റ് ഏജന്‍സികളുടെ പരസ്യങ്ങള്‍ നിത്യവും ശ്രദ്ധിക്കുക പതിവായി. പക്ഷേ അതിലൊന്നും യാതൊരു ത്രില്ലും തോന്നിയില്ല. യാത്ര അനുഭവിക്കണമെങ്കില്‍ നടന്നു തന്നെ പോകണം.

നാട്ടില്‍ നിന്നും ഡല്‍ഹിയിലേയ്ക്കും അവിടെ നിന്ന് ഹരിദ്വാര്‍ വരെയും ട്രെയിനിലാണ് യാത്ര ചെയ്തത്. രണ്ടാക്ലാസ് ജനറല്‍ കമ്പാര്‍ട്ടുമെന്റിലെ യാത്ര ദുരിതമായിരുന്നെങ്കിലും ചിലവുകളെ അതു വെട്ടിച്ചുരുക്കി തന്നു. അവിടെ നിന്ന് ഋഷികേശിലേയ്ക്ക് സ്റ്റേറ്റ് ബസിലെ മനം മടുപ്പിക്കുന്ന തിക്കിലും തിരക്കിലും. ഇനിയുള്ള യാത്രകള്‍ നടന്ന്. പ്രകൃതിയുടെ ഗന്ധവും സുഗന്ധവും ആസ്വദിച്ചുള്ള യാത്ര. പഞ്ചേന്ദ്രിയങ്ങളെ ത്രസിപ്പിക്കുന്ന യാത്ര. ആത്മാവിനെ ഉണര്‍ത്തുന്ന യാത്ര. നാലു ധാമങ്ങളും നടന്നുപോയി കാണണമെന്നുതന്നെയാണ് തീരുമാനം. പുണ്യകേന്ദ്രങ്ങളായി കണക്കാക്കുന്ന യമുനോത്രി, ഗംഗോത്രി, കേദാര്‍നാഥ്, ബദരിനാഥ് എന്നി കേന്ദ്രങ്ങളില്‍ എവിടേയ്ക്കാണ് ആദ്യം പോകുക. അഞ്ചു പ്രയാഗുകള്‍ പിന്നിട്ടുള്ള ബദരിതന്നെയാകട്ടെ ആദ്യം എന്ന് സ്വയം തീരുമാനമെടുത്തു.
ഗംഗോത്രിയില്‍ നിന്ന് താഴോട്ടൊഴുകുന്ന ഭാഗീരഥിയും ബദരിനാഥില്‍ നിന്നും താഴോട്ടൊഴുകുന്ന അളകനന്ദയും ഒന്നായി ചേരുന്ന ദേവപ്രയാഗ്. കേദാര്‍നാഥില്‍ നിന്നും ഒഴുകിയെത്തുന്ന മന്ദാകിനിയും അളകനന്ദയും ഒന്നായിചേരുന്ന രുദ്രപ്രയാഗ്. കുമയൂണ്‍ റീജിയനിലെ ബാഗേശ്വര്‍ ജില്ലയിലെ പിണ്ഡരി ഗ്ലേസിയറില്‍ നിന്നും ഒഴുകിയെത്തുന്ന പിണ്ഡാര നദിയും അളകനന്ദയുമായി കൂടിചേരുന്ന കര്‍ണപ്രയാഗ്. നന്ദാദേവി സാങ്ച്വറിയിലെ നന്ദഗുണ്ഡി ഗ്ലേഷിയറിനുതാഴെ നിന്നും ഒഴുകിയെത്തുന്ന നന്ദാകിനി അളകനന്ദയുമായി കൂടിചേരുന്ന നന്ദപ്രയാഗ്. ഇന്ത്യ ചൈന അതിര്‍ത്തി മേഖലയില്‍ നിന്നും ഒഴുകിയെത്തുന്ന ദൗളീഗംഗ അളകനന്ദയുമായി ഒന്നുചേരുന്ന വിഷ്ണുപ്രയാഗ്. വിഷ്ണുപ്രയാഗിനടുത്താണ് ശങ്കരാചാര്യര്‍ സ്ഥാപിച്ച നാലു മഠങ്ങളില്‍ ഇന്ത്യയുടെ ഏറ്റവും വടക്കുഭാഗത്ത് സ്ഥാപിച്ച ജോഷിമഠ് എന്ന ജോതിര്‍മഠ്. കുറച്ചുകൂടി മുകള്‍ ഭാഗത്തായി പാണ്ഡുകേശ്വര്‍ പ്രദേശം. അവിടെ നിന്നും സിഖുമതക്കാരുടെപുണ്യതടാകമായ ഹേമകുണ്ഡ് സാഹിബ് എന്നറിയപ്പെടുന്ന പൂക്കളുടെ താഴ്‌വരയിലേയ്ക്കു പോകാം. പാണ്ഡുകേശ്വരില്‍ നിന്ന് വീണ്ടും മുന്നോട്ട് പോയി ബദരീനാഥ്. യാത്രാവിവരണപുസ്തകങ്ങളിലൂടെ വായിച്ചറിഞ്ഞ അറിവുകള്‍ നേരിട്ടനുഭവിച്ചറിയുവാനുള്ള ത്വര ഏറെയുണ്ടായിരുന്നു.
ഋഷികേശില്‍ നിന്ന് ബദരിയിലേയ്ക്ക് ഇരുനൂറ്റിനാല്പതിലേറെ കിലോമീറ്റര്‍ തനിച്ച് കാല്‍നടയായി യാത്ര ചെയ്യുക. മലനിരകള്‍ കയറിമറിഞ്ഞുള്ള യാത്ര. പാറകളെ വെട്ടിയുണ്ടാക്കിയ റോഡുകളുടെ ഒരു വശം അഗാധമായ ഗര്‍ത്തങ്ങള്‍. ആഴങ്ങളില്‍ ഒഴുകുന്ന ഗംഗയുടെ കൈവഴികള്‍. മറുവശം നിബിഡമായ വനങ്ങളോടുകൂടിയ മലനിരകള്‍. ഏതു സമയവും പാറകള്‍ താഴോട്ട് ഉരുണ്ടു വീഴാവുന്ന അപകടം പതിയിരിക്കുന്ന വഴികള്‍. വഴികള്‍ തകര്‍ന്ന് യാത്രകള്‍ ഇടയ്ക്കിടെ നിന്നുപോകുന്ന ഹിമാലയന്‍ പാതകള്‍. ഏതു നിമിഷവും ത്രസിപ്പിക്കുന്ന യാത്രാനുഭവങ്ങള്‍ സമ്മാനിയ്ക്കാന്‍ പ്രാപ്തമായ കാനനപാതകള്‍.
മലനിരകളുടേയും നദികളുടേയും അപൂര്‍വ്വസൗന്ദര്യം മനസ്സില്‍ പ്രത്യാശകള്‍ നിറച്ചു. തനിച്ചുള്ള യാത്ര അത്യപൂര്‍വ്വമായ ആത്മധൈര്യം പകര്‍ന്നു. ഘനീഭവിച്ചു നിന്ന നിശ്ശബ്ദതയില്‍ മനസ്സുടക്കി നടക്കുമ്പോള്‍ ഏകാന്തമായ മറ്റൊരു ലോകത്ത് എത്തിപ്പെട്ടതുപോലെയായിരുന്നു. ഭൂമിയിലെ സ്വര്‍ഗ്ഗം ഹിമാലയന്‍ പ്രദേശങ്ങളാണെന്ന് മനസ്സ് മന്ത്രിച്ചുകൊണ്ടിരുന്നു. കാളിദാസന്റെ ഹിമാലയന്‍ കാവ്യഭാവനകള്‍ മനസ്സിനെ ആനന്ദിപ്പിച്ചിരുന്നെങ്കില്‍ നേരില്‍ അവ അതിമധുരമായി മിഴികളെ മോഹിപ്പിച്ചുകൊണ്ടിരുന്നു. ഒരു ഗുരുവിനെ കണ്ടെത്തി ഇവിടെ കുറേ കാലം കഴിച്ചുകൂട്ടണം. അതൊരു ആഗ്രഹമായി കൂടെകൂടിയിട്ട് കുറേ നാളുകളായിട്ടുണ്ടായിരുന്നു. അസഹ്യമായി അത് ശല്യം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഇറങ്ങിപുറപ്പെട്ടു. ആരുമില്ലാത്തവര്‍ക്ക് കാത്തിരിക്കുന്നവരെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലല്ലോ... അതിനാല്‍ യാത്രകള്‍ക്ക് യാതൊരുവിധ കെട്ടുപാടുകളും ഇല്ലായിരുന്നു. കയ്യില്‍ കുറച്ചു മാത്രം പണമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ പണം ഒരു ആവശ്യഘടകമായി തോന്നിയതേയില്ല. നാട്ടിലാണെങ്കില്‍ പണം എത്രയുണ്ടെങ്കിലും ഒന്നിനും തികയുകയില്ല. പണത്തിന്റെ പ്രാധാന്യമില്ലായ്മ ഇവിടത്തെ യാത്രകള്‍ തുടങ്ങിയപ്പോള്‍ തന്നെ ബോധ്യമായിരുന്നു. ഉപയോഗിക്കുന്നവന്റെ ഔചിത്യമനുസരിച്ചാണ് പണത്തിന്റെ പ്രാധാന്യം ഉയരുന്നതും താഴുന്നതും.

കയ്യില്‍ ഒന്നുമില്ലാത്തവന് വഴിയില്‍ ആരേയും ഭയപ്പെടാതെ സഞ്ചരിക്കാം. ആരില്‍ നിന്നെങ്കിലും എന്തെങ്കിലും കഴിയ്ക്കാന്‍ കിട്ടിയാല്‍ കഴിക്കുക. അല്ലെങ്കില്‍ വെള്ളം മാത്രം കുടിച്ച് യാത്ര തുടരുക. അത്യാവശ്യഘട്ടങ്ങളില്‍ മാത്രം മിനിമം ചിലവുകള്‍ക്കായി പണം ചിലവഴിക്കുക. അതായിരുന്നു ഋഷികേശില്‍ നിന്നും യാത്ര പുറപ്പെട്ടപ്പോള്‍ സ്വീകരിച്ച നയം. ആദ്യദിനം വസിഷ്ഠഗുഹയില്‍ തങ്ങാനായത് വലിയ ആശ്വാസവും അനുഗ്രഹവുമായി തോന്നി. അവിടത്തെ സ്വാമിജി വളരെ നല്ല മനുഷ്യനായിരുന്നു. ഭക്ഷണവും താമസസൗകര്യങ്ങളും അദ്ദേഹം ഒരുക്കി തന്നു. ഗംഗാനദിയുടെ പരിസരങ്ങളും നദിയിലേയ്ക്ക് തുറന്നിരിക്കുന്ന അരുന്ധതിഗുഹയും നിശ്ചലതയുടെ പ്രതീകങ്ങളായി തറഞ്ഞു നിന്നു. കാലത്തിനെ വിലങ്ങിട്ടു നിര്‍ത്തിയ അനുഭവം അവിടത്തെ പരിസരം സമ്മാനിച്ചു. നദിയിലെ ഒഴുക്കിന്റെ ശബ്ദവും ഇടയിക്കിടെയുള്ള ചീവിടുകളുടെ നാദവും ഇല്ലായിരുന്നെങ്കില്‍ അവിടം തികച്ചും ഫ്രെയിമിട്ട ചിത്രം പോലെ നിശ്ചലമായേനെ. എങ്കിലും അവിടെത്തന്നെ നിശ്ചലനായിപോകാതെ അടുത്ത പ്രഭാതത്തില്‍ മുന്നോട്ടുള്ള യാത്രയ്ക്ക് തയ്യാറായി ഇറങ്ങി നടന്നു. കയ്യിലൊരു വടിയും തോളിലൊരു സഞ്ചിയുമായിരുന്നു വേഷം.

ദേവപ്രയാഗും കടന്ന് യാത്ര ഏറെ മുന്നോട്ടുപോയിരുന്നു. കാലുകള്‍ വിണ്ടുപൊട്ടിയതിനാല്‍ മനസ്സിനൊപ്പം സഞ്ചരിക്കാന്‍ കാലുകള്‍ തയ്യാറല്ലായിരുന്നു. ഇരുട്ടുന്നതിനും മുമ്പ് രുദ്രപ്രയാഗില്‍ എത്തിച്ചേരുന്നതിന് കാലുകളുടെ വേഗത സാധ്യമാകുന്ന വിധത്തില്‍ കൂട്ടി നോക്കി. എന്നാല്‍ ഇടയ്ക്കിടെയുള്ള മഴയും കാലിലെ പരിക്കും മൂലം വിചാരിച്ച ദൂരം സഞ്ചരിച്ചെത്താനായില്ല. ഏതെങ്കിലും സന്യാസിമാരെ വഴിയില്‍ കണ്ടുമുട്ടുമെന്ന വിചാരത്തോടെ ഇരുട്ടിലും തപ്പിത്തടഞ്ഞ് മുന്നോട്ടു നടന്നു. എല്ലാം വിട്ട് ഇറങ്ങിയവന് ആരെ ഭയക്കണം. രാത്രിയും പകലും കാടും നാടും എല്ലാം ഒരുപോലെയാണ്. അതിനാല്‍ ആരെയെങ്കിലും കണ്ടുമുട്ടുന്നതുവരെ മുന്നോട്ടു നടക്കുക എന്നത് മാത്രമായിരുന്നു ഏക ലക്ഷ്യം. വന്യമൃഗങ്ങളേക്കാള്‍ ഭയക്കേണ്ടത് തണുപ്പിനെയായിരുന്നു. തണുപ്പ് നിര്‍ദാക്ഷിണ്യം അതികഠിനമായി ആക്രമിക്കാന്‍ തുടങ്ങിയിരുന്നു. കുറേദൂരം നടന്നു കഴിഞ്ഞപ്പോള്‍ കുറച്ചു നേരം എവിടെയെങ്കിലും ഇരിയ്ക്കണമെന്ന് തോന്നി. ഇരുന്നാല്‍ പിന്നെ എണീറ്റു നടക്കാന്‍ പ്രയാസമാകുമെന്നതിനാല്‍ ഒരു ഇടത്താവളം കണ്ടെത്തുന്നതുവരെ വീണ്ടും മുന്നോട്ടുനീങ്ങാന്‍ തീരുമാനിച്ച് നടത്തം തുടര്‍ന്നു. കുറച്ചുദൂരം പോയപ്പോള്‍ ഒരു രൂപം റോഡിനു താഴേയ്ക്ക് ഇറങ്ങുന്നത് കണ്ടു. ഇരുട്ടിലൂടെ നടന്നു വരുന്ന തന്നെ കണ്ടിട്ടാവണം അയാള്‍ അവിടെ താഴെയായി നിന്നു. ഞാന്‍ അടുത്തെത്തിയതും അദ്ദേഹം വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. ജടാധാരിയായിരുന്ന അദ്ദേഹം പൂര്‍ണ്ണനഗ്നനുമായിരുന്നു. കയ്യില്‍ ത്രിശൂലവും ഒരു കമണ്ഡലുവുമുണ്ടായിരുന്നു. രൂപഭാവാദികളില്‍ നിന്ന് സന്യാസിയാണെന്ന് മനസ്സിലായി. അദ്ദേഹത്തോട് രാത്രി തങ്ങാനുള്ള സൗകര്യം എവിടെയാണ് കിട്ടുകയെന്ന് അന്വേഷിക്കുവാനായി ആരായുന്നതിനു മുന്നേ അദ്ദേഹം പറഞ്ഞു.
''നിങ്ങള്‍ താമസിക്കാന്‍ ഒരിടം തേടിയാണ് നടക്കുന്നതെങ്കില്‍ എന്റെ കൂടെ പോന്നോളൂ.''

ആ സന്യാസിയുടെ വാക്കുകള്‍ ഏറെ ആശ്വാസമായി. രണ്ടാം രാത്രിയും താമസിക്കാന്‍ ഇടം കണ്ടെത്താനായതില്‍ അതിയായ സന്തോഷം തോന്നി. ക്ഷണം സ്വീകരിച്ച് അദ്ദേഹത്തിന് പുറകേ താഴോട്ട് ഇറങ്ങിചെന്നു. അങ്ങ് താഴെ അളകനന്ദയുടെ കാതടപ്പിക്കുന്ന സ്വരം കേള്‍ക്കാനുണ്ടായിരുന്നു. നടക്കുന്ന വഴിയ്ക്ക് അദ്ദേഹം പലതും ചോദിച്ചുകൊണ്ടിരുന്നു. യാത്രയുടെ ഉദ്ദേശം. എവിടെനിന്ന് വരുന്നു. എന്ത് ചെയ്യുന്നു. ദേഹത്ത് വാരിപൂശിയ വിഭൂതിയുടെയും കഞ്ചാവിന്റേയും ഗന്ധം അദ്ദേഹത്തിന്റെ ശരീരത്തില്‍ നിന്നും പുറത്തേയ്ക്ക് വമിച്ചിരുന്നു. എന്നാലതിലൊന്നും അസംതൃപ്തി തോന്നിയില്ല. അതെല്ലാം രക്ഷകന്റെ സുഗന്ധമായി എന്നില്‍ രൂപമാറ്റം നടന്നിരുന്നു.

പര്‍ണ്ണശാലയിലേയ്ക്ക് കടന്നു ചെല്ലുമ്പോള്‍ അതിനുമുന്നില്‍ കത്തിച്ചിട്ടിരുന്ന പവിത്രാഗ്നിയായ ധൂണി ജ്വലിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. അതിനടുത്തെത്തിയപ്പോള്‍ ശരീരത്തിന് അല്പം ഊഷ്മളത തോന്നി. ധൂണിയുടെ സമീപം എല്ലാം മറന്ന് തെല്ലിട ഇരുന്നു. നദിയുടെ സാമിപ്യത്തിലായിരുന്നു ആ ആശ്രമം. നദിയിലെ ഒഴുക്കിന്റെ താളം അവിടമാകെ പ്രകമ്പനം കൊള്ളുന്നുണ്ടായിരുന്നു. ആശ്രമത്തിനകത്തേയ്ക്ക് കയറിപോയ സന്യാസി വിളിച്ചു പറഞ്ഞു.
''നദിയിലിറങ്ങി കുളിച്ചു വന്നോളൂ. ക്ഷീണമെല്ലാം പോയികിട്ടും.''

കയ്യിലെ സഞ്ചി തുറന്ന് അതില്‍ നിന്നും തോര്‍ത്തെടുത്ത്, വസ്ത്രങ്ങളെല്ലാം സഞ്ചിയുടെ ചാരെ അഴിച്ചു വച്ചു  പുഴയിലേയ്ക്ക് നടന്നു. താനും ആ സന്യാസിയെപോലെ നഗ്നനായാണ് പോയിക്കൊണ്ടിരുന്നതെന്ന് ആലോചിക്കുകപോലുമുണ്ടായില്ല. പ്രകൃതിയുടെ അപാരതയില്‍ എല്ലാം ആമഗ്നമായിരുന്നു. അയാളും അതിന്റെ ഭാഗമായിതീര്‍ന്നിരുന്നു.

രൂപഭാവാദികളില്‍ നിന്നും നാഗസന്യാസിയുടെ അടുത്താണ് എത്തിപ്പെട്ടതെന്ന് തോന്നി. ഹിമാലയത്തിന്റെ നിഗൂഢതകളില്‍ താമസിച്ച് കടുത്ത നിഷ്ഠകളും ധ്യാനങ്ങളും ശീലിക്കുന്നവര്‍. അന്വേഷിച്ചിറങ്ങിയാല്‍ കണ്ടു പിടിക്കാനാവാത്തവിധം മറഞ്ഞിരിക്കുന്നവര്‍. കുംഭമേളകളെത്തുമ്പോള്‍ ഇവരുടെ ആത്മീയകേന്ദ്രങ്ങളായ അഖാരകളില്‍ സാഗരമായി ആര്‍ത്തിരമ്പിയെത്തുന്ന ഇവര്‍ എവിടെ നിന്നാണ് പ്രത്യക്ഷപ്പടുന്നതെന്നോര്‍ത്ത് അത്ഭുതപ്പെടാറുണ്ട്. ഹിമാലയത്തിന്റെ ഉള്ളറകള്‍ തുറന്ന് കുംഭമേളകളിലെ ത്രിവേണി സ്‌നാനത്തിന് മേഘവിസ്‌ഫോടനംപോലെ ഇവര്‍ പെയ്തിറങ്ങുന്നു. ഒരുപാടുകാര്യങ്ങള്‍ ചോദിച്ചറിയണമെന്നു തോന്നി. ചോദിച്ചാല്‍ പറഞ്ഞുതരാന്‍ തയ്യാറാവുമോ എന്ന ആശങ്കയുമുണ്ടായി. ഹിമാലയത്തിന്റെ ഉള്ളറകളില്‍ തങ്ങാതെ ഇദ്ദേഹമെന്താണ് ഈ പ്രദേശത്ത് എന്ന് സന്ദേഹവുമുണ്ടായി. എല്ലാ സന്യാസസമൂഹത്തിലും കടുത്ത വ്രതാനുഷ്ഠാനങ്ങളൊന്നും ശീലമാക്കാതെ കപടവേഷധാരികളായി നടക്കുന്ന കള്ളനാണയങ്ങളും ഉണ്ടെന്ന് കേട്ടിട്ടുണ്ട്. അങ്ങനെ ആരെങ്കിലുമാകുമോ ഇദ്ദേഹം എന്നും ആശങ്ക ഇല്ലാതിരുന്നില്ല.

താഴെയിറങ്ങി കുളിച്ച് കയറി വരുമ്പോള്‍ ചിന്ത മുഴുവന്‍ ഒരു ഗുരുവിനെക്കുറിച്ചായിരുന്നു. ഒരു നല്ല ഗുരുവിനെ കണ്ടെത്തണം. കുറച്ചുകാലം ഹിമാലയത്തിന്റെ ഉള്ളറകളില്‍ താമസിക്കണം. ജീവിതത്തിന്റെ സത്യവും മിഥ്യയും തിരിച്ചറിയണം. ഇവിടെ നിന്നും അതിനൊരു വഴി തുറന്നു കിട്ടുമോ... ആശ്രമത്തിന് മുന്നിലെത്തിയപ്പോള്‍ അദ്ദേഹം ധൂണിയ്ക്ക് അഭിമുഖമായി ഇരിക്കുന്നുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു.

''ഇരിയ്ക്കൂ. അഗ്നിദേവനെ ഉപാസിക്കൂ. ഭക്ഷണശേഷം ഞാന്‍ നിങ്ങള്‍ക്ക് സിദ്ധി നല്‍കാം.''
സിദ്ധിയോ? ഒരു ഗുരുവിനെ കണ്ടെത്തണമെന്ന് മനസ്സില്‍ നിനച്ചത് ഇദ്ദേഹം തിരിച്ചറിഞ്ഞുവോ? എനിക്കു സംശയമായി. വഴിയില്‍ കണ്ടു മുട്ടുന്നവര്‍ക്കെല്ലാം സിദ്ധി കൊടുക്കാന്‍ ഇദ്ദേഹം ആരാണ്? വരുന്നവര്‍ക്കും പോകുന്നവര്‍ക്കുമെല്ലാം വെറുതേ എടുത്തുകൊടുക്കാനുള്ളതാണോ സിദ്ധി? അതോ അസാധാരണ സിദ്ധിയുള്ള ആളാണോ ഇദ്ദേഹം? സംശയം അദ്ദേഹത്തിനു മുന്നില്‍ അറിയാതെ പുറത്തു ചാടി.

''സിദ്ധിയോ?''
''അതേ, സിദ്ധി എന്താണെന്ന് നിങ്ങള്‍ അറിയാന്‍ പോകുന്നു.''
വസ്ത്രം ധരിച്ച് ധൂണിയിലെ അഗ്നിയ്ക്കുസമീപം ഇരുന്നു. കൈകള്‍ കൂപ്പി ധൂണിയെ വന്ദിച്ചു. പിന്നെ അദ്ദേഹം പാകം ചെയ്തുവെച്ചിരുന്ന ഭക്ഷണം കഴിയ്ക്കാന്‍ തയ്യാറായി.
നല്ല ചൂടുള്ള ചപ്പാത്തിയും കിഴങ്ങുകറിയും കഴിച്ചുകൊണ്ടിരയ്‌ക്കേ അദ്ദേഹം പലതും സംസാരിച്ചു. എന്റെ ജീവിതം, യാത്രാലക്ഷ്യം, എല്ലാം ഞാന്‍ അദ്ദേഹത്തേട് വീണ്ടും തുറന്നു പറഞ്ഞു. പിന്നെ ചില ആഗ്രഹങ്ങള്‍ അദ്ദേഹവുമായി പങ്കുവെച്ചു.
''ആദ്യം ധാമങ്ങള്‍ നടന്നുപോയി കാണണം. പിന്നെ ഒരു ഗുരുവിനെ കണ്ടെത്തണം.''
''ഞാന്‍ മതിയോ?''
''യാത്രകള്‍ ആദ്യം പൂര്‍ത്തീകരിക്കട്ടെ...''
ഭക്ഷണശേഷം അദ്ദേഹം പര്‍ണശാലയുടെ അകത്തേയ്ക്ക് കടന്നുപോയി. അവിടെ നിന്നും കളിമണ്ണുകൊണ്ടുണ്ടാക്കിയ പുകവലിക്കാനുള്ള ചില്ലവുമായി പുറത്തു വന്നു. അതില്‍ കഞ്ചാവും പുകയിലയും നിറച്ച് തീ പിടിപ്പിച്ചു. ധൂണിയ്ക്കു സമീപം ചമ്രം പടിഞ്ഞിരുന്ന് ഉറക്കെ അദ്ദേഹം വിളിച്ചു പറഞ്ഞു.
''ഭം ഭോലോ, ഹര ഹര മഹാദേവ ശംഭോ.''
പുകക്കുഴല്‍ ആഞ്ഞു വലിച്ച് അദ്ദേഹം പുക പുറത്തു വിട്ടുകൊണ്ടിരുന്നു. ഉയര്‍ന്നു പൊങ്ങിയ പുക അദ്ദേഹത്തെ പൊതിഞ്ഞു നിറഞ്ഞു. പിന്നീട് പുകക്കുഴല്‍ എന്റെ നേര്‍ക്കുനീട്ടി. എന്നിട്ട് അദ്ദേഹം ആജ്ഞാപിക്കുംപോലെ പറഞ്ഞു.
''വലിയ്ക്കൂ... നിങ്ങള്‍ക്ക് സിദ്ധി വേണ്ടേ... നിങ്ങള്‍ക്കിതിലൂടെ ശിവലോകത്ത് എത്താം. നിങ്ങള്‍ക്ക് സിദ്ധി കിട്ടും. ഞാന്‍ നിങ്ങളുടെ ഗുരു ആകാം. വലിയ്ക്കൂ...''
ആജ്ഞാപിക്കുകയായിരുന്നില്ല ആക്രോശിക്കുകയായിരുന്നു. അന്നേരം അദ്ദേഹത്തിന്റെ കണ്ണുകള്‍ ചുവന്നു തുടുത്തിരുന്നു. എല്ലാ പ്രസന്നതയും പോയി പൈശാചികരൂപം പോലെ അദ്ദേഹത്തെ കാണപ്പെട്ടു. തീഷ്ണമായ ആജ്ഞയ്ക്കു മുന്നില്‍ അനുസരിയ്ക്കാതിരിക്കാന്‍ സാധിച്ചില്ല. അദ്ദേഹത്തിന്റെ അടുത്ത് അന്നത്തെ രാത്രി അഭയം തോടാന്‍ തോന്നിയതിന് സ്വയം ശപിച്ചുകൊണ്ട് വൈമനസ്യത്തോടെ പുകക്കുഴല്‍ വാങ്ങി ആഞ്ഞു വലിച്ചു. ചുറ്റും കറങ്ങുന്നതുപോലെയും നിയന്ത്രണങ്ങള്‍ നഷ്ടമാകുന്നതുപോലെയും തോന്നി. കുറച്ചു കഴിഞ്ഞ് അദ്ദേഹം ആജ്ഞാപിച്ചു.
''നിഗൂഢമായ ധ്യാനത്തിലേയ്ക്ക് നയിച്ചതിന് ദക്ഷിണ തരൂ.''
പരിമിതമായ സംഖ്യയുമായി യാത്രക്കിറങ്ങിയ തനിയ്ക്ക് ദക്ഷിണ നല്‍കാന്‍ മാത്രം കയ്യില്‍ പണമില്ലായിരുന്നു. എങ്കിലും അദ്ദേഹത്തെ മുഷിപ്പിക്കാതിരിക്കാന്‍ വേണ്ടി ബേഗില്‍ നിന്ന് നൂറുരൂപ നോട്ടെടുത്ത് നല്‍കി. അദ്ദേഹം അതൃപ്തനായി ഉറക്കെ വിളിച്ചു പറഞ്ഞു.
''പോരാ... ഇത് പോരാ...''
''സ്വാമി എന്റെ കയ്യില്‍ പണം ഒന്നും ഇല്ല. ഉള്ളതാണ് താങ്കള്‍ക്ക് നല്‍കിയത്.''
മറപടിയായി അദ്ദേഹം അമര്‍ഷത്തോടെ എന്നെ നോക്കിയപ്പോള്‍ ഒരു നൂറുരൂപനോട്ടു കൂടി എടുത്തുകൊടുത്തു. അദ്ദേഹമൊന്ന് നീട്ടി മൂളിയ ശേഷം തലയില്‍ കൈ വെച്ച് അനുഗ്രഹം ചൊരിഞ്ഞു.
''ശരി. നിങ്ങളെ ഞാന്‍ ആശിര്‍വദിക്കുന്നു.''

ഞാന്‍ തലതാഴ്ത്തി അവിടെയിരുന്നു. തല പെരുത്തുപെരുത്ത് വരുന്നുണ്ടായിരുന്നു. അതുകണ്ട് അദ്ദേഹം പറഞ്ഞു.
''വേണമെങ്കില്‍ നിങ്ങള്‍ക്ക് വരാന്തയില്‍ കിടന്നുറങ്ങാം.''

യാത്രയുടെ ക്ഷീണവും കഞ്ചാവിന്റെ ലഹരിയുംകൂടി ചേര്‍ന്നപ്പോള്‍ തല ഉയര്‍ത്താന്‍ പോലും സാധിക്കുമായിരുന്നില്ല. പര്‍ണശാലയുടെ വരാന്തയില്‍ കയറി കിടന്നു. ബാഗിലുള്ള ബാക്കി പണം കൂടി അയാള്‍ കയ്യിലാക്കുമോ എന്ന ഭയത്താല്‍ ബാഗ് തലയിണയാക്കി വെച്ചാണ് ഉറങ്ങിയത്. നേരം പുലരുന്നതിന് മുമ്പ് ഉറക്കമുണര്‍ന്നു. അദ്ദേഹം അപ്പോഴും നല്ല ഉറക്കത്തിലായിരുന്നു. ഉറങ്ങാന്‍ നേരത്ത് അദ്ദേഹം ചില്ലവും വലിച്ച് ധൂണിയ്ക്കുമുന്നില്‍ ഇരിക്കുന്നുണ്ടായിരുന്നു. എപ്പഴാണാവോ ഉറങ്ങിയിട്ടുണ്ടാവുക. ഇപ്പോഴും അദ്ദേഹം നല്ല നിദ്രയിലാണെന്ന് ബോധ്യമാക്കികൊണ്ട് അതിശക്തമായ കൂര്‍ക്കംവലി കേള്‍ക്കാനുണ്ടായിരുന്നു.

ശബ്ദമുണ്ടാക്കാതെ പുറത്തേയ്ക്കിറങ്ങി. ഇരുട്ടില്‍ മുകളിലേയ്ക്കുള്ള വഴി കണ്ടു പിടിയ്ക്കാന്‍ ശ്രമിച്ചു. വഴി കണ്ടെത്താന്‍ അല്പം പ്രയാസപ്പെടേണ്ടി വന്നു. പിന്നെ അതുവഴി ഓടുകയല്ല കുതിക്കുകയായിരുന്നു. റോഡിലെത്തിയപ്പോഴാണ് ആശ്വാസമായത്. ബാഗില്‍ ബാക്കിയുണ്ടായിരുന്ന രൂപ അവിടെയില്ലേയെന്ന് ഒരു പരിശോധന നടത്തി. അതവിടെ ഭദ്രമായിത്തന്നെ ഇരിക്കുന്നുണ്ടായിരുന്നു. പിന്നെ ഒരു നിമിഷംപോലും പാഴാക്കാതെ രുദ്രപ്രയാഗ് ലക്ഷ്യമാക്കി മുന്നോട്ടു നടന്നു. രാത്രിയില്‍ വലിച്ച കഞ്ചാവിന്റെ ഗന്ധം അപ്പോഴും വിട്ടുപോയിരുന്നില്ല. ഒരു ദുഃസ്വപ്നം പോലെ അതപ്പോഴും കൂടെയുണ്ടായിരുന്ന

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ