(അനുഷ)
നഗരത്തിൽ നിന്നും വീട്ടിലേക്കുള്ള ബസിൽ കയറിയത് നിരാശയോടെയാണ്. സീറ്റുകൾ ഒന്നും ഒഴിവില്ലെന്നതിനേക്കാൾ അവളെ വിഷമിപ്പിച്ചത് ബസിന്റെ മുമ്പിൽ തന്നെ നിൽക്കാൻ സ്ഥലം ഇല്ലാത്തതാണ്. കുട്ടികളും വൃദ്ധരും എല്ലാം അവിടെ നേരത്തെ സ്ഥാനം ഉറപ്പിച്ചിരുന്നു.
ഇനി ഒന്നും നോക്കാനില്ല. പെൺ കൂട്ടത്തിന്റെ അവസാനം എന്നാൽ ആൺ കൂട്ടത്തിനു തൊട്ടു മുൻപ്, അതിർ വരമ്പിന്റെ ആ ഇത്തിരിയിടത്തിലേക്ക് അവൾ കയറി നിന്നു. ബസ്സ്റ്റാന്റിലുള്ള മറ്റു ബസുകളും ആളുകളെ കാത്ത് സമയത്തിലേക്ക് നോക്കി നിൽക്കുന്നു. ബസ് പുറപ്പെടാൻ സമയമാവുമ്പോൾ, എവിടുന്നോ ഓടി വന്ന് ക്ലീനർ പയ്യന്റെ ബഹളം. ബസിന്റെ ഡോറിലിടിച്ചും ബസ് റൂട്ട് വിളിച്ചു പറഞ്ഞും നാലഞ്ചു പ്രാവശ്യം തുടർച്ചയായി ബസിലെ മണിയടിച്ചും തിരക്കു കൂട്ടുന്നു.
നഗരത്തിനു മുകളിലെ ആകാശത്തിന്റെ നരച്ച നീല നിറത്തിൽ കാക്കകൾ പറന്നു പോവുന്നത് കാണാം. ആ കാഴ്ച അവളെ കടലോർമ്മകളിലേക്ക് കൊണ്ടു പോയി. ബസ്സ്റ്റാന്റ് കെട്ടിടത്തിന്റെ പുറത്ത് തെരുവിന്റെ അറ്റത്ത് നീണ്ട വഴിക്കപ്പുറം കടൽ ഇരമ്പുന്നത് അവളുടെ മനസ് അറിഞ്ഞു. അകലത്തായിരിക്കുമ്പോഴും കടൽ അവളുടെ ഉള്ളിൽ നിറഞ്ഞു നിന്നു.
രണ്ടാം വർഷ പരീക്ഷ കഴിഞ്ഞ് കോളേജടച്ചിട്ട് ഒരു മാസം കഴിഞ്ഞു. നഗരത്തിലെ പബ്ലിക് ലൈബ്രറിയിൽ നിന്നെടുത്ത പുസ്തകങ്ങൾ വായിച്ചു കഴിഞ്ഞപ്പോൾ, മടക്കി കൊടുത്ത് പുതിയതെടുക്കാൻ അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു. ബസിനു പൈസ കൊടുത്ത് ഇത്ര ദൂരെ പോയി പുസ്തകം എടുക്കേണ്ട കാര്യമുണ്ടോ എന്ന് അമ്മ ചോദിച്ചിരുന്നു. നാട്ടിലെ ലൈബ്രറിയിൽ ഇപ്പോ പോവാത്തെ എന്താ.. എല്ലാ ലൈബ്രറിലും പൈസ കൊണ്ട് കൊടുക്കണോ. എന്ത് പറഞ്ഞാലും അമ്മയുടെ ചോദ്യങ്ങൾക്ക് തൃപ്തമായ മറുപടി ആവില്ല. അവൾ അതിനു തുനിഞ്ഞില്ല.
ബാഗിൽ ജീവൻ തുടിക്കുന്ന പുസ്തകങ്ങൾ. ഒന്ന് നല്ലോണം കാണാൻ കൂടി പറ്റിയില്ല. സമയം വൈകിയത് കാരണം ഓടിപ്പോരേണ്ടി വന്നു. ഇനി വീടെത്തുന്ന വരെ ക്ഷമ ഉണ്ടായേ പറ്റൂ. അവൾ ബാഗിൽ വിരലോടിച്ചു. പിന്നെ ഏതോ പാട്ടിന്റെ ഓർമയിലേക്ക് പോയി.
ബസിൽ തിരക്ക് കൂടുന്നു. ഓരോ നിമിഷവും ജാഗരൂകയായി നില്കാതെ വയ്യ. പിൻകഴുത്തിലേക്ക് ചൂടുള്ള നിശ്വാസമോ, വളവു തിരിയുന്ന ബസിൽ അറിയാതെ എന്ന ഭാവത്തിൽ ദേഹത്ത് വന്നുരസുന്ന ആൺശരീരങ്ങളോ ഒന്നും അവൾക്ക് വേണ്ട. പിറകിലും വശങ്ങളിലും കണ്ണുകളുമായിട്ടേ യാത്ര ചെയ്യാനൊക്കൂ.
സ്ഥിരമായുള്ള യാത്രയിൽ കാണുന്ന ചില പഴയ വീടുകൾ, മുറ്റത്ത് പന്തലിച്ച് നിൽക്കുന്ന മരങ്ങൾ, സന്ധ്യക്ക് മുൻപേ വിളക്കു തെളിയുന്ന വഴിവക്കിലെ ക്ഷേത്രം , ഐസ്ക്രീം നുണഞ്ഞ് അച്ഛന്റെ കൈ പിടിച്ചു നടന്നു പോവുന്ന ഒരു കൊച്ചു കുട്ടി. ശ്രദ്ധ മാറാൻ, ചിന്തകളിൽ മുഴുകാൻ ഇതു പോലെ എന്തെങ്കിലും കാണും. എന്നും കണ്ടാലും പുതിയ കാഴ്ചകൾ തരുന്ന ഇടങ്ങൾ. കണ്ടു തീരാത്ത ചില കാഴ്ചകൾ.
എല്ലാത്തിന്റെയും രസം കളയാൻ, മനുഷ്യരോട് മുഴുവൻ വെറുപ്പ് തോന്നാൻ, തിരിഞ്ഞു നിന്നൊരടി കൊടുക്കാൻ തോന്നിപ്പിക്കുന്ന ആരെങ്കിലുമൊരാൾ കാണും എന്നും. എത്ര തിരക്കിലും പിറകിലെ ഡോറിലൂടെ കയറി തിക്കി തിരക്കി സ്ത്രീകളുടെ തൊട്ടു പിന്നിൽ വന്ന് സ്ഥാനം പിടിക്കുന്ന ചിലർ. മനോഹരമായ യാത്രകളെ നിമിഷങ്ങൾ കൊണ്ട് മടുപ്പിച്ചു കളയുന്ന ആളുകൾ.
അന്നും തൊട്ടു തൊട്ടില്ലെന്ന മട്ടിൽ വന്ന രൂപത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെടാൻ വേണ്ടിയാണ് വീടെത്താൻ ഇനിയും ദൂരമുണ്ടായിട്ടും തിരക്കിൻറെ മധ്യത്തിലൂടെ ഇടിച്ച് കയറി സ്ത്രീകളുടെ ഇടയിൽ കയറി നിന്നത്. ഇനിയുള്ള ഒരു സ്റ്റോപ്പിലും ബസ് നിർത്തല്ലേ എന്നു പ്രാർത്ഥിച്ചു കൊണ്ട് വിയർപ്പിന്റെയും സെന്റിന്റെയും ചെടിപ്പിക്കുന്ന ഗന്ധം ശ്വസിച്ച് കണ്ണിറുക്കിയടച്ച് അവൾ നിന്നു.
മനസ്സിൽ ആരെയൊക്കെയോ ചീത്ത പറയാൻ തോന്നുന്നുണ്ടാരുന്നു. ഇങ്ങനത്തെ തിരക്കിൽ നിൽക്കുമ്പോൾ അവൾ ഒറ്റയ്ക്ക് സംസാരിക്കാറുണ്ട്. ബസിന്റെ ചീറിപ്പായലിലും യാത്രക്കാരായ പെണ്ണുങ്ങളുടെ നിർത്താതെയുള്ള വിശേഷം പറച്ചിലിനും ഇടയിൽ പെട്ട് പോവുമ്പോൾ 'പണ്ടാരം.. ഈ ബസെപ്പഴാ ഒന്ന് വീടെത്തുക' എന്നും 'ഈ ഡ്രൈവർക്കൊന്ന് നേരെ വണ്ടി ഓടിച്ചാലെന്താ' എന്നുമൊക്കെ അവളുടെ ചുണ്ടിൽ നിന്ന് വീഴും. ആരും കേൾക്കാതെ തിരക്കിൽ ആ വാക്കുകൾ താഴെ വീണ് ചവിട്ടു കൊള്ളും.
പിറകിൽ നിന്ന് വേറെയും ആരോ മുന്നിലേക്ക് തള്ളി വരുന്നു. മുറു മുറുപ്പിന്റെ ശബ്ദത്തിൽ ചീത്ത പറയുന്നു. അവൾ പറ്റുന്ന വിധം മുന്നോട്ടു നീങ്ങി നിന്നു കൊടുത്തു. തന്നെ പോലെ ഒഴിഞ്ഞു മാറി രക്ഷ പ്രാപിക്കുന്നവർ. അടുത്ത ബസ്സ്റ്റാൻഡ് എത്തുന്നതു വരെ കണ്ടക്ടർ ആ വഴി വരാതിരുന്നതായിരുന്നു ഒരാശ്വാസം.
ബസ്സ്റ്റാൻഡിൽ എത്തി പകുതി സ്ത്രീകൾ ഇറങ്ങിയപ്പോൾ, അത്ര തന്നെ സ്ത്രീകൾ ഇടിച്ചു കയറുകയും ചെയ്തു. ഡോറിനോടു ചേർന്നുള്ള കമ്പിയിൽ പറ്റിപ്പിടിച്ച് അവൾ നിന്നു. മാർക്കറ്റ് റോഡിൽ ബസ് നിർത്തിയപ്പോൾ മുൻവശത്തെ ഡോറിലൂടെ രണ്ടു മൂന്നു പേർ തള്ളിക്കയറി. പിറകിലെ ഡോർസ്റ്റെപ്പിൽ കാൽ വയ്ക്കാൻ ഇടമില്ലെങ്കിൽ പിന്നെ ഇത് പതിവാണ്. അവൾ ശ്രദ്ധിക്കാൻ പോയില്ല.
അടുത്ത സ്റ്റോപ്പിൽ ഇറങ്ങണം. സ്റ്റെപ്പിൽ നിന്ന് മുകളിലേക്ക് കഷ്ടിച്ചു കയറി നിന്ന ഒരു ചെറുപ്പക്കാരൻ അപ്പഴാണ് ഒരു കുശലാന്വേഷണം.
'എവിടെ പോയതായിരുന്നു.’
‘ആ.. ടൗണിൽ പോയി വര്വായിരിക്കും ലേ . കുറേ ആയല്ലോ ഇപ്പോ കണ്ടിട്ട് '
ഇയാളാരാപ്പോ .. ഇത്..! അവൾ മുഖം ചുളിച്ചു.
'എനിക്കറീല ..ആരാ ..'
അയാളുടെ മുഖത്തെ പ്രകാശം മങ്ങി.
'അല്ലാ.. ഇങ്ങള് ഇപ്പോ ലൈബ്രറിയില് വരലില്ലേ. ആദ്യം വരലുണ്ടാരുന്നല്ലോ എപ്പഴും..'
അവൾക്ക് പെട്ടെന്ന് ചിരി പൊട്ടി. നാട്ടിലെ ലൈബ്രറിയിൽ പോയിട്ട് എത്ര കാലം ആയി. ടൗണിലെ ലൈബ്രറിയിൽ നിന്നാണ് വരുന്നതെന്ന് അവൾ പറഞ്ഞില്ല. എന്തോ മറുപടി പറഞ്ഞു.
വീടെവിടെയാണെന്ന് അന്വേഷിച്ചു.
ഓർമ്മിക്കാൻ അത് പോരല്ലോ എന്നോർത്തു. ബസ് നിർത്തിയതും പോട്ടെയെന്ന് പറഞ്ഞ് ഒരു പുഞ്ചിരിയും കൊടുത്തു അവൾ ഇറങ്ങി.
ഇരുട്ട് വന്നു മൂടിത്തുടങ്ങി. വീട്ടിലേക്ക് നടക്കുമ്പോൾ അന്നത്തെ യാത്രയുടെ മടുപ്പ് മറന്നിരുന്നു.
ചില ദിവസങ്ങളിൽ ലൈബ്രറി മുറി അടഞ്ഞിരിക്കുകയും വായനാ മുറി മാത്രം തുറന്നിരിക്കുകയും ചെയ്യുമ്പഴേ അവിടുള്ള ആരോടെങ്കിലും മിണ്ടാറുള്ളു. 'മാഷെപ്പോ വരും', 'ഇന്നിനി തുറക്കില്ലേ', കഴിഞ്ഞു സംസാരം. ഇടക്ക് ചില സെമിനാറുകൾ, പരിപാടികൾ നടക്കുമ്പോൾ മാഷിന്റെ ക്ഷണം സ്വീകരിച്ച് കാഴ്ചക്കാരിയായി വന്നിട്ടുണ്ട്. സ്കൂൾ കാലത്തിന്റെ ആഴ്ചയവസാനങ്ങൾ ലൈബ്രറിയിലേക്കുള്ള യാത്രകളായിരുന്നു.
അവിടെ ഓർക്കുന്ന മുഖങ്ങളൊന്നുമില്ല. പുസ്തകങ്ങൾക്കിടയിൽ മനുഷ്യരെ ആരാ ശ്രദ്ധിക്ക്യാ...! പുസ്തകങ്ങളെ കണ്ടു കൊതി തീരാറില്ല.
എന്നാലും പുസ്തകങ്ങൾക്കിടയിൽ തന്നെ ഓർക്കുന്ന ആൾ. വര്ഷങ്ങളുടെ മാറ്റങ്ങൾക്ക് ശേഷവും..!
അയാൾക്ക് തെറ്റിപ്പോയിരിക്കണം. താനുമൊരു പുസ്തകമാണെന്ന് അയാൾ കരുതിക്കാണും. ഉള്ളിലൂറിയ തമാശയിൽ ചിരിച്ച് വീട്ടിലെ വെളിച്ചത്തിലേക്ക് അവൾ നടന്നു.