മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

"മാഷിന് വിളിച്ചു പറയേ വേണ്ടു, ഈട ലോക്ക് ഡൗണായിറ്റ് വണ്ടിയൊന്നും പോന്നില്ല. കടേന്നും തൊറക്ക്ന്നില്ല, അപ്പളാണ് ചിത്രരചനാ മത്സരോം ഓൺലൈൻ ക്ലാസ്സും, ഞാനേടെങ്കിലും നാല് കിലൊ അരി കിട്ട്ന്ന്ണ്ടോന്ന് നോക്കട്ട്."

അമ്പു മാഷെ വിളി ഭാർഗ്ഗവിയേട്ടി കട്ട് ചെയ്തു. അമ്മ എന്തൊ പിറുപിറുക്കുന്നുണ്ട്.അമ്മു അത് കേട്ടു.

"ഈ അമ്മേടെ ക്രാവല് കേട്ടാല് അയൽവക്കത്ത്ന്ന് വരെ ആൾക്കാര് പാഞ്ഞോണ്ട് വരും."

അമ്മു അവൾക്ക് ചിത്രംവരയിൽ ക്ലബ്ബിൽ നിന്നും ലഭിച്ച ട്രോഫിയെല്ലാം വൃത്തിയാക്കിക്കൊണ്ടിരുന്നു.

"മോളെ നീ ജിത്തൂന്റാട പോയിറ്റ് വിക്ടേഴ്സ് ചാനല് നോക്ക്,അയില് നിങ്ങക്ക് ക്ലാസെട്ക്കുന്നോലും അമ്പുമാഷ് വിളിച്ചിറ്റ് പറഞ്ഞത് നീ കേട്ടിറ്റെ.?"

"അമ്പു മാഷ് ചിത്രം വരച്ചിറ്റ് അയച്ച് കൊട്ക്കാനും പറഞ്ഞിനല്ലൊ, അത് എന്തെ അമ്മ പറയാത്തത്.?"

അമ്മു ദേഷ്യപ്പെട്ടു.

"അത് പോട്ട് മോളെ"

ഭാർഗവിയേട്ടി അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവൾ വീണ്ടും പറഞ്ഞു.

"അയിന് എൻക്കോട്ത്തു മാസ്ക്, അതുമല്ല ഏടേം പോവാൻ പാടില്ലെന്നല്ലെ സർക്കാര് പറയുന്നെ പിന്നെങ്ങനെ ഞാൻ പോല്.? അപ്യ എന്തങ്കിലും പറഞ്ഞാലൊ, മിനിയാന്നല്ലെ പറഞ്ഞത് ചെക്കൻ ദുബായീന്ന് ബെര്ന്ന്ണ്ട് അതോണ്ട് എന്ന്ട വരണ്ടാട്ടൊ മോളേന്ന്.നമ്മക്കൊരു സ്മാർട്ട് ഫോൺ മേണിക്കണോമ്മെ, ഇല്ലെങ്കില് ഒരു ടി.വിയെങ്കിലും മേണിച്ചൂടെ.?"

"നിന്റച്ഛനീട സമ്പാദിച്ച് ബെച്ചിനണെ ടി.വി മേടിക്കാൻ.?"

പിന്നെ അമ്മു ഒന്നും മിണ്ടിയില്ല,ഇനി അമ്മ പഴംകഥകളുടെ കെട്ടഴിക്കും.അച്ഛനില്ലാത്ത കുഞ്ഞിനെ വളർത്തിയതിന്റെ കണക്ക് പറയും, മാനവും മൈര്യാദയും വിടാണ്ട് ജീവിച്ചതില് അഭിമാനിക്കും, അവസാനം അമ്മൂന് കിട്ടിയ സമ്മാനം മൊത്തം ഭാർഗ്ഗവിയേട്ടീരെ പ്രാർത്ഥനേരെ ഫലമാണെന്ന് വരെ പറഞ്ഞുകളയും.ഇനി വേണ്ട അമ്മു നിർത്തി.മാഷ് പറഞ്ഞ ചിത്രരചനാ മത്സരത്തിലേക്കുള്ള ചിത്രം വരയ്ക്കാൻ തുടങ്ങി.ആ സമയം കുറച്ച് ചെറുപ്പക്കാർ ഒരു ടെമ്പൊയും വിളിച്ച് കൊറോണ കിറ്റ് വിതരണം ചെയ്യാൻ ഭാർഗവിയേട്ടിയുടെ വീടിന് മുന്നിൽ വന്നു നിന്നു.ഇടത്തരക്കാരനെന്നൊ, പാവപ്പെട്ടവനെന്നൊ, പണക്കാരനെന്നൊ അവർക്ക് നോട്ടമില്ലായിരുന്നു. ഭാർഗവിയേട്ടി അമ്മൂന നീട്ടി വിളിച്ചു.

"അമ്മൂ ഇങ്ങോട്ട് വന്നേണെ."

അമ്മു വന്നു.ഭാർഗവിയേട്ടി കിറ്റ് വാങ്ങിക്കാൻ പറഞ്ഞു. അമ്മൂവിന്റെ കണ്ണുകൾ കിറ്റെടുക്കാൻ നേരം പുറത്തേക്ക് ചാടി നിൽക്കുന്ന ചെറുപ്പക്കാരന്റെ കറുത്ത കവറുള്ള സ്മാർട്ട് ഫോണിലേക്ക് പതിഞ്ഞു.

"എട്ട് വാട്സപ്പില് ഒരു മെസ്സേജ് അയക്ക്വൊ, എന്റെ പേരും വെച്ചിറ്റ്.?"

അയാളിങ്ങനെ അവളെ നോക്കി, അവളുടെ മുഖം ദയനീയമാണ്,അയാൾ വാത്സല്യത്തോടെ ചോദിച്ചു.

"എന്തിന് മോളെ അയക്കണ്ടത്,ആരിക്ക് മോളെ അയക്കണ്ടത്.?"

അമ്മു വേഗം ഓള് വരച്ച ചിത്രം കൊണ്ടുവന്നു.

"ഈന്റെ ഫോട്ടോ എട്ത്തിറ്റ് അയക്വാ.?"

അമ്മയുടെ നേരെ തിരിഞ്ഞ്.

"അമ്മേ നമ്പറ് പറഞ്ഞ് കൊട്ക്ക്, ആ നമ്പറിലേക്ക് അയച്ചാൽ മതി."

അയാൾ പറഞ്ഞത് പോലെ ചെയ്തു.

"അയച്ചു എന്ന് എന്തന്നാക്കണ്ടത്.?"

"മതി മാമ, എന്റെ പേരും പഠിക്ക്ന്നെ ക്ലാസും ഒന്ന് അയച്ച് കൊട്ക്കണം.എന്റെ മാമൻന്ന് പറഞ്ഞാ മതി."

ഒരു വലിയ കിറ്റെടുത്ത് നന്ദീം പറഞ്ഞ് അമ്മു വീട്ടിലേക്ക് പോയി.അമ്മ പിറകെ പോയി. 

 

ഭാർഗവി ഏട്ടീരെ മനസ്സില് എന്തല്ലാമൊ ആവലാതികൾ കയറിയിറങ്ങി.ലോക്ക് ഡൗൺ പിന്നേം നിട്ടിയിരിക്കുന്നു.

"കുടുംബശ്രീന്ന് ലോൺ കിട്ടുമോന്ന് നോക്കട്ടെ,മാലിനീന വിളിച്ചിറ്റ് ചോയ്ക്കണോപ്പ, മോള് പത്തിലേക്കല്ലെ അടുത്ത കൊല്ലം പരീക്ഷ എഴുതണ്ടത്.ജയിക്കൂപ്പ, എന്നങ്കിലും അങ്ങനെ ജയിച്ചാ പോരല്ലൊ."

ഇങ്ങനെ സ്വയം പറഞ്ഞോണ്ടിരിക്കുന്നത് കേട്ടിരുന്നത് സഹിക്കാനാകാഞ്ഞ് അമ്മു അയൽവക്കത്തെ വീട്ടിലേക്ക് നടന്നു.കിറ്റിന്റൊന്നിച്ച് കിട്ടിയ തുണികൊണ്ടുള്ള മാസ്കും ധരിച്ച്, അവിടെ എത്തിയപ്പോഴതാ ജിത്തുവിന്റെ മകൾ പാർക്കിൽ പോകണമെന്ന് ശാഠ്യം പിടിച്ച് കാറിൽ കയറി ഇരിപ്പാണ്. ആകെ ബഹളം.

"ഓക്ക് ബീച്ചില് പോണോലും, പാർക്കില് പോണോലും."

ജിത്തുവിന്റെ ഭാര്യ പറഞ്ഞു.അമ്മു കുഞ്ഞിവാവേരെ അടുത്ത് പോയി.

"കുഞ്ഞാവെ ഇപ്പൊ പോയാല് പോലീസ് പിടിക്കീലെ."

"നീ പോയെ പട്ടി."

രണ്ട് വയസുള്ള കുഞ്ഞിന്റെ നാവ് കുഴങ്ങിയ ശബ്ദം എല്ലാവരും ആസ്വദിച്ചു.കുഞ്ഞാവ ദേഷ്യത്തോടെ കാറിനകത്ത് നിന്നും ബഹളം വയ്ക്കാൻ തുടങ്ങി. സ്റ്റിയറിംഗിലും,ഗിയറിലും സീറ്റിലുമെല്ലാം കടിച്ചു വലിച്ച് മാന്താനും തുടങ്ങി.ഇത് കണ്ടപ്പോൾ ജിത്തുവിന്റെ മുഖം ചുവന്നു തുടുത്തു.

"മൂത്തവരോട് ഇങ്ങനേല്ലം തോന്ന്യാസം പറയ്യ്യൊ.?"

ഒരു വടിയെടുത്ത് കുഞ്ഞുവാവേരെ അടുത്തേക്ക് നീങ്ങി.അമ്മു "വേണ്ടപ്പ കുഞ്ഞ്യല്ലെന്നും" പറഞ്ഞ് തിരിച്ചു നടക്കവെ.

"സുരേന്ദ്രൻ ഗൾഫ്ന്ന് ബന്നിന് മോളെ നീ ഇനി ഈട്ത്തേക്കധികം വരണ്ടാട്ടൊ." 

ജിത്തുവിന്റെ അമ്മ വിളിച്ചു പറഞ്ഞു.

"നീയെന്ന് പത്താം ക്ലാസ്സിലേക്കല്ലെ.!"

ജിത്തുവിന്റെ ഭാര്യ പേടിപ്പിക്കുന്നത് പോലെ ഓർമ്മിപ്പിച്ചു. അമ്പലത്തില് പോയിറ്റ് ദൈവത്തോട് സങ്കടം പറയാന്ന് വച്ചാല് ക്ഷേത്രങ്ങളെല്ലം അടച്ചിട്ടിലെ, എല്ലാരും ഇങ്ങനെ വിചാരിച്ചാല് ദൈവത്തിന്റെ കൈയ്യിലും കാര്യം അത്ര സുരക്ഷിതമല്ല.സർക്കാര് പറയുന്നത് ശരിയാണ്,ജിത്തുവേട്ടന്റെ അമ്മ പറയുന്നതും ശരിയാണ്,എന്റമ്മ പറയുന്നതും ശരിയാണ്, ജിത്തുവേട്ടന്റെ ഭാര്യ പറയുന്നതും ശരിയാണ്.അമ്മു വീട്ടിലേക്ക് നടന്നു.സ്കൂളിൽ നിന്നും കിട്ടിയ പാഠപുസ്തകങ്ങളും മുന്നിൽ വച്ചിരുന്നു.

ചൂട് മാറി മഴ തിമിർത്തു.

"മറ്പ്പിന്റെ മഴാപ്പ." ഭാർഗവി ചേച്ചി മഴയേയും ശപിക്കാൻ തുടങ്ങി.

"ഒരാളിന തൊട്ടാല് എല്ലാരേം പെട്ടെന്ന് പകരുന്ന രോഗോലും, അമേരിക്കേല് കൊറേയാള് ചത്ത്വോലും ചൈനേന്ന് വന്നതോലും കൊറോണ വന്നാല് ആരേം കാണാണ്ടും മിണ്ടാണ്ടും റൂമില് അടച്ച് പൂട്ടീറ്റ് ഇരിക്കണോലും, എന്നാലും രണ്ട് ദെവസം ഞാറ് നടാൻ പോണം.ഒരു മീട്ര് ദൂരം നിന്നിറ്റല്ലെ ഞാറ് നടുന്നത് അതോണ്ട് പ്രശ്നൂല്ല."

ഇങ്ങനെയെല്ലാം സ്വയം പറഞ്ഞോണ്ടിരിക്കുന്ന സമയത്ത് നേരത്തെ കിറ്റും കൊണ്ടുവന്ന ചെറുപ്പക്കാരിലൊരാൾ വന്ന് വീടിന് മുന്നിൽ നിന്നു. പകുതി ആസ്പറ്റോസും പകുതി ഓലേരെ മുകളില് ടാർപ്പായി പൊതിഞ്ഞ ആ വീടിന് മുന്നിൽ കുറേ നേരം നിന്നു.

"എന്തെ മോഹനാ.?"

ഭാർഗവിയേട്ടി ചോദിച്ചു.

"ഭാർഗ്ഗവിയേട്ടി നിങ്ങളോടു നല്ല കാര്യം പറയാനാണ് ഞാൻ വന്നത്."

"എന്തന്ന്പ്പ"

"നിങ്ങളുടെ മോക്ക് ഒരു സമ്മാനം കിട്ടീന്."

ഭാർഗവി കേട്ടിട്ട് വലിയ പ്രതീക്ഷയൊന്നുമില്ല, വല്ല ട്രോഫിയൊ മറ്റൊ ആയിരിക്കും, അത് കിട്ട്യാല് തന്നെ അകത്ത് വയ്ക്കാൻ നല്ല സൗകര്യമൊന്നുമില്ല.

"എന്തന്നിന് മോനെ.?"

"ചിത്രം വരച്ചേയ്ന്."

"നീ പൊറത്ത് ന്ക്കാതെ അവത്തേക്ക് കേറ് മോനെ.മഴ ബെര്ന്ന്ണ്ട്."

"ഏയ് അത് വേണ്ട ഭാർഗവിയേട്ടി ഞാനെല്ലാം ഇങ്ങനെ സാമൂഹ്യസേവനംന്ന് പറഞ്ഞിട്ട് നടക്ക്ന്നതല്ലെ വീട്ടില് കേറ്യാല് ശരിയാവീല, എത്രാള് ചത്തു.!ഡോക്ടർമാര് വരെ ചാവ്ന്ന്ണ്ട് പിന്നെല്ലെ,"

ഭാർഗവി കേട്ടിട്ട് ഒരു കിറ്റ് പടിക്കല് വച്ചിറ്റ് മോഹനൻ പോയി.

"അമ്പും മാഷ് വിളിച്ചിന് നല്ലോണം പഠിക്കണോലും." മോഹനൻ ഓർമ്മിപ്പിച്ചു.അയാൾ തിരിച്ചു നടന്നു.

"സമ്മാനുണ്ടെങ്കില് അമ്പും മാഷ് എന്ന വിളിക്കട്ടീലെ'"

സംശയമായി.അമ്പു മാഷ് ഭാർഗവിയേട്ടീന വിളിച്ചിരുന്നില്ല.

"പിന്നെന്ത്യെ ഈ ചെക്കൻ പറയ്ന്ന് ചിത്രം വരച്ചിറ്റ് സമ്മാനം കിട്ടീന് ന്നെല്ലം."

പിറുപിറുത്തുകൊണ്ട് കിറ്റ് തുറന്നു നോക്കി.ഒരു സ്മാർട്ട് ഫോൺ, കുറച്ച് പൈസ, പിന്നെ ഒരു സർട്ടിഫിക്കറ്റും അമ്മൂന് സന്തോഷമായി.അവൾ ടോർച്ച് സെറ്റിലെ സിമ്മെടുത്ത് സ്മാർട്ട് ഫോണിലിട്ടു.ഭാർഗവിയേട്ടി ചന്ദ്രന വിളിച്ച് ഫോണില് നെറ്റ് റീച്ചാർജ് ചെയ്യാൻ പറഞ്ഞു. അമ്മു ഫോണില് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തു. അമ്മൂന് ഓൺലൈൻ ക്ലാസ്സെടുക്കുമ്പോൾ അമ്പു മാഷെ ചിത്രം ഭാർഗവിയേട്ടി കണ്ടു.മാഷ് വീഡിയോയിലൂടെ ക്ലാസെടുത്തോണ്ടിരിക്കുമ്പൊ ഭാർഗവിയേട്ടി പറഞ്ഞു.

"മാഷ് കൊടുത്തു വിട്ട സമ്മാനം കിട്ടീന്ട്ട്വൊ."

"അമ്മേ അങ്ങേനേല്ല ഇങ്ങനെ ഞെക്കീറ്റ് ഈ മൈക്ക് ഓണാക്കണം, എന്നങ്കിലെ പറഞ്ഞത് കേൾക്കൂ."

അമ്മു പറഞ്ഞു.

"എന്ത് സമ്മാനം.?"

അമ്പും മാഷ് പ്രതികരിച്ചു.ക്ലാസിന് ശേഷം അവര് കൊണ്ടുത്തന്ന സർട്ടിഫിക്കറ്റ് അമ്മു എടുത്തുനോക്കി. അപ്പോഴും കർക്കിടകക്കോളിന് ഒരു കുറവും ഉണ്ടായിരുന്നില്ല.

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ