"അറിഞ്ഞില്ലേ ചാരു പ്രസവിച്ചു. നല്ല ചെമ്പരത്തി പോലുള്ളൊരു മോള്, നീയിനി കുറച്ചു നാളത്തേക്ക് അങ്ങോട്ടേക്ക് പോകണ്ടാ. വെറുതെയെന്തിനാ. പറഞ്ഞത് മനസിലായല്ലോല്ലേ രേവതിക്ക്....." ഇതും പറഞ്ഞു നിർത്തിയിട്ട്, അമ്മ രേവതിയെ ഒരു നോട്ടം നോക്കി. എന്നിട്ട്, "ജാനൂ ഈ തുണിയൊക്കെ ഒന്നു വിരിച്ചിട്ടേ" എന്നും പറഞ്ഞു അടുക്കളയിലേക്ക് പോയി. കുളത്തിൽ പോയി വന്നതാണമ്മ. നെഞ്ചിലൂടെ ഒരു മിന്നൽ പാഞ്ഞ പോലെ ആയിരുന്നു രേവതിക്ക് അപ്പോൾ തോന്നിയത്.
തൊണ്ടയിടറിയെങ്കിലും , എന്തോ പറയാൻ വന്ന ശബ്ദം ഒരു വിങ്ങലായി കുരുങ്ങി നിന്നു. കുറച്ചു നേരത്തേക്ക് അവൾ ഓരോന്ന് ഓർത്തങ്ങനെ ഇരുന്നു..
ഇതിപ്പോ ഒരു പതിവാ. ആരേലും പ്രസവിച്ചാൽ പിന്നെ ആ ഭാഗത്തേക്ക് പോകാൻ അവൾക്ക് അനുവാദം ഇല്ലാ. അമ്മക്ക് സ്നേഹമുള്ളൊണ്ടാ പോകണ്ടാന്നു പറയുന്നത്. പോയി കണ്ടിട്ട് വെറുതെ ആൾക്കാരുടെ പ്രാക്കു വാങ്ങണ്ടല്ലോ.. എങ്കിലും രേവതിക്ക് മനസ്സു കേൾക്കില്ല. അതൊക്കെ പോട്ടെ, അതൊക്കെ പഴയ കാര്യം. കൂടെ പഠിച്ചു കളിച്ചു വളർന്നവരാ ചാരൂം രേവതിയും. അവളുടെ കുഞ്ഞിനെ കാണാൻ പോകാണ്ടിരിക്കാൻ രേവതിക്ക് കഴിയുവോ... എന്താപ്പോത്ര പേടിക്കാൻ. രേവതിക്ക് വല്ല പകരുന്ന അസുഖവും ഉണ്ടോന്നു തോന്നും ഇങ്ങനൊക്കെ പറയുന്ന കേട്ടാൽ. എന്തു പകർച്ചവ്യാധി. അതൊക്കെ ഇതിലും ഭേദം. ഇതിപ്പോൾ കല്യാണം കഴിഞ്ഞ് വർഷം നാലായിട്ടും രേവതിക്ക് വിശേഷം ഒന്നും ആയിട്ടില്ല. അതിന്റെ സൂക്കേട് തന്നെ. നനഞ്ഞ തുണി വിരിച്ചിടുന്നതിനിടയിൽ ജാനുവമ്മ രേവതിയെ ഒന്നാശ്വസിപ്പിക്കാൻ ശ്രമിച്ചു...
പ്രസവിക്കാനാകാത്തവർ കൊച്ചുകുഞ്ഞുങ്ങളെ കാണാനും എടുക്കാനും ഒന്നും പാടില്ലാത്രേ. അങ്ങനെ ചെയ്താൽ രാത്രിക്കു രാത്രി കുഞ്ഞിനു പനിക്കും.. നിർത്താതെ കരയും.. എന്നൊക്കെയാ നാട്ടിലെ പറച്ചിൽ.. എന്താ കഥ ! എന്നാലിതൊന്നും രേവതീടെ തലയിൽ കേറില്ല. അറിയുന്നവർ ആരേലും പ്രസവിച്ചാൽ അവൾ പോകും .. പോകുന്നത് മനസ് നിറയെ സന്തോഷവുമായിട്ടാരിക്കും. തിരികെ വരുന്നതു പക്ഷെ, കലങ്ങിയ കണ്ണുകളോടെയും. പറഞ്ഞിട്ടൊരു കാര്യവുമില്ല, രേവതി അങ്ങനെ ആണ്, അവൾക്ക് അങ്ങനെ ആകാനേ അറിയൂ.
ഓർമ്മയിൽ നിന്ന് ഉണർന്നു പെട്ടന്നു അവൾ ചാടി എണീറ്റു, ഓരോന്നോർത്തു സമയം പോയി.
" അമ്മേ ഞാനിപ്പോൾ വരാം, ദാ ഒന്നു ചാരൂന്റെ വീടു വരെ...... "
പറഞ്ഞു തീർന്നതും രേവതി ഒറ്റ ഓട്ടം. നിന്നാൽ അമ്മ അതുമിതും പറഞ്ഞു തടയും. അമ്മ കോലായിലേക്കു വന്നതും അവൾ പടി കടന്നു പോയിരുന്നു.....