അന്നും പതിവുപോലെ രങ്കനായകി ഒരുപാട് താമസിച്ചാണ് എത്തിയത്. വന്നപാടെ രജിസ്റ്റർ ബുക്കിൽ ഒപ്പു വെച്ച് ആരെയും നോക്കാതെ ഒഴിഞ്ഞ് കിടന്ന സീറ്റിൽ പോയിരുന്നു. എല്ലാവരും വളരെ തിരക്കിട്ട്
ജോലി തുടർന്നു. പുതിയ കുറെ സ്റ്റോക്കുകൾ എത്തിയിട്ടുണ്ട്. ഒരു സെക്ഷനിൽ പത്തിരുപതു പേർ തങ്ങൾക്ക് മുന്നിലുള്ള ബണ്ടിലുകൾ പൊട്ടിച്ചു ചെക്ക് ചെയ്യുകയും തൊട്ടടുത്തുള്ള സെക്ഷനിൽ കുറെ പുരുഷന്മാർ അവയെല്ലാം തേച്ച് മടക്കുകയും ചെയ്തുകൊണ്ടിരുന്നു.
ഒരു വലിയ എക്സ്പോർട്ടിങ് കമ്പനിയിൽ ആയിരുന്നു അവൾ ജോലിചെയ്തിരുന്നത്. വിവിധ തരത്തിലുള്ള ടീ ഷർട്ടുകളും ബനിയനും കുട്ടികളുടെ ഡ്രെസ്സുകളുമൊക്കെ പരിശോധിച്ച് ഇസ്തിരിയിട്ട് മിനുക്കി പാക്ക് ചെയ്തു പുറം നാടുകളിലേക്ക് കയറ്റി അയക്കുന്ന കമ്പനിയായിരുന്നു അത്. അവൾക്കൊപ്പം കുറെ സ്ത്രീകളും പുരുഷന്മാരുമൊക്കെ ജോലിചെയ്തുകൊണ്ടിരുന്നു.
ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന തലവൻ ചിന്നവർ എല്ലാവർക്കും ഒരു പേടിസ്വപ്‌നം ആണ്.
രങ്കനായകി കമ്പനിയുടെ അടുത്ത് തന്നെ കുടുംബ സമേതം ഒരു വാടക വീട്ടിൽ ആയിരുന്നു താമസം. ദിവസവും മുല്ലപ്പൂവും ചൂടി പട്ടു സാരിയും കല്ലുവെച്ച തിളങ്ങുന്ന മൂക്കുത്തിയുമൊക്കെ ഇട്ട് വരുന്ന അവൾക്കൊരു പ്രത്യേക അഴകായിരുന്നു. മുഖത്തെ മഞ്ഞളിന്റെ കാന്തി അവളുടെ ചിരികൾ പോലെ പ്രകാശമുള്ളതായിരുന്നു.
കടന്നുപോകുന്ന വഴിയിൽ പലരും കടക്കണ്ണുകളെറിഞ്ഞും ചൂളമടിച്ചും അവളുടെ ശ്രെദ്ധ പിടിച്ചു പറ്റാൻ ശ്രമിച്ചു കൊണ്ടിരുന്നു. പക്ഷേ അവളാകട്ടെ തമിഴിൽ എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് ആരെയും നോക്കാതെ ദിനവും പോയിവന്നു.
ഭർത്താവിന്റെ ജോലിസ്ഥലം വളരെ ദൂരത്തായിരുന്നതിനാൽ അയാൾ വരുമ്പോൾ ഏറെ വൈകിയിരുന്നു. ചിലപ്പോൾ കുറെ ദിവസങ്ങൾ കൂടിയിരുന്നായിരിക്കും അയാളെത്തുക. അമ്മയോടും മകളോടുമൊപ്പം സീരിയലുകളും പാട്ടുകളുമൊക്കെ കേട്ടുകൊണ്ട് പക്കാവടയും മുറുക്കും മിക്സ്ചറുമൊക്കെ ഉണ്ടാക്കി പായ്‌ക്കറ്റിലാക്കി വെയ്ക്കും. പിറ്റേന്ന് ജോലിക്ക് പോകുന്ന വഴികൾക്കിരു വശത്തുമുള്ള വീടുകളിൽ അവയെല്ലാം വിൽക്കാനുള്ളതാണ്. എല്ലാം തീർത്തിട്ട് കമ്പനിയിൽ എത്തുമ്പോഴേക്കും വളരെ വൈകും. പലതവണ അവൾക്ക് സെക്ഷൻ ചാർജിയന്റ് ആയ ലോറൻസ് സാറിന്റെ വായിൽ നിന്ന് വഴക്കും ഭീക്ഷണിയും കേൾക്കേണ്ടിയും വന്നു.
"ഇനിയും ലേറ്റ് ആയി വന്നാൽ നിന്നെ ഇവിടുന്ന് പിരിച്ചുവിടും."
അപ്പോഴവൾ ഒന്നും മിണ്ടാതെ ഒരു പാക്കറ്റ് മുറുക്ക് എടുത്തു നീട്ടും. അയാളപ്പോൾ ചുറ്റിനും ഒന്ന് നോക്കി പെട്ടെന്ന് അത് കൈക്കലാക്കി തിരിഞ്ഞു നടക്കും! ജീവിതം അങ്ങനെ നീങ്ങിയും നിരങ്ങിയും ഓടിയും ഒരുവേള മൗനിച്ചു നിന്നും പുസ്തക താളുകൾ മറിയുന്ന ലാഘവത്തോടെ ചലിച്ചു കൊണ്ടിരുന്നു. അന്ന് കമ്പനിയിൽ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് എല്ലാവരേക്കാളും മുൻപ് രങ്കനായകി തന്റെ സീറ്റിൽ ഇരിപ്പുറപ്പിച്ചു. അവളെക്കണ്ടു പരസ്പരം നോക്കി പലരും അടക്കത്തിൽ ചിരിച്ചു. പക്ഷെ ആരെയും നോക്കാതെ അവൾ തിരക്കിട്ട് ജോലി ചെയ്തുകൊണ്ടിരുന്നു. ഒരുവേള അവളെ കടന്നു പോയ ലോറൻസ് സാർ ഒന്നുകൂടി തിരിഞ്ഞു നോക്കി.
"ആഹാ ! ഇന്ന് കാക്ക മലർന്നുപറക്കുമല്ലോ."
അവളെ പക്ഷേ ആ തമാശ ഒട്ടും തന്നെ ചിരിപ്പിച്ചില്ല. അന്ന് പക്ഷേ ഏറ്റവും കൂടുതൽ ബണ്ടിൽ നോക്കിയത് രങ്കനായകിയായിരുന്നു! പിറ്റേദിവസവും അതിന് ശേഷവും അവൾ സമയത്തിന് തന്നെ എത്തുകയും ജോലിയിൽ വളരെ മിടുക്ക് കാട്ടുകയും ചെയ്തുപോന്നു.
അന്ന് പൊങ്കലിന്റെ ആഘോഷങ്ങൾ തുടങ്ങുന്ന ദിവസമായിരുന്നു. തല നിറയെ പതിവിലും കൂടുതൽ മുല്ലപ്പൂവും ചൂടി തിളങ്ങുന്ന പട്ടു സാരിയും ഉടുത്തു വന്ന രങ്കനായകിക്ക് ഒരു കല്യാണപ്പെണ്ണിന്റെ ശോഭയായിരുന്നു ! അന്ന് എല്ലാവർക്കും ഓടിനടന്ന് ലഡുവും, കേസരിയുമൊക്കെ ഉത്സാഹത്തോടെ കളിചിരികൾ പറഞ്ഞു കൊണ്ട് വിതരണം ചെയ്യുമ്പോൾ കാരണം തിരക്കിയവരോട് അവൾക്കൊന്നേ പറയാനുണ്ടായിരുന്നുള്ളൂ.
"ഇന്ന് രാവിലെ എന്റെ കല്യാണമായിരുന്നു സർ "
കഴിച്ചു കൊണ്ടിരുന്ന ലഡ്ഡു തൊണ്ടയിൽ കുടുങ്ങിയത് പോലെ പലരും ഒന്ന് ചുമച്ചു! ആ വാർത്ത കേട്ട് എല്ലാവരും തമ്മിൽ തമ്മിലൊന്നു നോക്കി.
ഇവൾക്കെന്താ പൈത്യം പിടിച്ചോ എന്ന മട്ടിൽ!
അവൾക്കു തൊട്ടടുത്ത ടേബിളിൽ ഇരുന്ന മാലിനി ചിരിയോടെ പറഞ്ഞു.
"ഓഹ് ! ഇന്ന് രങ്കനായകിയുടെ വിവാഹ വാർഷികമായിരിക്കും അല്ലേ?"
അവൾ ഭാവവ്യത്യാസമില്ലാതെ മുന്നിലിരുന്ന ടീഷർട്ടിന്റെ ചുളുക്കം നിവർത്തികൊണ്ട് പറഞ്ഞു.
"അല്ല അക്കാ. ഇന്ന് കോവിലിൽ വെച്ച് ഞാൻ വെറെ കല്യാണം കഴിച്ചു!"
പെട്ടെന്ന് അവിടെയാകമാനം വല്ലാത്ത ഒരു നിശ്ശബ്ദത പരന്നു! മാലിനിയുടെ മുഖം മങ്ങിപ്പോയി. ഭർത്താവും കുട്ടിയുമുള്ള ഇവൾ വെറെ വിവാഹം കഴിച്ചുവെന്നോ?വിശ്വസിക്കാൻ പറ്റുന്നില്ലല്ലോ!!
ജോലിക്കിടയിലും പലരുടെയും ഉള്ളിൽ കിടന്നു കറങ്ങിക്കൊണ്ടിരുന്നു ആ വാർത്ത സൃഷ്ട്ടിച്ച അനുരണനങ്ങൾ! പതിവില്ലാതെ അന്ന് വൈകുന്നേരം മാലിനി വീട്ടിലേക്കുള്ള യാത്രയിൽ തഞ്ചത്തിൽ രങ്കനായകിക്കൊപ്പം കൂടി. രഹസ്യങ്ങളുടെ ഒരു കുസൃതി അങ്ങനെ ആണല്ലോ. അറിയാനുള്ള ആഗ്രഹത്തെ അടക്കാൻ വയ്യാതെ മനസ്സിനെ പിടിച്ചു കുലുക്കി മറിച്ചു കൊണ്ടിരിക്കും. അത് കയ്യിൽ കിട്ടിക്കഴിഞ്ഞാൽ പിന്നെ മനസ്സിലിരുന്നു വിങ്ങി പഴുത്ത് പുറത്തേക്കൊരു ചാട്ടവും !!
കൂടെ കൂടിയ മാലിനിയുടെ ഉള്ളിലിരുപ്പ് പിടികിട്ടിയിട്ടും അവളൊന്നും മറച്ചു പിടിച്ചില്ല. അറിയട്ടെ. കാര്യങ്ങൾ എല്ലാവരും. അല്ലെങ്കിൽ നാളെ ഒരിക്കൽ രങ്കനായകിയെ കല്ലെറിയാൻ ആളൊരുപാടുണ്ടാവും..
മുഖവുര ഒന്നുമില്ലാതെ അവൾ മാലിനിയോട് ഒറ്റ ചോദ്യം.
"അക്കാ,അക്കയുടെ ആളിന് ചിന്നവീട് ഉണ്ടോ?"
മാലിനി ഒന്ന് ഭയന്നുപോയി., ദൈവമേ !! അങ്ങനെ ഒന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ല..
"ഞാനിപ്പോൾ എന്റെ ഭർത്താവിന്റെ ആദ്യ ഭാര്യ ആണ്.. അയാൾക്ക് വേറെ ചിന്നവീട് ഉണ്ട്., കുട്ടികളും !"
മാലിനി അത്ഭുതത്തോടെ അവളെ നോക്കി. ഇത് ഇവിടെ പുതുമയൊന്നുമല്ല. പലർക്കും ഇത്തരം ബന്ധങ്ങൾ ഉണ്ട്.. പക്ഷേ ഒരു പെണ്ണും മനസ്സുകൊണ്ട് അതാഗ്രഹിക്കുന്നില്ല എന്നതാണ് സത്യം ! താനുൾപ്പെടെ..
"ആയാൾ എന്നും ജോലിക്കെന്നും പറഞ്ഞു പോയാൽ കുറെ ദിവസങ്ങൾ കഴിഞ്ഞാണ് വരുന്നത്. ചോദിച്ചാൽ ജോലിക്കൂടുത്തൽ കൊണ്ട് വരാൻ പറ്റാത്തതാണെന്ന സ്ഥിരം മറുപടി. കഴിഞ്ഞ മാസം പോയിട്ട് വന്നില്ല. പകരം അമ്മയെ വിളിച്ചിരിക്കുന്നു ഇനിയങ്ങോട്ട് വരാൻ പറ്റില്ലെന്നും അവിടുത്തെ ഭാര്യയും കുട്ടികളും അയാളെ വിടുന്നില്ലെന്നുമൊക്കെ.."
അപ്പോൾ ഏറെ ശക്തയായി തോന്നിയ അവളുടെ മുഖം മങ്ങിയും സ്വരം ചിലമ്പിച്ചും പോയിരുന്നു !
"ഞാൻ എല്ലുമുറിയെ ഓടിനടന്നു പണിയെടുത്തത് എനിക്ക് വേണ്ടിയല്ലക്കാ.. വാടകയും ചിട്ടിയുമൊക്കെ അടയ്ക്കാൻ അയാളെ ബുദ്ധിമുട്ടിക്കേണ്ടെന്നു കരുതീട്ടാണ്. ആ എന്നോടാണ് ഈ ചതി ചെയ്തത്.. അങ്ങനെ ഒരു ബന്ധം ഉണ്ടായിരുന്നുവെങ്കിൽ കള്ളം പറഞ്ഞു കൂടെ കഴിയണമായിരുന്നോ? ഈ രങ്കനായകി സത്യമുള്ളവളാണ്. എനിക്കിനി അങ്ങനെയൊരു ചതിയനെ വേണ്ടെന്നു ഞാൻ തീരുമാനിച്ചു."
"അയാൾ എന്റെ ഭർത്താവൊന്നുമല്ല അക്കാ.. ആരുമില്ലാത്ത ഒരു പാവം! കാലിനു സ്വാധീനക്കുറവുള്ള അയാൾക്ക് ഞാനൊരു അഭയം കൊടുത്തു.കഷ്ടപ്പെടുന്നത് അത് അർഹിക്കുന്നവർക്ക് വേണ്ടിയാണെങ്കിൽ അതൊരു പുണ്യമല്ലേ?"
"നീയപ്പോൾ കല്യാണം കഴിച്ചുവെന്ന് പറഞ്ഞത് ഞങ്ങളെ പറ്റിക്കാൻ വേണ്ടീട്ടായിരുന്നോ?" മാലിനിക്ക് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല!
"എന്റെ കയ്യിലിരുന്ന പഴയ പട്ടുസാരി കത്തിച്ചുകളഞ്ഞിട്ടു പുതിയതൊന്ന് വാങ്ങി. അതോടെ പഴയ ബന്ധങ്ങളും അവസാനിച്ചു. പക്ഷേ ഞാൻ, വിധവയായി ജീവിക്കില്ല. അതുകൊണ്ട് ഇനിയൊരു പുതിയ പെണ്ണ് ആവാൻ തീരുമാനിച്ചു. അതുപക്ഷേ ആരുടെയെങ്കിലും ഭാര്യയായിരുന്നിട്ടല്ല!"
ഇവളെ ഒട്ടും മനസ്സിലാക്കാൻ പറ്റുന്നില്ലല്ലോ എന്ന ചിന്താക്കുഴപ്പത്തിൽ നടന്ന മാലിനിയെ നോക്കി അവളുറക്കെ ചിരിച്ചു.
"കമ്പിനിയിലുള്ള കുറെ പൂവാലൻമ്മാരെ ഒന്ന് നിലക്ക് നിർത്താൻ പറഞ്ഞതാ അക്കാ ആ കള്ളം."
അതേചിരിയോടെ മാലിനിയെ കടന്നു രങ്കനായകി നടന്നു പോകുമ്പോൾ ഒരു വിളറിയ ചിരി അവളിലും പടർന്നു പന്തലിച്ചിരുന്നു !!