mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(Abbas Edamaruku)

പതിവായി എല്ലാ ആഴ്ചയും നടത്താറുള്ള ശൈഖ്തങ്ങടെ മക്ബറസന്ദർശനം കഴിഞ്ഞുമടങ്ങാനൊരുങ്ങുംനേരം പൊടുന്നനെ ശക്തമായി മഴപെയ്യാൻ തുടങ്ങി .മഴ അൽപം കുറഞ്ഞിട്ടാവാം മടക്കമെന്നു മനസ്സിൽ

വിചാരിച്ചുകൊണ്ട് ഞാൻ മക്ബറക് മുന്നിലുള്ള വരാന്തയിൽ കയറി മഴയിലേക്കുനോക്കിയിരുന്നു.

ഈ സമയത്താണ് മക്ബറയിൽ സ്ഥിരമായി കാണാറുള്ള അബ്‌ദുക്ക അവിടേക്ക് കടന്നുവന്നത് .അദ്ദേഹത്തിന്റെ താമസവും കിടപ്പുമെല്ലാം ഈ മക്ബറയുടെ ചാരത്തുതന്നെയാണ് .മക്ബറ സന്ദർശിക്കാനെത്തുന്നവർ കൊടുക്കുന്ന ആഹാരസാധനങ്ങളും പൈസയുമെല്ലാമാണ് അദ്ദേഹത്തിന്റെ ജീവിതോപാധികൾ .എന്റെ കുട്ടിക്കാലംമുതലേ അബദുക്കയെ മക്ബറയിലും പള്ളിയിലുമെല്ലാം കാണുന്നതാണ് .അദ്ദേഹത്തിന് വീടും കുടുബവും ഒന്നുംതന്നെ ഉള്ളതായി അറിവില്ല .അദ്ദേഹത്തിന്റെ ലോകം ഈ പള്ളിയും പരിസരവുമാണെന്നു എനിക്കുതോന്നി .

''എന്തൊരു മഴയാണല്ലേ .?ഈ കൊല്ലം മഴ കുറച്ചുകൂടുതലാണ് .'' എന്നെനോക്കി പറഞ്ഞിട്ട് അബ്‌ദുക്ക വരാന്തയുടെ ഒരറ്റത്തായി ഇരുന്നുകൊണ്ട് മഴയിലേക്ക് മിഴികൾ പായിച്ചു .

ഏതാനുംനിമിഷം ഞങ്ങൾക്കിടയിൽ നിശബ്ദത വന്നുനിറഞ്ഞു .ആ നിശ്ശബ്ദതക്ക് വിരാമമിടാനായി ഞാൻ അബ്‌ദുക്കയെ നോക്കി ചോദിച്ചു .

''അബ്‌ദുക്കാന്റെ വീട് എവിടെയാ .?അബ്‌ദുകാക്ക് ഭാര്യയും മക്കളുമൊന്നുമില്ലേ .?''ഒരുനിമിഷം അബ്‌ദുക്ക എന്നെ നോക്കി .എന്നിട്ട് മൃദുവായി പുഞ്ചിരിതൂകികൊണ്ട് പറഞ്ഞു .

''എന്റെ നാടിതൊക്കെത്തന്നെയാണ് പറയത്തക്കതായിട്ട് ബന്ധുക്കളാരും എനിക്കില്ല .കുട്ടിക്കാലത്തേ ബാപ്പയും ഉമ്മയും മരിച്ച ഞാൻ വളർന്നതും പഠിച്ചതുമെല്ലാം മാളിയേക്കൽ തറവാട്ടിലെ അഹമ്മദ് ഹാജീടെ വീട്ടിലാണ് .വളർന്നപ്പോൾ ഞാനൊരു മരപ്പണിക്കാരനായിമാറി .കൊത്തുപണികളും കടച്ചിലുമെല്ലാം പഠിച്ച നല്ലൊരുമരപ്പണിക്കാരൻ .ആ തൊഴിലാണ് എന്റെ ജീവിതമാകെ മാറ്റിമറിച്ചത് .''ഒരുനിമിഷം നിറുത്തിയിട്ട് അബ്‌ദുക്ക ഒരു ദീർഘനിശ്വാസമുതിർത്തു .പിന്നെയും ഏതാനുംനിമിഷം ഞങ്ങൾക്കിടയിൽ നിശബ്ദത വന്നുനിറഞ്ഞു .

''എന്താ അബ്‌ദുക്കാ ...നിർത്തിയത് .?ബാക്കികൂടിപറയൂ .ആ തൊഴിലുപഠിച്ചതുകൊണ്ട് എന്താണ് അബ്‌ദുകാക്ക് സംഭവിച്ചത് .?''ഞാൻ ആകാംക്ഷയോടെ അബദുക്കയെനോക്കി .

''ഈ സമയമത്രയും അബ്‌ദുക്കയുടെ മിഴികൾ പള്ളിവരാന്തയുടെ ഒരരികിലായി കെട്ടിത്തൂക്കിയിട്ടിരുന്ന പഴയ മയ്യിത്തുകട്ടിലിൽ തറഞ്ഞുനിൽക്കുകയായിരുന്നു .അപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞുതൂവുന്നുണ്ടെന്ന് എനിക്കുതോന്നി തോന്നി .

''മരപ്പണിയെല്ലാം പഠിച്ചകാലത്ത്‌ അഹമ്മദ് ഹാജി എനിക്കുവേണ്ടിയൊരു പെണ്ണിനെ കണ്ടെത്തി .തികച്ചും യത്തീമായ ഒരു പാവം പെൺകുട്ടി .എന്റെ 'ആബിദ'അവൾ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നപ്പോഴാണ് ഞാൻ സ്നേഹമെന്തെന്ന് അറിയുന്നത് .കുട്ടിക്കാലത്തെനിക്ക് നഷ്ടപ്പെട്ട സ്നേഹമെല്ലാം ഞാൻ അവളിലൂടെ അനുഭവിച്ചറിഞ്ഞു .കൊച്ചുവാടകവീട്ടിൽ പരസ്പരം സങ്കടങ്ങൾ പങ്കിട്ടും സന്തോഷത്തിലലിഞ്ഞുചേർന്നും ഞങ്ങളങ്ങനെ ജീവിതം മുന്നോട്ടുനയിച്ചു.ആ സമയത്താണ് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ ആ സംഭവമുണ്ടായത് .എന്റെ ആബിദ ഗർഭിണിയാണെന്ന വാർത്തഞാനറിയുന്നത് .അന്നെനിക്കുണ്ടായ സന്തോഷത്തിന് അതിരില്ല .പിന്നീടുള്ള എന്റെ ജീവിതം ഞങ്ങൾക്കുണ്ടാകാൻപോകുന്ന കുട്ടിക്കുവേണ്ടി സമ്പാദിക്കുക എന്നതായിരുന്നു .ഹാജിയാരുടെ വർക്ക്‌ഷോപ്പിൽനിന്നു കിട്ടുന്ന പണമെല്ലാം ഞാൻ സൂക്ഷിച്ചുവെച്ചു .ആബിദക്കും അവളിലുണ്ടാകാൻ പോകുന്ന ഞങ്ങളുട കുട്ടിക്കുംവേണ്ടി .അങ്ങനെ ദിവസങ്ങൾ കടന്നുപോയി .ആ സമയത്താണ് ആ ജോലി എന്നെത്തേടിയെത്തിയത് .''ഒരുനിമിഷം നിർത്തിയിട്ട് അബ്‌ദുക്ക വീണ്ടും ആ പഴയ മയ്യിത്തുകട്ടിലിനുനേർക്ക് മിഴികൾ പായിച്ചുകൊണ്ട് മിണ്ടാതിരുന്നു .പുറത്തപ്പോഴും മഴ ശക്തമായിത്തന്നെ പെയ്തുകൊണ്ടിരുന്നു .

''എന്ത് ജോലി .?മൗനത്തിനു വിരാമമിട്ടുകൊണ്ട് ഏതാനും സമയം കഴിഞ്ഞപ്പോൾ ഞാൻ അബ്‌ദുക്കയെനോക്കി ചോദിച്ചു .

''ഒരു മയ്യിത്തുകട്ടിലുപണിയുന്ന ജോലി .ആ തൂക്കിയിട്ടിരിക്കുന്ന മയ്യിത്തുകട്ടിലില്ലേ .അത് പണിയുന്നജോലിയാണ് എനിക്കന്ന് കിട്ടിയത് .ഞാനാണ് ആ മയ്യിത്തുകട്ടിലു പണിതത് .''പറഞ്ഞിട്ടൊരുനിമിഷം അബ്‌ദുക്ക എന്നെനോക്കി .ഒന്നും മനസിലായില്ലല്ലേ എന്ന ഭാവത്തിൽ .

''ജമാഅത്തു പള്ളിയിലെ മയ്യിത്തുകട്ടിൽ ദ്രവിച്ചു വിജാഗിരികളെല്ലാം തുരുമ്പെടുത്തപ്പോൾ ജമാഅത്തുകമ്മറ്റി പുതിയ മയ്യിത്തുകട്ടിൽ പണിയാൻ തീരുമാനമെടുത്തു .അന്ന് കമ്മറ്റിയങ്ങവും കരപ്രമാണിയുമായിരുന്ന മാളിയേക്കൽ അഹമ്മദ് ഹാജി ആ മയ്യിത്തുകട്ടിലിന്റെ നിർമ്മാണം ഏറ്റെടുത്തു .അദ്ദേഹത്തിന്റെ സ്വന്തം ചെലവിൽ പള്ളിക്കൊരു പുതിയ മയ്യിത്തുകട്ടിൽ .അതായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം .''

''അതിന്റെ നിർമ്മാണത്തിനായി അദ്ദേഹം തിരഞ്ഞെടുത്തത് എന്നെയും .പലവിധ നിർമിതികളും നടത്തിയിട്ടുണ്ടെങ്കിലും ആദ്യമായിട്ടായിരുന്നു ഇതുപോലൊന്ന് നിർമ്മിക്കാൻ എന്നെ ആളുകൾ സമീപിക്കുന്നത് .അതുകൊണ്ടുതന്നെ ആദ്യം എനിക്ക് ചെറിയമടിതോന്നി .എങ്കിലും എന്നെ വളർത്തിവലുതാക്കിയ അഹമ്മദുഹാജിയുടെ ആവശ്യം തള്ളിക്കളയാൻ എനിക്കായില്ല .പോരാത്തതിന് പള്ളിയുടെ ആവശ്യമാണല്ലോ എന്നുകൂടി ഓർത്തപ്പോൾ ഞാനാ നിമ്മാണച്ചുമതല ഏറ്റെടുത്തു .''

''ഏതാനും ദിവസങ്ങൾക്കകം ആ മയ്യിത്തുകട്ടിലിന്റെ നിർമ്മാണം ഹാജിയാരുടെ വർക്ക്‌ഷോപ്പിൽ ആരംഭിച്ചു .അതിനായി മുന്തിയ ഇനം മരങ്ങളുടെ ഉരുപ്പടികൾതന്നെ ഹാജിയാർ വർക്ക്‌ഷോപ്പിൽ എത്തിച്ചിരുന്നു .പണിയുടെ ഓരോ അവസരങ്ങളിലും ഹാജിയാർ വന്നു പണികൾ നിരീക്ഷിച്ചുകൊണ്ടിരുന്നു .''

''എല്ലാദിവസവും ഉച്ചയാകുമ്പോൾ എനിക്കുള്ള ആഹാരവുമായി വർക്ക്ഷോപ്പിലേക്ക് എന്റെ ആബിദ വരുമായിരുന്നു .അപ്പോൾ അവളുടെ പ്രസവസമയം അടുത്തുകഴിഞ്ഞിരുന്നു .അങ്ങനെ ഒരുനാൾ എനിക്ക് ആഹാരവുമായി വന്ന ആബിദ ഞാൻ പണിത മയ്യിത്തുകട്ടിൽ കണ്ടു.അന്നവൾ ആ മയ്യിത്തുകട്ടിലിലേക്ക് നോക്കി എന്നോട് പറഞ്ഞു .''

''ഇക്കാ പണിത മയ്യിത്തുകട്ടിൽ വളരെ മനോഹരമായിട്ടുണ്ട് .നല്ല പണി .എത്രമനോഹരമായ കൊത്തുപണികളും ഡിസൈനുകളുമെല്ലാമാണ് ഇതിൽ ...ആരാണ് ഇതിൽ കയറുന്ന ആദ്യത്തെയാൾ .?ആ ഭാഗ്യവാൻ ...?''പറഞ്ഞിട്ടവൾ എന്നെനോക്കിച്ചിരിച്ചു .

''പിന്നെ ഇതിൽകയറുന്നതല്ലേ വലിയഭാഗ്യം .വേണ്ടാത്തതൊന്നും പറയണ്ട നീയ് .''അന്നവളെ ഞാൻ കുറ്റപ്പെടുത്തികൊണ്ട് വീട്ടിലേക്കയച്ചു .ഒരുനിമിഷം നിർത്തിയിട്ട് അബ്‌ദുക്ക വീണ്ടും മഴയിലേക്ക് നോക്കിയിരുന്നു .ഇടക്കിടെ അയാൾ തോളിൽക്കിടന്ന മുണ്ടുകൊണ്ട് കണ്ണുകൾതുടക്കുന്നുണ്ടായിരുന്നു .

''ഏതാനും ദിവസങ്ങൾക്കുശേഷം ...മയ്യിത്തുകട്ടിലിന്റെ അവസാനമിനുക്കുപണിയുംചെയ്തുതീർത്ത്‌ ഹാജ്യാർക്കും പണിക്കാർക്കുമൊപ്പം ചേർന്ന് മയ്യിത്തുകട്ടിൽ പള്ളിയിൽകൊണ്ടുപോയി കൊടുത്തശേഷം പണിക്കൂലിയും വാങ്ങിഞാൻ സന്തോഷത്തോടെ വീട്ടിലേക്ക് നടന്നു .''

''വീട്ടിൽച്ചെന്ന ഞാൻ കണ്ടത് പ്രസവവേദനകൊണ്ട് പുളയുന്ന എന്റെ ആബിദയെ ആണ് .ഉടൻതന്നെ ഞാൻ ഒരുവണ്ടിപിടിച് അവളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി .പക്ഷേ ,വിധി ....''ഒരുനിമിഷം നിർത്തിയിട്ട് അബ്‌ദുക്ക പൊട്ടിപ്പൊട്ടിക്കരഞ്ഞു .

''പ്രസവത്തോടെ എന്റെ ആബിദയും അവളുടെ വയറ്റിലെ കുഞ്ഞും എന്നെ തനിച്ചാക്കികൊണ്ട് ഈ ലോകംവിട്ടുപോയി .''

''പിറ്റേദിവസം ഞാനുണ്ടാക്കിയ പുതിയ മയ്യിത്തുകട്ടിലിൽ എന്റെ ആബിദയുടെ ജീവനറ്റശരീരവുമായി പള്ളിപ്പറമ്പിലേക്ക് നടക്കുമ്പോൾ എന്നെപ്പോലെതന്നെ ഈ നാട്ടിലെ ഓരോ മനുഷ്യജീവിയും തേങ്ങിക്കരയുകയായിരുന്നു.ആ സമയങ്ങളിലെല്ലാം എന്റെമനസ്സിൽ അവളുടെ ആ അറംപറ്റിയ വാക്കുകൾ പ്രതിധ്വനിച്ചുകൊണ്ടിരുന്നു ."

''ഇക്കാ പണിത പുതിയ മയ്യിത്തുകട്ടിലിന് എന്തുഭംഗിയാണ് .ആരാണ് ഇതിൽകയറുന്ന ആദ്യത്തെ ആൾ ...ആ ഭാഗ്യവാൻ .''

''അന്ന് എന്റെ പണിയായുധങ്ങളും ഉപേഷിച്ചുവീടുപൂട്ടിയിറങ്ങിയതാണ് ഞാൻ .പിന്നീടെന്റെ വീടും ലോകവുമെല്ലാം ഈ പള്ളിയും പരിസരവുമൊക്കെയാണ് .ഇവിടെ വരുന്നവരുടെ ദുഃഖങ്ങളിൽ പങ്കുചേർന്നും അവർക്കുവേണ്ടി ഖുർആൻ ഓതിയും പ്രാർത്ഥിച്ചുമെല്ലാം ഞാൻ ദിവസങ്ങൾ കഴിച്ചുകൂട്ടുന്നു .അവരിൽ ചിലർതരുന്ന ആഹാരസാധനങ്ങളും പൈസയുമെല്ലാമാണ് എന്റെ ജീവിതോപാധികൾ .''

''ഇന്ന് ഞാൻ സന്തോഷവാനാണ് .എല്ലാദിവസവും എന്റെ പ്രിയതമയുടെ കബറിടത്തിൽപോയി ഞാൻ പ്രാർത്ഥിക്കും .എന്റെ സങ്കടങ്ങളും വേവലാതികളുമെല്ലാം ഈ മക്ബറയിൽ അന്ത്യവിശ്രമംകൊള്ളുന്ന മഹാനെ സാക്ഷിയാക്കികൊണ്ട് അല്ലാഹുവിന്‌ മുൻപിൽ സമർപ്പിച്ചുകൊണ്ട് പ്രാർത്ഥിക്കും .''തന്റെ ജീവിതകഥ മുഴുവനും പറഞ്ഞുതീർത്തിട്ട് കണ്ണുനീർതുടച്ചുകൊണ്ട് അബ്‌ദുക്ക എന്നെനോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു .

ഈ സമയം മഴതോർന്നുകഴിഞ്ഞിരുന്നു .അബ്‌ദുക്കാക്ക് കുറച്ചുരൂപ നൽകിയിട്ട് പിന്നെക്കാണാം എന്നുപറഞ്ഞുകൊണ്ട് യാത്രപറഞ്ഞു ഞാനവിടെനിന്ന്ഇറങ്ങിനടന്നു .
മഴവെള്ളം ഒഴുകിപ്പോകുന്ന പള്ളിമുറ്റത്തൂടെ മുന്നോട്ടുനടക്കുമ്പോൾ ഞാനൊരിക്കൽകൂടെ പള്ളിവരാന്തയിൽ തൂക്കിയിട്ടിരുന്ന ആ പഴയമയ്യിത്തുകട്ടിലിനുനേർക്ക് നോക്കി .അബ്‌ദുക്കയുടെ മോഹങ്ങളും കിനാക്കളുമെല്ലാം കരിച്ചുകളഞ്ഞ .അബ്‌ദുക്ക പണിത ആ മയ്യിത്തുകട്ടിലിനുനേർക്ക് .

ആ സമയം എന്റെകൺമുന്നിൽ ഒരിക്കൽകൂടി അബ്‌ദുക്കയും ഞാനൊരിക്കൽപോലുംകണ്ടിട്ടില്ലാത്ത അബ്‌ദുക്കയുടെ ബീബിയായ ആബിദയുടെയും മുഖങ്ങൾ തെളിഞ്ഞുവന്നു .അവരെന്നെനോക്കി പുഞ്ചിരിക്കുകയാണെന്ന് എനിക്കുതോന്നി .ഒരുനിമിഷം എന്റെകണ്ണുകൾ നിറയുകയും ആ കണ്ണുനീരിൽപെട്ടു ചുറ്റുമുള്ളതെല്ലാം മറഞ്ഞുപോകുകയും ചെയ്തു .
---------------------------------------------------------------------------------------------

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ