മോഹൻ തോമസ് ഒരു ഗവേഷണം നടത്താൻ തീരുമാനിച്ചു. ഗവേഷണം വിജയിച്ചാൽ തൻ്റെ പേരിലും ഒരു ഡോക്ടറേറ്റ് ഉണ്ടാവും. ഡോക്ടർ മോഹൻ തോമസ്. അതിനു വേണ്ടി ബുൾഗാൻ താടിയും, ജൂബ്ബ ഷർട്ടും
ഒക്കെയായി ഗവേഷണ രംഗത്തേക്ക് ഇറങ്ങി. ഇതു വരെ ആരും കൈവെക്കാത്ത ഒരു വിഷയത്തിൽ വേണം ഗവേഷണം നടത്താൻ '' അതിനു വേണ്ടി സ്വയം ഒരു വിഷയം തിരഞ്ഞെടുത്തു. "ഭാര്യയോട് സംസാരിക്കേണ്ട രീതി"
മോഹൻ സ്വന്തം ഭാര്യയിൽ നിന്നു തന്നെ പരീക്ഷണം ആരംഭിക്കാൻ തീരുമാനിച്ചു.
ആദ്യ ദിവസം, മോഹൻ സംസ്ക്കാരത്തോടെയും, ബഹുമാനത്തോടെയും കൂടി ഭാര്യയുമായി സംസാരിക്കാൻ തുടങ്ങി.
മോഹൻ്റെ ബഹുമാനം കണ്ട ഭാര്യ ചോദിച്ചു "നിങ്ങൾ എന്തിനാണ് എന്നെ ഇത്രയും ബഹുമാനിക്കുന്നത്? ഒരു ഭർത്താവായാൽ, ഭാര്യയോട് ഇത്രയും ബഹുമാനം പാടില്ല " - മോഹൻ്റെ ആദ്യ ഗവേഷണം പരാജയം
രണ്ടാം ദിവസം മോഹൻ കൊഞ്ചിക്കുഴഞ്ഞാണ് ഭാര്യയുമായി സംസാരിക്കാൻ തുടങ്ങിയത്. അപ്പോൾ ഭാര്യ ചോദിച്ചു ''നിങ്ങൾക്ക് നാണമില്ലേ മനുഷ്യാ. കൊഞ്ചിക്കുഴയാൻ കണ്ട പ്രായം'. കുട്ടികൾ വലുതായ വിവരം മറന്നു പോയോ? അവരു കണ്ടാൽ എന്തു വിചാരിക്കും?" - അവിടെയും മോഹൻ പരാജയപ്പെട്ടു.
തൊട്ടടുത്ത ദിവസം മോഹൻ ഭാര്യയുടെ അടുത്ത്. കണ്ണുകൾ അല്പം താഴ്ത്തി വിനയത്തോടെ സംസാരിക്കാൻ തുടങ്ങി. അപ്പോൾ ഭാര്യ ചോദിച്ചു "എന്താ മനുഷ്യാ ഇത്? എന്തു പറ്റി? കുറെ ദിവസമായി ഞാൻ നിങ്ങളെ ശ്രദ്ധിക്കുന്നു 'നിങ്ങൾക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ? - അവിടെയും മോഹനു പരാജയം ഫലം.
നാലാം ദിവസം മോഹൻ രാവിലെ തന്നെ ഭാര്യയുടെ അടുത്തുചെന്ന്, കൈകൾ കൂപ്പി, കണ്ണടച്ച് സംസാരിക്കാൽ തുടങ്ങി. മോഹൻ്റെ പെരുമാറ്റത്തിലെ പന്തികേടു മനസ്സിലാക്കിയ ഭാര്യ അദ്ദേഹത്തെ ഒരു മനശാസ്ത്രജ്ഞനെ കാണിക്കുവാൻ തീരുമാനിച്ചു.
മോഹനുണ്ടോ, മനശാസ്ത്രജ്ഞനെ കാണാൻ പോകുന്നു? വീട്ടിൽ വഴക്കായി. ഭാര്യയും മക്കളും കൂടി അവർക്കു പരിജയമുള്ള ഒരു മനശാസ്ത്രജ്ഞെനെ വീട്ടിൽ വിളിച്ചു വരുത്തി.
മനശാസ്ത്രജ്ഞൻ വന്ന് മോഹനുമായി സംസാരിക്കാൻ തുടങ്ങി. മോഹൻ തൻ്റെ ഗവേഷണത്തെപ്പറ്റിയും, അതിൻ്റെ വിഷയത്തെപ്പറ്റിയും അദ്ദേഹത്തോടു പറഞ്ഞു.
എല്ലാം ക്ഷമയോടെ കേട്ടിരുന്ന അദ്ദേഹം പറഞ്ഞു "മോഹനാ , കൈകൾ കൂപ്പി, കണ്ണടച്ച് സംസാരിക്കേണ്ടത് ദൈവത്തോടാണ്. ബഹുമാനത്തോടെ സംസാരിക്കുന്നത് മാതാപിതാക്കന്മാരോടാണ്. കൊഞ്ചിക്കുഴഞ്ഞ് സംസാരിക്കുന്നത് കൊച്ചു കുട്ടികളോടാണ്. വിനയത്തോടെ ഗുരുക്കന്മാരോടാണ് സംസാരിക്കേണ്ടത്.
ഭാര്യയോട് സംസാരിക്കേണ്ടത് എങ്ങനെയാണന്ന് എനിക്കും ഇതുവരെ മനസ്സിലായിട്ടില്ല. "നമ്മൾ ഏതു രീതിയിൽ സംസാരിച്ചാലും അവരുടെ പ്രതികരണം നമ്മൾ കരുതുന്നതിലും അപ്പുറമായിരിക്കും "
അതു കൊണ്ട് താങ്കളുടെ ഗവേഷണ പരിപാടി ഉപേക്ഷിക്കുന്നതായിരിക്കും നല്ലത് മനശാസ്ത്രജ്ഞൻ്റെ വാക്കുകൾ ശ്രവിച്ച മോഹൻ തൻ്റെ ഗവേഷണം എന്നന്നേക്കുമായി ഉപേക്ഷിച്ചു.
താൻ മനസ്സിൽ താലോലിച്ചുകൊണ്ടു നടന്ന തൻ്റെ ഡോക്ടറേറ്റ് 'ഡോക്ടർ മോഹൻ തോമസ് "