അവൾ ഉറങ്ങുകയാണ്! സ്വപ്നത്തിന്റെ നീലിച്ച വഴിത്താരയിൽ നീലക്കുറിഞ്ഞിയുടെ വിഷാദത്തോടെ അവളുടെ ആത്മാവ് സഞ്ചരിച്ചു തുടങ്ങി. എന്താണ് ചെയ്യേണ്ടത്ഒ? ന്നും ചെയ്യാൻ തോന്നുന്നില്ല.
രാത്രി പതിനൊന്നു മണിയേ ആയിട്ടുള്ളു, രാവിലെ ആറുമണി വരെ സമയമുണ്ട്. അപ്പോഴേക്കേ അവൾ എഴുന്നേൽക്കുകയുള്ളു. അതുവരെ പുറത്തൊക്കെയൊന്ന് കറങ്ങി വരാം. ഇവളുടെ ശരീരത്തിൽ ആയതുകൊണ്ട് തന്റെ ജീവിതം കൂടി വേസ്റ്റാകും എന്ന് ചിന്തിച്ചു കൊണ്ട് ഒരിക്കൽ കൂടി ആ ആത്മാവ് അവളുടെ ശരീരത്തിലേക്ക് നോക്കി, പിന്നെ ഒഴുകിയൊഴുകി പുറത്തേക്ക്...
ആ യാത്രയിൽ അവളുടെ ആത്മാവ് ഒരു പാട് സ.ന്തോഷിച്ചു. ഇന്നലെ വരെ കണ്ടതു പോലെയല്ല, എന്തെല്ലാം കാഴ്ചകളാണ്. ഇതെല്ലാം താൻ നഷ്ടപ്പെടുത്തിയല്ലോ?
ഓ..! താനല്ലല്ലോ അവൾ, അവൾ കാരണമാണ് തനിക്കിതൊക്കെ നഷ്ടമായത്.തിന്നുക, കുടിക്കുക ഒമ്പതുമണിയാകുമ്പോൾ കോളേജിൽ പോവുക .നാലുമണിയാകുമ്പോൾ തിരികെ വരിക. വീണ്ടും തിന്നുക കുടിക്കുക. എന്നും ഇതു തന്നെ. അതിനിടയിലെ അല്ലറ ചില്ലറ അടുക്കള പണികളും തീർത്ത് വാട്സപ്പിലും, ഫേസ് ബുക്കിലുമായി തളച്ചിരുന്നു അവളുടെ ജീവിതം. ഏതെങ്കിലും ഒരു ആത്മാവിന് ഇതൊക്കെ സഹിക്കാൻ പറ്റുമോ...? എന്നും താൻ അവൾക്കു വേണ്ടിയായിരുന്നു ജീവിച്ചത്. ആഗ്രഹിച്ചതു പോലെയൊക്കെ പ്രവർത്തിച്ചു.ഇനിയുള്ള കുറച്ച് മണിക്കൂറുകൾ തനിക്ക് അവകാശപ്പെട്ടതാണ്. തനിക്ക് മാത്രം. അതുവരെ കാണാൻ കഴിയുന്ന കാഴ്ചകളൊക്കെ കാണണം.
നഗരങ്ങളിൽ നിന്നും നഗരങ്ങളിലേക്ക് ആ ആത്മാവ് പ്രയാണം തുടങ്ങി .സന്തോഷം നൽകുന്ന ഒരു കാഴ്ചയും എവിടെയും ദർശിക്കാനതിന് കഴിഞ്ഞില്ല. പല പല നാടുകൾ ചുറ്റി, പലതരത്തിലുള്ള മനുഷ്യർ, കണ്ണു പൊത്തി പോകുന്ന കാഴ്ചകൾ. ഇറങ്ങി പുറപ്പെട്ട ആ..നിമിഷത്തെ ഓർത്ത് സ്വയം ശപിച്ചു പോയി. ഇതിനേക്കാളും അവളുടെ വാട്സപ്പും, ഫേസ്ബുക്കും തന്നെയായിരുന്നു നല്ലത്. എത്രയും പെട്ടെന്ന് അവളുടെ ശരീരത്തിൽ തന്നെ തിരിച്ചെത്തണം. തിരിച്ച് പോകേണ്ട കാര്യം ഓർത്ത ആ ആത്മാവൊന്നു ഞെട്ടി. താൻ പുറപ്പെട്ടിട്ടു തന്നെ ഒരു ദിവസം കഴിയാറായിരിക്കുന്നു. അപ്പോൾ തന്റെ ശരീരത്തിന്റെ അവസ്ഥ, എന്തായിരിക്കും.എത്രയും പെട്ടെന്ന് ശരീരത്തിനടുത്തെത്താനുള്ള ശ്രമമായിരുന്നു പിന്നെ.
തിരികെയെത്തിയ ആത്മാവിന് അവളുടെ ദേഹത്തെ അവിടെ എവിടെയും കണ്ടെത്താൻ സാധിച്ചില്ല .ചുറ്റിലും ശ്രദ്ധ തിരിയുന്ന തിനിടയിൽ ആരോ പറയുന്നതു കേട്ടു.
"ഇന്നലെ ചോറ് കഴിച്ച് ഉറങ്ങാൻ കിടന്നതായിരുന്നു, അതുവരെ ഒരു പ്രശ്നവും ഇല്ലായിരുന്നു. രാവിലെ എഴുന്നേൽക്കാത്തതു കണ്ടപ്പോഴാ...കഷ്ടം ഇത്ര ചെറുപ്പത്തിലേ; അതെങ്ങനെയാ ഇപ്പോഴത്തെ പിള്ളേർക്ക് കളീം ചിരീം വല്ലോം ഒണ്ടോ..? രാവിലെ ഉണർന്നാ ഉറങ്ങുന്നതുവരെ ഫോണും കുത്തി പിടിച്ചല്ലെ ഇരിപ്പ്". അതിൽ പ്രായമായൊരാൾ ആരോടെന്നില്ലാതെ പിറു പിറുത്തു. അവിടെയുള്ളവരുടെ സംസാരത്തിൽ നിന്നും ആ ആത്മാവിന് ഒരു കാര്യം മനസിലായി.തന്റെ ദേഹം അടുത്തുള്ള പ്രമുഖമായ ഹോസ്പിറ്റലിൽ ആണെന്ന്.
പിന്നെ ഒരു നിമിഷം പോലും കളയാതെ ഹോസ്പിറ്റലിലേക്കത് പ്രയാണമാരംഭിച്ചു. ജീവനില്ലാത്ത അവളുടെ ശരീരത്തിനെ ഹോസ്പിറ്റലിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരു നൊടിയിയിൽ ആ ശരീരത്തിൽ പ്രവേശിക്കാനൊരുങ്ങിയ ആ ആത്മാവ് ഷോക്കടിച്ചതു പോലെ ശക്തിയായി പിന്നോട്ടേക്ക് ആഞ്ഞു പോയി. കാരണം ആ ശരീരത്തിൽ ഇടവിട്ട് ഇടവിട്ട് മിടിക്കുന്ന ജീവന്റെ കണികകൾ. ഇതെങ്ങനെ...? തന്റെ അസാന്നിധ്യത്തിൽ ഇതെങ്ങനെ സംഭവിച്ചു. ഒരേ സമയം ആകാംക്ഷയും, അമ്പരപ്പും മാറി മാറി അതിൽ പ്രകടമായി.
അടുത്തിരിക്കുന്ന നഴ്സ് ഇടയ്ക്കിടെ അവളുടെ ഹാർട്ട് ബീറ്റ്സ് ചെക്കു ചെയ്യുന്നുണ്ട്. എന്താണ് സംഭവിച്ചതെന്നറിയാതെ ഒരു ഭാരത്തോടെ ആ ആത്മാവ് പുറത്തേക്കൊഴുകി. അവളുടെ അച്ഛനും, അമ്മയും, അനുജനും പുറത്തെ വരാന്തയിൽ വിഷമിച്ചിരിപ്പുണ്ട്. അപ്പോഴാണ് ആജാനുബാഹുവായ ഒരാൾ ഐ സി യു റൂമിനരികിലേക്ക് നടന്നു വരുന്നത് ആ ആത്മാവ് കണ്ടത്. അയാളെ കണ്ടപ്പാടെ അവളുടെ അച്ഛൻ എഴുന്നേറ്റു ചെന്ന് അയാൾക്കു നേരെ കൈകൂപ്പി .
''സാറ് കാരണാ...എന്റെ മോൾക്ക് ജീവൻ തിരിച്ചുകിട്ടിയത്".
"ഓ... അങ്ങനെയൊന്നും ഇല്ല മാഷേ, മനുഷ്യന്റെ ബുദ്ധിവികാസത്തിൽ ശാസ്ത്രവും പുരോഗമിച്ചു. അതിലൂടെ നിർമ്മിച്ച കൃത്രിമ ഹൃദയവും, ശ്വാസകോശവും വിജയകരമായി വെച്ചുപിടിപ്പിക്കാൻ സാധിച്ചു. അവള് ചെറുപ്പല്ലേ. ഇനിയും ഒത്തിരി കാലം ജീവിക്കട്ടെ, ഒന്ന് രണ്ട് ആഴ്ചകൾ കൊണ്ട് അവൾ സാധാരണ രീതിയിലേക്ക് തിരിച്ചു വരും".
ഒരു ചിരിയോടെ ഡോ: അയാളുടെ ചുമലിൽ തട്ടി ആശ്വസിപ്പിച്ച് മുന്നോട്ട് നടക്കുന്നതിനിടയിൽ ഫോൺ റിങ് ചെയ്തു.
"കൺഗ്രാജുലേഷൻസ് '' ഫോണിലൂടെ സീനിയർ ഡോക്ടറുടെ അഭിനന്ദനം അദ്ദേഹത്തിൻ്റെ ചെവിയിൽ വന്നലച്ചു.
"താങ്ക്യൂ''
"ശസ്ത്രക്രിയ വിജയകരമായിരുന്നു അല്ലെ. നാട്ടിൽ ഇല്ലാത്തോണ്ട് അതിൽ പങ്കാളിയാവാൻ എനിക്ക് പറ്റീലല്ലോ...? ശ്ശോ...മിസ്സായി".
"ഓ...സാറത് ഓർത്ത് വിഷമിക്കുകയൊന്നും വേണ്ട. അവസരങ്ങൾ ഇങ്ങനെ നീണ്ടു നിവർന്നു കിടക്കുവല്ലേ..! നോക്കിക്കോ ഒരു 3000 വർഷമൊക്കെ ആവുമ്പോഴേക്കും എല്ലാവരും യാന്ത്രവൽകൃത ഹൃദയവും കൊണ്ട് നടക്കുന്നത് കാണാം. സങ്കടമില്ല,സന്തോഷമില്ല, വിരഹമില്ല, പ്രണയമില്ല, ഇതൊന്നും ഇല്ലാതെ മനുഷ്യൻ തികച്ചും റോബോട്ടുകളായി മാറുന്നത് കാണാൻ നമ്മളും ചിലപ്പോൾ ജീവിച്ചിരിപ്പുണ്ടാവും, കൃത്രിമ ഹൃദയവും, ശ്വാസകോശവുമൊക്കെയായി. അല്ലേ ഡോക്ടർ.?" പൊട്ടിച്ചിരിയോടെയുള്ള അവരുടെ വർത്തമാനം ,ആത്മാവിന് അരോചകമായി തോന്നി. ഈ ശാസ്ത്രയുഗത്തിൽ തനിക്കിനിയൊരു മടങ്ങിപ്പോക്കില്ല.പുതിയൊരു ദേഹമോ, പുനർജന്മമോ സാധ്യവുമല്ല. ഗതികിട്ടാത്ത ആത്മാവെന്ന വിളിപ്പേരുമായി ഇനിയുമിങ്ങനെ ഒഴുകിനടക്കാം.
ഒട്ടൊരു വിഷമത്തോടെ ആ ആത്മാവ് പതുക്കെ മറ്റൊരു ദേഹവും തേടി പുറത്തേക്ക് സഞ്ചരിക്കാൻ തുടങ്ങി.