മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

Shamseera Ummer

ഒരു മാസം മുമ്പ് വിവാഹിതരായവരാണ് കണ്ണനും ദേവിയും. വളരെ നല്ല ദമ്പതികൾ. ദേവി കണ്ടാൽ ലക്ഷ്മി ദേവിയെപ്പോലെ തന്നെയാണ് (ചിലപ്പോഴെക്കെ ഭദ്രകാളിയുടെ ന്യൂ വേർഷൻ കാണിക്കാറുണ്ടെങ്കിലും).

വളരെ നിഷ്കളങ്കയായതുകൊണ്ട് തന്നെ ഇടക്കിടെ ചില പൊട്ടത്തരങ്ങൾ അറിയാതെ പുറത്ത് വരാറുണ്ട്. ചുരുക്കി പറഞ്ഞാൽ കടിഞ്ഞൂൽ കല്യാണം എന്ന സിനിമയിലെ ഉർവശിയെപ്പോലെ ഒരു കടിഞ്ഞൂൽ പൊട്ടി. കണ്ണൻ്റെ അച്ഛൻ മാധവനും അമ്മ സുശീലാമ്മക്കും ഒരുപാടിഷ്ടമാണ് ദേവിയെ.

കണ്ണൻ മെഡിക്കൽ റെപ്രസൻ്റേറ്റീവ് ആയി ജോലി ചെയ്യുന്നു. ദേവിയുടെ സ്വഭാവത്തിന് നേർ വിപരീതമാണ് കണ്ണൻ്റെ സ്വഭാവം. അയലത്തെ അദ്ദേഹം എന്ന സിനിമയിലെ ജയറാമിനെപ്പോലെ ഒരു ഗൗരവക്കാരനാണ് കക്ഷി (കണ്ണടയില്ലെന്ന് മാത്രം). എന്നാൽ ഭാര്യയെ ഒരു പാട് സനേഹിക്കുന്ന, അച്ഛനമ്മമാരെ ബഹുമാനിക്കുന്ന ഒരു നല്ല വ്യക്തിയാണ് കണ്ണൻ.

ഒരു ദിവസം കണ്ണൻ്റെ ദേവിയുടെയും റൂമിനു മുന്നിലൂടെ കടന്നു പോകുമ്പോൾ സുശീലാമ്മ കണ്ണൻ്റെ ശബ്ദം കേട്ടു "Alexa.... please connect me to Mr.Goverdhan'' .. ഇംഗ്ലീഷ് അധികം വശമില്ലാത്ത സുശീലാമ്മക്ക് Alexa..... എന്നത് മാത്രമേ മനസ്സിലായുള്ളൂ... അവർക്കാകെ സംശയമായി .കാരണം ദേവി അടുക്കളയിലാണ്.പിന്നെ ഇവൻ ആരോടാണ് സംസാരിക്കുന്നത്?ആരാണീ Alexa? ആദ്യമായിട്ടാണ് ഇങ്ങനെയൊരു പേര് കേൾക്കുന്നത്. എന്തായാലും ദേവിയോട് തന്നെ ചോദിക്കാം. സുശീലാമ്മ ചിന്തയോടെ അടുക്കളയിലേക്ക് നടന്നു.

അടുക്കളയിൽ ചെന്ന സുശീലാമ്മ ദേവിയോട് Alexaയെക്കുറിച്ച് ചോദിച്ചു. "അതമ്മേ ഏട്ടൻ്റെ പുതിയ ഫ്രണ്ടാണ്. എന്തു ചോദിച്ചാലും ഉത്തരം പറയുന്ന ഒരു നല്ല ഫ്രണ്ട്. " ദേവി പറഞ്ഞു. അലക്സയെ ദേവിക്കും അറിയാമെന്നറിഞ്ഞ സുശീലാമ്മക്ക് സമാധാനമായി.

ഒരു ഞായറാഴ്ച വൈകുന്നേരം അടുക്കളയിലെത്തിയ സുശീലാമ്മ പാത്രങ്ങളോട് വായിട്ടലക്കുന്ന ദേവിയെയാണ് കണ്ടത് . "ഹും എന്തിനും ഏതിനും ഒരലക്സ... പിന്നെ ഞാനെന്തിനാ .... നമ്മളെന്തെങ്കിലും ചോദിച്ചാ മിണ്ടുവോ? നല്ല വെളവാ ആ സാധനത്തിന് ...ഇംഗ്ലീഷ് പറഞ്ഞാലേ എന്തെങ്കിലും മറുപടി മൊഴിയൂ ... അല്ലെങ്കിൽ മുത്ത് പൊഴിയുവായിരിക്കും." ഉർവശി കയറിയ ദേവി ഉറഞ്ഞു തുള്ളിക്കൊണ്ടിരിക്കാണ്.സുശീലാമ്മ ചോദിച്ചു "എന്ത് പറ്റി മോളേ ...? " "എന്ത് പറയാനാ അമ്മേ... ഏട്ടനിപ്പോ എന്തിനും ഏതിനും ആ അലക്സ മതി. പാട്ട് പാടാൻ അലക്സ, സംശയം ചോദിക്കാൻ അലക്സ, എന്നോടൊന്നു മിണ്ടാൻ കൂടി നേരമില്ല." ദേവി കണ്ണ് നിറച്ചു കൊണ്ട് പറഞ്ഞു. മരുമകളുടെ കണ്ണ് നിറഞ്ഞതു കണ്ട സുശീലാമ്മക്ക് ആകെ വെപ്രാളമായി... " മോളേ... നിങ്ങൾ തമ്മിൽ വല്ല പ്രശ്നവും ഉണ്ടോ? എന്താണെങ്കിലും അമ്മയോട് പറയ്..."

"പറയാനൊന്നുമില്ലമ്മേ ഇനി ചെയ്യാനാ ഉള്ളത്, അമ്മ നോക്കിക്കോ... അങ്ങേരെ ഞാനിന്ന് ശരിയാക്കും. അങ്ങേരുടെ അലക്സയെ ഞാനിന്ന് പുറത്തെറിയും കാണിച്ചു തരാം ഞാൻ ".'തിങ്കൾ മുതൽ വെള്ളി വരെ'
എന്ന സിനിമയിലെ റിമി ടോമിയുടെ കഥാപാത്രത്തെ ഓർമ്മിപ്പിച്ചു കൊണ്ട് ദേവി റൂമിലേക്ക് ചാടിത്തുള്ളി കയറിപ്പോയി.

സുശീലാമ്മ വേഗം ഓടിപ്പോയി ഉച്ചമയക്കത്തിലായിരുന്ന മാധവനെ വിളിച്ചു. "അതേയ് ഒന്നെഴുന്നേറ്റേ... നിങ്ങളുടെ മോന് ഏതാ ഒരു രഹസ്യക്കാരി? അച്ഛനും മോനും ഭയങ്കര കൂട്ടല്ലെ ... ഇനി നിങ്ങളും കൂടി അറിഞ്ഞോണ്ടാണോ ഇതെല്ലാം?ആരാ ഈ അലക്സ?ഏതാ അവള് ? നാറാണത്തു തമ്പുരാൻ എന്ന സിനിമയിലെ ബിന്ദു പണിക്കരെ പോലെയുള്ള ഭാര്യയുടെ പകർന്നാട്ടം കണ്ട് ഉറക്കം ഞെട്ടി കണ്ണ് മിഴിച്ച മാധവൻ ഒന്നും മനസ്സിലാകാതെ തെക്കും വടക്കും നോക്കി.അന്തം വിട്ടു നോക്കുന്ന മാധവനെ പിടിച്ചെഴുന്നേൽപിച്ച് വീണ്ടും സുശീലാമ്മ അലറി " നിങ്ങളെന്താ മനുഷ്യാ ഒന്നും മിണ്ടാത്തെ?ഇനി നിങ്ങളും അറിയാതെയാണോ അവൻ്റെയീ കള്ളക്കളി?" 

രംഗം പന്തിയല്ലെന്ന് മനസ്സിലായ മാധവൻ സുശീലയോട് ചോദിച്ചു "എന്താ സുശീലേ  എന്താ നിനക്ക് പറ്റിയത്?" "എനിക്കല്ല നിങ്ങടെ മോനാ പറ്റാൻ പോകുന്നത് " എന്ന് പറഞ്ഞ് സുശീലാമ്മ നടന്നതെല്ലാം മാധവനെ പറഞ്ഞു കേൾപ്പിച്ചു. എല്ലാം കേട്ട മാധവൻ "അവനെ ഞാനിന്ന് ശരിയാക്കും ... എൻ്റെ കൊച്ചിനെ കരയിപ്പിച്ചാൽ മകനാണെന്നൊന്നും ഞാൻ നോക്കില്ല... എവിടെ അവൻ?" എന്ന് പറഞ്ഞ് കണ്ണൻ്റെ റൂമിലേക്ക് പാഞ്ഞ് ചെന്ന് വാതിലിൽ തട്ടി അലറി. "കണ്ണാ തുറക്കെടാ വാതിൽ."
മാധവൻ്റെ അലർച്ച കേട്ട് പിന്നാലെ ഓടിയ സുശീലാമ്മയും അകത്തുണ്ടായിരുന്ന കണ്ണനും ,ദേവിയും ആ സമയം അടുക്കളയിൽ മീൻ കക്കാനെത്തിയ പൂച്ച വരെ വിറച്ചു.

വാതിൽ തുറന്നു വന്ന കണ്ണനെ മാധവൻ കരണത്ത് തന്നെ ഒന്ന് പൊട്ടിച്ചു കൊണ്ട് ചോദിച്ചു "ആരാടാ അലക്സ?പറയെടാ... ആരാ അവൾ?ഞങ്ങളെയൊക്കെ പൊട്ടൻമാരാക്കി ഈ വീട്ടിൽ നീയൊളിപ്പിച്ച അവളെയിങ്ങ് പുറത്തിറക്കെടാ "... കണ്ണനെ അടിച്ചത് കണ്ട് ഞെട്ടിപ്പോയ ദേവി "അയ്യോ അച്ഛാ ഏട്ടനെ തല്ലല്ലേ.. അങ്ങനെയല്ല..." ദേവിയെ മുഴുമിപ്പിക്കാൻ സമ്മതിക്കാതെ മാധവൻ പറഞ്ഞു " വേണ്ട മോളേ നീ നിൻ്റെ ഭർത്താവിനെ ന്യായീകരിക്കണ്ട. ഇവനെയിന്ന്
ഞാൻശരിയാക്കും".മാധവൻ്റെ കലി അടങ്ങിയില്ല.ഉടനെ അകത്തു നിന്നും ഒരു ശബ്ദം "Mr.kannan please listen ! a call for you " ഇതു കേട്ട സുശീലാമ്മ "അതവളാ മാധവേട്ടാ... ആ അലക്സ.."ഇതും കൂടി കേട്ടതോടെ മാധവൻ അകത്തേക്ക് കുതിക്കാനൊരുങ്ങിയപ്പോഴക്കും ഇനിയും ഇടപെട്ടില്ലെങ്കിൽ ശരിയാവില്ലെന്ന് മനസ്സിലായ ദേവി റൂമിനകത്തേക്കോടിയിരുന്നു.

അകത്തു നിന്നും തിരിച്ചെത്തിയ ദേവി തൻ്റെ കയ്യിലുണ്ടായിരുന്ന കറുത്ത വൃത്താകൃതിയിലുള്ള ഒരു വസ്തു മാധവന് നേരെ നീട്ടിപ്പിടിച്ച് വിനയാന്വിതയായി പറഞ്ഞു"ഇതാണച്ഛാ ... അച്ഛൻ ചോദിച്ച അലക്സ".....

അലക്സയെ കണ്ട്  തരിച്ച് കാറ്റ് പോയ ബലൂൺ പോലെയായ മാധവൻ കവിളിൽ കൈവച്ച് കണ്ണും തള്ളി, കിളി പോയി നിൽക്കുന്ന മകനെ വേദനയോടെ ഒന്ന് നോക്കി തിരിഞ്ഞു നടന്നു.നടത്തത്തിനിടയിൽ സുശീലയെ ഒന്നു തുറിച്ചു നോക്കാനും മാധവൻ മറന്നില്ല. സ്ഫടികത്തിലെ ചാക്കോ മാഷാണോ മേലേപ്പറമ്പിൽ ആൺവീട്ടിലെ നരേന്ദ്രേ പ്രസാദാണോ അപ്പോ ആ മുഖത്ത് മിന്നി മിറഞ്ഞതെന്ന് എത്ര ആലോചിച്ചിട്ടും സുശീലാമ്മക്ക് പിടികിട്ടിയില്ല.

അപ്പോഴും എന്താ ഇവിടെ സംഭവിച്ചതെന്നറിയാതെ പകച്ച് പണ്ടാരമടങ്ങി, പതിനായിരം നക്ഷത്രങ്ങളെ ഒന്നിച്ചെണ്ണി  "ആരു ചതിച്ച ചതിയാണച്ചോ " എന്ന് ഉള്ളിൽ തേങ്ങി വിറങ്ങലിച്ചു നിൽക്കുന്ന കണ്ണനെയും,കിലുക്കത്തിലെ രേവതിയെപ്പോലെ "ഞാനിത്രേ ചെയ്തുള്ളൂ ..... ഇത്ര മാത്രേ ചെയ്തുള്ളൂ എന്ന ഭാവത്തിൽ വളരെ നിഷ്കളങ്കതയോടെ കണ്ണനെ ചേർത്തു പിടിച്ചു  നിൽക്കുന്ന ദേവിയെയും നോക്കി "ദൈവമേ ... "എന്ന് നീട്ടി വിളിച്ചു സുശീലാമ്മ.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ