മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

"ഇച്ചായാ.. ഞാനൊരു മൂക്കൂത്തി വാങ്ങാൻ തീരുമാനിച്ചു. നമുക്ക് ഇന്നു തന്നെ പോയി വാങ്ങിയാലോ?" ട്രീസയുടെ പുതിയ ആവശ്യം കേട്ട തോമസുകുട്ടി ആശ്ചര്യത്തോടെ ചോദിച്ചു.

"മൂക്കൂത്തിയോ?"

"അതെ, ചുവപ്പു കല്ലുവെച്ച ഒരു മുക്കൂത്തി."

"നിനക്കെന്താ ട്രീസാ, നമ്മൾ ക്രിസ്ത്യാനികൾ മൂക്കുത്തിയിടുമോ?"

തോമസുകുട്ടിയുടെ മറുചോദ്യത്തിൽ ഒരു പരിഹാസം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.

"ഇച്ചായൻ എന്നെ കളിയാക്കുക യൊന്നും വേണ്ട. ഞാൻ കാര്യായിട്ട് പറയുകയാണ്. എനിക്കൊരു മൂക്കുത്തി വേണം. എൻ്റെ കൂട്ടുകാർക്ക് എല്ലാം ഉണ്ട്. ഇപ്പോൾ മൂക്കുത്തിയിടുന്നതാണ് ട്രെൻഡ്. "

അയാളുടെ ഓർമ്മകൾ കുറേ പിന്നിലോട്ട് പോയി. നാലു വർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹ തീയതി നിശ്ചയിച്ചു. പേരിനൊരു പെണ്ണുകാണൽ ചടങ്ങ്! വീട്ടുകാരെക്കുറിച്ചെല്ലാം വിശദമായി തന്നെ അവൾക്ക് പറഞ്ഞു കൊടുത്തിരുന്നു. അന്ന് അമ്മയും, ചേച്ചിമാരും അയാൾക്കൊപ്പം പെണ്ണുകാണാൻ ട്രീസയുടെ വീട്ടിൽ പോയി. കൊച്ചേച്ചി മൂക്കൂത്തിയണിഞ്ഞത് തീരെയിഷ്ടപ്പെടാതെ അവൾ പറഞ്ഞു.'ഇത് ഒരു മാതിരി തമിഴത്തികളെപ്പോലെ! നമ്മൾ ക്രിസ്ത്യാനികൾ മുക്കൂത്തിയിടുമോ?'എന്ന്.

"അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ ട്രീസാ.. നമ്മളെന്തിനാ അക്കാര്യത്തെക്കുറിച്ച് പറയുന്നത്. ചേച്ചിയ്ക്ക് ഇഷ്ടമുള്ളതുകൊണ്ട് ചേച്ചി മൂക്കൂത്തിയിട്ടു. തനിക്കിഷ്ടമില്ലേൽ താൻ ഇടണ്ടാ."
തോമസുകുട്ടി പറഞ്ഞു.

"ഇത്തരം വേഷം കെട്ടലൊന്നും എനിക്കിഷ്ടമല്ല. എന്നെയതിനു കിട്ടത്തുമില്ല. നല്ല കുടുംബത്തു പിറന്നവരൊന്നും ഇത്തരം വേഷം കെട്ടലുകൾ കാണിക്കത്തില്ല."
രോഷത്തോടെയവൾ പറഞ്ഞു.

എണ്ണ തേച്ച് മിനുക്കിയ മുടിയും, മഷിയെഴുതാത്ത കണ്ണുകളും, ചായം തേയ്ക്കാത്ത ചുണ്ടുകളുമായി യാതൊരു വിധ മെയ്ക്കപ്പുമില്ലാതെ കോളേജിൽ വന്നിരുന്ന ആ നാടൻ പെൺകുട്ടിയെ ഇഷ്ടപ്പെടാൻ അതല്ലാതെ മറ്റു പ്രത്യേകതകൾ ഒന്നുമില്ലായിരുന്നു. 

ഒരുൾനാടൻ ഗ്രാമത്തിൽ ജനിച്ചു വളർന്നതിൻ്റെ അടക്കവും ഒതുക്കവും പ്രകടമാക്കിയ കോളേജ് ജീവിതം. പശുവിനേം കോഴിയേം വളർത്തി അമ്മ കൊടുത്ത പണം കൊണ്ട് ഡിഗ്രി യെടുത്തവൾ. വിവാഹം കഴിഞ്ഞ നാൾ തൊട്ട് അവൾ പാടേ മാറി. ബ്യൂട്ടി പാർലറും, ഫേഷ്യലും, മെയ്ക്കപ്പുമൊഴിഞ്ഞ നാളുകൾ ഇല്ലെന്നു തന്നെ പറയാം.

ലിപ്സ്റ്റിക്കിൻ്റെ അതിപ്രസരം കൊണ്ട് ഒരിക്കൽ അയാൾ 'രക്തം കുടിച്ച ഒരു യക്ഷിയുടെ ചുണ്ടുപോലെ തോന്നുന്നു' എന്ന് പറഞ്ഞു പോയതിൻ്റെ പ്രതിഷേധം ഒരാഴ്ചയോളം കലഹമായി പ്രതിധ്വനിച്ചു.
അതിനു പ്രതികാരമെന്നോണം ഓവറായിട്ട് ലിപ്സ്റ്റിക്ക് തേച്ച കുറേ ചിത്രങ്ങൾ അവൾ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തു. അവളുടെ കുറച്ച് ഫ്രണ്ട്സും ട്യൂഷൻ സ്റ്റുഡൻസും ലൈക്കും കമൻ്റും കൊടുത്തതോടെ അവൾ സംതൃപ്തയാക്കുകയും ചെയ്തു. അതോടെ അവളുടെ അഹന്ത കൂടി.

'ഇനി മൂക്കൂത്തിയിടാൻ താനായിട്ട് എന്തേലും അതൃപ്തി കാട്ടിയാൽ അതിൻ്റെ ദേഷ്യം മുഴുവൻ താനും മക്കളും അനുഭവിക്കേണ്ടി വരും.'
മനസില്ലാ മനസോടെ അയാൾ അവൾക്കൊപ്പം നിൽക്കുന്നതായി ഭാവിച്ചു.

'ഭീമ ജ്വല്ലറി'യിൽ നിന്നും അവൾക്കിഷ്ടപ്പെട്ട മുക്കൂത്തി ഒരെണ്ണം വാങ്ങി.

"എൻ്റെ മൂക്കു കുത്തുന്ന വീഡിയോ പിടിക്കണേ ഇച്ചായാ. FB യിൽ ഇട്ട് എൻ്റെ ഫ്രണ്ട്സിനെ ഒക്കെ ഒന്ന് ഞെട്ടിക്കണം.'' അവൾ പറഞ്ഞതനുസരിച്ച് അയാൾ അവളുടെ അതിഭാവുകത്വം നിറഞ്ഞ ചലനങ്ങൾ ഒപ്പിയെടുത്തു.

അടുത്ത ദിവസം തന്നെ നമുക്ക് കൂട്ടുകാരുടേയും സ്റ്റുഡൻസിൻ്റെയും വീടുകളിൽ പോകണമെന്നവൾ ഇച്ചായനോട് ആവശ്യപ്പെട്ടു. അതിനു ശേഷം പോകാനായി കുറച്ച് ബന്ധുവീടുകളും അവൾ തിരഞ്ഞെടുത്തു. അവൾക്ക് പൊതുവെ ബന്ധുക്കളെയാരെയും ഇഷ്ടമല്ല. പ്രത്യേകിച്ച് അവളെക്കാൾ സൗന്ദര്യമുള്ളവരോ, സമ്പന്നരോ ആണെങ്കിൽ പിന്നെ പറയുകയും വേണ്ട. കുടുംബക്കാർ ആരെങ്കിലും വന്നാൽ തന്നെ അവർക്ക് വെച്ചുവിളമ്പി കൊടുക്കാനൊന്നും അവൾക്ക് താൽപ്പര്യവുമില്ല. അതിനാൽ തന്നെ പലപ്പോഴും അടുക്കളയിൽ കയറേണ്ടി വന്നു പാവം തോമസുകുട്ടിയ്ക്ക്.

മൂക്കൂത്തിയിട്ടതിൻ്റെ ഏഴാംനാൾ വന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ട്രീസയുടെ സകല സ്വപ്നങ്ങളും തകർത്തു കളഞ്ഞു.

" കോവിഡ് നിയന്തണങ്ങളുടെ ഭാഗമായി വീടിനു പുറത്തിറങ്ങുന്നവർ നിർബന്ധമായും മാസ്ക്ക് ധരിച്ചിരിക്കണം."

 

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ