mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

കാലങ്ങളായി അവൾ തന്നെത്തന്നെ തേടുകയായിരുന്നു. ചുറ്റും മുൾച്ചെടികളാൽ നിർമ്മിക്കപ്പെട്ട,  അവളെ പൊതിഞ്ഞിരുന്ന ആ വേലിക്കപ്പുറം ഒരു മലർവനം അവളെ എപ്പോഴും മാടി മാടി വിളിച്ചിരുന്നു. 

അവിടെ പലനിറത്തിലുള്ള മനോഹരമായ പുഷ്പങ്ങൾ മന്ദമാരുതന്റെ തലോടലേറ്റ് അവളെ നോക്കി പുഞ്ചിരിച്ചു. പല നിറത്തിലുള്ള ചിത്രശലഭങ്ങൾ പൂക്കൾ തോറും തേനുണ്ട് പാറിപ്പറക്കുന്നതവൾക്ക് കാണാമായിരുന്നു. 

അനേകം പക്ഷികൾ അവയുടെ കളകൂജനങ്ങളാൽ അവിടെ രാഗവിസ്താരം നടത്തിയിരുന്നു. വർണ്ണശബളമായ ആ മലർവനത്തിലേക്കുള്ള അവളുടെ വീഥി ഇടുങ്ങിയതും ഇരുൾ മൂടിയതുമായിരുന്നു. ആ വഴിയിൽ അവളെന്നും ഒറ്റയ്ക്കായിരുന്നു. അവിടേയ്ക്കു കാൽവയ്ക്കാനായി അവളുടെ ഹൃദയം വെമ്പിയപ്പോഴൊക്കെ ആ മുൾവേലി അവളെ പിറകോട്ടു വലിച്ചിരുന്നു. 

ആ വേലിയിലെ മുള്ളുകൾ കൊണ്ടുണ്ടായ പോറലുകൾ അവളുടെ ഹൃദയത്തിൽ നിന്നും, മിഴികളിലൂടെ ചുടുനിണമൊഴുക്കിയിരുന്നു. തന്നെ വരിഞ്ഞുമുറുക്കുന്ന ആ മുൾവേലിയിൽ അവൾ പലമുഖങ്ങൾ കണ്ടു. 

പെൺകുട്ടികൾ മുടിയഴിച്ചിടരുത്, പുറകിൽ കിടന്നടിക്കുന്ന മുടി പുരുഷന്മാരെ മാടിവിളിക്കുമെന്നു പറഞ്ഞ് അവളുടെ കറുത്തു നീളമുള്ള മുടിയഴിച്ചിടുന്നതിൽ നിന്ന് എന്നുമവളെ വിലക്കിയിരുന്ന മുത്തശ്ശിയുടെ മുഖം. 

അതിനപ്പുറം അച്ഛന്റെയും ആങ്ങളയുടെയും മാനം നിന്റെ കയ്യിലാണെന്നും താഴ്ത്തിയ തല ഉയർത്താതെ പെരുവഴിയിലൂടെ പോകുന്നവളാണ് ഉത്തമനാരിയെന്നും പറഞ്ഞ് ഒരിക്കലും തലയുയർത്താൻ അവളിലെ സ്ത്രീയെ സമ്മതിക്കാതിരുന്ന അമ്മയുടെ മുഖം.

വിദ്യയെക്കാൾ വിവാഹമാണ് പ്രായപൂർത്തിയായ മകൾക്കാവശ്യമെന്നു വാശി പിടിച്ച അച്ഛന്റെ മുഖം.

സഹോദരിക്കൊരു സുഹൃത്താവാൻ മടിച്ച സഹോദരന്മാരുടെ മുഖം.

എന്തൊക്കെപ്പറഞ്ഞാലും സ്ത്രീക്ക് പരിമിതികളുണ്ടെന്ന് ശഠിച്ചു സ്വയം തന്നിലേക്കൊതുങ്ങിയ സഹോദരിമാരുടെ മുഖം.

ഭാര്യയെന്നാൽ വച്ചുവിളമ്പിത്തരാനും സ്വന്തം മക്കളെ പ്രസവിച്ചു വളർത്താനുമുള്ള വികാരരഹിത ജീവിയെന്നു മാത്രമറിയാവുന്ന പതിയുടെ മുഖം.

അമ്മയെന്നാൽ തങ്ങൾക്കാവശ്യമുള്ള സാധനങ്ങളുടെ ഉറവിടമാണെന്ന് കരുതുന്ന മക്കളുടെ മുഖം.

വിരസമായ യാത്രകളിലെ തിരക്കിന്റെ സൗകര്യത്തിൽ അരികിൽ നിൽക്കുന്ന സഹയാത്രികയെ മുട്ടിയുരുമ്മി  ആനന്ദം കണ്ടെത്തുന്ന സഹയാത്രികന്റെ മുഖം.

മടുപ്പിക്കുന്ന തൊഴിലിടങ്ങളിൽ സഹപ്രവർത്തകയെ മാനിക്കാനറിയാത്ത, വഷളത്തം പറഞ്ഞു കണ്ണടച്ചു കാട്ടി സ്വയം നിർവൃതിയടയുന്ന സഹപ്രവർത്തകന്റെ മുഖം.

അതിനിടയിലെവിടെയും അവൾ തേടിയ അവളുടെ മുഖം അവൾക്ക് കാണാനായില്ല.

മുന്നിലിപ്പോൾ ആ മലർവനവും അവളിൽ നിന്നകന്നകന്നു പോയിരിക്കുന്നു. ഇപ്പോഴവിടെ ചിരിക്കുന്ന പൂക്കളില്ല. പാറിപ്പറക്കുന്ന ശലഭങ്ങളോ പാടുന്ന പക്ഷികളോ ഇല്ല. നിതാന്തമായ ഇരുളും നിശ്ശബ്ദതയും മാത്രം.

എവിടെയാണവൾക്കവളെ നഷ്ടപ്പെട്ടത്? തലതാഴ്ത്തി നടന്ന പൊതുവഴിയിലോ, അഗ്നിസാക്ഷിയായ വിവാഹപ്പന്തലിലോ, അടുക്കളയിലെ മാറാലകൾക്കിടയിലോ, അതോ സ്വയം തിരിച്ചറിയാതെ പോയ ജീവിത വഴിയിലോ?

ഇപ്പോഴും  അവൾ തേടുകയാണ്, എന്നെങ്കിലും കണ്ടെത്താനാവുമെന്ന പ്രതീക്ഷയിൽ!

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ