mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(അബ്ബാസ് ഇടമറുക്)

നിറയെ റോസാചെടികൾ കൊണ്ടു നിറഞ്ഞ ആ വീടിന്റെ മുറ്റത്തു കെട്ടിയുയത്തിയ ടാർപ്പോളിൻ പന്തലിനുകീഴേ നിൽക്കുമ്പോൾ മനസ്സുമുഴുവൻ വല്ലാത്തൊരുമരവിപ്പ് മാത്രമായിരുന്നു.

ഉള്ളം വല്ലാതെ തേങ്ങുന്നുണ്ടെങ്കിലും മറ്റുള്ളവർക്കുമുന്നിൽ കണ്ണുനീർ പൊഴിക്കാനുള്ള അപമാനഭാരത്താലാവും എന്റെ മിഴികൾ നിറഞ്ഞതൂവാതിരിക്കുന്നത്. ജീവനോടെ എന്നെങ്കിലുമൊരിക്കൽ നേരിൽ കാണണമെന്ന് ആഗ്രഹിച്ച മുഖം ഇന്നിതാ ജീവനറ്റ് വെള്ളത്തുണിയാൽ മൂടപ്പെട്ട് കട്ടിലിൽ കിടക്കുകയാണെന്ന ഓർമ്മ എന്റെ ഹൃദയത്തെ പിച്ചിപ്പറിച്ചു.

വീടിന്റെ ചുമരിൽ തെർമോക്കോളുകൊണ്ട് അവളുണ്ടാക്കി വെച്ച നെയിംബോർഡിൽ ഒരുമാത്ര കണ്ണുകളുടക്കി. 'റൈഹാനാ മനസിൽ'. പേരുപോലെതന്നെ അവളൊരു ഹൂറിയായിരുന്നു. പൂക്കളുടെയും കവിതകളുടെയും ഒക്കെ ആരാധിക.വായനയോടും എഴുത്തിനോടുമായിരുന്നു അവളുടെ പ്രണയം അതിനോട് മാത്രം ... അതായിരുന്നു അവളുടെ ലോകം. പ്രണയത്തിൽ കുതിർന്നുവിടർന്ന പനിനീർപ്പൂക്കളാം കവിതകൾ മുഖപുസ്തകത്താളിൽ നിത്യവും കോറിയിട്ടുകൊണ്ടിരുന്ന അവളെ എന്നിലേയ്ക്ക് ആകർഷിപ്പിച്ചതും തമ്മിൽ അടുപ്പിച്ചതും ഈ പ്രണയമൂറും കവിതകളായിരുന്നു.

ഒരുപാട് സൗഹൃദങ്ങളുമായി ഇടപഴകിക്കഴിഞ്ഞ താൻ എത്രപെട്ടെന്നാണ് അവളിലേയ്ക്ക് മാത്രമായി ഒതുങ്ങപ്പെട്ടത്. തമാശ പറഞ്ഞും പൊട്ടിച്ചിരിച്ചും പിണങ്ങിയും ഇണങ്ങിയും കൂട്ടുകൂടാനെത്തുന്ന അവൾ വല്ലാത്തൊരു ഊർജമായിരുന്നു. ഉള്ളിലെ സങ്കടം എഴുത്തുകളിൽ കോറിയിട്ടു സമാധാനം കണ്ടെത്തിപ്പോന്ന തനിക്ക് സ്വാന്തനമായി കൂടെക്കൂടി സന്തോഷത്തിന്റെ, സ്നേഹത്തിന്റെ എല്ലാം ഒരദൃശ്യലോകം തീർക്കുകയായിരുന്നു അവൾ. എക്കാലവും ഇതൊക്കെയും കെടാതെ നിൽക്കണം എന്ന ആഗ്രഹം അതിയായി തോന്നിത്തുടങ്ങിയപ്പോഴാണ് അതുവരെയുള്ള സഹൃദത്തിൽ പ്രണയം മുളപൊട്ടിയതും അവളോട് അത് തുറന്നുപറഞ്ഞതും.

"എന്റെ പ്രണയം മുഴുവൻ ഈ പ്രകൃതിയോടും പൂക്കളോടും കവിതകളോടുമാണ്. മറ്റൊന്നിനെയും ഉൾക്കൊള്ളാൻ എനിക്ക് ഈ ജന്മം ആവില്ല."

അന്ന് അവൾ പറഞ്ഞപ്പോൾ ഒരുമാത്ര ചൂളിപ്പോയി. ആദ്യം തമാശയാണെന്നു കരുതിയെങ്കിലും അവൾ പറഞ്ഞത് കാര്യമായിതന്നെയാണെന്നു മനസ്സിലായതും ഹൃദയം വല്ലാതെ നൊന്തുപോയി.

"വെറുതേ തന്നെയൊന്നു പരീക്ഷിക്കാൻ വേണ്ടി ഞാൻ തമാശപറഞ്ഞതാണ്. കാര്യമാക്കണ്ട എനിക്ക് തന്നോട് പ്രണയമൊന്നുമില്ല."

ഇത് പറഞ്ഞുകൊണ്ട് ഏതാനും ദിവസങ്ങൾക്കുശേഷം അവളുടെ മുന്നിൽ അഭിമാനം വീണ്ടെടുക്കാൻ ശ്രമിക്കുമ്പോഴും ഉള്ളിൽ അവളോടുള്ള പ്രണയം നിറഞ്ഞുതുളുമ്പുകതന്നെയായിരുന്നു. അതുവരെയില്ലാത്തവിധം പ്രണയത്തിന്റെ നൊമ്പരം അറിയുകയായിരുന്നു.

പെട്ടെന്നൊരുനാൾ അവളെ മുഖപുസ്തകത്തിൽ കാണാതായി. ഫോണിലും കിട്ടിയില്ല. അങ്ങനെ നടത്തിയ അന്വേഷണത്തിലാണ് അവൾ തന്നെ ഒഴിവാക്കാൻ ശ്രമിച്ചതിനുപിന്നിലുള്ള ആ നടുക്കുന്ന സത്യം അറിയുന്നത്.ഏതുനിമിഷവും മരണം സംഭവിക്കാവുന്ന അസൂഖവും ഉള്ളിലൊളിപ്പിച്ചാണ് അവൾ ഇത്രനാളും ജീവിച്ചതെന്ന്. ഒടുവിൽ മുഖപുസ്തകത്തിലൂടെ തന്നെ അവളുടെ വിയോഗം അറിഞ്ഞപ്പോൾ വല്ലാതെ തകർന്നുപോയി.

അരികിൽ നിന്ന് പതിഞ്ഞശബ്ദത്തിലുള്ള ഒരു വിളിയൊച്ച കാതിൽ മുഴങ്ങിയപ്പോഴാണ് ഓർമ്മകളുടെ നൊമ്പരവീഥികളിൽ നിന്ന് മനസ്സ് മരണവീട്ടിലേയ്ക്ക് തിരികെയെത്തിയത്. ആദ്യനോട്ടത്തിൽ തന്നെ ആദ്യമായി കാണുകയായിരുന്നിട്ടും ആളെ മനസ്സിലായി.

ഷാഹിദ്, എനിയ്ക്ക് പുറമെ മുഖപുസ്തകത്തിൽ അവളുടെ എഴുത്തുക്കളെ പ്രണയിച്ചവൻ. അതിലുപരി പ്രണയവുമായി അവളുടെ പിന്നാലെ കൂടിയവൻ. എത്രയൊക്കെ ഒഴിഞ്ഞുമാറിയിട്ടും കാലങ്ങളായി അവളെ വിടാതെ പിന്തുടരുന്നവൻ. അവളെ പ്രണയിക്കുന്നു എന്ന് പറഞ്ഞതിന്റെ പേരിൽ മനഃപൂർവ്വം ഞാൻ ഒഴിവാക്കിനടക്കുന്നതിൽ സഹതാപം തോന്നിയ വ്യക്തി. നേരിൽ കാണുന്നത് ആദ്യമായിട്ടാണെങ്കിലും റൈഹാനയെപ്പോലെതന്നെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നു ഈ മുഖവും.

മരണവീട്ടിൽ നിന്ന് മനസ്സുകൊണ്ട് റൈഹാനയോടും അവളുടെ പൂക്കളോടുമെല്ലാം യാത്രപറഞ്ഞു വീടിനുമുന്നിലുള്ള റോഡിലേയ്ക്ക് നടക്കുമ്പോൾ അവനും ഒപ്പം കൂടി.പരസ്പരം മൗനം നടിച്ച് മുന്നോട്ടുനടക്കവേ അവൻ ചോദിച്ചു.

"അബ്ദു വന്നിട്ട് ഒരുപാട് സമയമായോ.?"

"ഉം കുറച്ചുനേരമായി."

ഉള്ളിലെ നൊമ്പരത്തിനു തല്ക്കാലം വിരാമമിട്ടുകൊണ്ട് ഞാൻ പറഞ്ഞു.

"റൈഹാനയ്ക്ക് എന്നും പറയുവാനുണ്ടായിരുന്നത് തന്നെക്കുറിച്ചും തന്റെ എഴുത്തുകളെക്കുറിച്ചും മാത്രമായിരുന്നു. അവസാനനാളുകളിൽ പോലും അവളുടെ സംസാരം മുഴുവൻ ഇത് മാത്രമായിരുന്നു. തന്റെ എഴുത്തുകളൊക്കെയും അവൾ നിർബന്ധപൂർവ്വം എന്നെക്കൊണ്ട് വായിപ്പിക്കുകയും റിവ്യൂ എഴുതിപ്പിക്കുകയും ചെയ്യുമായിരുന്നു.നിങ്ങൾ തമ്മിൽ പ്രണയിക്കുന്നതിന് എന്നെക്കൊണ്ട് ഇതൊക്കെ എന്തിന് നിർബന്ധിപ്പിച്ചു ചെയ്യിക്കുന്നു എന്ന് ഞാൻ പലപ്പോഴും ദേഷ്യത്തോടെ മനസ്സിലോർത്തിട്ടുണ്ട്. ഒന്നെനിക്കറിയാം ഒരുപാട് ഇഷ്ടമായിരുന്നു അവൾക്ക് തന്നെ. തന്റെ എഴുത്തുകളോടും പ്രണയമെന്ന നിത്യ വിഷയത്തോടുമെല്ലാം തന്നെ ഒരുതരം ആവേശം.പക്ഷേ,." ഒരു നിശ്വാസത്തോടെ അവൻ നിറുത്തി.

സാധാരണ മട്ടിലാണ് അവൻ അതൊക്കെ പറഞ്ഞതെങ്കിലും അവസാനവാക്കുകളിലെ ആ പക്ഷേയിൽ അവന്റെ ഹൃദയവും വല്ലാതെ വിങ്ങുന്നത് എനിക്ക് മനസ്സിലാവുന്നുണ്ടായിരുന്നു.

"തന്നെ പ്രണയിക്കാൻ എന്തുകൊണ്ടും യോഗ്യതയുള്ളവൾ അവൾ മാത്രമാണെന്ന് എനിക്കും തോന്നിയിരുന്നു. പക്ഷേ, താൻ അറിയാതെ ഒളിപ്പിച്ചുവെച്ച പ്രണയം എന്റെയുള്ളിൽ ചെറുതെങ്കിലും ഒരു വെറുപ്പ് അവളോട്‌ സൃഷ്ടിച്ചുകൊണ്ടിരുന്നു. പക്ഷേ, ഇപ്പോൾ അതൊക്കെ ഓർക്കുമ്പോൾ മനസ്സ് വല്ലാതെ തേങ്ങിപ്പോകുന്നു."

"ഹേയ് ഞാനൊരിക്കലും തന്നെ കുറ്റം പറയില്ല.കാരണം എതൊരാൾക്കും തോന്നുന്നതേ തനിക്കും തോന്നിയുള്ളൂ. തന്നെപ്പോലെതന്നെ അവളെ അടുത്തറിഞ്ഞപ്പോൾ ജീവിതകാലം മുഴുവൻ ആ കൂട്ട് വേണമെന്ന് ഞാനും ആഗ്രഹിച്ചിരുന്നു. പക്ഷേ,." എന്റെ ശബ്ദം വല്ലാതെ ഇടറി. ആ സമയം ഒരിക്കൽക്കൂടി എന്റെ മനസ്സ് പറയുകയായിരുന്നു. റൈഹാനയ്ക്ക് പകരമാവാൻ മറ്റാർക്കും ആവില്ല ഈ ലോകത്തെന്ന്.

ഒടുവിൽ ഷാഹിദിനോട് യാത്രപറഞ്ഞു ബൈക്ക് സ്റ്റാർട്ടാക്കി വീട്ടിലേയ്ക്ക് മടങ്ങാനൊരുങ്ങുമ്പോൾ ഒരിക്കൽക്കൂടി എന്റെ മിഴികൾ അവളുടെ വീടിനുനേർക്ക് നീണ്ടുചെന്നു. ആ സമയം റോസാചെടികൾക്കരികിൽ പുഞ്ചിരിതൂകിക്കൊണ്ട് അവൾ നിൽക്കുന്നതായി എനിക്ക് തോന്നി. അല്ലെങ്കിലും ഈ പൂക്കളെയും പ്രകൃതിയെയും ഒക്കെ വിട്ട് അവളുടെ ശരീരത്തിനല്ലേ ഈ ലോകത്തുനിന്ന് പോകാനാകൂ... ആത്മവിനാവില്ലല്ലോ. എന്റെ ചുണ്ടിൽ വേദനനിറഞ്ഞൊരു ഒരു മന്ദഹാസം വിടർന്നു.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ