സൂര്യനെ മറച്ച് കാർമേഘം പെയ്യാൻതുടങ്ങിയിട്ട് നേരം ഏറെയായി. ചന്നം ചിന്നം പെയ്യുന്ന മഴയിൽ ഒഴുകി നീങ്ങുന്ന ഏതോ ഒരു കാറിൽ അവളുണ്ട്. തന്റെ പ്രീയപ്പെട്ടവൾ. ഇന്ന് വീണ്ടും അവൾ താലി അണിഞ്ഞിരിക്കുന്നു. ആരുടെയോ നെഞ്ചിലെ ചൂടറിയാൻ തയ്യാറെടുത്തിരിക്കുന്നു.
'നിന്റെ നെഞ്ചിൽ ഒരു നെരിപ്പോടുണ്ടല്ലെ?' ഉള്ളിൽനിന്നൊരു ചോദ്യം. ഇല്ലയെന്ന് പറയാൻ ഞാൻ മനുഷ്യനല്ലാതാവണ്ടെ? എത്രയോ വർഷങ്ങളായി പരസ്പരം അറിഞ്ഞവരല്ലെ. പകലന്തിയോളം ഒരുമിച്ച് ചിലവഴിച്ചവർ. സൂര്യനസ്തമിക്കരുതേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ച നാളുകൾ.
കൂട്ടുകാരോടൊപ്പം സമയം ചിലവഴിക്കുമ്പോഴും ഞങ്ങളുടേതായ സ്വകാര്യ നിമിഷങ്ങൾ ഉണ്ടാക്കിയെടുത്ത് ജീവിതം സുന്ദരം എന്ന് പാടി നടന്നവർ. പ്രൈമറി സ്ക്കൂളിലേക്കുള്ള യാത്രയിൽ ഇടത്തോട് ചാടിക്കടക്കാൻ ഭയന്നു നിന്ന കൂടുകാരിയെ കൈപിടിച്ചു കൂടെ കൂട്ടിയ സൗഹൃദം. അത് വഴിമാറി എപ്പൊഴോ പ്രണയത്തിലും ഒടുവിൽ വിവാഹത്തിലും എത്തി.
എന്നാൽ പരസ്പരം തിരിച്ചറിയാകാത്തവരാകാൻ വെറും മാസങ്ങൾ മാത്രം. സുഹൃത്തുക്കളും പ്രണയിതാക്കളും ആയിരുന്നപ്പോഴത്തെ കെമിസ്ട്രി എത്ര വേഗമാണ് മാറിയത്. ആദ്യ കുറെ ദിവസങ്ങൾ വെട്ടിപ്പിടിച്ചതിന്റെയും സ്വന്തമാക്കിയതിന്റെയും ഹാങ്ഓവറിൽ ആയിരുന്നു. പരസ്പരം സ്നേഹിക്കാൻ മത്സരിച്ചിരുന്നവർ പരസ്പരം കുറ്റം കണ്ടെത്താൻ മത്സരിക്കുന്ന അവസ്ഥയിലേക്ക് മാറി. ഒടുവിൽ പതിവ് പരമ്പരപോലെ കുറെ വഴക്കും പിണക്കവും ഒറ്റപ്പെടീലും, പെടുത്തലുകൾക്കും ഒടുവിൽ അവൾ പോയി.
എവിടെ പോവാൻ. ഞാനില്ലാതെ അവളും അവളില്ലാതെ ഞാനും. അത് സാദ്ധ്യമല്ലെന്ന ചിന്തയിൽ ദിവസങ്ങൾ തള്ളി നീക്കുമ്പോൾ അറിഞ്ഞു എല്ലാം വെറുതെ ആണെന്ന്. രണ്ടു പേരുടെയും ഈഗോ തലച്ചോറിനെ ഭരിച്ചപ്പോൾ കുടുംബ കോടതി വരാന്ത സ്ഥിരം സംഗമസ്ഥലമായി. ഉള്ളതു പറയണമല്ലോ കൂട്ടുകാർ കുറെ ശ്രമിച്ചു ഞങ്ങളുടെ ഈഗോയെ മഞ്ഞിട്ടു മൂടാൻ. കുടുംബക്കാർ അതിനെ ലാവ രൂപത്തിലാക്കാനും ശ്രമിച്ചു.
എത്രയെത്ര അനുഭവങ്ങൾ ഉണ്ടായാലും കണ്ടാലും കേട്ടാലും തനിയാവർത്തനങ്ങളാണ് സൗഹൃദം, പ്രണയം, വിവാഹം പിന്നെ ഈഗോ എന്ന വൈറസ് ബാധിച്ച് കുടുംബക്കോടതി വരാന്തയുടെ നീളവും വീതിയും അളന്ന് ജന്മാന്തര ശത്രുക്കളെ പോലെ വഴിപിരിയൽ.
വല്ലാത്ത വിരോധാഭാസം...
എങ്കിലും കല്യാണക്കുറി ഈ-മെയിലിൽ കിട്ടും വരെ ചിന്തിച്ചു ഒരു ട്രാൻസിഷൻ പീരിയഡ് ആണ്. വീണ്ടും വിരലുകൾ കോർത്ത് പിടിച്ച് പിന്നിട്ട വഴികളിലൂടെ ഇനിയും യാത്ര ഉണ്ടാവുമെന്ന്. ഒന്നും ഉണ്ടായില്ല. അവൾ വിജയിച്ചിരിക്കുന്നു...
ഇവിടെയാണ് എന്നോ വായിച്ച ഒരു കഥ വളരെ പ്രസക്തമാകുന്നത്.
"ഒരു നദിയുടെ രണ്ടു കരയിൽ താമസിച്ചിരുന്ന രണ്ടുപേർ പ്രണയത്തിലായി. വളരെ ആഴത്തിൽ പ്രണയിച്ചു. പ്രണയത്തിന്റെ എല്ലാ മാസ്മരിക സൗന്ദര്യവും അറിഞ്ഞു. ഒടുവിൽ വിവാഹിതരാകാൻ തീരുമാനിച്ചു. വിവാഹം കഴിഞ്ഞ് അവൻ അവളോടു പറഞ്ഞു പഴയതുപോലെ നമുക്ക് നദിയുടെ അക്കരെയും ഇക്കരെയും തന്നെ ജീവിക്കാം. നീ നിന്റെ വീട്ടിലേക്ക് പോവുക".
വിശ്വസിക്കാനാകാതെ പ്രണയിനി ചോദിച്ചു. വിവാഹം കഴിച്ചത് ഒരുമിച്ച് ജീവിക്കാനല്ലെ?
അവൻ പറഞ്ഞു അതേ. എന്നാൽ നമ്മൾ ഒരുമിച്ചു ജീവിക്കാൻ തുടങ്ങിയാൽ നമ്മളിലെ പ്രണയം ഇല്ലാതാകും.
നിനക്ക് പ്രണയം നിലനിർത്തണോ? എങ്കിൽ നമ്മൾ പഴതുപോലെ അക്കരെയും ഇക്കരെയും ഇരിക്കണം.
യാഥാർത്യം.
വിവാഹം കഴിഞ്ഞ് പ്രണയിക്കാം എന്നും വിവാഹശേഷം ഞങ്ങൾ പ്രണയിക്കുന്നു എന്നും പറയുന്നവരെ കണ്ടിട്ടുണ്ട്. ശുദ്ധ നുണ. വിവാഹം രണ്ടു പേർ തമ്മിലുള്ള നിയമപരമായ ഉടമ്പടിയല്ലെ? ഉടമ്പടി നിലനിർത്തുന്നതിനിടയിൽ പ്രണയിക്കാൻ എവിടെ സമയം. ആദ്യത്തെ മധുരം കഴിഞ്ഞാൽ പിന്നെ അതിജീവനത്തിന്റെ തിരക്കിലാവും. ഇനി ധാരാളം സൗകര്യങ്ങളുണ്ട് അതിജീവനം പ്രശ്നമല്ല എന്ന് വിചാരിക്കൂ. സമയവും ധാരാളം ഉണ്ടാകും. അവിടെ ഈഗോ വൈറസ് തലപൊക്കും.
ഒരു മാളികയിൽ വിശാലമായ ബഡ്ഡിന്റെ രണ്ടറ്റം മാത്രം ഉപയോഗത്തിലാവും. അല്ലെങ്കിൽ രണ്ടു മുറികളിൽ വാസം. പുറമെയ്ക്ക് മറ്റുള്ളവരുടെ മുന്നിലണിയുന്ന ചായം തേച്ച ഒരു ചിരി. മാതൃകാ ദമ്പതികൾക്കുള്ള പട്ടം വാങ്ങി വീടിനുള്ളിൽ പരസ്പരം അറിയാത്തവരായോ കടിച്ചുകീറിയോ സമാധാനത്തിനുള്ള പുരസ്കാരവും സ്വന്തമാക്കും. ആ.. അതിലും ഭേദം ഇതാണ്.
ഇനി ഇതിനിടയിൽ ഒരു കൂട്ടരുണ്ടെന്ന് വാദിക്കാം. വാദത്തിന് വേണ്ടി മാത്രം. യാഥാർത്യം മറ്റൊന്നല്ലെ?
പുറമെ കാണുന്നവർക്കും പരസ്പരവും ഉണ്ടാക്കിയെടുക്കുന്ന ഒരുതരം അഭിനയ മികവ്. ഉള്ളിലെരിയുന്ന കനലിനെ ചാരം ചൂടിച്ച് ആളികത്താതെ സൂക്ഷമതയോടെ ചരിക്കുന്നവർ. കൂട്ടുകാരിൽ പലരും പറഞ്ഞു, നൂറുശതമാനം പോയിട്ട് അൻപത് ശതമാനം പേർ പോലും അഭിനയമില്ലാതെ പോകുന്നവർ ഉണ്ടാകില്ലെന്ന്. എല്ലാം വെറും നാട്യങ്ങളാണെന്ന്. അറിഞ്ഞു കൊണ്ട് ആടുന്നവരും ആട്ടം കാണുന്നവരും ഏറെ. കുട്ടികൾ, കുടുംബക്കാർ, സമൂഹം അതിനു മുൻപിൽ ചീഞ്ഞളിഞ്ഞ മനസ്സിലെ വികാര വിചാരങ്ങൾക്ക് ആടയാഭരണങ്ങളാലും സുഗന്ധദ്രവ്യങ്ങളാലും മോഡികൂട്ടി മിഥ്യയ്ക്കും യാഥാർത്യത്തിനും ഇടയിലെ വികൃതമായ ചിരിയുടെ മേലാടയണിയുന്നവർ.
ഇനിയെന്താ?
കാലം മാറിയിട്ടും മാറാത്ത നായകനെപ്പോലെ വിരഹഗാനം പാടി നടക്കണോ അതോ അവളെപ്പോലെ ഇന്നിന്റെ നായകനാവണോ. അറിയില്ല. ഒന്നുമാത്രം അറിയാം.
അവളിന്നും എന്റെ ഉള്ളിലെ കനവാണ്... കനലാണ്... നിത്യമായ നൊമ്പരം...
എല്ലാം കാലത്തിന് വിട്ടുകൊടുക്കാം.