മഴ തകർത്തു പെയ്യുന്നുണ്ടായിരുന്നു. നിരനിരയായി നീങ്ങുന്ന കുടകൾ ജനൽപ്പാളികൾക്കിടയിലൂടെ കാണാമായിരുന്നു. കറുത്തതും കളറുള്ളതും പുള്ളികളുള്ളളതും പൂക്കളുള്ളതും ഉണ്ടായിരുന്നു ആ കൂട്ടത്തിൽ. അവയുടെമേൽ വെള്ളത്തുള്ളികൾ വീണു ചിതറിക്കൊണ്ടിരിക്കുന്നു.
കുഞ്ഞായിരുന്നപ്പോൾ, കിട്ടിയ കുടയ്ക്ക് ചന്തം പോരാ; പൂക്കളുള്ള കുട തന്നെ വേണം എന്നുപറഞ്ഞു കരഞ്ഞതോർത്തപ്പോൾ അവളുടെ ചുണ്ടിലൊരു ചിരി വിരിഞ്ഞു.അങ്ങ നെ എത്രയെത്ര ഓർമകൾ....അതൊക്കെ ഓർക്കുകയല്ലാതെ മറ്റെന്താണ് അവൾക്ക് ചെയ്യാനുള്ളത്; അല്ലേ?
ചില കുടകൾ കൂട്ടാംതെറ്റി തന്റെ വീടിനു മുന്നിലേക്കും വരുന്നുണ്ടെന്നു അവൾ അറിഞ്ഞു. ആ കുഞ്ഞുവീടിന്റെ കുഞ്ഞു തിണ്ണയിൽനിന്ന് പെണ്ണുങ്ങൾ കലപില കൂട്ടി.
"എന്തൊരു മയ്യാന്നപ്പാ ഇത്."
"കല്ല്യാണപെണ്ണ് നല്ലോണം കറിക്കണ്ടം വാരി തിന്നിറ്റ്ണ്ടാവും,"
എല്ലാവരും ചിരിച്ചു.
തൊട്ടടുത്ത വീട്ടിലെ മിഥുനിന്റെ കല്യാണമാണ്. കാലം തെറ്റിയെത്തിയ മഴയിൽ നനഞ്ഞുവിറച്ചു കല്യാണക്കാർ.ഇന്നലെ രാത്രി തുടങ്ങിയ മഴയാണ്. ഇടയ്ക്ക് തളർന്നു മൂളിയും ഇടയ്ക്ക് തല്ലിയലച്ച് അലറിപെയ്തും അതങ്ങനെ നീണ്ടു പോവുകയാണ്.
"ഇല്ലെസൗകര്യത്തിനി എല്ലാരും കേറിയിരിക്കപ്പാ.ഞാൻ ചായ വെക്ക."
അമ്മയാണ്.
"അയ്യോ! വേണ്ട. ഇപ്പം ചായയൊന്നും വെക്കണ്ട."
വല്യമ്മയുടെ ഈണത്തിലുള്ള സംസാരം അവൾക്കിഷ്ടമാണ്. എന്നും അവളെ കാണാൻ .പഴങ്കഥകൾ പറഞ്ഞ് അവളെ രസിപ്പിക്കും.
ആരോ ഒരാൾ പറഞ്ഞു;
"ഇരിക്ക്ന്നൊന്നുല്ല രമണിയേട്ടി. പറ്റ നനഞ്ഞിനിപ്പാ. രേണൂന ഒന്ന് കാണാന്നു വെച്ചിറ്റാന്ന്. പെണ്ണ് സുഖൂല്ലാണ്ട് കെടക്ക്ന്നതല്ലേ. ഈടംബരെ വന്നിറ്റ് ഒന്ന് കാണാണ്ട് പോവ്ന്നത് മോശല്ലെ.."
അതാണ്....
അല്ലാതെ രേണുകയെന്ന പെൺകുട്ടിയുടെ നിസ്സഹായതയിൽ മനം നൊന്തിട്ടൊന്നുമല്ല. അവൾ പുതപ്പു വലിച്ചിട്ട് കഴുത്തുവരെ മൂടിയിട്ടു. മുട്ടിനു താഴെയുള്ള ശൂന്യതയെ എപ്പൊഴും പുതപ്പിട്ട് മൂടിവയ്ക്കാൻ അവളുടെ അമ്മ ശ്രദ്ധിച്ചിരുന്നു. ഒരുപക്ഷെ അമ്മയ്ക്ക് ഇപ്പോഴും അത് അംഗീകരിക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല. അല്ലെങ്കിൽ അതു കണ്ടുനിൽക്കാനുള്ള മനക്കരുത്ത് ഇല്ലാഞ്ഞിട്ടുമാവാം. അതുമല്ലെങ്കിൽ ആ കാഴ്ച അത്ര യേറെ അരോചകമായതിനാലാവാം. എന്തായാലും അതു നന്നായെന്നേ അവൾക്ക് തോന്നിയിട്ടുളളൂ. കാരണം, തന്നെ കാണാൻ വരുന്നവർ തന്റെ ഹൃദയം കീറിമുറിച്ചുകൊണ്ട് തുറിച്ചു നോക്കുന്നത് ആ ശൂന്യതയിലേക്കാണ്.
അവരെയും കൂട്ടി അമ്മ മുറിയിലേക്കുവരുന്നു എന്നു കണ്ടപ്പോൾ
അവൾ പതുക്കെ കണ്ണുകളടച്ചു.
"മോളെ രേണൂ... ഇപ്പം എങ്ങനെയ്ണ്ട്."
അവൾ മിണ്ടിയില്ല. അവർ ഒരു കാഴ്ചവസ്തു എന്നപോലെ തന്നെ നോക്കി നിൽക്കുകയാവും എന്നവൾക്ക് അറിയാമായിരുന്നു.
"ഒറങ്ങുവേന്ന്... വിളിക്കണ്ടാ"
"എപ്പും ഒറക്കെന്യാ.?"
ഒരാൾക്ക് സംശയം ഉണ്ടായിരിക്കുന്നു.അവൾക്ക് ദേഷ്യം വന്നെങ്കിലും ചിരിക്കാൻ തോന്നി.
" അല്ല രമണിയേട്ടീ, ഇങ്ങനെ ഒറങ്ങാൻ വിടറ്. ഒന്നൂല്ലെങ്കിലും ഓളൊരു പെണ്ണല്ലേ.."
അവൾക്കു പിന്നെയും ദേഷ്യം വന്നു.
"ഗുളികീം മരന്നും തിന്ന്ന്നതല്ലെ.അയിന്റെ ചീണംകൊണ്ട് ഒറങ്ങിപ്പോന്നതാന്നപ്പാ"
വല്യമ്മ ഇടപെട്ടതു നന്നായി. അവർ പിന്നെയും പലതും സംസാരിച്ചു. അമ്മയോട് യാത്ര പറഞ്ഞ് മഴയിലേക്കിറങ്ങി.
അവൾ കണ്ണുതുറന്നു
.അമ്മ വീണ്ടും ആരോടോ സംസാരിക്കുന്നു; അകത്തേക്ക് വിളിക്കുന്നു.. ഇനിയും ആരാണാവോ? അവൾ വാതിൽക്കലേക്ക് നോക്കി.
അമല! തന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരി!
അവൾക്ക് സ്വന്തം കണ്ണുകളെ വിശ്വസിക്കാനാവാത്തപോലെ തോന്നി.
"നിന്നെ ഒന്നു കാണണം എന്നുതോന്നി."
അമല അവളുടെ കൈപിടിച്ചു.
"രേണൂ; ഞാൻ പോവുകയാടാ. ചേ ച്ചിയുടെകൂടെ; ബാംഗ്ലൂർക്ക്."
അവൾ തലകുനിച്ചിരുന്നു.
"അപ്പോൾ സൂരജ്...?"
രേണുക ആകാംക്ഷയോടെ അവളെ നോക്കി.
"കാത്തിരിക്കണമെന്നു പറഞ്ഞു. അവന് ഒരു ജോലിയായാൽ ഉടൻ അവൻ വരും. എങ്ങനെ വേർപിരിക്കാൻ നോക്കിയാലും ഞങ്ങൾ പിരിയില്ല;ഒരുമിക്കും രേണു. എന്നാലും ഇവിടുന്ന് വിട്ടു പോകുമ്പോൾ ഒരു വിഷമം"
അവൾ അല്പം വിഷാദത്തോടെ പറഞ്ഞു. രേണുകയ്ക്ക് അവളെ എന്തുപറ ഞ്ഞു സമാധാനിപ്പിക്കാനാണ്? എങ്കിലും വാക്കുകൾക്ക് പരതികൊണ്ട് അവൾ നിശ്ശബ്ദയായി. അവർക്കിടയിൽ ഏതാനും നിമിഷം തളം കെട്ടിനിന്ന നിശ്ശബ്ദതയ്ക്കിടയിലേക്കാണ് ചായയും പലഹാരങ്ങളുുമായി അമ്മ വന്നത്. ആ സമയത്തു അമ്മ അങ്ങോട്ടു ഇരുവർക്കും ആശ്വാസമായിരുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ അമ്മയുടെ സാന്നിധ്യം എപ്പോഴും ഒരനുഗ്രഹമായി എത്തുന്നതോർത്തു അവൾ അഭിമാനിച്ചു.
"നിന്റെ അവസ്ഥ ഓർത്തിട്ടാ എനിക്ക്...."
അമലയു തൊണ്ട ഇടറി.
"സംഭവിച്ചു പോയില്ലേ. ഇനി സഹിച്ചല്ലേ പറ്റൂ. പിന്നെ, നീ ഇതൊന്നും ഓർത്തു വിഷമിക്കേണ്ടതില്ല. രണ്ടോ മൂന്നോ മാസം കഴിയുമ്പോൾ ഞാൻ ഇവിടെനിന്ന് എഴുന്നേൽക്കും. " രേണുക ചിരിച്ചു.
"വീൽചെയർ അത്ര മോശപ്പെട്ട കാര്യമൊന്നുമല്ല."
അമലയുടെ നിറഞ്ഞ കണ്ണുകൾ കയ്യെത്തി തുടച്ചുകൊണ്ട് അവൾ ചെറുചിരിയോടെ പറഞ്ഞു.
"അല്ലെങ്കിൽത്തന്നെ ഇതിലൊക്കെ എന്താ ഇത്ര സങ്കടപ്പെടാൻ? രണ്ടുകാലുപോയാലെന്താ.; ഞാനിവിടെ ജീവനോടെ ഉണ്ടല്ലോ. ആ അപകടത്തിൽ ഞാൻ മരിച്ചുപോയിരുന്നെങ്കിലോ.... "
അമല അവളുടെ വായ്പൊത്തി.രേണുക ആ കയ്യിൽ ചുംബിച്ചു.
"രേണൂ " തന്റേതല്ലാത്ത തെറ്റിന് യാതന അനുഭവിക്കേണ്ടിവരുന്ന തന്റെ പ്രിയ കൂട്ടുകാരിയെയും ആ അപകടം സംഭവിച്ച ശപിക്കപ്പെട്ട ദിവസത്തെയും ഓർത്ത് അവൾ സങ്കടപ്പെട്ടു.
"മിഥുനിന്റെ വിവാഹമാണല്ലേ?"
"ഉം...."
"അവൻ ഇത്ര പെട്ടെന്ന് ഇങ്ങനൊരു തീരുമാനം എടുക്കേണ്ടിയിരുന്നില്ല." അമലയുടെ ശബ്ദത്തിൽ അമർഷമുണ്ടായിരുന്നു.
രേണുക പതുക്കെ ചിരിച്ചു.
"എനിക്ക് ഇങ്ങനെയൊന്നും സംഭവിച്ചിരുന്നില്ലെങ്കിലും ഞങ്ങളുടെ വിവാഹം നടക്കുമായിരുന്നില്ല. അവന് ഞാൻ പഠിക്കുന്നതോ ജോലിക്ക് ശ്രമിക്കുന്നതോ ഇഷ്ടമല്ല. അങ്ങനൊരാളെ എനിക്കും താല്പര്യമില്ല. പ്രണയമെന്നാൽ സ്വയം പണയം വയ്ക്കൽ അല്ലല്ലോ"
രേണുകയുടെ ശബ്ദം നേർത്തുവന്നു. ഇവൾ എന്തൊരു പെണ്ണാണ്! അമല അദഭുതപ്പെട്ടു. സ്കൂൾകാലം തൊട്ട് പ്രണയിച്ചു നടന്നവരാണ്. എന്നിട്ടാണ്...
അമല പോയപ്പോൾ വീണ്ടും തനിച്ചായപോലെ അവൾക്ക് തോന്നി. അമലയുടെ മുൻപിലും അമ്മ കരഞ്ഞു പറഞ്ഞിട്ടുണ്ടാവും 'ന്റെ മോൾക്കൊരു ജീവിതം ഇല്ലാണ്ടായില്ലേ..ഞാൻ ചാവുംവരെ ഞാന്നോക്കും. അതു കയിഞ്ഞാലോ ....' എന്ന്. അമ്മയ്ക്ക് പേടിയാണ്. തകർന്നുപോകാനും തളർന്നു വീഴാനും എളുപ്പമാണ്. പക്ഷെ, മരിക്കുവോളം ജീവിക്കണ്ടേ? പഠനം തുടരണം. ഒരു ജോലിസമ്പാദിക്കണം. കണ്ണുനിറയുന്നുണ്ടായിരുന്നു. എങ്കിലും അവൾ നീട്ടി വിളിച്ചു; "അമ്മാ...."
അമ്മ വന്നു.
"അമ്മാ, പരീക്ഷയാകുമ്പളേക്ക് പഠിച്ചു തീർക്കണ്ടേ? എന്റെ പുസ്തകങ്ങൾ എടുത്തു താ."
അവൾ കൊഞ്ചി. പുസ്തകങ്ങൾ കയ്യെത്തും ദൂരത്ത് അടുക്കി വച്ചശേഷം അമ്മ അവളുടെ നെറുകയിൽ തലോടി; നെറ്റിയിൽ ഉമ്മവച്ചു. അപ്പോൾ അവൾ മഞ്ഞുമൂടിയ താഴ് വരകളെയും മഴ നനഞ്ഞ മരങ്ങളെയും ആദ്യമായി വാങ്ങിയ പൂക്കളുള്ള കുടയെയും ഓർമ്മിച്ചു. മലമുകളിൽ മഴ പെയ്യുന്നതും വനാന്തരങ്ങളിൽ മരം പെയ്യുന്നതും അവൾ സ്വപ്നം കണ്ടു.