മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

mazhavillupole

Freggy Shaji

"സരയൂ .."

അഭിയുടെ  നീട്ടിയുള്ള വിളിയിൽ സരയൂ കഴുകി കൊണ്ടിരുന്ന  പാത്രം സിങ്കിലേക്ക് ഇട്ട്, അടുക്കളയിൽ നിന്നും ബെഡ് റൂം ലക്ഷ്യമാക്കി ഓടി. ഓടുന്നതിനിടയിൽ അവളുടെ ചിന്ത പലവഴിക്ക് ചിതറി . ഇന്ന് എന്താണാവോ കാരണം വെള്ളത്തിന് ചൂട് കുറഞ്ഞോ പോയോ  അതോ സോപ്പ് പിന്നെയും ക്ലോസറ്റിൽ പോയോ? വെളിയിൽ നിന്ന് സരയൂ വാതിൽ തട്ടി കൊണ്ട് ചോദിച്ചു.

"അഭി ഏട്ടാ...എന്താ.."

"ഓ  തമ്പുരാട്ടി എഴുന്നള്ളിയോ  കുളി കഴിഞ്ഞ് പോകുമ്പോൾ നിന്റെ വിഴുപ്പ്‌ കൊണ്ടുപോകാൻ വയ്യേ?" ചോദിച്ചു കൊണ്ട്,അകത്തു നിന്ന് തന്റെ ബ്രേസിയർ ഒറ്റ വിരലിൽ തൂക്കി പിടിച്ച് കൊണ്ട് വാതിൽ തുറന്നു അഭി ഏട്ടൻ. ഈശ്വരാ.. ഇത് കൂടെ പോന്നില്ലായിരുന്നോ. എല്ലാം എടുത്തതാണ്. കഷ്ട കാലം അല്ലാതെ എന്തു പറയാൻ? ഇന്ന് എന്ത് കാരണം ആയിരിക്കും എന്ന ചിന്തയിൽ ആയിരുന്നു ഇത് വരെ. സമാധാനം ആയി.മനസ്സിൽ പറഞ്ഞു സരയു.

"സ്വപ്നം കണ്ട് നിൽക്കാതെ കൊണ്ട് പോടീ. നിന്നോട് പലവട്ടം പറഞ്ഞിട്ടുണ്ട് ദിവാ സ്വപ്നം വല്ലാതെ കാണണ്ട എന്ന്.ഇത് എന്നെ കണി കാണിക്കാൻ ഇട്ടതായിരുന്നു അല്ലേ.." അവന്റെ മുഖം ചുവന്നു.ദേഷ്യം കൊണ്ട് വിറച്ചു അവൻ.

"സോറി ഏട്ടാ..വാരികൂട്ടി എടുത്തപ്പോൾ .."

സരയു വാക്കുകൾ കിട്ടാതെ നിന്നു." മതി ഇനി അധികം പറയണ്ട. എല്ലാത്തിനും കാരണം ഉണ്ടാകും നിനക്ക്."

അലറി കൊണ്ട് പറഞ്ഞ് വാതിൽ വലിയ ശബ്ദത്തിൽ വലിച്ചടച്ചു അഭി.പറയാൻ വന്നത് മുഴുമിപ്പികാതെ സരയൂ തിരിച്ചു നടന്നു.

അവൾക്ക് ദേഷ്യം വരുന്നുണ്ട്. രാത്രി ഇഴഞ്ഞുവരുന്ന കൈക്ക് അറപ്പില്ല. പകൽ വെട്ടത്തിൽ കണ്ടാൽ അറപ്പ്‌.!! അവള് വീണ്ടും ജോലികളിൽ മുഴുകി. കുളി കഴിഞ്ഞ് വരുമ്പോൾ ബ്രേക്ക്ഫാസ്റ്റ് മേശയിൽ കണ്ടില്ലെങ്കിൽ പിന്നെ അതിനു വേറെ കേൾക്കണം. അവള് ദോശ പ്ലേറ്റിൽ എടുത്തു. ചമ്മന്തിയും, സാമ്പാറും വേറെ പാത്രത്തിൽ എടുത്തു. ചായയും റെഡി ആക്കി. മേശപ്പുറത്ത് എടുത്തു വെച്ചു. അപ്പോഴേക്കും കുളികഴിഞ്ഞ് അഭി എത്തി. ഫോണിൽ കുത്തികൊണ്ട് കഴിക്കാൻ ഇരുന്നു. സരയൂ ചുറ്റിപറ്റി അടുത്ത്  തന്നെ നിന്നു. എപ്പോഴാ വിളിക്കുക എന്ന് പറയാൻ പറ്റില്ല."അമ്മ കഴിച്ചോ." ഇടക്ക് ഫോണിൽ നിന്ന് തല ഉയർത്തി അഭി ചോദിച്ചു. "കഴിച്ചു." അവള് വേഗത്തിൽ മറുപടി പറഞ്ഞു.

വീണ്ടും അവൻ്റെ നോട്ടം ഫോണിലേക്കായി. അമ്മ കഴിച്ചോ എന്ന് ചോദിക്കും, ഭാര്യ കഴിച്ചോ കുടിച്ചോ എന്നൊന്നുമില്ല. വല്ലാത്തൊരു ജന്മം തന്നെ. മുഖത്തുനോക്കി ചോദിക്കാൻ ധൈര്യമില്ലാത്തതുകൊണ്ട്, മനസ്സിൽ പറഞ്ഞു അവൾ.

ഒറ്റവാക്കിൽ മറുപടി ഒതുക്കിക്കൊണ്ട് അവളും നിന്നു. അവൻ കഴിച്ചു എഴുന്നേറ്റു. പ്ലേറ്റ് എടുത്തു അടുക്കളയിലേക്ക് നടക്കുമ്പോൾ, പീലി നിറഞ്ഞ നീണ്ട മിഴികൾ നിറഞ്ഞു. താൻ കഴിച്ചോ എന്ന് അഭി ഏട്ടൻ ഒരു വാക്ക് ചോദിച്ചില്ല. എന്തിന് എപ്പോഴും ദേഷ്യം മാത്രം.! 21 വയസ്സിൽ കല്ല്യാണം കഴിഞ്ഞ് വന്നപ്പോൾ മുതൽ കേൾക്കുന്ന പല്ലവി ചീത്ത വിളി. സ്നേഹത്തോടെ ഒരു വാക്ക് പറയില്ല. എന്തിനും ശകാര വർഷം. നിസ്സാര കാര്യങ്ങളിൽ പോലും വഴക്ക് പറയും. എല്ലാം മുറപോലെ നിർവഹിച്ചാലും എന്തെങ്കിലും കുറ്റം കണ്ടുപിടിക്കും. അഭിയേട്ടന്റെ ദേഷ്യം അറിയാവുന്നതുകൊണ്ട്, അമ്മയാണ് എന്തെങ്കിലും ഉത്തരം പറയുക. അമ്മയ്ക്കും അതിന് വ്യക്തമായ കാരണമുണ്ട്. "ചെറുപ്പം മുതലേ ന്റെ കുട്ടി ഭാരം പേറി ജീവിച്ചത് കൊണ്ട് സ്നേഹിക്കാൻ അവൻ മറന്ന് പോയി എന്ന്."

അമ്മ നെടുവീർപ്പോടെ പറയുന്നത് കേൾക്കുമ്പോൾ ശരിക്കും സങ്കടം തോന്നാറുണ്ട്. ചെറുപ്പത്തിൽ അങ്ങനെയായി എന്ന് കരുതി, ഇപ്പോഴും തുടരണമെന്നുണ്ടോ? കുട്ടിക്കാലത്ത് ആന പുറത്ത് കയറി എന്ന് വച്ച് തഴമ്പ് കാണുമോ ജീവിതകാലം മുഴുവൻ..? അമ്മ ഒരു ആശ്വാസം ആണ്. അതുതന്നെ മഹാഭാഗ്യം! ഇല്ലെങ്കിൽ സത്യമായിട്ടും ജീവനൊടുക്കിയേനെ. രാജകുമാരിയെ പോലെ സ്വന്തം വീട്ടിൽ കഴിഞ്ഞതാണ്.. എന്നിട്ടോ? അച്ഛനില്ലാത്ത ഉമ്മറത്തെ ചാരുകസേരയും, അമ്മേ വിളിച്ചുകൊണ്ട് വീട്ടിലേക്ക് ഓടിക്കയറുമ്പോൾ, കരിപുരണ്ട അടുക്കളയിൽ നിന്ന് "ഓ" എന്നുള്ള മറുപടിയും നിലച്ചുപോയ കാലം തൊട്ട്, വീട്ടിലേക്കുള്ള വഴി മറന്നു എന്ന് പറയുന്നതായിരിക്കും ശരി. നിറഞ്ഞു തുടങ്ങിയ കണ്ണുകൾ പുറം കൈകൊണ്ട് വാശിയോടെ തുടച്ചുമാറ്റി  അവൾ. പെൺകുട്ടികളുടെ കണ്ണുനീർ, ഭൂമിയിൽ പതിക്കാൻ പാടില്ല എന്ന് തൻ്റെ അമ്മ എപ്പോഴും പറയും. അതുകൊണ്ട് മിഴിനീർ തുള്ളികൾ നിലത്തേക്ക് പതിക്കാൻ, സമ്മതിക്കില്ല അവൾ."സരയൂ.. കീ എവിടെ ?" അഭിയുടെ സ്വരം ഉയർന്നു .അവള് ഓടി ചെന്നു കീ എടുത്തുകൊണ്ട് അവന്റെ അരികിൽ എത്തി.കീ അവന് നേരെ നീട്ടി.

"കാണുന്ന ഇടത്ത് വെച്ചാൽ പോരെ.. ഭൂതക്കണ്ണാടി വെച്ചു നോക്കണം. ഒരു സാധനം വെച്ചാൽ വെച്ചിടത്ത് കാണില്ല. അതിനെങ്ങനെ വേണ്ടാത്ത കാര്യങ്ങൾക്ക് അടുക്കും ചിട്ടയും കൂടുതലാണല്ലോ..?"

അവളെ തറപ്പിച്ചു നോക്കിയിട്ട് അഭി കീ വാങ്ങി .അവള് ഒന്നും മിണ്ടാതെ നിന്നു."മോനെ നീ എന്തിനാ അവളെ വഴക്ക് പറയുന്നത്. അവളെ രണ്ടു പറയാതെ നിനക്ക് പോകാൻ മേല അല്ലേ.."അമ്മ ശബ്ദം ഉയർത്തി."ഞാൻ പോകുകയാണ്. വൈകീട്ട് റെഡി ആയി ഇരുന്നോ സാധനങ്ങൾ വാങ്ങാൻ പോകാൻ. ഇനി ഓഫീസിൽ നിന്നും ഇറങ്ങാൻ നേരം, അതില്ല ഇതില്ല എന്നൊന്നും വിളിച്ചു പറയേണ്ട. മാസ സാധനങ്ങൾ ഒന്നിച്ചു വാങ്ങാം. അമ്മയ്ക്ക് എന്തെങ്കിലും വാങ്ങണമെങ്കിൽ എഴുതിക്കോ കേട്ടോ." പറഞ്ഞുകൊണ്ട് അഭി നടന്നു.പുറകെ അമ്മയും. അവനെ യാത്ര ആക്കി തിരിച്ചു വന്നു അമ്മ സരയുന്‍റെ അടുത്ത് നിന്നു. "എന്റെ മോൻ പാവാ മോളെ.. മോൾ കാര്യക്കി എടുക്കേണ്ട. അവന് നിന്നെ വലിയ ഇഷ്ടമാണ്. ഈ ചൂട് ഒക്കെ കാണിക്കുന്നു എന്നേയുള്ളൂ. അവൻ ഒരു ശുദ്ധനാണ്."

അതുപറഞ്ഞ് അമ്മ റൂമിലേക്ക് പോയി. അല്ലെങ്കിലും ഇതൊക്കെ കേട്ട് കേട്ട് മനസ്സ് തന്നെ മടുത്തു പോയി. സരയു അടുക്കളയിലേക്ക് നടന്നു. അപ്പോഴേക്കും മോൾ കുളി കഴിഞ്ഞു വന്നു.അമ്മയുടെ മുഖം കണ്ടപ്പോൾ തന്നെ, അവൾക്ക് ഇപ്പോൾ മിണ്ടുന്നത് പന്തിയല്ല എന്ന് തോന്നി. മകൾ ഒന്നും മിണ്ടാതെ ചായ കുടിക്കാൻ തുടങ്ങി.

സരയൂ തന്റെ പഴയകാലം ഓർത്തു.അച്ഛനും,അമ്മയും ഏട്ടനും താനും എത്ര സ്നേഹത്തിൽ ആയിരുന്നു കഴിഞ്ഞത്. കളിയും ചിരിയും ഒരുമിച്ചാണ് കഴിക്കുന്നത്. തീൻ മേശയിലാണ് പല കാര്യങ്ങളും ചർച്ചയാവുന്നത്. സ്കൂളിൽ പോകാൻ വീട്ടിൽ നിന്നിറങ്ങിയത്  മുതൽ, വീട്ടിൽ തിരിച്ചെത്തുന്നത് വരെ ഉള്ള കാര്യങ്ങൾ വള്ളി പുള്ളി പറയാതെ, കഴിച്ച് എഴുന്നേൽക്കാറില്ല. സംസാരം ഒന്ന് കുറക്ക് എന്ന് അമ്മ എപ്പോഴും പറയും. എന്നാലും തനിക്ക് നല്ലൊരു കേൾവിക്കാർ ആയിരന്നു അച്ഛനും അമ്മയും ഏട്ടനും. വിവാഹം കഴിഞ്ഞു വന്നപ്പോൾ, ഒരുപാട് മാറ്റങ്ങൾ വന്നു. ആവശ്യത്തിനു മാത്രം സംസാരിക്കുന്ന ഭർത്താവ്!! എന്തെങ്കിലും സംസാരിച്ചാൽ, ശകാരം കേൾക്കുന്നത് കൊണ്ട് പതിയെ താൻ ഉൾവലിഞ്ഞു. തനിക്ക് തന്നെ നഷ്ടപ്പെട്ടു. മാസത്തിൽ രണ്ടോ മൂന്നോ ദിവസം വീട്ടിൽ പോയി നിൽക്കുന്നതായിരുന്നു ഏക ആശ്വാസം. മരണത്തിലും വേർപിരിയാതെ, അച്ഛനും അമ്മയും വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായപ്പോൾ, ആ വീടും അന്യമായി. ഏട്ടനും ഭാര്യയും മക്കളും ആയി തിരക്കിലായി. അനിയത്തിയെ സുരക്ഷിതമായ കൈകളിൽ ഏൽപ്പിച്ചിട്ടുണ്ടല്ലോ എന്നുള്ള സമാധാനത്തിൽ ആയിരിക്കും. വല്ലപ്പോഴും ഉള്ള ഫോൺ വിളികളിൽ ആയി ഒതുങ്ങി സംസാരം. പോകെ പോകെ വിളികളുടെ എണ്ണം കുറഞ്ഞു. എല്ലാവരും അവരുടെതായ തിരക്കുകളിൽ ആണല്ലോ..ഓരോന്ന് ഓർത്തു അവള്. മോളുടെ വണ്ടി വന്നപ്പോൾ അവളെ കയറ്റിവിട്ടു സ്കൂളിലേക്ക്. പിന്നീടുള്ള ജോലികളെല്ലാം കഴിഞ്ഞു. ഉച്ചയ്ക്ക് കഴിക്കാൻ ഒന്നും തോന്നിയില്ല. അമ്മയ്ക്ക് ആഹാരം കൊടുത്ത്, റൂമിലേക്ക് പോയി സരയു. കുറച്ച് സമയം വിശ്രമമാണ്. നാലുമണിക്ക് ചായയും വൈകിട്ടത്തേക്ക് കഴിക്കാൻ എന്തെങ്കിലും പലഹാരവും ഉണ്ടാക്കണം. മോളും അഭിയേട്ടനും വരുമ്പോഴേക്കും. എല്ലാം ഒതുക്കി കുളിച്ചു മാറി.നിറം കുറഞ്ഞ കോട്ടൺ സാരി ഉടുത്തു.മാർക്കറ്റിൽ പോകുമ്പോൾ നല്ലത് ഉടുക്കാൻ പാടില്ല.വിലകുറവ് കിട്ടില്ല പോലും ഓരോ കണ്ടുപിടിത്തങ്ങൾ ആണ് അഭിയേട്ടന്റെ..കടയിൽ ചെന്നാൽ അവർ വില കൂട്ടിപറയും. പൈസക്കാരാണ് എന്ന് വിചാരിച്ച്. പറയുന്നത്.അതൊക്കെ തനിക്ക് പുതിയ അറിവുകൾ ആണ് അതൊക്കെ. അഭി ജോലി കഴിഞ്ഞ് എത്തി.ചായ കുടി കഴിഞ്ഞ് മോളെ അമ്മയുടെ അടുത്ത് നിർത്തി അവർ പോകാൻ ഇറങ്ങി. മാർക്കറ്റിൽ എത്തി അവർ.അഭി മുന്നിൽ നടന്നു. പുറകിൽ സരയൂ നടന്നു.വണ്ടി പാർക്കിൽ ഇട്ടിട്ടു കുറെ ദൂരം നടക്കാൻ ഉണ്ട്.ഓരോന്നും വാങ്ങി സഞ്ചിയും തൂക്കി സരയൂ പിന്നാലെ നടന്നു. ഒരു കവർ പോലും അഭി പിടിക്കില്ല. വിയർത്ത് കുളിച്ച് അവളുടെ ബ്ലൗസിന് പിൻ വശം മുഴുവൻ നനഞ്ഞു. നീണ്ട മുടി അലക്ഷ്യമായി കാറ്റിൽ പറന്നു.

ശാലീന സുന്ദരിയായ, വീട്ടമ്മ. അഭിയുടെ പുറകെ വിയർത്തു കുളിച്ച് നടക്കുന്ന സരയുവിനെ പെട്ടന്നാണ് കാറിൽ ഇരുന്ന ആൾ ശ്രദ്ധിച്ചത്. പ്രശസ്ത തിരക്കഥാകൃത്ത് സംവിധായകൻ കൂടി ആയ അദ്ദേഹം തന്റെ കഥയിലെ നായികയുടെ രൂപം ആണ് സരയുവിൽ കണ്ടത്. കർക്കശക്കാരനായ ഭർത്താവിനെ അനുസരിച്ച് പിന്നാലെ വാങ്ങിക്കൂട്ടിയ സാധനങ്ങളുടെ ഭാരവും പേറി, നടക്കുന്ന  ഭാര്യ.ഒരു കൈ സഹായം പോലും ചെയ്യാൻ മനസ്സില്ലാത്ത ഭർത്താവ്. കാർ നിർത്താൻ ഡ്രൈവറോട് ആവശ്യപ്പെട്ടു അദ്ദേഹം. അവരുടെ പിന്നാലെ നടന്നു. വണ്ടിയുടെ അരികിൽ എത്തിയ അവരെ തടഞ്ഞു നിർത്തി അദേഹം. താൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലെ കുടുംബിനിയായി, സരയുവിനെ അഭിനയിപ്പിക്കാൻ കഴിയുമോ എന്നായിരുന്നു അയാളുടെ ആവശ്യം. സന്തോഷം കൊണ്ട് തുള്ളിച്ചാടി സരയൂ. അവൾക്ക് ഒത്തിരി ഇഷ്ട്ടം ആയിരുന്നു. സിനിമ. മാത്രമല്ല അദ്ദേഹത്തെപ്പോലെ, ഒത്തിരി നല്ല സിനിമകളും കഥകളും സമ്മാനിച്ച വ്യക്തി നേരിട്ട് ആവശ്യം പറഞ്ഞപ്പോൾ, ഇതിനേക്കാൾ വലിയൊരു ബഹുമതി ജീവിതത്തിൽ കിട്ടാനില്ല എന്നായിരുന്നു സരയുവിനും അഭിക്കും. നൂറു വട്ടം സമ്മതമായിരുന്നു. അവർക്ക്.  ആ കഥയിൽ നായികയുടെ ജീവിതം തന്നെ ആയിരുന്നു അവളുടേത്.രൂപത്തിലും ഭാവത്തിലും   ഒന്നും മാറ്റം  വരുത്താൻ ഇല്ലായിരുന്നു  അവളുടെ ജീവിതം തന്നെ ആയിരുന്നു ആ കഥയിൽ അവള് ജീവിക്കുക തന്നെ ആയിരുന്നു.അഭിനയം അല്ല ശരിക്കും ജീവിതം തന്നെ. ഒറ്റ സിനിമയിൽ സരയു അറിയപെടുന്ന നടിയായി. സരയൂ ജീവിതത്തിന്റെ നിറം മാറുന്നത് അവള് അറിഞ്ഞു. അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് സരയുവിന്റെ ജീവിതം മാറി മറിഞ്ഞു.  അപ്രതീക്ഷിതമായി  വിരുന്നു വന്ന ഭാഗ്യം. അവളുടെ ലോകം തന്നെ മാറ്റി മറിച്ചു. അഭിനയ ജീവിതത്തിൻ്റെ പടികൾ ഓരോന്നായി കയറി അവൾ. അവളുടെ  മോഹങ്ങളും സ്വപ്നങ്ങളും പൂവണിഞ്ഞു. തന്റെ ജീവിതത്തിൽ തനിക്ക് കിട്ടാത്ത മഹാഭാഗ്യങ്ങൾ, അവിടെ അമ്മയായി,നല്ല ഭാര്യയായി, സഹോദരിയായി..വിദ്യ പകർന്നു കൊടുക്കുന്ന അധ്യാപികയായി, വെള്ള വസ്ത്രം അണിഞ്ഞ മാലാഖയായി..അങ്ങനെ ഓരോ വേഷങ്ങൾ,  കഥാപാത്രത്തിലൂടെ  തേടി വന്നു അവളെ.ഓരോ കഥാപാത്രവും നിറഞ്ഞ കയ്യടി നേടി വിജയത്തിലേക്ക്..ഓരോ നല്ല സിനിമ ചെയ്യുമ്പോഴും, ആശിച്ച വേഷം കെട്ടി ആടുകയയിരുന്നൂ സരയു തൻ്റെ അഭിനയമാകുന്ന ജീവിതത്തിലൂടെ.മഴവില്ല് പോലെ അവളുടെ ജീവിതത്തിലും ഏഴ് നിറങ്ങൾ വിടർന്നു..ഒപ്പം അഭിയുടെ ചേർത്ത് പിടിക്കലും. എല്ലാത്തിനേക്കാളും ഉപരി താൻ ആഗ്രഹിച്ച ജീവിതം. 

(അവസാനിച്ചു.)

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ