മരുന്നിൻ്റെ മനം മടുപ്പിക്കുന്ന ഗന്ധം നിറഞ്ഞു നിൽക്കുന്ന ശീതികരിച്ച ഐസിയുവിൽ, തൻ്റെ പ്രിയതമയുടെ ഉടൽ തിരഞ്ഞു അയാൾ.ഏറ്റവും അറ്റത്ത് നിരവധി വയറുകളും ശരീരത്തിൽ ഘടിപ്പിച്ചു, ശാസ്ത്രീയ ലോകത്തിൻറെ പുതിയ കണ്ടുപിടുത്തങ്ങൾ ആകുന്ന യന്ത്രങ്ങളിൽ, ഒരിറ്റ് ശ്വാസം നിലനിർത്താൻ വേണ്ടി എന്നത് പോലെ, പച്ച വസ്ത്രം ഇട്ടു കിടക്കുന്ന മെലിഞ്ഞ ശരീരം അവനെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു.
ചുണ്ടുകൾ വക്രിച്ച് ചിരി എന്ന് പറയാൻ കഴിയാത്തത് പോലെ.അവളുടെ മുഖം ഒന്ന് ചുളിഞ്ഞു.!! ഒറ്റദിവസം കൊണ്ട് അവളുടെ മുഖം കറുത്ത് കരിവാളിച്ച്,നീണ്ട കഴുത്തിന് താഴെ രണ്ട് മുഴകൾ പോലെ എല്ല് പുറത്തേക്ക് തള്ളി നിൽക്കുന്നു. അവ അവനെ നോക്കി കൊഞ്ഞനം കുത്തുന്നത് പോലെ തോന്നി അവന്. അവൾക്കിലേക്ക് നടന്ന് അടുക്കുമ്പോൾ.
കാലിടറാതിരിക്കാൻ, നന്നേ പ്രയാസപ്പെട്ടു അവൻ അവളുടെ കട്ടിലിൽ മുറുകി പിടിച്ചു കൊണ്ട് അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി.നിറം മങ്ങിയ പുഞ്ചിരി തൂകി അവൾ.
ഓക്സിജൻ മാസ്ക് വെച്ചത് കൊണ്ട്,എന്തോ ആംഗ്യം കാണിച്ചു ചോദിച്ചു അവള്.ഒരു പക്ഷേ ഒന്നര വയസ്സുള്ള തൻ്റെ മകനെ അന്വേഷിക്കുന്നതായിരിക്കും.
അരികിൽ നിന്ന നഴ്സിനെ നോക്കി അവൾ കണ്ണ് കാണിച്ചു. ഓക്സിജൻ മാസ്ക് എടുക്കാൻ.
"സംസാരിക്കാൻ ശ്രമിക്കേണ്ട. വെറുതെ ഒന്ന് കാണാൻ മാത്രം കൊണ്ടുവന്നതാണ്."
നേഴ്സ് അവളോട് സമാധാനത്തിൽ പറഞ്ഞു.
"വേണ്ട ഇന്ദൂ.. അല്പം കൂടി കഴിഞ്ഞു സംസാരിക്കാം."
കണ്ണുനീര് കൊണ്ട് കാഴ്ച മങ്ങിയ കണ്ണുകളോടെ അവളെ നോക്കിക്കൊണ്ട് പറഞ്ഞു താൻ. അവളുടെ മുഖം വേദന കൊണ്ട് ചുളിയുന്നത് കണ്ടപ്പോൾ നെഞ്ചിനുള്ളിൽ ഒരു പിടച്ചിൽ.
"അനന്തേട്ടാ.."
അവൾ സർവ്വശക്തിയും എടുത്തു വിളിച്ചത് കൊണ്ടായിരിക്കും, നേർത്ത ഒരു മൂളൽ പോലെ ആ പേര് കാതിൽ പതിഞ്ഞു.
അവളുടെ ശരീരത്തിലൂടെ പതിയെ മിഴികൾ അലഞ്ഞു. ബാഹ്യ സൗന്ദര്യത്തിന് മാറ്റുകൂട്ടാൻ എന്നതുപോലെ മുഴച്ചു നിൽക്കുന്ന സ്ഥനങ്ങളിൽ, ഒരെണ്ണം നീക്കപെട്ടിരിക്കുന്നു. വികാരഭരിതമായ മുഹൂർത്തങ്ങളിൽ, തൻ്റെ കൈകളിൽ ഞെരിഞ്ഞമർന്നവയിൽ, ഒരെണ്ണം കാൻസറിന്റെ താണ്ഡവമാടിയതിൽ, എടുക്കപ്പെട്ടു. തൻ്റെ നോട്ടം മാറിടങ്ങളിൽ എത്തിനിൽക്കുന്നത് കണ്ടുകൊണ്ടായിരിക്കാം, അവളുടെ ഇരുകണ്ണുകളും നിറഞ്ഞൊഴുകി. അധിക സമയം അവിടെ നിൽക്കാൻ കഴിഞ്ഞില്ല.
"ഒന്ന് കൊണ്ടും പേടിക്കേണ്ട. ഞാനും മോനും പുറത്തുണ്ട് കേട്ടോ."
പറഞ്ഞുകൊണ്ട് അവളുടെ നെറ്റിയിൽ, അധരം പതിപ്പിക്കുമ്പോൾ, ഒരിറ്റു കണ്ണുനീർത്തുള്ളി അവളുടെ കവിളിൽ ചിതറി വീണു. ഇടറുന്ന കാലടികളോടെ തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോൾ, അവളുടെ പീലി നിറഞ്ഞ മിഴികൾ എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നതുപോലെ തോന്നി. അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട്, നിറഞ്ഞ കണ്ണുകൾ അവള് കാണാതിരിക്കാൻ വേഗം തിരിഞ്ഞു നടന്നു പുറത്തെ വരാന്തയിലേക്ക്!! നിരത്തി ഇട്ട കസേരകളിൽ ഒന്നിലേക്ക് തളർച്ചയോടെ ഇരിക്കുമ്പോൾ, വരാന്തയുടെ അറ്റത്ത് നിന്നും, മോനെ തോളിലിട്ട് അവളുടെ അമ്മയും, അമ്മയുടെ കൂടെ അച്ഛനും തന്റെ അരികിലേക്ക് വരുന്നത് കണ്ടു. മകളുടെ വിവരം അറിയാൻ, വേവലാതിയോടെ ഓടി വരുന്ന രണ്ടു മുഖങ്ങൾ.
"മോനെ, ഇന്ദു മോളെ കണ്ടോ? എന്തെങ്കിലും സംസാരിച്ചോ? ഓപ്പറേഷൻ കഴിഞ്ഞതിന്റെ വേദന ഉണ്ടോ?"
അവളുടെ അമ്മ ആകാംക്ഷയോടെ ചോദിച്ചു.
"ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല അമ്മേ.. ഓക്സിജൻ മാസ്ക് വച്ചിട്ടുണ്ട്. ഓപ്പറേഷൻ തീയറ്ററിൽ നിന്ന് മാറ്റിയപ്പോൾ, ഒന്ന് കാണാൻ വിളിച്ചതാണ്. ഓർമ്മയൊക്കെ ഉണ്ട്. കുറച്ചു കഴിഞ്ഞാൽ ശരിയാകും. മോൻ ഉറങ്ങിയല്ലോ നിങ്ങൾ റൂമിലേക്ക് പോയി ഇരുന്നോ. ഇവിടെ ഞാൻ ഉണ്ടല്ലോ."
ഒന്നും അറിയാതെ ഉറങ്ങുന്ന മകനെ കണ്ടപ്പോൾ നെഞ്ചിനൊരു വിങ്ങൽ. അമ്മയും അച്ഛനും മകനെയും കൊണ്ട് റൂമിലേക്ക് പോയി. കണ്ണുകൾ ഇറുകെ അടച്ച് കസേരയിലേക്ക് ചാരിയിരുന്നു. മനസ്സ് കഴിഞ്ഞ കാലങ്ങളിലേക്ക് ഒരു ഓട്ടപ്രദേശങ്ങൾ കഴിഞ്ഞ കാലങ്ങളിലേക്ക് ഒരു ഓട്ടപ്രദക്ഷിണം നടത്തി.
വിവാഹം കഴിഞ്ഞ് മൂന്നു വർഷമായിട്ടും കുട്ടികള്‍ ഉണ്ടായിരുന്നില്ല. സമയമാകുമ്പോൾ എല്ലാം നടക്കും എന്നതായിരുന്നു ആദ്യമൊക്കെ. പിന്നീടാണ് ചികിത്സകളും വഴിപാടുകളും ഒക്കെ നടത്തിയത്. കാത്തിരിപ്പുകൾക്കും പ്രതീക്ഷകൾക്കും അപ്പുറം തന്റെയും ഇന്ദുവിന്റെയും ലോകത്തേക്ക് മകൻ കടന്നു. ഏറെ സന്തോഷിച്ച നിമിഷങ്ങളായിരുന്നു അത്. ഒരു വർഷം കഴിഞ്ഞു. മകൻ പാലുകുടിച്ചു കൊണ്ടിരിക്കുമ്പോഴാണ്, ഇന്ദു ആ സംശയം പറഞ്ഞത്.
"അനന്തേട്ടാ.. ഈ മുലക്കണ്ണ് ഉള്ളിലേക്ക് വലിഞ്ഞു പോകുന്നു. ഇതിൽനിന്നും പാലൊന്നും കിട്ടുന്നില്ല കുഞ്ഞിന്. കുടിക്കുമ്പോൾ വല്ലാത്ത വേദന."
ഇന്ദു പറഞ്ഞപ്പോൾ കാര്യമാക്കിയില്ല. അതൊക്കെ ഉണ്ടാകും. കുഞ്ഞിന് പല്ലു മുളച്ചു തുടങ്ങിയല്ലോ. അതായിരുന്നു തന്റെ ഉത്തരം. പിന്നെ പിന്നെ അവൾ അത് പറയാതെയായി. ഓരോ ദിവസം കഴിയുന്തോറും ക്ഷീണിച്ചുവരുന്ന അവളുടെ ശരീരം കണ്ട് പരിഭവം പറഞ്ഞു അവളുടെ അമ്മ. കുഞ്ഞു പാല് കുടിക്കുമ്പോൾ, അമ്മ ക്ഷീണിക്കും. അതൊന്നും അറിയില്ലേ നിൻറെ അമ്മയായി അമ്മയ്ക്ക്. തൻറെ അമ്മ ദേഷ്യത്തിൽ ചോദിച്ചപ്പോൾ, ഇന്ദുവിന്റെഅമ്മയോട് ദേഷ്യം തോന്നി. വികാരങ്ങൾ ഭ്രാന്തമാക്കിയ വേളകളിൽ, തൻ്റെ കൈകളിൽ അവളുടെ സ്ഥാനങ്ങളിൽ ഞെരിഞ്ഞമർന്നപ്പോൾ, വേദന കൊണ്ട് പുളഞ്ഞു അവള് . അധരം മുല ഞെട്ടിനെ നുകർന്നപ്പോൾ, വേദന കൊണ്ട് അവളുടെ ശരീരം വിറക്കുന്നത്, കണ്ടില്ലെന്ന് നടിച്ച്,അവളുടെ വേദന കാര്യമാക്കാതെ, തന്നെ അവളിൽ നിറയ്ക്കുന്ന നിമിഷങ്ങളിൽ എല്ലാം മറന്ന്, അവളിലേക്ക് അമർന്നപ്പോൾ, അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത്, അരണ്ട വെളിച്ചത്തിൽ കണ്ടപ്പോൾ ദേഷ്യമാണ് തോന്നിയത്.അവളിൽ നിന്നും അടർന്നു മാറി കിടക്കുമ്പോൾ, ഉള്ളിൽ നുര പൊന്തിയ അമർഷത്തോടെ പറഞ്ഞു.
"എപ്പോഴും വേദന തന്നെ. എനിക്കും വേണ്ടേ ഒരു എൻജോയ്മെൻറ്. നിൻ്റെ ശരീരത്തിൽ ഉള്ളതെല്ലാം എനിക്ക് ആസ്വദിക്കാൻ വേണ്ടിയുള്ളതാണ്."
അത് പറഞ്ഞപ്പോൾ അവൾ പൊട്ടിത്തെറിച്ചു.
"ഞാൻ ചത്ത് കിടന്നാലും നിങ്ങൾ ആഘോഷിക്കും. ജീവനില്ലാത്ത എൻ്റെ ശരീരത്തിൽ അവസാനമായി. കാരണം വേദനകൾ എന്റേത് മാത്രമാണല്ലോ."
അവളുടെ ഭാവം കണ്ട് ദേഷ്യപ്പെട്ട് റൂമിൽ നിന്നും ഇറങ്ങി പോയി. പിറ്റേദിവസം മോനേയും കൊണ്ട് വീട്ടിലേക്ക് പോയി. തലേദിവസം ചെയ്തതിന്റെ ദേഷ്യം കൊണ്ടായിരിക്കും എന്നാണ് കരുതിയത്. പക്ഷേ അവൾ അമ്മയെ കൂട്ടി ഡോക്ടറെ കാണിക്കാനാണ് പോയത്. അന്ന് തൊട്ട് ഇന്നുവരെ ഹോസ്പിറ്റലിലാണ്. മാരകമായ കാൻസർ, അവളുടെ മാറിനെ ചുരന്ന്, ശ്വാസകോശത്തിലേക്ക് ബാധിച്ചു എന്ന് സംശയം. എത്രയും പെട്ടെന്ന് ഇടതുഭാഗത്തെ സ്ഥനം നീക്കം ചെയ്യണം. ഡോക്ടറുടെ വാക്കുകൾ കേട്ടപ്പോൾ അവൾ തന്നെ തുറിച്ചു നോക്കി. അവളുടെ മിഴികൾ ചോദിച്ചതിന്റെ അർത്ഥം തനിക്ക് മനസ്സിലായി. തൻ്റെ ആസ്വാദനത്തിനുള്ള ഒരു അവയവം മുറിച്ചു മാറ്റുന്നു. ഡോക്ടറുടെ റൂമിൽ നിന്നും നിരാശയോടെ ഇറങ്ങി നീണ്ട വരാന്തയിലൂടെ നടക്കുമ്പോൾ, അവളുടെ നേർത്ത ശബ്ദം കാതിൽ പതിഞ്ഞു.
"എന്നെ ഇനി ഒന്നിനും കൊള്ളില്ല അല്ലേ അനന്തേട്ടാ.."
അവളുടെ വലതു കൈയിൽ തന്നെ ഇടതു കൈകൊണ്ട് അമർത്തി പിടിക്കുമ്പോൾ, മൗനത്തിൻറെ ഭാഷയിൽ ഹൃദയം അലമുറ കൂട്ടുന്നുണ്ടായിരുന്നു. അങ്ങനെയൊന്നും പറയല്ലേ പെണ്ണേ എന്ന്.
ഒന്നിടവിട്ട് ഓപ്പറേഷൻ.. ശ്വാസകോശത്തിലേക്ക് അർബുദം ബാധിച്ചു. വൈദ്യശാസ്ത്രത്തെ നോക്ക് കുത്തി ആക്കി കൊണ്ട് തൻ്റെ ഇന്ദുവും..തനിക്ക് മുന്നിലൂടെ ഓടി അകലുന്ന കാലൊച്ച കേട്ട്,കണ്ണുകൾ തുറന്നു നോക്കി.
"ഇന്ദു...."
അറിയാതെ ഹൃദയം മന്ത്രിച്ചു.
അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ,ഇന്ദുവിനെ നോക്കുന്ന ഡോകടർ പുറത്തേക്ക് വന്നു.
"സോറി അനന്തൻ. കഴിവിൻ്റെ പരമാവധി ശ്രമിച്ചു..എല്ലാം ഈശ്വരനിശ്ചയം."
ഇന്ദു വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായിരിക്കുന്നു...!!