mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

സാധാരണയിലും വൈകിയാണ് അയാൾ ഇന്നു ഓഫീസിൽ നിന്നും ഇറങ്ങിയത്. സർക്കാർ ഓഫീസിലെ ഫയലുകളും ആ നാല് ചുവരുകൾക്കുള്ളിലേ ജീവിതവും അയാൾക്ക് നന്നേ മടുത്തു തുടങ്ങിയിരിക്കുന്നു..

അതിന്റെ ആലസ്യം അയാളുടെ മുഖത്ത് കാണാം. മടങ്ങും വഴി കവലയിലെ ചായ കടയിൽ നിന്നും ഒരു ചായ പതിവുള്ളതാണ്. മഴ ചെറുതായി പൊടിയുന്നുണ്ട്. അതുകൊണ്ടു തന്നെ നടത്തത്തിന്റെ വേഗതയും കൂടി. മഴ ആയതുകൊണ്ടാവാം കടയിൽ പതിവിലും ആൾക്കാർ ഉണ്ട്. ഒരുപാട് നനയുന്നതിനു മുന്നേ അയാൾ ഓടി കടയിൽ കയറി. വാതിൽക്കലേ ബെഞ്ചിൽ ഇരുപ്പ് ഉറപ്പിച്ചു പുറത്തേക്ക് നോക്കി കുറച്ചു സമയം ഇരിക്കുന്നത് ഒരു സുഖമാണ്. കഴിഞ്ഞ കുറെ വർഷങ്ങളായി ആ ഇരുപ്പ് പതിവുള്ളതാണ്. പക്ഷെ അന്നേരം നഷ്ടപ്പെട്ടതെന്തോ തിരയുന്ന ഭാവമാണ് അയാൾക്ക്.

അതെ, അയാൾ ശെരിക്കും തിരയുക തന്നെയാണ്. അയാളെ തന്നെ. ആർത്തുല്ലസിച്ചു ജീവിതം ആസ്വദിച്ചിരുന്ന കൗമാരക്കാരനായ അയാളെ. ആ ഇരുപ്പിൽ പലപ്പോഴും ആ കണ്ണുകൾ നിറയാറുണ്ട്. പക്ഷെ ചായയോടൊപ്പം ആ കണ്ണീരും കുടിച്ചിറക്കാറാണ് പതിവ്. ഇന്നയാൾക്ക് കൂട്ടിനു മഴയുമുണ്ട്. പതിയെ ചാറിയ മഴ ഇപ്പോൾ നന്നായി ശക്തി പ്രാപിച്ചിട്ടുണ്ട്.
"നശിച്ച ഒരു മഴ" കടയിൽ നിന്ന ചിലർ മഴയെ ശപിച്ചു. പക്ഷെ മഴ അയാൾക്ക് ഒരു വികാരമാണ്. ഇതുപോലൊരു മഴയത്ത് പണ്ട് ഇതേ കവലയിലൂടെ തന്റെ കാമുകിക്കൊപ്പം ഒരു കുടക്കീഴിൽ അവളെയും ചേർത്ത് പിടിച്ചു നടന്നത് അയാൾക്ക് കൺ മുന്നിലെന്ന പോലെ കാണാം.

"സാറിനു പതിവ് ചായ അല്ലെ", രസം കൊല്ലിയായി കടക്കാരന്റെ ചോദ്യം വന്നു. പക്ഷെ ഇന്ന് ആദ്യമായ്‌ അയാൾ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.
"വേണ്ടാ.. ഇന്നൊരു കട്ടൻ മതി." 

കോരി ചൊരിയുന്ന മഴയത്തു ഒരു കട്ടൻ. എന്താ കോമ്പിനേഷൻ. ആ കട്ടന് വല്ലാത്തൊരു മധുരം ഉണ്ടായിരുന്നു. ഓർമകളുടെ സുഖമുള്ള മധുരം.
മഴ മാറാൻ നിൽക്കാതെ അയാൾ ഇറങ്ങി നടന്നു. ഏറെ നാളിനു ശേഷം ഇന്നൊരു മഴ നനയുന്നു. ചുവന്ന നാടക്കുള്ളിൽ തളക്കപ്പെട്ട ആ കാമുകൻ അയാളിൽ പുനർജനിക്കുന്നു. പണ്ട് അവളെ കാണാൻ പതിവായി കാത്തു നിൽക്കുമ്പോൾ തണൽ നൽകിയ ആൽ മരം അവരുടെ പ്രണയത്തിന്റെ സ്മാരകം പോലെ ഇന്നും തലയെടുപ്പോടെ നിൽക്കുന്നുണ്ട്. അവിടെ നിന്നും നോക്കിയാൽ അവളുടെ മുറി കാണാം. ആ മുറിയുടെ ജനാലാക്കരികിൽ അവൾ വന്നിരുന്നു വിരലുകൾ കൊണ്ട് മഴവെള്ളം തട്ടി കളിക്കുന്നത് എത്ര തവണ അയാൾ നോക്കി നിന്നിട്ടുണ്ട്. അന്നേരം അവൾക്കൊരു ചിരിയുണ്ട്. ലോകത്തെ മുഴുവൻ അവളിലേക്ക് ആകർഷിക്കുന്ന ഒരു ചിരി. ഒരു ദിവസം ഇല്ലാതാക്കാൻ അത് മതിയായിരുന്നു.
മഴ നന്നായി നനഞ്ഞത് കൊണ്ട് തന്നെ കണ്ണാടിയിലൂടെയുള്ള അയാളുടെ കാഴ്ചക്ക് മങ്ങലേറ്റിട്ടുണ്ട്. എങ്കിലും ഒരിക്കൽ കൂടി പഴയ കാമുകനെ പോലെ അയാൾ തല ഉയർത്തി ആ ജനാലായിലേക്ക് നോക്കി.

അവളുടെ തനി പകർപ്പ്. ഒരു പെൺകുട്ടി ആ ജനാലാക്കരികിൽ ഇരുന്ന് മഴ വെള്ളം തട്ടി കളിക്കുന്നുണ്ട്. ആൽ മരത്തിനു ചോട്ടിൽ അവളെ തന്നെ കണ്ണും നട്ട് ഒരു ചെറുപ്പക്കാരനും. പ്രണയത്തിന് മാത്രം പ്രായമാകുന്നില്ലല്ലോ. ഒരു നാണ ചിരിയോടെ അയാൾ മുന്നോട്ട് നടന്നു.
പക്ഷെ ആ നടത്തം ഏറെ ദൂരം നീണ്ടില്ല. അയാളുടെ വേഗത കുറഞ്ഞു. ചുണ്ടിലെ ചിരി മാഞ്ഞു. മനസ്സിലൂടെ ഒരായിരം ചോദ്യങ്ങൾ കടന്നു പോയി.
"ആ വീട്.. അതിപ്പോ എന്റെ വീട് അല്ലെ!"
"ആ പെൺകുട്ടി. അവൾ. അവൾ എന്റെ മകൾ അല്ലെ!"
"അപ്പൊ ആ ചെറുപ്പക്കാരൻ?"
ഹൃദയമിടിപ്പ് കൂടാൻ ഇതിൽ കൂടുതൽ എന്ത് വേണം.
"കയറി പോടീ അകത്തു"
മുകളിലേക്ക് നോക്കി അയാൾ അലറി. ജനാലയുടെ വാതിൽ വലിച്ചു അടച്ചു അവൾ മുറിക്കുള്ളിലേക്ക് ഓടി മറഞ്ഞു. തിരിഞ്ഞു പോലും നോക്കാതെ, മഴയെ വക വയ്ക്കാതെ എങ്ങോട്ടെന്നില്ലാതെ ആ ചെറുപ്പക്കാരനും ഓടി അകന്നു. കണ്ണാടിയിൽ പറ്റിയ മഴ തുള്ളികൾ തുടച്ചു കയ്യിലിരുന്ന ബാഗ് തലക്ക് മീതെ പിടിച്ചു മഴയെ തടുത്തു നിർത്തി അയാൾ പിറു പിറുത്തു
"നശിച്ചൊരു മഴ"

 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ