റേഷന്‍ കടയില്‍ സാമൂഹ്യഅകലം പാലിച്ച് ഒരു മണിക്കൂറോളം ആദിത്യന് ക്യൂ നില്‍ക്കേണ്ടി വന്നു. വീട്ടിലെത്തി ഇറയത്തേക്ക് കയറുമ്പോഴേക്കും മഴ ചാറിത്തുടങ്ങിയിരുന്നു.
'കുടയെവിടെ?' അയാളുടെ ഭാര്യ ചോദിച്ചു. 'വീണ്ടും മറന്നു വച്ചോ? നിങ്ങളിനി പുറത്ത് പോകുമ്പോള്‍ കുടയെടുക്കണ്ട. അതാണ് നല്ലത്.'
2 ആഴ്ചക്കുള്ളില്‍ നഷ്ടപ്പെടുന്ന മൂന്നാമത്തെ കുടയായിരുന്നു അത്. എവിടെയായിരിക്കും വച്ചത് ? ആദിത്യന്‍ ഓര്‍ക്കാന്‍ ശ്രമിച്ചു. ഒടുവില്‍ അയാള്‍ കടയിലേക്ക് വിളിച്ചു.
'ഇല്ല. സാറേ. ഇവിടെ കുടയൊന്നും കാണുന്നില്ല.' എന്ന മറുപടിയാണ് കിട്ടിയത്.
ഈയിടെയായി ആദിത്യന്‍ടെ മറവി വല്ലാതെ കൂടുന്നുണ്ടെന്ന് ഭാര്യ സുഷമ കുറ്റപ്പെടുത്താറുണ്ടായിരുന്നു. വായിക്കാനുള്ള കണ്ണട ഒരു ദിവസം 3 -4 തവണയെങ്കിലും അന്വേഷിച്ച് നടക്കേണ്ടി വരുന്നു.കൂടാതെ യഥാസമയം വീടിന്‍ടെ വാതിലടച്ചോ ? ബി.പി യുടെ മരുന്ന് കഴിച്ചോ ഇങ്ങനെയൊക്കെയുള്ള സംശയങ്ങളില്‍ പെടുന്ന ഒരു സ്വഭാവവും.
എങ്കിലും അയാള്‍ സുഷമയോടു ഇങ്ങനെ പറയും. ഒഓ. അതിലൊന്നും വലിയ കാര്യമൊന്നുമില്ല. ഒരു പ്രായം കഴിഞ്ഞാല്‍ ഇതൊക്കെ പതിവാണ്. നീ എന്നെ ഒരു അംനീഷ്യ രോഗിയാക്കുകയാണോ?
സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും ആദിത്യന്‍ടെ പ്രശ്നം ഗൗരവമുള്ളതായിരുന്നു. അയാളുടെ പ്രശ്നം കുടി വന്നു. നഷ്ടപ്പെടുന്ന വസ്തുക്കള്‍ മാത്രമല്ല, അയാളുടെ ദിനചര്യയെ വരെ ബാധിച്ചു തുടങ്ങി.സമയത്ത് ഉണ്ണാനും ചിലപ്പോള്‍ ഉറങ്ങാനും വരെ മറന്നു തുടങ്ങി. ജീവിതത്തിന്‍ടെ താളക്രമം ആകെ മാറിത്തുടങ്ങി.
ഒരു ദിവസം കോളിഗ്ബെല്‍ ശബ്ദം കേട്ട് മുന്‍വശത്തെ വാതില്‍ തുറന്ന് നോക്കുമ്പോള്‍ രണ്ട് സ്ത്രീകള്‍ മുറ്റത്ത് നില്‍ക്കുന്നുണ്ടായിരുന്നു.
'സര്‍. ഞങ്ങള്‍ പഞ്ചായത്തില്‍ നിന്നാണ്. ഒരു സര്‍വ്വേക്ക് വന്നതാണ്. കുടുബാംഗങ്ങളുടെ വിവരങ്ങള്‍ ഒന്നു പറയാമോ?
ഓഹോ.ആയിക്കോട്ടേ. പറയാമല്ലോ.
കുടുംബനാഥന്‍ടെ പേര് ?
ആരാണ് കുടുംബനാഥന്‍.ഓ..അത് താനല്ലേ..പെട്ടെന്ന് ഒരു നിമിഷം. തന്‍ടെ പേര് ആദിത്യന്‍ മറന്നു പോയി. എങ്കിലും സൂര്യന്‍ടെ പര്യായമാണെന്ന ഒാര്‍മ്മയുണ്ടായിരുന്നു.
'ദിവാകരന്‍ 'അയാള്‍ പറഞ്ഞു.
ഭാര്യയുടെ പേര്.. 'സുനന്ദ.'
'മക്കളെത്ര പേരാ?'
'മക്കളോ? മക്കളൊന്നുമില്ല. ഞങ്ങള്‍ രണ്ടു പേര്‍ മാത്രമാണ് ഇവിടെ ഉള്ളത്.'
ഈ സമയത്ത് അയാളുടെ മുത്ത മകന്‍ടെ കുട്ടി മുത്തശ്ശാ എന്നു വിളി്ച്ച് മുന്‍വശത്തേക്കോടി വന്നു.
ആശുപത്രിയില്‍ നിന്ന് ഡോക്ടറെ കണ്ടു കാറില്‍ മടങ്ങുമ്പോള്‍ 'ആദിത്യന്‍ എം.എ.എന്ന് 25 പ്രാവശ്യം ഇംപോസിഷന്‍ എഴുതിയ കടലാസിലേക്ക് നിര്‍ന്നിമേഷനായി അയാള്‍ നോക്കിയിരിക്കുകയായിരുന്നു.
'ആരായിരിക്കും ഈ ആദിത്യന്‍ എം.എ. എന്തിനായിരിക്കും ഡോക്ടര്‍ എന്നെക്കൊണ്ട് ഈ പേര് എഴുതിച്ചത്.'
അപ്പോള്‍ ഒരു തണുത്ത കാറ്റ് വീശി. മഴ തകര്‍ത്ത് പെയ്യാന്‍ തുടങ്ങി. മനസ്സിലെ മായുന്ന ഓര്‍മ്മകള്‍ പോലെ കാറിന്‍ടെ ഫ്രണ്ട് ഗ്ളാസിലൃടെ ഒഴുകുന്ന മഴത്തുള്ളികള്‍ തുടച്ചു മാറ്റപ്പെട്ടു കൊണ്ടേയിരുന്നു.