മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

(Abbas Edamaruku)

ചന്ദ്രൻ കിഴക്കൻ ചക്രവാളത്തിൽ രാത്രി സവാരിക്കെത്തി വർണ്ണം വിടർത്തുന്നതും നോക്കി അടുക്കളജനാലയ്ക്കൾ 'ലക്ഷ്മി'അങ്ങനെ നിന്നു. പകലത്തെ ഓണസദ്യയൊരുക്കലിന്റെയും മറ്റും ക്ഷീണം അവളെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു.

മുറ്റത്തെ പനിനീർപ്പൂക്കളിൽ മുത്തമിട്ടുകൊണ്ട് മിന്നാമിനുങ്ങുകൾ പാറിനടക്കുന്നു. ജീവിതത്തിലെ ഒരു ഓണക്കാലം കൂടി കടന്നുപോവുന്നു. മനസ്സ് എവിടെയൊക്കെയോ അലയുകയാണ്. കഴിഞ്ഞകാല ജീവിതത്തിലെ ഇനിയൊരിക്കലും തിരിച്ചുകിട്ടാത്ത ആ സുന്ദരനിമിഷങ്ങളുടെ ഓർമ്മകളും അയവിറക്കിക്കൊണ്ട് ഇരുളടഞ്ഞ ഇടനാഴിയിലൂടെ.പതിവുള്ള ഓർമ്മഅയവിറക്കലിൽ നിന്ന് രാത്രികാല സ്വപ്നങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി ഈ വിശേഷദിവസത്തിൽ സന്ധ്യാസമയത്ത് ആ ഓർമ്മകളുംപേറി അവൾ ദൂരേയ്ക്ക് മിഴികൾ നട്ട് നിന്നു .

അവളുടെ മനസ്സ് എന്തുകൊണ്ടാണ് ഇങ്ങനെ ചിന്തകളിലൂടെ സഞ്ചരിക്കുന്നത്. അവളുടെ ജീവിതം എന്നും ഇതുപോലെ കഴിഞ്ഞകാല ഓർമ്മകൾക്ക് അടിമപ്പെട്ട് നശിക്കുമോ... വർണ്ണങ്ങൾ നിറഞ്ഞ പൂന്തോപ്പിൽ കഴിയുമ്പോഴും കുറച്ചുനാൾ മാത്രം നീണ്ടുനിന്ന ആ കഴിഞ്ഞകാല വസന്തങ്ങളിലേയ്ക്ക് അവൾ തിരികെപ്പോകുന്നു.

ആ ഒരു സുന്ദരനിമിഷത്തിനായി, അതിന്റെ നിർവൃതിക്കായി ഒരുമാത്ര അവൾ കണ്ണുകളടച്ചു. അവളിപ്പോൾ ദൂരെഗ്രാമത്തിലെ ഒഴിഞ്ഞകോണിലുള്ള പഴയ ഓടിട്ട കൊച്ചുവീടിനുള്ളിൽ തിരുവോണസദ്യയൊരുക്കുന്ന തിരക്കിലാണ്. സന്തോഷം തുടികൊട്ടുന്ന മനസ്സ് അവൾപോലും അറിയാതെ ആവേശത്തോടെ ഓരോന്നും ചെയ്യിക്കുകയാണ്.

ഊണ്, വിവിധതരം കറികൾ, പായസം, ഓണസദ്യ ഒരുക്കികഴിഞ്ഞു. ഇനി കുളിച്ച് കുറിതൊട്ട് പുതുവസ്ത്രമണിഞ്ഞ് 'ജയേട്ടനുമൊത്ത്' സദ്യഉണ്ണണം. പിന്നെ ആ കൈപിടിച്ച് ബൈക്കിന്റെ പിന്നിലിരുന്ന് സുഹൃത്തുക്കളുടെ അടുക്കലൊക്കെ ഒരു സൗഹൃദസന്ദർശനം. അവളുടെ ചുണ്ടിൽ ഒരു ചെറുപുഞ്ചിരി വിടർന്നു. അവളും ഭർത്താവും യാത്ര ചെയ്യുകയാണ്... അങ്ങനെ പ്രകൃതിഭംങ്ങിയൊക്കെ ആസ്വദിച്ചുകൊണ്ട് മുന്നോട്ട് നീങ്ങുമ്പോൾ അവളുടെ ഹൃദയം വല്ലാതെ തുടികൊട്ടിക്കൊണ്ടിരുന്നു.

പൊടുന്നനെ പിന്നിൽനിന്ന് മുരടനക്കം കേട്ട് അവൾ ഞെട്ടിക്കൊണ്ട് തിരിഞ്ഞുനോക്കി. ദേഷ്യം ഉള്ളിലൊതുക്കി കൃത്രിമപുഞ്ചിരിചുണ്ടിലൊളിപ്പിച്ചുകൊണ്ട് ഭർത്താവ് അടുക്കളയിലേയ്ക്ക് കടന്നുവരുന്നു.

"ആഹാ... നീ ഇതുവരെ കുളിച്ചില്ലേ... ഊണ് കഴിക്കണ്ടേ?"

ഒരുമാത്ര അവൾ മിണ്ടിയില്ല. സുന്ദരസ്വപ്നങ്ങൾക്ക് ഭംഗം വരുത്തിയതിന്റെ ഇഷ്ടക്കേട് മുഖത്തുവരുത്താതെ വിളറിയ ചിരിയോടെ ഭർത്താവിനെ നോക്കി അങ്ങനെ നിന്നു. അവൾ ചിന്തിക്കുകയായിരുന്നു... എത്രസുന്ദരമായ ഓർമ്മകളിലായിരുന്നു താൻ. സങ്കല്പലോകത്തിലാണെങ്കിലും അതിന്റെ മനോഹാരിതയ്ക്ക് ഒട്ടും കുറവില്ല ഇന്നും... ഇടയ്ക്കുവെച്ച്‌ മുറിഞ്ഞുപോയതൊഴിച്ചാൽ.

ഏതാനുംസമയം അവളെ നോക്കിനിന്നിട്ട് അവൾ എന്താവും ചിന്തിക്കുന്നതെന്ന് അറിയാവുന്നതുകൊണ്ട് തന്നെ അവളെയൊന്ന് തറപ്പിച്ചുനോക്കിയിട്ട് അയാൾ അടുക്കളയിൽ നിന്ന് തിരികെപ്പോയി.

ഭർത്താവിന്റെ നോട്ടത്തിൽ... പോയികുളിക്കാൻ നോക്ക് ഊണ് കഴിച്ചിട്ട് കിടക്കണ്ടേ, എന്ന ധ്വനി നിറഞ്ഞുനിൽക്കുന്നത് അവൾക്ക് മനസ്സിലായി. എന്നിട്ടും അവൾ കുറച്ചുനേരംകൂടി അങ്ങനെ നിന്നു. ഇടയ്ക്കുവെച്ച് മുറിഞ്ഞുപോയ ഓർമ്മകൾ വിളക്കിച്ചേർത്തുകൊണ്ട് വീണ്ടും പഴയകാലവഴികളിലൂടെ മനസ്സുകൊണ്ട് സഞ്ചരിക്കാൻ ശ്രമിച്ചു. അങ്ങനെ മുഴുകിയപ്പോൾ അവളുടെ ചുണ്ടിലെ ചിരി മെല്ലെ മാഞ്ഞു. പകരം അവിടെ നൊമ്പരം വിടർന്നു. ആ മിഴികളിൽ കണ്ണുനീർ പിറവിയെടുത്തു.

ആദ്യമായും അവസാനമായും ഒരുമിച്ച് ഓണമുണ്ണാനിരുന്നപ്പോൾ ജയേട്ടൻ അന്ന് അവളെനോക്കി കുസൃതിയോടെ പറഞ്ഞു.

"അടുത്ത ഓണത്തിന് ഇങ്ങനെ നമ്മൾ തനിച്ചുപോരാ... ഒരുകുഞ്ഞുകൂടി ഒപ്പം വേണം."

പക്ഷേ, പിറ്റേന്ന് ആയിരുന്നല്ലോ ബൈക്ക് ആക്സിഡന്റിന്റെ രൂപത്തിൽ വിധി ജയേട്ടന്റെ ജീവൻ കവർന്നെടുത്തത്.വീണ്ടും വീണ്ടും ആ നൊമ്പരപ്പെടുത്തുന്ന ഓർമ്മകളിൽ മുഴുകരുതെന്ന് പലപ്പോഴും ചിന്തിക്കും. വീട്ടുകാരുടെയും മറ്റും നിർബന്ധത്തിനുവഴങ്ങി രണ്ടാമതൊരു വിവാഹത്തിന് ഒരുങ്ങുമ്പോഴും ഇത് മനസ്സിൽ തീരുമാനിച്ചുറപ്പിച്ചിരുന്നു.

പക്ഷേ, ഇപ്പോൾ അറിയുന്നു... അതൊന്നും അങ്ങനെ മറക്കാൻ കഴിയുന്നതല്ലെന്ന്. ജീവനുള്ളിടത്തോളം കാലം ആ ഓർമ്മകൾ മനസ്സിനെ വിട്ടകലുകയില്ലെന്ന്. വിയോഗത്തേക്കാൾ വേദന ഉണ്ടാക്കും അതിനെക്കുറിച്ചുള്ള ഓർമ്മകളെന്ന് അവളറിയാൻ വൈകിപ്പോയി.

ഏറെനേരം കഴിഞ്ഞിട്ടും അവളെ കാണാത്തതുകൊണ്ട് ഭർത്താവ് വീണ്ടും അവിടെയ്ക്ക് വന്നു.

"നീ ഇതുവരെ കുളിക്കാൻ പോയില്ലേ... ഇപ്പോഴും ആ പഴയഓർമ്മകളിൽ മുങ്ങിത്താണുകൊണ്ടിരിക്കുകയാണോ?" അയാളുടെ ശബ്ദം ഉയർന്നു.

അവൾ കരച്ചിൽ ഉള്ളിലടക്കി മുഖം തുടച്ചുകൊണ്ട് തിരിഞ്ഞ് ഭർത്താവിനെ നോക്കി.

"എത്രയൊക്കെ ശ്രമിച്ചാലും ഇതുപോലുള്ള അവസരങ്ങളിൽ ആ ഓർമ്മകൾ എന്നെ വേട്ടയാടുകതന്നെ ചെയ്യും. എന്നോട് ക്ഷമിക്കൂ... ഒരുവർഷമേ ഒരുമിച്ചു ജീവിച്ചൊള്ളെങ്കിലും ജയേട്ടന്റെ സ്നേഹം എന്നെ തോൽപ്പിച്ചുകളഞ്ഞു. എന്റെ നെഞ്ചിനുള്ളിൽ നിന്ന് അത് വിട്ടുപോകുന്നില്ല. ഇതുകൊണ്ടാവും അധികകാലം ഒരുമിച്ചുജീവിക്കാനുള്ള യോഗം ഞങ്ങൾക്ക് ഉണ്ടാകാഞ്ഞതും."അവൾ മുഖം തുടച്ചു.

"എല്ലാം മറക്കണം...മറന്നെപറ്റൂ...അതാണ് ജീവിതം. അതിന് കഴിയില്ലെങ്കിൽ പിന്നെന്തിന് എന്റെ ജീവിതത്തിലേയ്ക്ക് കടന്നുവന്നു...ഞാനും ഇതേ അവസ്ഥയിലൂടെ കടന്നുവന്നതല്ലേ?" ഭർത്താവിന്റെ ശബ്ദത്തിൽ ഈർഷ്യ നിറഞ്ഞുനിന്നു.

കുളികഴിഞ്ഞു... ഭർത്താവുമൊത്ത് ഭക്ഷണം കഴിച്ച്... ഉറങ്ങാൻ കിടന്നു. അവളുടെ മനസ്സ് വീണ്ടും ആ കഴിഞ്ഞകാല ഓർമ്മകളിലേയ്ക്ക് മെല്ലെ ഊളിയിട്ടുപോയി. ജയേട്ടനുമൊത്ത് കഴിഞ്ഞ തിരുവോണനാളിലെ അവസാനരാത്രിയിലെ ആ സുന്ദരനിമിഷങ്ങളിലേയ്ക്ക്. അവളുടെ ചുണ്ടിൽ മെല്ലെ നാണത്തിൽ കുതിർന്ന ഒരുപുഞ്ചിരി വിടർന്നു. ഈ സമയം ജനാലവഴി ഓണനിലാവ് കുസൃതിയോടെ അവളുടെ മുറിയിലേയ്ക്ക് എത്തിനോക്കിക്കൊണ്ടിരുന്നു.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ