ദിനങ്ങളേറെയായി ഇരുലോകങ്ങൾക്കുമിടയിലീ രോഗശയ്യയിൽ പെന്റുലംപോലെ ജീവിതം തുടങ്ങിട്ട്. മരണമോ ജീവിതമോ രണ്ടുമൊരുപോലെയാണെനിക്ക്. ഒരുവൾ ഇവിടെയും മറ്റൊരുവൾ അവിടെയും.
മനസിന് ഏതു സൂപ്പർസോണിക്നേക്കാളും മായാവേഗതയാണ്. സ്മരണകൾ പിന്നിലേക്ക് പായുന്നു. ആദ്യ പ്രണയത്തെ കൈപിടിച്ചു ലോകം കീഴടക്കിയ യൗവനം. പിന്നെ പൊന്നുപോലെ മൂന്ന് കണ്മണികൾ. എങ്കിലും ഒരു പെൺകുഞ്ഞിന് വേണ്ടി കൊതിച്ചു അവളും ഞാനും. അവസാനത്തെ മോന് ഒരു വയസുള്ളപ്പോളാണ് ന്യൂമോണിയ അവളെ ഞങ്ങളിൽ നിന്ന് തട്ടിയെടുത്തതു. ജീവിതം കൈവിട്ടു പോയ നാളുകൾ. പേരറിയാത്ത വികാരങ്ങൾ മനസിനെ കാർന്നു തിന്നിരുന്നു. ആ ആറ് നക്ഷത്രക്കണ്ണിലെ നിസ്സഹായതയിൽ ആത്മഹത്യ എന്ന ചിന്ത വെന്തുമരിച്ചു. ജിവിതം എങ്ങനൊക്കെയോ മുന്നോട്ട് നീക്കി.
ഭാര്യ ഇല്ലാതെ ഭർത്താവിന് ജീവിക്കാമെങ്കിലും അമ്മയില്ലാതെ കുഞ്ഞുങ്ങൾക്കു പറ്റില്ല എന്ന വസ്തുത വീണ്ടും ഒരു വിവാഹത്തിലെത്തിച്ചു. എന്റെ രണ്ടാം വിവാഹവും അവളുടെ ആദ്യ വിവാഹവും. അവളുടെ സാമ്പത്തികസ്ഥിതി അത്ര മോശമാകയാൽ വളരെ പ്രായവ്യത്യാസമുള്ളതും 3 കുട്ടികളുടെ അച്ഛനുമായ ഒരു രണ്ടാം കെട്ടുകാരനെ കെട്ടേണ്ടിവന്നു. അവൾ എനിക്ക് കുട്ടികളുടെ ആയ മാത്രമാരുന്നു. പക്ഷെ കുട്ടികളും ഞാനും മാത്രമാണ് അവളുടെ ലോകമെന്നു അറിയാൻ ഞാൻ വൈകി. അച്ഛനെക്കാൾ കുട്ടികൾക്ക് പ്രിയം അമ്മയായിമാറി. പതിയെ പതിയേ അവളിലേ സ്നേഹം ഞാനുമറിഞ്ഞു. 10 വർഷങ്ങൾക്കിപ്പുറം ചേട്ടന്മാർക്കൊരു കുഞ്ഞിപ്പെങ്ങൾ ജനിച്ചു. ഇന്നീ മരണശയ്യയിൽ കിടക്കുമ്പോൾ എറെ കരയുന്നതു എന്റെ മോളാണ്. അവളുടെ മുത്തശ്ശനാകാൻ പ്രായമുള്ള അച്ഛനെ സ്നേഹിച്ചു കൊതിതീർന്നില്ലവൾക്കു. മരിക്കാൻ ഭയമില്ലെനിക്ക്. കാരണം എന്റെ ഭാര്യയെ നോക്കാൻ 4 മക്കളുണ്ട്.എന്റെ മകളെ കാക്കാൻ 3 ഏട്ടന്മാരുണ്ടവൾക്ക്. അതിനെല്ലാമുപരി മരണത്തിനുമപ്പുറം ബാക്കിവെച്ച സ്നേഹവുമായി എന്റെ ആദ്യപ്രണയം കാത്തുനിൽക്കുന്നു. ഈ രണ്ടുപേരിൽ ഞാൻ ആരെയെങ്കിലും വഞ്ചിട്ടുണ്ടോ എന്നെനിക്കറിയില്ല. കാരണം രണ്ടും എന്റെ ശരികളാണ് എന്റെമാത്രം ശരികൾ. ഇപ്പോൾ ശരീരത്തിന് തീരെ ഭാരം തോന്നുന്നില്ല. മൂന്നു തേങ്ങലുകൾ കേൾക്കാം. അവർ പാതി ബോധം മറഞ്ഞ അമ്മയെ താങ്ങി പ്പിടിച്ചിട്ടുണ്ട്; അലറി കരയുന്നതെന്റെ മകളാണ്. ഇപ്പോളെന്റെ കൈ പിടിച്ചിരിക്കുന്നതെന്റെ പ്രണയമാണ്.