ഒളിമ്പസ് ദേവകളും, പൂർവ്വ ദേവകളായ ടൈറ്റാൻമാരുമായുള്ള യുദ്ധത്തിൽ, ടൈറ്റാൻ ദേവതയായ തെമിസും അവരുടെ മകനായ പ്രൊമിത്യൂസും ഒളിമ്പസ് ദേവങ്ങൾക്കൊപ്പം സഖ്യത്തിലായിരുന്നു. യുദ്ധത്തിൽ ഒളിമ്പസ് ദേവകൾ ജയിക്കുകയും അവരുടെ നേതാവായിരുന്ന സിയൂസ് ലോകത്തിന്റെ അധിപനായിത്തീരുകയും ചെയ്തു.
അങ്ങനെയിരിക്കെ പ്രൊമിത്യൂസിനു ഒരു ദൗത്യം നൽകപ്പെട്ടു. മണ്ണും ജലവും ഉപയോഗിച്ചു മനുഷ്യപുരുഷനെ സൃഷ്ഠിക്കുക എന്നതായിരുന്നു സിയൂസ് നൽകിയ ആ നിയോഗം. തന്റെ സർഗ്ഗസിദ്ധി ഉപയോഗിച്ച് അംഗപ്രത്യംഗങ്ങളായി പ്രൊമിത്യൂസ് മനുഷ്യനെ സൃഷ്ഠിച്ചു. നിർമ്മാണം കഴിഞ്ഞു പ്രൊമിത്യൂസ് മനുഷ്യനെ കൗതുകത്തോടെ നോക്കി. താൻ സൃഷ്ഠിച്ച മനുഷ്യകുലത്തോട് പ്രൊമിത്യൂസിനു എന്നും സ്നേഹവും അനുകമ്പയും ഉണ്ടായിരുന്നു.
തന്റെ സൃഷ്ഠിവൈഭവത്തിന്റെ മകുടോദാഹരണമായ മനുഷ്യർ എല്ലാ വിധത്തിലും ഉയർച്ചയിൽ എത്തിക്കാണാൻ പ്രൊമിത്യൂസ് ഗൂഢമായി ആഗ്രഹിച്ചിരുന്നു. മനുഷ്യരുടെ വളർച്ചയ്ക്കു വിഘാതമായി നിന്നിരുന്നത് എന്താണെന്നു പ്രൊമിത്യൂസ് കണ്ടെത്തി. അത് 'അഗ്നി' ആയിരുന്നു. അഗ്നി ഊർജമാണ്. പ്രവർത്തിയുടെ ചാലക ശക്തിയാണ്. മനുഷ്യപുരോഗതിയുടെ ചക്രം തിരിക്കാൻ അഗ്നി അവർക്ക് ആവശ്യമാണ്. മനുഷ്യർ അധിവസിക്കുന്ന ഭൂമിയിൽ അഗ്നി ഇല്ല. അതുള്ളത് താൻ താനുൾപ്പെടുന്ന ദേവന്മാർ നിവസിക്കുന്ന സ്വർഗ്ഗത്തിലാണ്. എങ്ങിനെയും സ്വർഗ്ഗത്തിൽ നിന്നും അഗ്നി ഭൂമിയിൽ എത്തിക്കണമെന്നു പ്രൊമിത്യൂസ് തീരുമാനിച്ചു.
സ്വർഗത്തു അഗ്നി സൂക്ഷിച്ചിരുന്നത് ദേവനായ ഹെഫെസ്റ്റസിന്റെ പണിപ്പുരയിലാണ്. സിയൂസിന്റെയും ഹീരയുടെയും പുത്രനായ അദ്ദേഹം ലോഹവേലകളുടെ ദേവനാണ്. അദ്ദേഹം രതിദേവതയായ അഫ്രോഡിറ്റിന്റെ ഭർത്താവാണ്. ഹെഫെസ്റ്റസിന്റെ ആലയിലാണ് സ്വർഗ്ഗലോകത്തു വേണ്ട ആയുധങ്ങളും ഉപകരണങ്ങളും ലോഹങ്ങൾ കൊണ്ട് നിർമ്മിക്കുന്നത്. ട്രോജൻ യുദ്ധവീരനായ അക്കിലീസിനെ വിജയത്തിലെത്തിച്ച ആയുധം നിർമ്മിച്ചു നൽകിയത് ഹെഫെസ്റ്റസാണ്.
ഒരു ദിവസം പ്രൊമിത്യൂസ് തന്ത്രത്തിൽ ഹെഫെസ്റ്റസിന്റെ പണിപ്പുരയിൽ എത്തി. അവിടെനിന്നും അഗ്നി കവർന്ന് ഒരു ഞാങ്ങണയിൽ നിക്ഷേപിച്ചു. അതുമായി ഭൂമിയിലെത്തിയ പ്രൊമിത്യൂസ് സ്നേഹപൂർവ്വം അഗ്നി മനുഷ്യരെ ഏല്പിച്ചു. അതു മനുഷ്യകുലത്തിന്റെ പുരോഗതിയുടെ ചവിട്ടുപടിയായി. അഗ്നി ഉപയോഗിച്ചു മനുഷ്യർ ആയുധങ്ങളും, യന്ത്രങ്ങളും നിർമ്മിച്ചു. അഭൂതപൂർവമായ ഈ പുരോഗതികണ്ടു സ്വർഗ്ഗവാസികളായ ദേവന്മാർ അസൂയ പൂണ്ടു. മനുഷ്യ പുരോഗതിയുടെ കാരണം അന്വേഷിച്ച ദേവന്മാർ, അഗ്നിയാണ് അതിനു നിദാനമായതു എന്നു തിരിച്ചറിഞ്ഞു. പ്രൊമിത്യൂസ് രഹസ്യമായി നടത്തിയ മോഷണം ഒടുവിൽ ദേവന്മാരുടെ നേതാവായ സീയൂസിന്റെ ചെവിയിലെത്തി. അദ്ദേഹം കോപാക്രാന്തനായി. അഗ്നി മോഷ്ടിച്ചു മനുഷ്യർക്കു നൽികിയ പ്രൊമിത്യൂസിനെ അദ്ദേഹം കഠിനമായി ശിക്ഷിച്ചു.
കോക്കസസ് പർവത ശിഖരത്തിൽ പ്രൊമിത്യൂസിനെ ഒരു പാറയുമായി ബന്ധിച്ചു ചങ്ങലയ്ക്കിട്ടു. കൈകാലുകൾ അനക്കാൻ കഴിയാതെ മുപ്പതു സംവത്സരങ്ങൾ ഹെഫെസ്റ്റസ് നിർമ്മിച്ച ആ ചങ്ങലയിൽ പ്രൊമിത്യൂസ് കിടന്നു. ഓരോ പകലിലും സീയോസ് അയയ്ക്കുന്ന കഴുകൻ പ്രൊമിത്യൂസിനെ ആക്രമിക്കും. അതിന്റെ കൂർത്ത നഖങ്ങൾ കൊണ്ട് പ്രൊമിത്യൂസിന്റെ ശരീരത്തിൽ മാന്തി മുറിവുണ്ടാക്കും. വാൾമുന പോലുള്ള ചുണ്ടുകൾ കൊണ്ട് വയർ കുത്തിപ്പിളരും. ഉള്ളിലുള്ള കരൾ കീറി മുറിച്ചു കഴിക്കും. സന്ധ്യയാക്കുമ്പോൾ കഴുകൻ തന്റെ പണി അവസാനിപ്പിച്ചു പറന്നുപോകും. രാവിന്റെ നിഗൂഢതയിൽ പ്രൊമിത്യൂസിന്റെ മുറിവുകൾ ഉണങ്ങും, കരൾ വളർന്നു പൂർവ്വസ്ഥിതിയിൽ എത്തിച്ചേരും. പക്ഷെ അടുത്ത പ്രഭാതത്തിൽ കരൾ കഴിക്കാൻ കഴുകൻ വീണ്ടുമെത്തും. ഒടുവിൽ സീയൂസിന്റെ പുത്രനായ ഹെർകുലീസ് പ്രൊമിത്യൂസിനെ ചങ്ങലയിൽ നിന്നും മോചിപ്പിക്കുന്നു വരെ ക്രൂരമായ ഈ പീഡനം തുടർന്നു.
പാശ്ചാത്യ കലാ സാഹിത്യങ്ങളിലും ചിന്താമണ്ഡലങ്ങളിലും പ്രൊമിത്യൂസിനെ മനുഷ്യ പുരോഗതിയുടെ ദീപശിഖാ വാഹകനായി കാണുന്നു. ശാസ്ത്ര കൗതുകത്തിന്റെ പ്രതീകമായി പ്രൊമിത്യൂസ് വാഴ്ത്തപ്പെടുന്നു.