"കണ്മണീടമ്മേ.. സമയമിത്രയായിട്ടും കണ്മണിയെകാണുന്നില്ലല്ലോ, ഒന്നുമുറ്റത്തിറങ്ങി നോക്കോമോ?" ആകാശ് അക്ഷമയോടെ ചോദിച്ചു.
"അവളിപ്പം വരുംമോനേ.. നാലരയാവുന്നേയുള്ളൂ. മോനെന്നെ അമ്മയെന്നുവിളിച്ചാൽ മതിയെന്നു ഞാനെത്രവട്ടം പറഞ്ഞു. അമ്മയെന്നു വിളിക്കാനെന്തേ മോനിത്രമടി?"
സുമംഗല പറഞ്ഞുതീരുംമുൻപേ മുറ്റത്തൂന്ന് 'അക്കൂസേട്ടാ..' യെന്ന വിളിയൊച്ച കേട്ടു. അതുകേട്ടതോടെ ആകാശിൻ്റെമുഖം പൂപോലെ വിടർന്നു.
സ്ക്കൂൾബാഗുമായി കണ്മണി ആകാശിൻ്റെ കിടക്കയ്ക്കരികിലെത്തി, കയ്യിൽക്കരുതിയ നെല്ലിക്കയെടുത്ത് അവനു കൊടുത്തുകൊണ്ട് പറഞ്ഞു.
"അക്കൂസേട്ടാ.. ദേ ഈ നെല്ലിയ്ക്ക കഴിച്ചോളൂട്ടോ."
"മോൾക്കു വല്യയിഷ്ടമാണല്ലോ നെല്ലിക്ക. മോളുകഴിച്ചോളൂ"
"എനിക്കുവേണ്ട; അക്കൂസേട്ടനല്ലേ നടക്കാനാവാതെ വേദനസഹിച്ചുകൊണ്ടിവിടെ കിടക്കുന്നത്. അക്കൂസേട്ടൻ തിന്നോ."
അവൻ്റെ പ്ലാസ്റ്ററിട്ടകാലിൽ മെല്ലെത്തലോടിക്കൊണ്ട് അവൾചോദിച്ചു.
''അക്കൂസേട്ടാ.. ഇപ്പോ വേദനയുണ്ടോ?''
"ഇല്ലമോളേ. ഇന്നൊട്ടുംവേദനയില്ല."
"സത്യാണോ?"
"ങ്ഹാ.. സത്യം."
"ഞാനും, സെലീനയുംകൂടി സ്ക്കൂളിൻെറയടുത്തുള്ള പള്ളിയിൽക്കയറി കന്യാമാതാവിനോട് പ്രാർത്ഥിച്ചു. അക്കൂസേട്ടൻ്റെ വേദനയൊക്കെമാറി പെട്ടന്ന് സുഖമാവണേന്ന്."
പാവം കണ്മണി!
ഇവളെയാണല്ലോതാൻ ഉപദ്രവിച്ചത്. ഇല്ലാതാക്കാൻ നോക്കിയത്. എല്ലാറ്റിനുംകാരണം സുനിലാണ്. അവൻ പറഞ്ഞതുകേട്ട് അവസാനം അപകടത്തിൽപ്പെട്ടത് താനാണ്. തൻ്റെതെറ്റിനുള്ള ശിക്ഷതന്നെയാണ് തനിക്ക് കിട്ടിയത്.
ശ്ശെ.. ഒന്നുംവേണ്ടായിരുന്നു. കണ്മണീടമ്മ എത്രകാര്യായിട്ടാ തന്നെപരിചരിക്കുന്നത്; കണ്മണിയെപ്പോലെതന്നെയാണ് അവർതന്നെയും സ്നേഹിക്കുന്നത്. അറിയാതെയവൻ്റെ കണ്ണുകൾ നിറഞ്ഞുതുളുമ്പി.
"എന്തിനാ അക്കൂസേട്ടൻ കരയുന്നത്? വേദനിക്കുന്നുണ്ടോ? കണ്മണി തിരുമ്മിത്തരട്ടേ?"
അവളുടെ കുഞ്ഞിക്കൈകൾ അകാശിൻ്റെപാദങ്ങളെ മെല്ലെത്തലോടി.
"വേദനിച്ചിട്ടല്ല കണ്മണീ.. കണ്ണിലൊരു കരട് വീണതാ."
"ഏതു കണ്ണിലാ, ഞാനൂതിത്തരാം." അവളവൻ്റെ കണ്ണുകളിലേയ്ക്ക് ഉറ്റുനോക്കി.
"കരടൊക്കെപ്പോയി. മോളുപോയി വല്ലതും കഴിക്ക്."
"അമ്മേ.. അക്കൂസേട്ടന് ചായകൊടുത്തോ?"
സുമംഗല രണ്ടാൾക്കുമുള്ള ചായയും, കൊഴുക്കൊട്ടയും, പൂവമ്പഴവുമായി വന്നു.
"മോളുപോയി കൈയ്യും, കാലും കഴുകി ഉടുപ്പുമാറ്റീട്ടു വാ. അമ്മ ആകാശിന് ചായകൊടുക്കട്ടെ."
ആകാശിനെ താങ്ങിയിരുത്തി സുമംഗലയവന് ചായയും, പലഹാരവും കൊടുത്തു. മതിയെന്നുപറഞ്ഞെങ്കിലും അവരവനെ നിർബന്ധിച്ച് സ്നേഹപൂർവ്വം തഴുകിത്തലോടി ഊട്ടി. ആ സ്നേഹസ്പർശനം അനുഭവിക്കുമ്പോഴൊക്കെയും അവൻ്റെയുള്ളം ചുട്ടുപൊള്ളുകയായിരുന്നു.
തൻ്റെ അമ്മയെപ്പോലെ തന്നെയാണ് കണ്മണീടമ്മയും. യാതൊരു തിരിച്ചുവിത്യാസവും അവർക്കില്ല. ചിലപ്പോഴൊക്കെത്തോന്നാറുണ്ട് ഇവരായിരുന്നോ തൻ്റെയമ്മയെന്ന്. നാലുമാസത്തെ പരിചയമേയുള്ളൂവെങ്കിലും നാലുവർഷമായെന്നു തോന്നുന്നത്ര ഗാഡമായ ആത്മബന്ധം! ഇത് ശരിയ്ക്കും തൻ്റെ അമ്മതന്നെയാണ്. അവരടുത്തെത്തുമ്പോൾ അമ്മേയെന്നു വിളിക്കാനും, ആ മടിയിലൊന്നു കിടക്കാനുമായി ഹൃദയം വല്ലാതെതുടിക്കുകയാണ്. അവരടുത്തെത്തുമ്പോഴുള്ള മണംപോലും തൻ്റെയമ്മയുടേതായി തോന്നുന്നു.
അടുത്ത് വന്നിരുന്ന് ചായകുടിക്കുന്ന കണ്മണിയോട് ആകാശ് ചോദിച്ചു.
"ഇന്നന്തൊകണ്മണീ ടീച്ചർ പഠിപ്പിച്ചത്?''
"ഇന്ന് ടീച്ചറൊരുകഥപറഞ്ഞുതന്നു. മണ്ണാങ്കട്ടയും, കരിയിലയുംകൂടി എങ്ങോപോയ കഥ."
"അവരുപോയത് കാശിക്കാണ്, എന്നിട്ട്.. കഥയിഷ്ടമായോ മോൾക്ക്?'' ആകാശ് ചോദിച്ചു.
"മം.. എനിക്കിഷ്ടമായി നല്ലകഥയാ."
"നാം നിസാരരെന്നു കരുതുന്നവരാകും ചിലപ്പോൾ നമ്മുടെ രക്ഷകരായിത്തീരുന്നത്. നമ്മളെല്ലാവരും പരസ്പ്പരം സഹായിച്ചുകൊണ്ട് ജീവിച്ചാൽ ഈ ഭൂമിയൊരു സ്വർഗ്ഗമായിത്തീരുമെന്നാ ടീച്ചറു പറഞ്ഞത്."
''അതു സത്യമാമോളേ." അവൻ സന്തോഷത്തോടെ പറഞ്ഞു.
നാലു മാസങ്ങൾക്കു മുൻപാണ് വാസുദേവൻ സുമംഗലയെ മിന്നുചാർത്തിയത്. രണ്ടുവർഷം മുൻപുണ്ടായ ഒരു വാഹനാപകടത്തിൽ വാസുദേവൻ്റെ ഭാര്യ സുജാതയും, മകളും മരണമടഞ്ഞതോടെ അയാളും, മകൻ ആകാശും മാത്രമായി വീട്ടിൽ.
സാഹചര്യങ്ങളുടെ സമ്മർദവും, ബന്ധുക്കളുടെ നിർബന്ധവും കൊണ്ട് പുനർവിവാഹത്തിന് അയാൾ തയ്യാറായി. തൻ്റെമകളുടെ പ്രായമുള്ള സുമംഗലയുടെ മകൾ കന്മണിയേയുമയാൾക്ക് സ്വീകരിക്കേണ്ടി വന്നു. പന്ത്രണ്ടുവയസുകാരനായ ആകാശിനെ കൂട്ടുകാരൊക്കെ ഇളക്കിവിട്ടതോടെ അവൻ്റെ മനസിൽ ഏഴുവയസുകാരി കണ്മണിയൊരു ശത്രുവായി മാറി.
അതോടെ തക്കം കിട്ടുമ്പോഴൊക്കെയവൻ കണ്മണിയെ ഉപദ്രവിച്ചുതുടങ്ങി. പല ഘട്ടങ്ങളിലും ഭാഗ്യംകൊണ്ട് കണ്മണി രക്ഷപെട്ടു. അവസാനം കൂട്ടുകാരൻ സുനിലിൻ്റെ വാക്കുകേട്ട് ആകാശ് കണ്മണിയോട് ലോഹ്യംകൂടി പുഴ കാണിക്കാനെന്ന വ്യാജേനെ അവളുമായി പുഴയോരത്തെത്തി. നന്നായി വഴുക്കലുള്ള ഒരു പാറയിൽക്കയറ്റി അവളെത്തള്ളി വീഴ്ത്തുകയായിരുന്നു അവൻ്റെ ലക്ഷ്യം. പാറയിൽക്കയറിയ ആകാശ് കാലുതെന്നി കൊക്കയിലേയ്ക്ക് വീണു. കണ്മണിയുടെ ഉച്ചത്തിലുള്ള നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് അവനെ വാരിയെടുത്ത് ആശുപത്രിയിലെത്തിച്ചത്. വീഴ്ച്ചയിലവന്സാരമായ പരുക്കുപറ്റുകയും, കാലൊടിയുകയും ചെയ്തു. ആശുപത്രിയിലും, വീട്ടിലുമവനെ പരിചരിച്ചതോടെ സുമംഗലയോടും, കണ്മണിയോടുമുള്ള അവൻ്റെ വെറുപ്പ് മാറുകയുംചെയ്തു.
രണ്ടാംക്ലാസുകാരിയായ കണ്മണി സ്ക്കൂളുവിട്ടുവരാൻ വൈകിയാൽ അമ്മയേക്കാൾ ഉൽക്കണ്ഠ ആകാശിനാണ്. കൺമണിയ്ക്കും അക്കൂസേട്ടൻ കഴിഞ്ഞിട്ടേയുള്ളൂ മറ്റെന്തും. ആകാശേട്ടനെന്ന കണ്മണിയുടെ വിളി അക്കൂസേട്ടനെന്നായി മാറി.
ഏറെ നാളുകൾക്കുശേഷം, അച്ഛനും, അമ്മയ്ക്കുമൊപ്പം കണ്മണിയുടെ കൈപിടിച്ച് ആകാശ് മുൻപേ നടന്നു, മലയടിവാരത്തെ മുത്തശ്ശിയെക്കാണാനും അവരുടെ ആഗ്രഹംപോലെയാണ് എല്ലാക്കാര്യങ്ങളുമെന്ന് അറിയിക്കുവാനുമായി.
"ആകാശ്, നീയിനിയിവിടെ വരുമ്പോൾ അമ്മയും, അനിയത്തിയും കൂടെയുണ്ടാവണം കേട്ടോ." മാസങ്ങൾക്കുമുൻപ് ഇവിടെ വന്നപ്പോൾ മുത്തശ്ശിപറഞ്ഞ വാക്കുകൾ അവനോർത്തു.
മുറ്റത്തേയ്ക്കുള്ള പടവുകൾ കയറുമ്പോൾ അവൻ കൺമണിയുടെ കൈയ്യിൽ മുറുകെപ്പിടിച്ചു. ഒരിക്കലും വിട്ടുകളയില്ലെന്നപോലെ!
കുന്നിൻമുകളിലെ കന്യകാമാതാവിൻ്റെ ദേവാലയത്തിൽനിന്ന് പള്ളിമണികൾ ഉച്ചത്തിൽമുഴങ്ങി.
അകലെ അയ്യപ്പൻകോവിലിൽനിന്ന് ഉച്ചത്തിലുള്ള ശരണംവിളികൾ അവ്യക്തമായി കേൾക്കാമായിരുന്നു.