mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭൂതകാലത്തിന്റെ ഇരുൾ വീണ ഒറ്റയടിപാതകൾ താണ്ടി ഒരു മടക്കയാത്ര...! ഓർമ്മകൾ ഉണർത്തുന്ന ഇടവഴികൾ.സുഖ-ദുഖ സമ്മിശ്രമായ ജീവിതത്തെ ഓർമ്മപ്പെടുത്തുന്ന ഇറക്കവും കയറ്റവും.

പതിനഞ്ചു  വർഷങ്ങൾക്കു ശേഷമുള്ള തിരിച്ചു വരവ്...ക്ഷേത്രത്തിനു പുറകിൽ വസന്തത്തെ വാരി പുണർന്നു നിൽക്കുന്നു ആ പഴയ ചെമ്പക മരം. തൊട്ടടുത്ത വീട്ടിലെ കുട്ടിയായിട്ടും ഭാമയോട് തന്റെ ഇഷ്ടം തുറന്നു പറഞ്ഞത് ഈ ചെമ്പകത്തിന്റെ ചുവട്ടിൽ വച്ചായിരുന്നു. സാഫല്യമടയാത്ത പ്രണയത്തിന്റെ ബാക്കി പത്രം. ഇടവഴി പിന്നിട്ട് തോട്ടു വക്കിലൂടെ മുന്നോട്ടു നടന്നു. കോണ്‍ക്രീറ്റ് വീടുകൾ കയ്യടക്കി കഴിഞ്ഞ ഈ സ്ഥലത്തു നിന്ന് തന്നെ ആയിരുന്നില്ലേ വർഷങ്ങൾക്കു മുൻപ് ചിങ്ങത്തിലും മകരത്തിലും കൊയ്ത്തു പാട്ടുകൾ ഉയർന്നു കേട്ടിരുന്നത്? തിരിച്ചറിയപെടാതിരിക്കാനുള്ള വെമ്പലിൽ നാൽക്കവലയിലൂടെയുള്ള നടത്തം സാധാരണയിലും വേഗത്തിൽ ആയിരുന്നു. അതിനിടയിലും കണ്ണുകൾക്ക് ഗാബോയെയും നെരുദയെയും തകഴിയെയും തനിക്ക് പരിചയപെടുത്തി തന്ന ഗ്രന്ഥശാലയുടെ നേർക്ക് ചെന്നെത്താതിരിക്കാൻ ആയില്ല. അവിടെ ഇപ്പോൾ ഇന്റർനെറ്റ്‌ കഫെ സ്ഥാനം പിടിച്ചിരിക്കുന്നു! വായന കൂടാതെ ഒരു പറ്റം ചെറുപ്പക്കാർ അവരുടെ ആശയങ്ങളും അഭിപ്രായങ്ങളും പങ്കു വച്ചിരുന്നതും ഇവിടെയായിരുന്നു. ക്ഷേത്രത്തിലേക്ക് പോകുന്ന ഭാമയെ പ്രതീക്ഷിച്ചു എത്രയോ വട്ടം ഇവിടെ ഇരുന്നിട്ടുണ്ട്. തൊട്ടടുതുണ്ടായിരുന്ന ചായക്കടയുടെ സ്ഥാനത്ത് ഇന്ന് ഒരു ഹോട്ടൽ.

അടുത്ത വളവിൽ, അവിടയാണ് ഞങ്ങൾ എട്ടു സുഹൃത്തുക്കൾ ചേർന്ന് തുടങ്ങിയ, ജീവിതത്തിന്റെ ഗതി മാറ്റി മറിച്ച നാടക സമിതി. പക്ഷേ അതേ കെട്ടിടത്തിൽ ചിന്മയ ആർട്സ് ആൻഡ്‌ സ്പോർട്സ് ക്ലബ്‌ എന്ന ബോർഡ്‌ കാണാം. പതിനഞ്ചു വർഷങ്ങൾ തന്നെ പോലെ നാടിനെയും മാറ്റിയിരിക്കുന്നു. അപരിചിതമായ വഴികളിലൂടെ നടക്കാൻ കാലുകൾ വിസമ്മതിക്കുന്നുവൊ? തിരിച്ചറിയപെടുമോയെന്നും ഊരുതെണ്ടിയിതാ പരാജിതനായി തിരിചെത്തിയിരിക്കുന്നു എന്ന പഴി കേൾക്കേണ്ടി വരുമോയെന്നുമുള്ള ആശങ്കകൾ അപ്രസക്തമാണെന്ന് ബോധ്യമായി. കണ്ണുകൾ തിരയുന്നുണ്ടായിരുന്നു. ആരെയൊക്കെയോ, എന്തിനെയൊക്കെയോ. സംശയത്തോടെ കുന്നിൻ ചെരുവിലേക്ക് നടന്നു. പഴകി ജീർണിച്ച വീട് ഇനിയും നിലംപൊത്തിയിട്ടില്ല.!

വർഷങ്ങൾക്കു മുൻപ് റെയിൽവേ സ്റ്റേഷനിൽ പിച്ച തെണ്ടിയിരുന്ന ഒരു നാലു വയസുകാരനെ കണ്ടലിവു തോന്നി മുന്നും പിന്നും നോക്കാതെ കൂടെ കൂട്ടി കൊണ്ടുവന്ന കൃഷ്ണ പിള്ളയെന്ന അവിവാഹിതനായ സ്കൂൾ മാഷിന്റെ വീട്. ഊരും പേരും അറിയാത്ത അനാഥ പയ്യന് പേരും മേൽവിലാസം സമ്മാനിച്ച്‌, മകനെ പോലെ സ്നേഹിച്ചു വളർത്തിയ മഹാനുഭാവൻ. വായനയുടെ ലോകത്തേയ്ക്ക് കൈ പിടിച്ചു കയറ്റാനും മറന്നില്ല, അദ്ദേഹം.നാടക ഭ്രമം തലയ്ക്കു പിടിച്ചപ്പോൾ നാടക സമിതി തുടങ്ങാൻ കൂടെ നിന്ന മനുഷ്യൻ. ആവേശത്തോടെ ഞങ്ങൾ സുഹൃത്തുക്കൾ നടത്തി കൊണ്ട് വന്ന സംരംഭം.കൂടെ നിന്നവർ സമർത്ഥമായി ചതിച്ചപ്പോൾ സാമ്പത്തിക പരാധീനതയും നിരാശയും വിടാതെ പിടിമുറുക്കിയ സമയത്ത് തന്നെയായിരുന്നു ഭാമ മറ്റൊരാളുടെ ജീവിതത്തിലേക്ക് കടന്നു പോയതും. പുതിയ ജീവിതം തന്ന ആ വല്യ മനുഷ്യനെകുറിച്ചോർക്കാതെ ഒരു വാക്കു പോലും പറയാതെ, വാർധക്യത്തിൽ ആശ്രയമാകേണ്ട കടമ എന്നിൽ നിക്ഷിപ്തമാണെന്ന വസ്തുത വിസ്മരിച്ചു കൊണ്ട് നാട് വിടുമ്പോൾ മനസ്സിൽ ഉറപ്പിച്ചിരുന്നു ഇനി ഇങ്ങോട്ടൊരു തിരിച്ചു വരവുണ്ടാകില്ലെന്നു.

നഗര വീഥികളിലൂടെ അലഞ്ഞു തിരിഞ്ഞു നടന്ന രാപ്പകലുകൾ. വിശപ്പിനു മുൻപിൽ അഭിമാനം അർഥ ശൂന്യമാണെന്ന തിരിച്ചറിവ് നിഷേധിച്ച ജോലികൾ പലതും ചെയ്യാൻ മനസിനെ പാകപ്പെടുത്തി. ഏകാന്തതയിൽ മദ്യത്തെയും മയക്കുമരുന്നിനെയും സന്തത സഹചാരിയാക്കി. പുസ്തകങ്ങളെയും നാടകത്തെയും തന്നെ തന്നേയും പൂർണ്ണമായി വെറുത്തു. വഴി പിഴച്ചു പോയ ആരുടെയോ ഈ സന്തതി കുത്തഴിഞ്ഞ ജീവിതത്തെ തിരഞ്ഞെടുത്തില്ലെങ്കിൽ അല്ലെ അത്ഭുതപെടാനുള്ളൂ! അകന്നു പോകാൻ ശ്രമിച്ചപ്പോഴൊക്കെ ഓർമ്മകൾ അവരിലേക് എന്നെ വലിച്ചടുപ്പിച്ചു കൊണ്ടിരുന്നു. മറക്കാൻ സാധിക്കാത്ത അദ്ദേഹത്തിന്റെ മുഖം ഈയിടെ നിദ്രയിൽ പോലും സ്ഥിരമായി കടന്നു വരാൻ തുടങ്ങിയ അവസരത്തിലാണ് ഇങ്ങനെയൊരു മടക്കയാത്രയ്ക്കു തയ്യാറായത്.കുറ്റ ബോധത്തിന്റെ നീരാളിപിടുത്തത്തിൽ നിന്നും രക്ഷ നേടാനുള്ള അവസാന ശ്രമം.

പഴകി ജീർണിച്ച വീടിന്റെ വാതിലിൽ മുട്ടി വിളിക്കേണ്ടി വന്നില്ല. കാലത്തിന്റെ പ്രഹരങ്ങളേറ്റു ജരാനര ബാധിച്ച പടു വൃദ്ധനായ ആ മനുഷ്യൻ ആരെയോ പ്രതീക്ഷിച്ചിട്ടെന്ന പോലെ ഉമ്മറത്തു തന്നെ ഇരിക്കുന്നുണ്ടായിരുന്നു. "ആരാ അത്?" കറുത്ത് മെലിഞ്ഞ ഈ രൂപം കണ്ണാടിയിൽ കാണുമ്പോഴൊക്കെ ഞാനും ചോദിക്കാറുണ്ട്."ആരാണിത്..?!"കാഴ്ച മങ്ങിയ കണ്ണുകൾ തിരിച്ചറിയാൻ സാധിക്കാത്ത വിധം നിസഹായർ ആയിരുന്നു. ആ കാലുകളിൽ വീണു മാപ്പു ചോദിക്കണമെന്ന് ഉണ്ടായിരുന്നു.എന്നിട്ട് പറയാമായിരുന്നു "നന്ദി കെട്ടവൻ" ഇതാ തിരിച്ചെത്തിയിരിക്കുന്നു.ആരുമാകാതെ, ഒന്നും നേടാതെ ജീവിതത്തിൽ അപ്പാടെ പരാജിതനായി...

പക്ഷേ അത് പറയാനുള്ള ധ്യൈര്യമുണ്ടായില്ല."ഞാൻ... ഒരു വഴിപോക്കനാ.ദാഹിച്ചപ്പോൾ വെള്ളം കിട്ടുമോ എന്നറിയാൻ വന്നതാ." മുഖത്ത് നോക്കി തന്മയത്തത്തോടെ കളളം പറയാനുള്ള കഴിവും താൻ സ്വായത്തമാക്കിയിരിക്കുന്നു.! വിറയ്ക്കുന്ന കൈയ്യാൽ ഒരു ഗ്ലാസ്‌ വെള്ളം അദ്ദേഹം കൊണ്ട് തന്നു." എനിക്കൊരു മകനുണ്ട്. അവനിവിടെന്നു പോയിട്ട് കുറച്ചു കൊല്ലങ്ങളായി. പെട്ടന്നാരോ കയറി വരുന്നത് കണ്ടപ്പോ അവനാണെന്ന് വിചാരിച്ചു പോയി. നെടുവീർപ്പ്..."മകൻ!" ജീവിതം നശിപ്പിചിട്ടാണ് "മകൻ" മടങ്ങി വന്നിരിക്കുന്നതെന്നറിഞ്ഞാൽ ആ മനസ് പിടയും. അതിനെക്കാൾ ഉചിതം പ്രതീക്ഷയോടെയുള്ള ഈ കാത്തിരിപ്പാണ്. ഗ്ലാസ്‌ തിരികെ കൊടുത്ത് നന്ദി പറഞ്ഞു വേഗത്തിൽ നടന്നു.എങ്ങോട്ടെന്നില്ലാതെ. ഇനിയൊരു മടക്ക യാത്രയ്ക്ക് ഇടവരാതിരിക്കട്ടെ എന്ന ആഗ്രഹത്തോടെ,തുടർന്നുള്ള ജീവിതത്തിലും ഒരു ഏകാന്ത പഥികനായി പലവഴികളിലൂടെ...

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ