മലമുടിയെ പുണർന്ന് ചുറ്റിയ ഗ്രാമീണ വഴിത്താരയിലൂടെ ബസ്സ് പതുക്കെ നീങ്ങിക്കൊണ്ടിരുന്നു. മഫ്ളർ തലയിൽ വലിച്ചു ചുറ്റിയിരുന്നു. എന്നിട്ടും ചുരമിറങ്ങിയ ചൂളം കുത്തുന്ന തണുത്ത കാറ്റ് ദേഹത്തിന്സ്വസ്ഥത തരാതെ
അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. ഭൂഖണ്ഡങ്ങൾ താണ്ടി ഇങ്ങെത്തണമെന്ന് ഒരിക്കലും നിശ്ചയിച്ചതല്ല. എങ്കിലും ഇപ്പോൾ ഇവിടെ എത്തിപ്പെടാനാണ് എന്റെ നിയോഗം. ചെറു ടൗണിൽ നിന്ന് പത്തു പതിനഞ്ച് കിലോമീറ്ററേ ഇപ്പോൾ പോകുന്നിടത്തേക്കുള്ളൂ. എങ്കിലും ഒരു പാട് ദൂരം താണ്ടിയ പ്രതീതി.. ബാല്യകാലത്ത് ഒരുപാടു തവണ സൈക്കിളോടിച്ച വഴിയാണിത്. അന്നീ വഴിക്കിരുവശവും പച്ച തഴച്ച വന നിബിഡതയായിരുന്നു. അതിന്റെ കാഴ്ചയും ഗന്ധവും ഒരുപാട് കണ്ട് പഴകിയതാണ്. പഴയതിൽ നിന്നും കാര്യമായ മാറ്റം വന്നിരിക്കുന്നു. പച്ച പിടിച്ച മരങ്ങളുടെ ആഴവും പരപ്പും നഷ്ടപ്പെട്ടു പോയി. അതു കൊണ്ടു തന്നെ ഇപ്പോൾ ഈ വഴിയിലൂടെ സഞ്ചരിക്കുമ്പോൾ വല്ലാത്തൊരു അപരിചിതത്വം ചൂഴ്ന്നു നില്ക്കുകയാണ്. വിദേശത്തു നിന്നും ഏറെ നാളുകൾക്കു ശേഷം ഒറ്റക്ക് ഒരു യാത്ര.... ഈ യാത്ര വിങ്ങുന്ന മനസ്സിനൊരു ആശ്വാസം തേടലാണ്.
ഒരഞ്ചു സെന്റിലെ ഓടിട്ട വീട്. കാവി മെഴുകിയ തിണ്ണയും വരാന്തയും. വൃത്തിയുള്ള ചെറിയ ഉൾമുറികൾ. മുറിക്ക് മരം പാകിയ മേലാപ്പ് .അറ്റ വേനൽക്കാലത്തും വീടിനകം തണുപ്പായിരിക്കും. മുറ്റത്ത് കടുത്ത വേനൽക്കാലത്തും വറ്റാത്ത മണിക്കിണർ.നെല്ലിപ്പടിയിലൂടെ ഊർന്നൊഴുകി നിറയുന്ന കിണറുവെള്ളത്തിന്റെ തണവും മാധുര്യവും. എവിടെയെല്ലാം യാത്ര ചെയ്തു. ഈ കുളിർന്ന കിണറു വെള്ളത്തിന്റെ രുചിയും തണവും എവിടെയും അനുഭവിക്കാനായില്ല. ജോലി കിട്ടി താൻ വിദേശത്ത് പോയപ്പോൾ ഏറെക്കാലം അമ്മ ആ വീട്ടിൽ ഒറ്റക്ക് കഴിഞ്ഞു. മനസ്സിന് വലിയ പ്രയാസമായിരുന്നു. നാട്ടുകാർ എന്തു പറയും? മൂന്നു മക്കളുള്ള അമ്മയാണ്. അതും വിദേശത്ത് നല്ല സ്ഥിതിയിൽ കഴിയുന്നവർ.എന്നിട്ടും അമ്മയെ ഒറ്റയ്ക്കാക്കി പോയെന്നല്ലേ പറയുക?വിദേശത്തേക്ക് വന്ന് തന്നോടൊപ്പം താമസിക്കാൻ എത്രയോ തവണ നിർബന്ധിച്ചു.അമ്മയാകട്ടെ മക്കളുടെ ആവശ്യം സ്നേഹപൂർവ്വം നിരസിക്കുകയായിരുന്നു. നിലവിലെ വീട് പൊളിച്ചു കളഞ്ഞ് കുറെക്കൂടി സൗകര്യമുള്ള വീട് പണിയാമെന്നുമുള്ള ഭാര്യയുടെ നിർദേശവും അമ്മ തളളിക്കളഞ്ഞു. ദിവസവും എന്റെ ശബ്ദം കേൾക്കണം. അല്പനേരം എന്നോട് സംസാരിക്കണം .ആ ഒരു ആഗ്രഹമേ അമ്മക്കെന്നോട് പറയുവാൻ ഉണ്ടായിരുന്നുള്ളൂ. ആ ചെറിയ ആഗ്രഹം പോലും പലപ്പോഴും സാധിച്ചു കൊടുക്കാനായില്ല. അമ്മയെപ്പറ്റി ഓർക്കുമ്പോൾ ചെമ്പരത്തിയും തുളസിക്കതിരുമിട്ട് കാച്ചിയ എണ്ണയുടെ ഗന്ധമാണ് മനസ്സിലെത്തുക. മരിക്കുന്നതുവരെ കറുത്തിരുണ്ട് നല്ല ഉൾമ്പലമുള്ള സമൃദ്ധമായ മുടി അമ്മക്കുണ്ടായിരുന്നു. ഒരിഴ പോലും നരച്ചതായി കണ്ടില്ല. നല്ല ആരോഗ്യവുമുണ്ടായിരുന്നു.എന്നിട്ടും പെട്ടെന്നായിരുന്നു .
ഇങ്ങിനെ ഒരു യാത്രയുടെ വിവരം പറഞ്ഞപ്പോൾ ഭാര്യക്ക് സന്തോഷമായിരുന്നു. അവളെപ്പോഴും പറയുന്ന ഒരു സംഗതി പൂർത്തികരിക്കാനെന്നായിരിക്കും അവൾ കരുതിയിരിക്കുക.
അവൾ ഇടക്ക് പറയും,
"എന്തിനാണേട്ടാ ആ കുഗ്രാമത്തിൽ ഒരഞ്ചു സെന്റും വീടും. അതങ്ങു വില്ക്കാമല്ലോ"?
അവൾ പറയുന്നത് ശരിയാണ്. പൗരത്വം തന്നെ മാറിയ തങ്ങൾക്ക് ഇതിന്റെ ആവശ്യമില്ല. അവളുടെ കാഴ്ചപ്പാടിൽ കുഗ്രാമത്തിലെ വീട് ഒരലോസരമുണർത്തുന്ന ഒന്നാണ്. .തനിക്കാകട്ടെ വീടോർമ്മകൾ കാലിൽ മുളങ്കമ്പേറ്റിയ പോലെ നോവാണ് ,. മറ്റൊരു ഭൂഖണ്ഡത്തിലെ രാജ്യത്തിൽ പൗരത്വം നേടിയ പെങ്ങൻമാരും ഈയൊരു കാര്യം എന്നേ മറന്നു പോയിക്കാണണം. വല്ലപ്പോഴും വിളിക്കുമ്പോൾ ഇക്കാര്യത്തെപ്പറ്റി ഒന്നും അവർ പറയാറില്ല. അവർക്കു പറയാൻ മറ്റു വിഷയങ്ങൾ ഒരുപാടുണ്ട് .ഇന്നിന്റെ ജീവിതാവസ്ഥയാണ് അവരുടെ വിഷയങ്ങൾ. ബാല്യകൗമാരങ്ങളിലെ വീട് അവരുടെ ഓർമ്മയുടെ അടരുകളിൽ നിന്ന് എന്നോ പൊയ്മറഞ്ഞിരുന്നു. അങ്ങിനെ ഭാര്യയോട് വസ്തുക്കച്ചവടമെന്ന പേരും പറഞ്ഞ് പുറപ്പെട്ടതാണ്. വലിയ വിമാനത്താവളങ്ങൾ പിന്നിട്ട് ,വിസ്തൃതിയുടെ സ്ഥല രാശികൾ താണ്ടി ഒടുവിൽ ഇവിടെ. താൻ ജനിച്ചുവളർന്നിടത്ത്.
ഒരു വലിയ വളവ് തിരിഞ്ഞ് ബസ്സ് ഓരം ചേർന്ന് ഒതുങ്ങി നിന്നു.അവിടെ ചെറിയൊരു ചായപ്പീടികയുണ്ട്. ഡ്രൈവറും കിളിയും ഏതാനും യാത്രക്കാരും ചായ കുടിക്കാനിറങ്ങി. പുതുമഴയുടെ മണമുള്ള ചൂടു ചായ, ഒപ്പം വാഴയിലയുടെ ജൈവ സാന്ദ്രതയിൽ അലിഞ്ഞു കിടന്ന, ശർക്കര മധുരം പൂണ്ട നേർത്ത അട.നാവിലെ രസമുകുളങ്ങൾ എന്നോ മറന്നു പൊയ്പ്പോയ രുചി തിരിച്ചറിഞ്ഞു. രണ്ടും കഴിച്ചപ്പോൾ ദേഹത്തിന്റെ തണുപ്പു കുറഞ്ഞു. ആശ്വാസം തോന്നി.
അമ്മ പരമാവധി ഗ്രാമത്തിൽ പിടിച്ചു നിന്നു. ഒടുവിൽ അസുഖം കൂടിയപ്പോൾ ശാസിച്ച്,നിർബന്ധിച്ചു കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. വർഷങ്ങൾക്കു മുൻപ് വ്യഥയോടെ അഞ്ചു സെന്റു വീട്ടിലേക്ക് തിരിഞ്ഞു നോക്കി കൂടെ പോന്നത് ഇന്നും ഓർമ്മയുണ്ട്. വിദേശത്ത് താമസസ്ഥലത്തിനടുത്ത് അമ്മക്കായി വിദഗ്ധ ചികിത്സ ഏർപ്പാടു ചെയ്തിരുന്നു.ക്രമേണ അസുഖം കുറഞ്ഞു വന്നു. അപ്പോഴേക്കും ഇവിടേക്ക് തിരിച്ചു പോണമെന്ന് പറഞ്ഞ് ശാഠ്യം പിടിക്കുമായിരുന്നു.അസുഖത്തിന്റെ കാര്യമൊക്കെ പറഞ്ഞു നീരസപ്പെട്ടപ്പോൾ പിന്നെ ഒന്നും പറയാതായി.പുറമെ ഒന്നും പറഞ്ഞില്ല എങ്കിലും ദുഃഖം ആ മനസ്സിൽ കനത്തു കിടക്കുന്നത് ഞാൻ അറിഞ്ഞു. ഇടക്കെപ്പോഴോ പറഞ്ഞു.
'നെന്റെ അച്ഛനുണ്ടുണ്ണീ അവടെ'
ഞാൻ അപ്പോൾ കൈ തലോടിക്കൊണ്ട് ആശ്വസിപ്പിക്കും.. എന്നിട്ട് പറയും
'നമുക്കെല്ലാവർക്കും കൂടി ഒരു നാൾ പോകാമമ്മേ. അമ്മ സമാധാനപ്പെടൂ.'
അമ്മയ്ക്ക് കൊടുത്ത വാക്ക് പാലിക്കപ്പെട്ടില്ല. ഒരു നാൾ രാവിലെ ഓഫീസിൽ പോകാനൊരുങ്ങുന്നോൾ അമ്മയുടെ മുറിയിൽ നിന്നു ഭാര്യ ഓടി വരുന്നു.ചെന്നു നോക്കുമ്പോൾ കയ്യും കാലും തണുത്തിരിക്കുന്നു. അമ്മ പതിഞ്ഞ ശബ്ദത്തിൽ പറയുന്നു.
'ഉണ്ണീ ന്റെ കയ്യും കാലും തരിച്ചിരക്കണു '
കൈത്തലം എടുത്തു ഞാൻ മെല്ലെ തിരുമ്പിക്കൊണ്ടിരുന്നു. തണുത്ത കൈയ് മെല്ലെ ചൂട് പിടിക്കാൻ തുടങ്ങി. പിന്നെ അല്പം ചൂടുവെള്ളം അല്പാൽപ്പമായി നുണഞ്ഞിറക്കി.
അമ്മ പറഞ്ഞു.
'ഉണ്ണി ഇപ്പൊ ഭേദം ണ്ട്. സുഖം തോന്നണണ്ട് . ഉണ്ണി...ദേവൂനും ജാനകിക്കും പ്രയാസമൊന്നും ഇല്ലാലോ?
ഞാൻ പറഞ്ഞു
'ഇല്ല സുഖമായി ഇരിക്കുന്നു .അല്പം മുന്നേ വിളിച്ചു. അമ്മേടെ വിവരങ്ങൾ ചോദിച്ചു. എല്ലാം പറഞ്ഞു'
"കുട്ട്യോളു സ്കൂളില്"
"പോണണ്ട്"
അമ്മ ആശ്വസിച്ചു. തെല്ലിട കഴിഞ്ഞ് എന്തോ ഓർത്തെടുത്തു തുടർന്നു.
'ഉണ്ണി നിനക്കോർമേണ്ടോ നമ്മള് ദൂരെ ഒരിടത്ത് പോയി നെല്ലിത്തയ്യ് വാങ്ങിത്? '
ഞാൻ പകച്ചു. നെല്ലിത്തയ്യോ? ഒരോർമ്മയുമില്ല. അമ്മ അർദ്ധ പ്രജ്ഞയിൽ എന്തോ പറയുകയാണ്. അമ്മ എന്റെ മുഖം കണ്ട് തുടർന്നു.
'നിക്കറിയാം. ഇല്ല നീയൊന്നും ഓർക്കണില്ല. നെല്ലിത്തയ്യ് കൊണ്ടന്ന് തൊടീന്റെ തെക്കേ മൂലേലാ നട്ടത്. അതിന് ചിറ്റോറം കമ്പിവേലി കെട്ടീത് കുറുപ്പാശാനാ. നിക്ക് വയ്യാണ്ട് ഇബട വരണോടം വരെ ഞാൻ നോക്യാർന്നു .അതിപൊ കായ്ചോ ആവോ അതോ നശിച്ചു പോയിരിക്കൊ? നിക്കൊരു സമാധാനോമില്ല.നായരടെ കറമ്പിപ്പയ്യ് ഏത് നേരോം മ്മടെ തൊടിലല്ലേ ആ പയ്യിന് കമ്പീവേലി ഒന്നും കൂട്ടാക്കില്ല അതാ ഒര്.
കൈപ്പടം തിരുമ്പി ചൂട് പിടിപ്പിച്ചു കൊണ്ട് അർദ്ധ മനസ്സോടെ കള്ളം പറഞ്ഞു.
'അമ്മ സമാധാനമായി കിടക്കു.നമ്മടെ വീടും പറമ്പുമൊക്കെ നോക്കാൻ ആളെ ഏർപ്പെടുത്തീണ്ട്. എല്ലാം വൃത്തിയായി നോക്കുണണ്ട്'.
അമ്മ തെല്ലിട സംശയത്തോടെ നോക്കി.അങ്ങിനെ അല്പനേരം നോക്കിയിരുന്നപ്പോഴാണ് പൊടുന്നനെ കണ്ണു മറിഞ്ഞത് .കൈപ്പടത്തിൽ തണുപ്പരിച്ചെത്തിയത്. അമ്മ മടങ്ങി.കാച്ചിയ എണ്ണയുടെ മണമുള്ള അമ്മ. ആധുനിക ജീവിതത്തിന്റെ എല്ലാ സുഖ സൗകര്യങ്ങളും വേണ്ടെന്നു വച്ച് ഒരുൾ ഗ്രാമത്തിൽ ഒരു ജീവിതം മുഴുവൻ .
ബസ്സു പുറപ്പെടാറായിരിക്കുന്നു.ബസ്സിന്റെ നീണ്ട സൈറൺ മലയടിവാരത്തിൽ എവിടെയോ തട്ടി മുഴക്കത്തിൽ തിരിച്ചുവന്നു. നിറയാറായകണ്ണു തുടച്ച് ബസ്സിൽ കയറി ഇരുന്നു.ബസ്സു നീങ്ങിത്തുടങ്ങി .ജനലഴിയിലൂടെ കണ്ണ് പായിച്ചുകൊണ്ടു തെല്ലിട കഴിഞ്ഞപ്പോൾ മനസ് പറഞ്ഞു, വീടെത്താറായിരിക്കുന്നു. അടുത്ത സ്റ്റോപ്പാകാനാണ് സാധ്യത. അതെ ..വീടവിടെത്തന്നെ .സംശയമില്ല. ബസ്സിറങ്ങി .പിറകിൽ കണ്ടക്ടറുടെ മണികിലുക്കം അകന്നു പോയി ശമിക്കുന്നത് അറിഞ്ഞു.
റോഡിനു വലതു വശത്ത് ഒരിടവഴി താഴോട്ടിറങ്ങുന്നുണ്ട് .ആ വഴിയുടെ അറ്റത്താണ് വീട്. അതിനു പുറകിൽ പച്ച പിടിച്ച വയല് .അതിനപ്പുറം ആഴങ്ങളിലേക്ക് പച്ച വേരു പടർത്തിയ പുഴ .അവിടെ നിന്ന് നോക്കിയാൽ വിദൂരതയിൽ മല നിരകൾക്ക് മേലാപ്പു പോലെ വെള്ളമേഘങ്ങൾ ഇറങ്ങി നിൽക്കുന്നത് കാണാം. അതിനുമപ്പുറത്തെന്തെന്ന് കുഞ്ഞുനാളിൽ ഒരു പാട് ആലോചിച്ചിട്ടുണ്ട്. അന്നുമിന്നും ഉത്തരം തരാതെ ഘനാലസൻമാരായി മലനിരകൾ ഉയിർന്നു നില്ക്കുന്നു.അങ്ങിനെ എന്നൊ മറന്ന നാട്ടുമണ്ണിന്റെ ഗന്ധവും ഇടവഴിക്കിരുവശമുള്ള നാട്ടുപൂക്കളുടെ സുഗന്ധവും നുകർന്ന് നടന്ന് വീടെത്തി .മുൾപടിയിൽ ചിതലുകയറിയിരുന്നു. അതു മലർക്കെ തുറന്നു. മുറ്റം മുഴുവൻ പുല്ലു പടർന്നിരിക്കുന്നു .പേരറിയാത്ത മുൾച്ചെടിപ്പടർപ്പു കയറി മണിക്കിണർ മൂടിയിരിക്കുന്നു. വീടാകാട്ടെ ,ഓടെല്ലാം അടർന്നു പോയി മരത്തിന്റെ പട്ടികകൾ വെളിയിൽ കാണാം.ഹൃദയ വ്യഥയോടെ ഒരു വടിയെടുത്ത് പടർന്ന പുല്ലിൽ തല്ലിക്കൊണ്ട് മുള്ളു വേലിയോടോരം ചേർന്ന് നടന്നു.അപ്പോഴാണ് അത് കണ്ടത്. തെക്കേ മൂലയിൽ ചുറ്റും കമ്പിവേലി കെട്ടിയ ഒരു നെല്ലിമരം കായ്ച്ചു നിൽക്കുന്നു. നേർത്ത ഇലകൾ പേറുന്ന ചില്ലകൾ കാറ്റത്ത് ഇളകിയാടുന്നു. സാന്ധ്യ അരുണിമയുടെ സുവർണ രേണുകൾ അവയെ തഴുകിത്തലോടി. അവ നേർത്ത ഇലയടരുകളെ സ്വർണ്ണം പൂശി അലിഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു .വിസ്മയത്തോടെ ആ മരത്തിനുത്തേക്കു നീങ്ങി. കമ്പിവേലി തുറന്നാമരത്തെ കെട്ടിപ്പുണർന്നു. നെല്ലിമരത്തിന്റെ തായ് തടിയിലൂടെ നെല്ലിത്തടത്തിൽ കണ്ണീരു വീണു.അപ്പോഴാണ് അവിടെ കാച്ചിയ എണ്ണയുടെ സുഗന്ധം പ്രസരിക്കുന്നതായി അനുഭവപ്പെട്ടത്. അതുൾക്കൊണ്ടു കൊണ്ടു ഏറെ നേരം നിന്നപ്പോൾ മനസ്സിനു ദു:ഖം തോന്നിയില്ല. മലനിരയിൽ നിന്നിറങ്ങി, പുഴയെ തഴുകി ,പച്ചപ്പാടത്തിനു മുകളിലൂടെ തിരതല്ലിയെത്തിയ കിഴക്കൻ കാറ്റിനൊടൊപ്പം മനസ്സിൽ അലയടിച്ചത് സംതൃപ്തമായ വിശ്രാന്തി മാത്രം.