മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

 

ചായയുമായി പൂമുഖത്തേക്ക് വന്നതായിരുന്നു ഞാൻ. മനസ്സിൽ ഒളിപ്പിച്ചുവെച്ച കഥയെ പൊടി തട്ടിയെടുക്കാൻ തോന്നിയപ്പോയാണ് പേപ്പറും പേനയുമെടുത്ത് ഉമ്മറത്തേക്ക് വന്നത്. കുറച്ചു വരികൾ എഴുതി

കഴിഞ്ഞപ്പോൾ ചായ കുടിച്ചു കളയാം എന്നൊരു ചിന്ത മനസ്സിലുണർന്നു.. അങ്ങനെയാണ് അടുക്കളയിലേക്ക് പോയത്. ജോലിക്കു പോകുന്നതിന് മുൻപ് ഭാര്യ പ്ലാസ്കിൽ ഒഴിച്ചു വെച്ചതായിരുന്നു ചായ.

എല്ലാം തയ്യാറാക്കി വെച്ചതിനു ശേഷം മാത്രമേ അവൾ പോവുകയുള്ളൂ. ഹോട്ടലിലെ ഭക്ഷണം കഴിച്ചോളാം എന്ന് എത്ര പറഞ്ഞാലും കേൾക്കില്ല. തികഞ്ഞ ശ്രദ്ധയാണവൾക്ക്. മടികാണിച്ച് ഞാൻ സ്വപ്ന ലോകത്തങ്ങിനെ ഇരിക്കുമെന്നും വിശപ്പിനെ പോലും അവഗണിച്ചു കളയുമെന്നും അവൾക്കറിയാം.

കഥയേയും ,കഥാപാത്രങ്ങളെയും മനസ്സിൽ കുടിയിരുത്തിയാൽ അത് പുറത്തേക്ക് ചാടുന്നത് വരെ മൗനിയാകും. എല്ലാം കടലാസിൽ നിരത്തിവെച്ച് അവസാന വട്ട എഡിറ്റിങ്ങും കഴിയുന്നത് വരെ ഏകാന്തതയെ കൂട്ട് പിടിക്കും. അതാണ് പതിവ്.അപ്പോളവൾ അടുത്തേക്ക് വരികയോ സംസാരിക്കുകയോ ചെയ്യില്ല. ഇടയ്ക്ക് വന്ന് എത്തി നോക്കി പോകും.

ചായയും മൊത്തി കുടിച്ചു കൊണ്ട് പുറത്തേക്ക് വന്ന എന്നെ സ്വീകരിച്ചത് അമ്പരപ്പിക്കുന്ന കാഴ്ചകളായിരുന്നു.
എഴുതികൊണ്ടിരുന്ന പേപ്പർ തുണ്ടുകൾ തേങ്ങിക്കരയുന്നു.കണ്ണുനീർത്തുള്ളികൾ നിലത്ത് പടർന്നൊഴുകുന്നു.
മുറിവേറ്റ് കിടന്ന് പുളയുകയാണ് പേന. ഞാനാകെ അന്തം വിട്ടു. ആരാണിത് ചെയ്തത്? ചുറ്റും ശോക ഭാവം നിറയുകയാണ് .

പേനയിൽ നിന്നും ഒലിച്ചിറങ്ങിയ രക്തം പടർന്ന് എഴുതിയ വരികളിലെ അക്ഷരങ്ങളെ വികൃതമാക്കിയിരിക്കുന്നു.

ഭയം എന്നെ ഗ്രസിച്ചു.. സിരകളിലൂടെ അവ രക്തത്തിൽ കലരുകയും പഞ്ചേന്ദ്രിയങ്ങളെ കടന്നാക്രമിക്കുകയും ചെയ്തു.


മഴ തിമിർത്ത് പെയ്യുന്നുണ്ടായിരുന്നു. പൂമുഖം എന്നിലെ എഴുത്ത്കാരനെ ഏറെ സ്വാധീനിച്ച ഇടമായിരുന്നു.മനസ്സിനെ വിരഹത്തിലേക്കും അതിൽ നിന്നും വിഷാദത്തിലേക്കും തള്ളിയിടുന്ന കാഴ്ചകൾ കാണുമ്പോഴാണ് എന്നിലെ എഴുത്തുകാരൻ ഉണരുക. അതു കൊണ്ടാണ് എഴുതാൻ പൂമുഖം തന്നെ തിരഞ്ഞെടുക്കുന്നത്. എല്ലാമനുഷ്യർക്കും അവരവർ ഇഷ്ടപ്പെടുന്ന ഓരോയിടങ്ങളുണ്ടല്ലോ? എൻ്റെയിഷ്ട്ടം പൂമുഖവും അവിടത്തെ ചാരുകസേരയുമാണ്.

പിന്നെ എല്ലാം മറന്നുള്ള എഴുത്താണ്.പുഴകൾ ഒഴുകികൊണ്ടേയിരിക്കും. കഥകളും. വറ്റിവരണ്ട് പോയാൽ പുഴയില്ല. മൺതിട്ടകൾ മാത്രം.

കഥയുടെ ഒഴുക്ക് നിന്ന് പോയാൽ കഥാകാരനും. എഴുത്തിന്റെ തീവ്രത കൂടുമ്പോൾ മനസ്സൊരു തരം ഭ്രാന്തമായ ലോകത്തേക്ക് ആനയിക്കപെടും. എന്തിനാണ് ഞാൻ അക്ഷരങ്ങളെ തീഷ്ണമായി പ്രണയിച്ചത്. പിറകിലൊരു കഥയുണ്ട്. ഓരോ എഴുത്തുകാരനും ഇതേ പോലെയുള്ള കഥകളുണ്ടാകും പറയാൻ.വിഷാദത്തിൻ്റെയോ പ്രണയത്തിൻ്റെയോ വിവിധ ഭാവങ്ങൾ നിറഞ്ഞ കഥകൾ.അവ വ്യത്യസ്ഥ രീതികളിൽ നിറം ചാലിച്ചും തഴുകി തലോടിയും പേപ്പറുകളിൽ വരച്ചിടും. എൻ്റെ കഥയും അങ്ങനെ തന്നെയായിരുന്നു.

സൈറയെന്ന പൂച്ച കണ്ണുള്ള ചുണ്ടുകളിൽ മധു കിനിയുന്ന പെണ്ണിനെ കണ്ടുമുട്ടാനും പ്രണയം മനസ്സിൽ പുൽമേടകൾ പോലെ പടർന്ന് പന്തലിക്കാനും ഇടയായ കഥ. അവളെ കാണുന്നത് വരെയും എഴുത്ത് എന്റെ കൂടെയുണ്ടായിരുന്നില്ല. വായനയും.  ഒരു നിമിത്തമായിരിക്കാം. എഴുത്തുകാരൻ എന്ന പാത ചൂണ്ടി കാണിക്കുവാൻ ദൈവം എന്റെ അടുത്തേക്കയച്ചതായിരിക്കാം അവളെ.

ഗാന്ധിജയന്തിയോടനുബന്ധിച്ച് കോളേജിൽ ശുചീകരണ പരിപാടികൾ അരങ്ങേറിയിരുന്നു. അന്നാണ് വെളുത്ത് കൊലുന്നനെയുള്ള പൂച്ചക്കണ്ണിയെ ഞാൻ കാണുന്നത്. പട്ടുപാവാടയുടുത്ത് പഴയൊരു വേഷവിധാനത്തിൽ വന്നിരുന്ന അവളുടെ ചുണ്ടുകളും കണ്ണുകളുമാണെന്നെ ആകർഷിച്ചത്. ലൗ അറ്റ് ഫസ്റ്റ് സൈറ്റ് എന്നു കേട്ടിട്ടുണ്ടായിരുന്നു. അനുഭവിച്ചിരുന്നില്ല. എനിക്കത് മനസ്സിലായത് അന്നായിരുന്നു. ഹിസ്റ്ററി ഡിപ്പാർട്ട്മെന്റിലായിരുന്നു അവൾ പഠിച്ചിരുന്നത്. ഞാൻ മലയാളത്തിലും.

കണ്ണുകളിൽ തേൻ തുള്ളികൾ നിറച്ചു കൊണ്ട് ഞാനവളെ നോക്കി നിന്നു. പ്രണയ സന്ദേശങ്ങൾ ഞങ്ങൾ പാസ്സ് ചെയ്യുകയും പരസ്പരം സംസാരിക്കുകയും ചെയ്തു. പിന്നെയത് നിത്യശീലങ്ങളിലൊന്നായി മാറി. മടപ്പള്ളി കോളേജിന്റെ നീണ്ട ക്യാമ്പസിനുള്ളിൽ പ്രണയഗീതവും പാടി ഞങ്ങൾ ഒഴുകി നടന്നു. ദൂരെ ദിക്കുകളിൽ ബൈക്കുമെടുത്ത് കറങ്ങി നടക്കാനും ഒന്നിച്ചിരുന്ന് സിനിമകൾ കാണാനും എനിക്ക് പ്രചോദനം നൽകിയത് അവളയച്ച വാട്ട്സ് അപ്പ് സന്ദേശങ്ങളായിരുന്നു. വടകരയിലെ കീർത്തി മുദ്ര തീയ്യേറ്ററുകൾ ഞങ്ങളുടെ കാമകേളികൾ കണ്ട് രസിച്ചിട്ടുണ്ടാവണം.

നാട്ടുകാരാരും കാണാതെ സല്ലപിക്കാൻ ഞങ്ങൾ വയനാട് ചുരം കയറിയിരുന്നു. ബൈക്കിൽ എന്നെയും ഒട്ടിചേർന്നവൾ കിനാവുകൾ ഏറെ കണ്ടിരിക്കണം. വയനാടൻ മലകളെ സാക്ഷിയാക്കി അവളെയും കെട്ടിപ്പിടിച്ച് നിൽക്കുന്നതിനേക്കാൾ ആനന്ദദായകമായി മറ്റൊന്നും ഉണ്ടായിരുന്നില്ല എനിക്ക്. മലകൾ ലജ്ജിച്ചിരിക്കണം ഞങ്ങളുടെ കാട്ടി കൂട്ടലുകൾ കണ്ടിട്ട്.

"രൂപ് അത് കണ്ടോ മലയിടുക്കിൽ വ്യക്ഷങ്ങൾ ഉമ്മ വെച്ച് കളിക്കുകയും പ്രണയത്തെ പരസ്പരാലിംഗനത്തോടെ സ്വീകരിക്കുകയും ചെയ്യുന്നു.. അതേ പോലെ ആയിരിക്കണം നമ്മുടെ പ്രണയവും. ഉപാധികളില്ലാത്ത സർവ്വതന്ത്ര സ്വതന്ത്രമായ പ്രണയകാലം നമുക്ക് ഒരുക്കിയെടുക്കാം." ദൂരെയുള്ള വ്യക്ഷങ്ങളെ നോക്കി അവൾ പറഞ്ഞു. രൂപേഷ് എന്ന എന്നെ അവൾ വിളിക്കാറുള്ളത് രൂപ് എന്നായിരുന്നു.

നീണ്ട ആലിംഗനങ്ങൾക്കൊടുവിൽ ഞങ്ങൾക്ക് വൃക്ഷങ്ങളെ പോലെ ഉപാധികളില്ലാത്ത പ്രണയം കാഴ്ച്ചവെക്കാനായില്ല. മനുഷ്യന്റെ പ്രണയവും മരണത്തെ പോലെ തന്നെയാണ്. നൈമിഷികമായത്. .കുറെ സങ്കടങ്ങൾ ബാക്കിവെച്ചത് മറഞ്ഞു പോകും. ഞങ്ങളുടെ പ്രണയവും മേഘങ്ങൾ പോലെ പെയ്തു തീർന്നു പോയി.

കടലിനെ സാക്ഷിയാക്കിയാണവൾ വിട്ടുപിരിഞ്ഞത്. ചോമ്പാൽ കടപ്പുറത്തെ മീൻ മണമുള്ള മണ്ണുകളിൽ പാദമൂന്നി കടലിനെ നോക്കിയവൾ പഴകി തേഞ്ഞ കുറെ വാക്കുകൾ കാതിലോതി തന്നു. കണ്ണുകളിൽ കുറച്ച് നനവും. തീർന്നു അവൾക്കെന്നോടുള്ള പ്രണയം. ഉച്ചവെയിലത്ത് തിളച്ചു നിൽക്കുന്ന സൂര്യനെ നോക്കി പ്രണയത്തോടെ പുഞ്ചിരിക്കുന്ന ജീവിതത്തെയാണ് അവൾ സ്വപ്നം കണ്ടത്.വീട്ടുകാർ സമ്മതിക്കുകയില്ല എന്ന കാരണം പറഞ്ഞാണവൾ പ്രണയത്തെ വലിച്ചെറിഞ്ഞത്. പക്ഷെ സത്യം അതായിരുന്നില്ല. ഞാനെന്ന ദരിദ്ര നാരായണന്റെ കൂടെയുള്ള ജീവിതം ഒട്ടും സുരക്ഷിതത്വമുള്ളതല്ല എന്നവൾ മനസ്സിലാക്കിയിരിക്കണം. പലപ്പോയും കറങ്ങാനുള്ള ചിലവിന്റെ പണം പോലും അവളിൽ നിന്നായിരുന്നു ഞാൻ വാങ്ങാറുണ്ടായിരുന്നത്. എല്ലാം അവളുടെ മനസ്സ് മാറ്റിയിരിക്കാം.

അവൾ കൈയ്യിലേൽപ്പിച്ച വിവാഹ ക്ഷണക്കത്തിലേക്ക് കണ്ണുകൾ ഓടി നടന്നു. തന്നേക്കാൾ എത്രയോ കാതം മുൻപിൽ നിൽക്കുന്നവൻ തന്നെയാണ് അവളുടെ കഴുത്തിൽ താലിചാർത്തുന്നത്. വർണ്ണങ്ങൾ നിറഞ്ഞ ലോകത്ത് ചുറ്റി തിരിയുന്നവൻ. എന്തുകൊണ്ടും യോഗ്യൻ. പറഞ്ഞ് നടന്നകലുമ്പോൾ ഒരിക്കൽ പോലും അവൾ തിരിഞ്ഞ് നോക്കിയില്ല.. എന്റെ കണ്ണുകളെ കൂടുതൽ സമയം നേരിടാൻ കഴിയാത്തതിനാലാവാം.

ചോമ്പാൽ കടപ്പുറത്ത് ചാകരയായിരുന്നു. ചാകരയിൽ കവിഞ്ഞടിഞ്ഞു കൂടിയ അയലയെ ബോട്ടുകളിൽ കരക്കെത്തിച്ച് കരഘോഷം മുഴക്കി ആളുകൾ ബഹളം വെക്കുന്നുണ്ടായിരുന്നു. പൊട്ടിയ പ്രണയത്തിന്റെ നീറ്റലുമായി ചത്ത് കണ്ണ് തുറിച്ചു നിൽക്കുന്ന അയലയെ നോക്കി ഞാൻ നിന്നു. 

സൈറകോളേജിൽ വരാതെയായി. അവളില്ലാത്ത കോളേജിന്റെ ഇടനാഴികൾ തീരാത്ത നൊമ്പരമായി. ഒടുക്കം ആദിവസം വന്നെത്തി.അവളെ മറ്റൊരാൾ കൈ പിടിച്ച് ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ട് പോകുന്ന ദിവസം. വിവാഹത്തിന് വിഡ്ഢിയെ പോലെ പോകുവാൻ ഒരുക്കമായിരുന്നില്ല ഞാൻ. 

അന്നാണ് മാഹിയിലെ ബാറുകളുടെ ലോകത്ത് പ്രാവിനെപ്പോലെ പറന്നു നടന്നത്. ആദ്യമായിട്ടായിരുന്നു അങ്ങനെയൊരു അനുഭവം. ബ്രാണ്ടിയും വിസ്ക്കിയുമെല്ലാം ഇടകലർത്തി ഞാൻ കഴിച്ചു. സീസറും, ത്രിബിൾ എക്സും എന്നെ നോക്കി മന്ദഹസിച്ചു. സീ സീ ബാറിലെ മേശകളും, കസേരകളും എന്നെ ശ്രദ്ധിച്ചിരിക്കണം. നടക്കാൻ പോലുമാകാതെ മാഹി പുഴയെ നോക്കി പുൽതകിടിയെ ചുംബിച്ചു ഞാൻ കിടന്നുറങ്ങി. എഴുന്നേൽക്കുമ്പോൾ സൂര്യനസ്തമിച്ചിരുന്നു.

കാലം ഒഴുകി കൊണ്ടിരുന്നു. എന്റെ ജീവിതവും. പഠനം കഴിഞ്ഞ് ഒരുപാട്കാലം പ്രണയനഷ്ടവുമായി ഞാൻ അലഞ്ഞ് നടന്നു. തുടർന്നുണ്ടായ വികാരവിചാരങ്ങളെ മാറ്റി നിർത്താൻ വേണ്ടിയാണ് എഴുത്താരംഭിച്ചത്. ആ പാതയിലൂടെ തുടർന്ന് സഞ്ചരിച്ചു. എല്ലാമൊരു ഫാന്റസി പോലെ.

ജോലി കിട്ടി അനിതയുമായുള്ള വിവാഹത്തിനു ശേഷം എഴുത്തിനെ സന്തത സഹചാരിയാക്കി. മേശപ്പുറത്ത് പാതി മയക്കത്തിലാണ്ട് കിടന്നിരുന്ന എന്റെ കഥകളുടെ ആദ്യ വായനക്കാരി അനിതയായിരുന്നു. എല്ലാം എടുത്ത് വായിച്ചതിനു ശേഷം അവൾ തന്നെ മുൻകൈയ്യെടുത്തവയൊക്കെ പല മാസികകൾക്കും വാരികകൾക്കും അയച്ചുകൊടുത്തു. കഥകൾ ഓരോന്നായി അച്ചടിമഷി പുരളുകയും പലതിനെയും പുരസ്ക്കാരങ്ങൾ തേടിയെത്തുകയും ചെയ്തപ്പോൾ ഞാൻ സന്തോഷിച്ചു. ഞാനെന്ന എഴുത്ത്കാരന്റെ നാഡിമിടിപ്പുകൾ വായനക്കാർ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചു.

മനസ്സിന്റെ ഇരുട്ടറയിൽ നിന്നും ഞാൻ പുറത്തേക്ക് ചാടി. വീണ്ടും പേനയിൽ തന്നെയായി എന്റെ ശ്രദ്ധ. പേന കിടന്ന് വേദനയാൽ പുളയുക തന്നെയാണ്. ആരായിരിക്കാം മുറിവേൽപ്പിച്ചിട്ടുണ്ടാവുക? ചുറ്റും നിരീക്ഷണം നടത്തി. നിശ്ശബ്ദതയുടെ സംഗീതം മാത്രമാണ് കേൾക്കുവാൻ കഴിയുന്നത്. അവ എന്നെ അലോസരപെടുത്തുന്നു. ചുവരിലെ പെയിന്റിങ്ങുകൾ വിഷാദഭാവത്തിലായിരിക്കുന്നു.വിഷാദ സ്വപ്നങ്ങളായിരിക്കാം അവ ഇപ്പോൾ കണ്ട് കൊണ്ടിരിക്കുന്നത്. സറിയലിസത്തിന്റെ ഉദാത്ത ഭാവനയിൽ നിന്നിരുന്ന ചിത്രങ്ങളാണവ. അത് മാറിയിരിക്കുന്നു. സാൽവദോർ ദാലി അതിലൂടെ എന്നും പുഞ്ചിരി തൂകാറുണ്ടായിരുന്നു. ആ പുഞ്ചിരി യാണെന്റെ എഴുത്തിന്റെ ആത്മവിശ്വാസവും .

സ്വപ്നങ്ങളുടെ നീണ്ട സഞ്ചാര പഥങ്ങളായിരുന്നു ഓരോ ചിത്രങ്ങളും. ചിത്രകാരൻ മനസ്സിന്റെ അബോധതലങ്ങളിൽ ഉണർന്ന് വരുന്ന ഇമേജുകളെ വർണ്ണ വിന്യാസത്തിലൂടെ ക്യാൻവാസിൽ ആവിഷ്കരിച്ചിരുന്നു. ദാലിയെ കാണുവാനില്ല.സ്വപ്നങ്ങളെയും...

പേനയെ മുറിവേൽപിച്ചവർ, അവർ തന്നെയാവും പെയിന്റിങ്ങുകളിലെ സ്വപ്ന സഞ്ചാരപഥത്തെയും തടഞ്ഞ് നിറുത്തിയിട്ടുണ്ടാവുക. അപ്പോഴാണത് ശ്രദ്ധിച്ചത്. ചില നിഴലുകളുണ്ട്. തൊട്ടരികിൽ നിന്ന് കൊണ്ട് വീക്ഷിക്കുകയാണ് അവർ. സർവ്വവും ഭസ്മമാക്കുവാൻ ആയിരിക്കണം പുറപ്പാട്. മാരകായുധങ്ങൾ കൈകളിൽ കിടന്ന് രക്തത്തിനായി മുറവിളി കൂട്ടുന്നു. നിസ്സഹായത വലയം ചെയ്തിരിക്കുന്നു.

''അക്ഷരങ്ങളെ ഒന്നുകിൽ സ്തുതിപാഠകരായി നീ മാറ്റണം. അല്ലെങ്കിൽ അവ നിന്നെ വിട്ട് പോയി ക്കൊള്ളണം. ഇവയിലേത് വേണമെങ്കിലും സ്വീകരിക്കാം". അവർ എന്നോട് പറഞ്ഞു. 

എഴുത്തുകാരന്റെ ആയുധമാണ് അക്ഷരങ്ങൾ. അവ മുട്ടിലിഴഞ്ഞ് നടക്കുകയല്ല വേണ്ടത്. നിവർന്ന് നിൽക്കുവാനാണ് എഴുത്തുകാരൻ അവയ്ക്ക് പ്രേരണ നൽകേണ്ടത്. അക്ഷരങ്ങളെ വിട്ട് പോവുക എന്നുള്ളത് എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം അവന്റെ മരണത്തെയാണ് സൂചിപ്പിക്കുന്നത്. അത് ഞാനാഗ്രഹിക്കുന്നില്ല. ഞാനവർക്ക് മറുപടി നൽകി. വീണ്ടും കുറെ ഉപദേശങ്ങൾ. ഞാൻ തെല്ലും വയങ്ങിയില്ല.

അവർ പറയുന്നതുപോലെ ചെയ്താൽ പിന്നെ എഴുത്തുകാരൻ എന്ന ലേബൽ എനിക്കെന്തിനാണ്.? 

താഡനം എന്ന വാക്ക് എന്താണെന്ന് മനസ്സിലാക്കിയത് അപ്പോഴായിരുന്നു. അതു വരെ വെറുമൊരു വാക്ക് മാത്രമായിരുന്നു എനിക്കത് .

ചെവിക്കുള്ളിൽ തിരുകി വെച്ച റിവോൾവറിന്റെ തണുപ്പ് സിരകളിലേക്ക് പടർന്നു.

മരണത്തിനു തണുപ്പാണോ?

മരവിച്ച് കിടക്കുന്ന അക്ഷരങ്ങൾ. പ്രാണവേദനയാൽ നിലവിളിക്കുന്ന പേന.നിസ്സഹായതയാൽ പുളയുന്ന ഞാൻ. സൈറയും അനിതയും എന്നെ നോക്കി നിലവിളിക്കുന്നു. രക്തത്താൽ ചുവന്നു പോയ മാർബിൾപാളികൾ. തണുത്ത മാർബിൾ തറയിൽ കിടന്ന് ഞാൻ ജീവിതത്തിന്റെ നേർകാഴ്ചകൾ കണ്ടു.  അവ അലിഞ്ഞലിഞ്ഞ് നേർത്ത പാളികളായി മാറുന്നു.

മഞ്ഞ് പോലെ...മങ്ങിയ കണ്ണുകളിൽ ചില കാഴ്ച്ചകൾ ഞാൻ കണ്ടു. പുറത്ത് നിന്നും കയറി വരുന്ന കുറെ രൂപങ്ങൾ. അവർ മഴ നനഞ്ഞിരിക്കുന്നു. കൈ കളിൽ രക്തവർണ്ണം. കണ്ണുകളിൽ പ്രത്യാശയുടെ കിരണങ്ങൾ. അവരെ കണ്ട് അക്രമികൾ ചിതറിയോടുന്നതും ഞാൻ കണ്ടു. മനസ്സമാധാനത്തോടെ ഞാൻ കണ്ണുകളടച്ചു. ആരും ശല്ല്യപ്പെടുത്താനില്ലാത്തൊരു ലോകത്തേക്കു ഞാൻ പറന്നുയർന്നു. താഴെ ഭൂമിയെ ഒരു പൊട്ട് പോലെ കാണാം.

 

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ