ബാലൻ തൻ്റെ മാടക്കട തുറന്നതേയുള്ളു. തുറന്ന ഉടൻ തന്നെ വിളക്കു കൊളുത്തി, ചന്ദന തിരിയും കത്തിച്ച് തിരിഞ്ഞു നോക്കിയപ്പോൾ, കടയുടെ മുന്നിൽ വില കൂടിയ ഒരു കാർ വന്നു നിന്നിരുന്നു.
കാറിൽ നിന്നും സുമുഖനായ ഒരു ചെറുപ്പക്കാരൻ ഇറങ്ങി വന്നു. വന്നപാടെ അവൻ ബാലനോട് ഒരു പായ്ക്കറ്റ് "വിൽസ് സിഗരറ്റ് "ആവശ്യപ്പെട്ടു.
ചോദ്യം കേട്ട ബാലൻ ഒന്ന് അമ്പരന്നു. താൻ ഈ മാടക്കട തുടങ്ങിയിട്ട് നാലുമാസം കഴിഞ്ഞതേയുള്ളു. അതിനിടയിൽ ഇതുവരെ വിൽസ് സിഗരറ്റ് വാങ്ങി വെച്ചിട്ടില്ല തന്നെയുമല്ല, ഇതുവരെ ആരും അങ്ങനെയൊരു സിഗരറ്റ് ചോദിച്ചിട്ടുമില്ല.
കറുത്ത കണ്ണട, മുഖത്തു നിന്ന് എടുക്കാതെ നിൽക്കുന്ന ചെറുപ്പക്കാരനോട് ബാലൻ പറഞ്ഞു "വിൽസ് ഇല്ല. ഗോൾഡ് തരട്ടെ? വിൽസിന് കച്ചവടം ഇല്ലാത്തതു കൊണ്ട് അതു നിൽക്കാറില്ല. ഇപ്പോഴത്തെ ചെറുപ്പക്കാരെല്ലാം ഗോൾഡാണ് വലിക്കുന്നത്"
ഒരു ചെറുപുഞ്ചിരിയോടെ ഇതു കേട്ട ചെറുപ്പക്കാരൻ പറഞ്ഞു "ഗേൾഡ് എങ്കിൽ ഗോൾഡ്" രണ്ടു പായ്ക്കറ്റ് തരു "
ബാലൻ പോലും തൻ്റെ കടയിൽ ഒരു പായ്ക്കറ്റാക്ക് വിൽക്കാൻ വാങ്ങുന്നത്. ആ ബലനോടാണ് അവൻ രണ്ടു പായ്ക്കറ്റ് ചോദിക്കുന്നത്.
അന്തം വിട്ടു നിന്ന ബാലൻ മന ധൈര്യം വീണ്ടെടുത്ത് പറഞ്ഞു "പായ്ക്കറ്റായിട്ടില്ല, നാല് എണ്ണം മാത്രമേ ഉള്ളു. ബാക്കി തീർന്നു പോയി.
നാലെങ്കിൽ നാല് - "അതിങ്ങ് തരൂ"- ചെറുപ്പക്കാരൻ പറഞ്ഞു. സിഗരറ്റു വാങ്ങിയ അവൻ അതിലൊരെണ്ണം കത്തിച്ച് പുക ഊതിക്കൊണ്ട് ചോദിച്ചു - " കച്ചവടം ഒക്കെ എങ്ങനെ പോകുന്നു" ?
കൊറോണാ വന്നതോടുകൂടി ഉണ്ടായിരുന്ന പണി പോയി. ജീവിക്കാൻ വേറെ മാർഗ്ഗമില്ലാത്തതു കൊണ്ട് ഈ മാടക്കട തുടങ്ങി. ഒരു ദിവസം വൈകുവോളം ഇരുന്നാൽ പത്തു നാനൂറു രൂപാ വിൽക്കും" അതുകൊണ്ടാണ് വീടു കഴിയുന്നത്
മോൻ എവിടുന്നാ വരുന്നത്? ചെറുപ്പക്കാരൻ, ബാലൻ പറഞ്ഞതോ, ചോദിച്ചതോ കേട്ട ഭാവം നടിക്കാതെ പറഞ്ഞു "സിഗരറ്റിൻ്റെ പണം ഞാൻ ഗൂഗിൾ പേ ചെയ്യാം. താങ്കളുടെ നമ്പർ പറയൂ ''
"ഗൂഗിൾ എന്താണന്നോ, ഗൂഗിൾ പേ എന്താണന്നോ അറിയാത്ത ബാലൻ കണ്ണു മിഴിച്ച് നിന്നു"
"കൈ നീട്ടമാണു കുഞ്ഞേ', കൈയ്യിൽ ഉള്ള ചില്ലറ താ" ബാലൻ ദയനീയമായി നിന്നു.
ചെറുപ്പക്കാരൻ പറഞ്ഞു "ഞാൻ പണം കൈയിൽ കൊണ്ടു നടക്കാറില്ല. എല്ലാ ഇടപാടുകളം ഗൂഗിൽ പേവഴിമാത്രമാണ് നടത്തുന്നത്. "ഞാൻ ഒരു സിഗരറ്റ് എടുത്തു വലിച്ചു പോയി. ബാക്കി മൂന്നെണ്ണം ഇതാ തിരികെ വെച്ചിരിക്കുന്നു ഇനി എപ്പോഴെങ്കിലും ഇതുവഴി വരുമ്പോൾ താങ്കളുടെ പണം തരാം"
ചെറുപ്പക്കാരൻ വണ്ടിയിൽ കയറി യാത്രയായി.
ഒന്നും മനസ്സിലാകാതെ നിന്ന ബാലൻ, "ഗൂഗിളിനെ പേപ്പട്ടി കടിച്ചാൽ എന്താകും സ്ഥിതി? ഗൂഗിൾ പേ ആ കുമോ" എന്ന് അറിയാതെ ചിന്തിച്ചു പോയി!