''ഞാനെന്താ ചെയ്യാ... ഇവിടത്തെ മുഴുവന്‍ സിലിണ്ടറുകളും കാലിയാണ്...'' ഡോക്ടര്‍ കൈമലര്‍ത്തി. അച്ഛനും അമ്മയും അത്യാസന്നനിലയില്‍ ശ്വാസം മുട്ടി വലിക്കുകയാണ്. എപ്പോഴാണ് അത് അവസാനത്തെ
വലികളായിത്തീരുക എന്നതേപ്പറ്റി ചിന്തിക്കാന്‍ പോലും മനസ്സിന് ക്ഷമയില്ലാതായി. നിറഞ്ഞു കവിഞ്ഞ ആശുപത്രിക്കുള്ളില്‍ കിടക്കകളില്ലാതെ തറയില്‍ തുണി വിരിച്ച് കിടക്കുന്ന അനേകര്‍. അവര്‍ക്കിടയില്‍ ശ്വാസവായു കിട്ടാതെ പിടയുന്ന നിരവധി പേര്‍. കവര്‍ന്നെടുക്കപ്പെട്ട ആത്മാക്കള്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയിലെന്നോണം പലയിടങ്ങളിലായി ചിതറികിടക്കുന്ന നിശ്ചലമായ ശരീരങ്ങള്‍. അവയുടെ അവകാശികള്‍ അവര്‍ക്ക് പ്രാണവായുതേടി നഗരത്തിന്റെ ഏതൊക്കെയോ ഗല്ലികളില്‍ സിലിണ്ടറുകളുമായി ഓടി നടക്കുന്നു. ആരോടൊക്കെയോ അടികൂടുന്നു. ആരുടെയൊക്കെയോ കാലുപിടിച്ചും വഴക്കടിച്ചും പറഞ്ഞ പണം നല്‍കി നിറഞ്ഞ സിലിണ്ടറുകളുമായി തിരിച്ചെത്തുമ്പോള്‍ അവരെ കാത്തിരിക്കുന്ന കാഴ്ചകള്‍ എത്ര ദയനീയം. അതുതന്നെയാകുമോ തന്റെ കാര്യവും. അതിനാല്‍ രക്ഷിതാക്കളെ തനിച്ചാക്കി പുറത്തേയ്ക്ക് പോകാന്‍ മനസ്സ് വന്നില്ല.
പ്രാണവായു എവിടെയാണ് ലഭ്യമെന്ന് അറിയില്ല. അതുകണ്ടെത്തലാണ് ഏറ്റവും ദുഷ്‌കരമായ ചുമതല. ഇനി അതെല്ലാം കണ്ടെത്തി സംഭരിച്ച് കൊണ്ടുവരുമ്പോഴേയ്ക്കും കൈവിട്ടു പോകുമോ തന്റെ രക്ഷിതാക്കള്‍... ഇവിടെ നിന്നിട്ടും എന്താണ് കാര്യം കണ്‍മുന്നില്‍ പ്രാണവായു കിട്ടാതെ പിടയുന്ന രക്ഷിതാക്കളെ കണ്ടു നില്‍ക്കാനോ... അതിനേക്കാള്‍ ഭേദം സിലിണ്ടറുമായി പുറത്തുപോകുന്നതാണ്. അവര്‍ക്കൊരു പ്രതീക്ഷയെങ്കിലുമുണ്ടാകുമല്ലോ... മകന്‍ പ്രാണവായുവുമായി ഇപ്പോള്‍ വരുമെന്നുള്ള പ്രതീക്ഷ... ശ്വാസം കിട്ടാതെ മുട്ടിവലിച്ച് മിഴികള്‍ പുറത്തേയ്ക്ക് തുറന്നുവരുമ്പോഴും മരണത്തിനുമുന്നേ തന്റെ മകന്‍ പ്രാണവായുവുമായി തിരിച്ചെത്തുമെന്ന ഒരു പ്രതീക്ഷ... അതിന്റെ കരുത്ത് ചെറുതൊന്നുമല്ല. ആ പ്രതീക്ഷ ചിലപ്പോള്‍ പ്രാണനെ പിടിച്ചുനിര്‍ത്താന്‍ കരുത്തായാലോ... അതുകൊണ്ട് ഒരു സിലിണ്ടറുമെടുത്ത് പോകുന്നതാണ് ഏറ്റവും ഉചിതമെന്ന് തോന്നി. ചുരുങ്ങിയത് അച്ഛന്റേയും അമ്മയുടേയും പ്രാണനുവേണ്ടിയുള്ള പിടച്ചില്‍ കാണണ്ടല്ലോ...
ഹോസ്പിറ്റളില്‍ നിന്നും കളക്റ്റ് ചെയ്ത ഒഴിഞ്ഞ സിലിണ്ടറുമായി ടാക്‌സിയില്‍ അതിവേഗം ഓക്‌സിജന്‍ കേന്ദ്രം ലക്ഷ്യമാക്കി പായുമ്പോള്‍ വെറുതേ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. എത്ര വിഡ്ഢിയാണ് താന്‍. വളരെ സുരക്ഷിതമായി നാട്ടില്‍ കഴിഞ്ഞിരുന്ന രക്ഷിതാക്കളെ എന്തിനാണ് പറഞ്ഞു മോഹിപ്പിച്ച് ഇങ്ങോട്ട് കൂട്ടിയത്. ഇവിടത്തെ കോട്ടകളും മന്ദിരങ്ങളും സ്മാരകങ്ങളും കാണിച്ചു കൊടുക്കാനോ... കാര്യങ്ങള്‍ നിയന്ത്രണവിധേയമായി എന്ന തോന്നലുണ്ടായപ്പോഴാണ് അവരെ ഇങ്ങോട്ടു ക്ഷണിച്ചത്. അച്ഛന് വലിയൊരു ആഗ്രഹം മനസ്സിലുണ്ടായിരുന്നു. കഴിഞ്ഞ തവണ നാട്ടില്‍ ചെന്നപ്പോള്‍ അത് തുറന്നു പറയുകയും ചെയ്തിരുന്നു.
''നിന്റെ അടുത്തല്ലേ ഹരിദ്വാര്‍...''
''അതേ...''
''അവിടത്തെ കുംഭമേളയല്ലേ ഈ വര്‍ഷം.''
''അതേ.''
''എനിക്ക് ഒന്നു വന്നാല്‍ കൊള്ളാമെന്നുണ്ട്. നീയവിടെയുള്ളതല്ലേ... ഇപ്പോഴെങ്കിലും പോകാനായില്ലെങ്കില്‍ പിന്നെയെന്നാ...''
''ശരി. ഞാന്‍ സമയമാകുമ്പോള്‍ വന്നു കൊണ്ടു പോകാം.''
''അവിടെ പങ്കെടുക്കാനായാല്‍ അതിന്റെ പണ്യം നിനക്കും കിട്ടും.''
''സമയമാകട്ടെ ഞാന്‍ കൂട്ടാന്‍ വരാം.''
അതുകേട്ടപ്പോള്‍ അച്ഛന് വലിയ സന്താഷമായി. അത് മുഖത്ത് തെളിഞ്ഞു നിന്നിരുന്നു. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കുംഭമേളയില്‍ ഒരിക്കലെങ്കിലും പങ്കെടുത്ത് മഹാസ്‌നാനഘട്ടില്‍ മുങ്ങികയറണമെന്നത് അച്ഛന്റെ വലിയൊരു ആഗ്രഹമായിരുന്നു. പ്രായം കൂടിവരികയല്ലേ... അടുത്ത കുംഭമേള വരുമ്പോഴേയ്ക്കും പ്രായം വീണ്ടും കടന്നു പോകും. ചിലപ്പോള്‍ ആ ആഗ്രഹം സാധിക്കാതെപോയാലോ... അതിനാല്‍ മഹാമാരി ഒട്ടൊന്നു ശാന്തമായി എന്നു തോന്നിയതിനാല്‍ കുംഭമേള ആരംഭിച്ചപ്പോള്‍ നാട്ടില്‍ നിന്നും കൊണ്ടുവരികയായിരുന്നു.
ഹൈന്ദവപുരാണങ്ങളിലൂടെ നിത്യവും സഞ്ചരിക്കുന്ന അതിനനുസരിച്ച് ദിനചര്യകളെ തീര്‍ക്കുന്ന അച്ഛന് അതുമായുള്ള ജ്ഞാനം ആവോളമുണ്ടായിരുന്നു. കുംഭമേളയെക്കുറിച്ചും നല്ല ഗ്രാഹ്യമുണ്ടായിരുന്നു. ദൈവങ്ങളുടെ ശക്തി വീണ്ടെടുക്കുന്നതിനായി നടത്തിയ പാലാഴിമഥനവുമായി ബന്ധപ്പെട്ടു കിടക്കുന്ന മഹാമേളയാണ് കുംഭമേള എന്ന് അച്ഛന്‍ പലപ്പോഴും പറയുമായിരുന്നു. അമൃത് തട്ടിയെടുത്ത അസുരന്മാരില്‍ നിന്നും തിരിച്ചുപിടിയ്ക്കാന്‍ പോയ ഗരുഢന്‍ അമൃതുമായി തിരിച്ചുവരുമ്പോള്‍ കുടത്തില്‍ നിന്നും നാലുസ്ഥലങ്ങളില്‍ തൂവിപോയതും. ആ സ്ഥലങ്ങള്‍ പുണ്യസ്ഥലങ്ങളായതും അച്ഛനാണ് എനിക്ക് പറഞ്ഞു തന്നത്. ആ നാലു സ്ഥലങ്ങളിലായാണ് കുംഭമേളകള്‍ അരങ്ങേറാറുള്ളത്. കുംഭമേളയില്‍ സ്‌നാനം നടത്തുന്നതിലൂടെ പാപങ്ങളില്‍ നിന്നും മോക്ഷം ലഭിക്കുമെന്നും ജനന മരണചക്രങ്ങളില്‍നിന്ന് വേദന ഇല്ലാതാക്കുമെന്നുമാണ് അച്ഛന്‍ പറഞ്ഞുതന്നിട്ടുള്ളത്. കുംഭമേള സമയത്ത് ഗംഗാനദിയില്‍ കുളിക്കുന്ന ഏതൊരാള്‍ക്കും മോക്ഷം ലഭിക്കുന്നുവെന്ന് തിരുവെഴുത്തുകള്‍ ഉദ്‌ഘോഷിക്കുന്നതായി അദ്ദേഹം പ്രത്യേകം ഓര്‍മ്മപ്പെടുത്തിയപ്പോള്‍ വിചാരിച്ചു. ഒരാഗ്രഹമല്ലേ സാധിച്ചു കൊടുക്കാം. സായാഹ്നത്തിലെത്തിനില്‍ക്കുന്ന ഒരു വ്യക്തിയുടെ ഒരു ചെറിയ ആഗ്രഹം. മഹാനഗരിയില്‍ ജോലി ചെയ്യുന്ന തനിക്ക് അച്ഛന്റേയും അമ്മയുടേയും ആ ആഗ്രഹം സാധിച്ചുകൊടുക്കണമെന്ന് തോന്നിയതില്‍ എന്തായിരുന്നു തെറ്റ്.
അവരെകൊണ്ടു വന്ന ആദ്യ ആഴ്ചയില്‍തന്നെ നഗരത്തിലെ കോട്ടകളും മന്ദിരങ്ങളും സ്മാരകങ്ങളും കാണിച്ചു കൊടുത്തു. പിന്നെ കുംഭമേള നടക്കുന്ന ഹരിദ്വാറിലേയ്ക്ക് വണ്ടി കയറി. ജനപ്രളയത്തിനിടയ്ക്ക് തിങ്ങിഞെരുങ്ങി സ്‌നാനഘട്ടം വരെ എങ്ങനെയാണ് പോവാനായത് എന്നുകൂടി ഓര്‍ത്തെടുക്കാന്‍ വയ്യ. അത്രയും തിരക്കായിരുന്നു അവിടെ. ഗംഗയിലിറങ്ങി മുങ്ങി നിവര്‍ന്ന് അവിടങ്ങളിലെ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി വേഗം തന്നെ തിരിച്ചു പോന്നു. താമസസ്ഥലത്തെത്തിയതും പനിയും ചുമയും തൊണ്ടവേദനയും തലവേദനയുമൊക്കെയായി. വൈകാതെ അവ ശല്യപ്പെടുത്തുന്ന അസ്വസ്തതകളായി മാറി. നാട്ടിലേയ്ക്ക് യാത്രയാകാന്‍ തുടങ്ങിയതാണ്. അപ്പോഴാണ് നഗരത്തില്‍ വീണ്ടും ക്രമാതീതമായി മഹാമാരി പെരുകുന്ന വാര്‍ത്തകള്‍ പരന്നത്. അതോടെ യാത്രയ്ക്ക് ടെസ്റ്റ് അനിവാര്യമായിത്തീര്‍ന്നു. അതൊരു മഹാകടമ്പയായിരുന്നു.
വളരെ പ്രതീക്ഷയോടെത്തന്നെയാണ് ടെസ്റ്റ് നടത്തിയത്. നാട്ടിലെത്തികിട്ടിയാല്‍ ഏതു മഹാരോഗത്തേയും പരിപാലിക്കാനുള്ള സംവിധാനം ഉണ്ടെന്നത് കുറച്ചൊന്നുമല്ല സമാധാനം. അതിന് നാട്ടിലെത്തിക്കിട്ടണ്ടേ... ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവാകണേ എന്ന് എല്ലാ ഈശ്വരന്മാരേയും വിളിച്ചു പ്രാര്‍ത്ഥിച്ചു നോക്കി. ആര് കണ്ണുതുറക്കാന്‍. അച്ഛന്റേയും അമ്മയുടേയും റിസള്‍ട്ട് പോസിറ്റീവായിരുന്നു. പിന്നെ എന്തുചെയ്യാന്‍. അടുത്തുള്ള ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു.
രോഗികള്‍ നിത്യവും ഹോസ്പിറ്റലിലേയ്ക്ക് പ്രവഹിച്ചുകൊണ്ടിരുന്നു. വാര്‍ഡുകളും അതിലെ കിടക്കകളും നിറഞ്ഞു കവിഞ്ഞു. തറയിലും വരാന്തകളിലുംവരെ രോഗികള്‍ നിറഞ്ഞപ്പോഴേയ്ക്കും ആശുപത്രി അധികാരികളുടെ സര്‍വ്വനിയന്ത്രണങ്ങളും നഷ്ടമായിട്ടുണ്ടായിരുന്നു. നഗരവും നഗരപ്രാന്തങ്ങളും രോഗികളെക്കൊണ്ട് നിറഞ്ഞപ്പോള്‍ കടുത്ത നിയന്ത്രണങ്ങളാല്‍ ജനങ്ങളെ വരിഞ്ഞു മുറുക്കാന്‍ തുടങ്ങി. അതോടൊപ്പം അവശ്യസാധനങ്ങളുടെ ദൗര്‍ഭല്യവും സംഭവിച്ചപ്പോള്‍ തീര്‍ത്തും കൈവിട്ട അവസ്ഥയായിപ്പോയി. എന്തു ചെയ്യണമെന്നറിയാതെ മിഴിച്ചു നിന്നുപോയ നിമിഷങ്ങള്‍. രോഗം മാരകമായി പെരുകാന്‍ തുടങ്ങിയപ്പോള്‍ ഐസിയുവും വെന്റിലേറ്ററുകളും ആവശ്യത്തിന് ലഭിക്കാതായി. ഓക്‌സിജന്റെ വരവുകൂടി നിന്നതോടെ ആശുപത്രികള്‍ നിശ്ചലമായി. ജനം ഉറ്റവരുടെ ദുരിതങ്ങള്‍ കണ്ട് വിഭ്രാന്തരായി. മരിച്ചുവീഴുന്നവരുടെ ജഢങ്ങള്‍ മറവുചെയ്യാന്‍ വേണ്ടി കാത്തുനില്‍ക്കുന്ന ദയനീയ കാഴ്ചകള്‍ കഠിനഹൃദയരില്‍ പോലും ഭീതിനിറയ്ക്കുന്നതായിരുന്നു.
പ്രാണവായുവുമായി എത്തുന്നതുവരെ തന്റെ രക്ഷിതാക്കളുടെ പ്രാണന്‍ നിലച്ചുപോകരുതേയെന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ഓരോ കേന്ദ്രങ്ങളില്‍ ചെന്ന് ക്യൂ നില്‍ക്കുമ്പോഴും വലിയ പ്രതീക്ഷയായിരിക്കും. ഇപ്പോള്‍ കിട്ടും. ഉടനെ ഹോസ്പിറ്റലിലെത്തണം. പ്രാണനുവേണ്ടി പിടയുന്ന അച്ഛനും അമ്മയ്ക്കും പ്രാണവായു നല്‍കണം. തന്റെ ഊഴത്തിന് അടുത്തെത്തുമ്പോഴാണ് കടക്കാരന്‍ പറയുക. തീര്‍ന്നു. ഇനി സ്റ്റോക്ക് വന്നിട്ടുവേണം. ഉടനെ അടുത്തുകാണുന്ന വണ്ടി വിളിച്ച് അടുത്ത സ്റ്റേഷനിലേയ്ക്ക് പായുകയായി. അവിടേയും ഇതുതന്നെ ആവര്‍ത്തനങ്ങള്‍. മനസ്സ് ഭയപ്പെടാന്‍ തുടങ്ങി. തനിക്ക് അവരെ രക്ഷിയ്ക്കാന്‍ കഴിയാതെ വരുമോ... മനസ്സ് അനിശ്ചിതത്വത്തിന്റെ ആഴങ്ങളില്‍ മുങ്ങിത്താഴാന്‍ തുടങ്ങി. പ്രതീക്ഷകള്‍ ഒന്നൊന്നായി പടിയിറങ്ങാന്‍ തുടങ്ങിയപ്പോള്‍ താന്‍ തന്നെത്തന്നെ ശപിക്കാന്‍ തുടങ്ങി. സ്വന്തം അച്ഛനേയും അമ്മയേയും കൊലയ്ക്കുകൊടുക്കാന്‍ കൂട്ടിക്കൊണ്ടുവന്നവന്‍. പിന്നെപ്പിന്നെ വരിയില്‍ നില്ക്കാന്‍ കഴിയാതായി. പലരുമായി വഴക്കുണ്ടാക്കി. പലരില്‍ നിന്നും അടി കിട്ടി പരുക്കുപറ്റി. എന്നിട്ടും പ്രാണവായുവിനായി ദാഹിച്ച് കടകള്‍ തേടി നടന്നു.
അവസാനം ഒരു ഏജന്‍സിയില്‍ നിന്നും സിലിണ്ടര്‍ നിറച്ചുകിട്ടിയപ്പോള്‍ ഗരുഢന്‍ ദേവന്മാര്‍ക്കുവേണ്ടി അസുരന്മാരില്‍ നിന്നും അമൃത് തട്ടിയെടുത്ത് കൊണ്ടുവരുമ്പോള്‍ ഹരിദ്വാര്‍, പ്രയാഗ്‌രാജ്, ഉജ്ജൈന്‍, നാസിക് എന്നീ നാലുസ്ഥലങ്ങളില്‍ തൂവി വീണതില്‍ ഒന്ന് തന്റെ ദേഹത്താണെന്ന് തോന്നി.
പുണ്യം ചെയ്തവനാണ് താന്‍. അല്ലായിരുന്നെങ്കില്‍ കിട്ടുമായിരുന്നോ... എത്രയോ പേര്‍ പ്രാണവായു നിറയ്ക്കാന്‍ സിലിണ്ടറുകളുമായി ഇപ്പോഴും ഓടിക്കൊണ്ടിരിക്കുന്നു.
ഹിമാലയത്തിലെ ഔഷധങ്ങല്‍ നിറഞ്ഞ മലയുമായി ഹനുമാന്‍ ലങ്കയിലേയ്ക്ക് പറക്കുന്ന വേഗതയിലായിരുന്നു തിരിച്ചുള്ള യാത്ര. ഒട്ടും സമയം കളയാതെ ആശുപത്രിയിലേയ്ക്ക് ടാക്‌സി ചീറി പാഞ്ഞു. എത്ര ഓടിയിട്ടും ഓടിയെത്താത്തതുപോലെ... മുന്നോട്ടു പോയ വഴികളേക്കാള്‍ കൂടുതല്‍ വഴി തിരിച്ചുള്ള യാത്രയിലുള്ളതായി തോന്നി. എത്ര ഓടിയിട്ടും എത്തുന്നില്ലെന്നു തോന്നി. അങ്ങോട്ട് പോകുമ്പോള്‍ എവിടെയെല്ലാമോ അലഞ്ഞു തിരിഞ്ഞ് എത്ര ദൂരം സഞ്ചരിച്ചു എന്നുപോലും തിരിച്ചറിഞ്ഞില്ല. പണം എത്ര കയ്യിലുണ്ട്... എത്ര ചിലവായി... എന്നതൊന്നും ശ്രദ്ധിക്കാന്‍ സമയമേ കിട്ടിയിരുന്നില്ല. കയ്യിലുള്ളത് തീരുവോളം. തീര്‍ന്നാല്‍ കടം കിട്ടുന്നിടത്തുനിന്നെല്ലാം കൈപ്പറ്റുക. അതും ചിലവഴിക്കുക. ഒരിക്കലുമൊടുങ്ങാത്ത യാത്ര ആശുപത്രിയുടെ മുന്നിലെത്തിയപ്പോള്‍ സമാധാനമായി. പറഞ്ഞ വാടകയെടുത്തുകൊടുത്ത് വണ്ടിയില്‍ നിന്നും സിലിണ്ടറെടുത്ത് പുറത്തിറങ്ങി ഓടി. ഗേറ്റിലെ തിക്കിലും തിരക്കിലും സെക്യൂരിറ്റിക്കാര്‍ പ്രശ്‌നങ്ങളുണ്ടാക്കി. തിരക്കിനിടയില്‍ കിട്ടിയ ഒരു ചെറിയ പഴുതിലൂടെ സിലിണ്ടറുമായി അകത്തേയ്ക്ക് കുതിച്ചു.
വളരെ അഭിമാനത്തോടെയാണ് ആശുപത്രി വാര്‍ഡിലേയ്ക്ക് സിലിണ്ടറും ചുമന്നുകൊണ്ട് ഓടിയെത്തിയത്. പൊതിഞ്ഞു കെട്ടിയ ശരീരങ്ങള്‍ ധാരാളം പുറത്തേയ്ക്കു പോകുന്നുണ്ടായിരുന്നു. അനേകം കെട്ടുകള്‍ അവകാശികളെ കാത്ത് അവിടവിടെയായി കാത്തു കിടക്കുന്നുണ്ടായിരുന്നു. കിടക്കകളില്‍ പരിചിതരായവരെല്ലാം കാണാതായി കഴിഞ്ഞിരുന്നു. അച്ഛനും അമ്മയും കിടന്നിരുന്ന വാര്‍ഡില്‍ അവരെ കാണാനായില്ല. കുറേ സമയം അവരെ തിരഞ്ഞു നടന്നു. അവിടെയൊന്നും കാണാതായപ്പോള്‍ അത്യാഹിതവിഭാഗങ്ങളിലേയ്ക്ക് കുതിച്ചു. ഐ സി യു വിലേയ്ക്ക് മാറ്റിയിരിക്കുമോ... അവിടേയ്ക്ക് ഓടിയെത്തി അവിടെയും തിരക്കി. അവര്‍ അവിടെയുമില്ലായിരുന്നു. ഓടി നടന്ന് പലരോടും തിരക്കി. ഒരു നേഴ്‌സാണ് കൈചൂണ്ടി കാണിച്ചു തന്നത്. ദൂരെ ഒഴിഞ്ഞ കോണില്‍ പൊതിഞ്ഞുകെട്ടി നിരനിരയായി കിടത്തിയിരുന്ന ശവശരീരങ്ങളിലേയ്ക്കാണ് അവരുടെ കൈനീണ്ടത്. മിഴികളില്‍ ഒരു മിന്നായം പോലെ ശവശരീരങ്ങള്‍ തെന്നി മറിഞ്ഞതും മിഴികളില്‍ കാഴ്ച മങ്ങിമറിഞ്ഞു. ബോധാബോധങ്ങളുടെ അതിര്‍വരമ്പുകളറിയാതെ കയ്യിലിരുന്ന സിലിണ്ടറിനോടൊപ്പം നിലംപതിച്ചു.
അബോധത്തിന്റെ അഗാധതകളിലേയ്ക്ക് ആഴ്ന്നിറങ്ങുന്നതിനുമുന്നേ തന്റെ കയ്യിലുള്ള സിലിണ്ടറിന്റെ പിടുത്തം വിടുവിച്ച്, തന്റെ രക്ഷിതാക്കള്‍ക്കായി പ്രാണവായു നിറച്ചുകൊണ്ടുവന്ന സിലിണ്ടര്‍, ആരോ എടുത്തുകൊണ്ടുപോകുന്നത് അയാളറിഞ്ഞു.