മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Pearke Chenam

കുങ്കുമസന്ധ്യയിലേക്ക് കറുപ്പുകലരാന്‍ തുടങ്ങിയപ്പോള്‍ അവള്‍ പടിഞ്ഞാറോട്ടുനോക്കി. കനത്തുകനത്ത് ഇരുണ്ടുകെട്ട സൂര്യന്‍ താഴ്ന്നുതാഴ്ന്ന് തീരാറായിരിക്കുന്നു. അവളയാളെ നോക്കി. അയാളപ്പോഴും

ഏതോ നിര്‍വൃതിയുടെ കാണാക്കയങ്ങളിലൂടെയെന്നപോലെ ഊളിയിട്ട് അലയുകയായിരുന്നു. അയാളെ തട്ടിയുണര്‍ത്തി അവളെണീറ്റു. ആലസ്യ ത്തില്‍നിന്നെന്നോണം അയാളും ഉണര്‍ന്നു. അതിമൃദുലമായി അവളില്‍ നിന്നും വാക്കുകള്‍ അയാളെ തേടിയെത്തി.

''ഇനിയെന്നാണ്?''

ഒരു നിമിഷം ഇരുവരും മിഴിയുടക്കി നിന്നു. പറയപ്പെടാത്ത വാക്കുകളുടെ തിങ്ങിവിങ്ങലുകള്‍ അസ്വാസ്ഥ്യമുണ്ടാക്കി. നിശ്ശബ്ദതയുടെ വാചാലതയില്‍ സ്വയം വിസ്മരിക്കപ്പെട്ട് വിജനമായ വയല്‍വരമ്പിലൂടെ അയാള്‍ക്കൊപ്പം നടന്നു. അവള്‍ വീണ്ടുമാവര്‍ത്തിച്ചു.

''ഇനിയെന്നാണ്?''

അതി സുതാര്യമായ അവളുടെ വചനങ്ങളില്‍ അസ്വാസ്ഥ്യങ്ങളുടെ തിരകളിളകിമറിയുന്നതയാള്‍ അറിഞ്ഞു. ഹിമാനികള്‍ പെയ്തിറങ്ങിക്കൊണ്ടിരുന്ന അയാളുടെ നാവുകള്‍ മഞ്ഞില്‍ പുതഞ്ഞ് മരിച്ചിരിക്കുകയായിരുന്നു. ഘനീഭവിച്ച മഞ്ഞുപാളികള്‍ ഉരുകുന്നതിനായി അവള്‍ വ്യാകുലയായി കാത്തിരുന്നു. ദൈര്‍ഘ്യമാര്‍ന്ന മൗനത്തിന്റെ കൈകളാല്‍ ചേര്‍ത്തിണക്കപ്പെട്ട ഒരു രംഗത്തിന് തിരശ്ശീലയായി.

വിശാലമായി നിവര്‍ന്നുകിടക്കുന്ന കോള്‍പ്പടവുകള്‍ക്കപ്പുറം ചുവപ്പില്‍ കരി കലര്‍ത്തി താഴ്ന്നുതാഴ്ന്നുപോയ കുങ്കുമപ്പൊട്ടു നോക്കി വേദനയോടെ അവള്‍ മന്ത്രിച്ചു.

''കരിപടര്‍ന്ന ചിന്തകളിലും സ്വപ്നങ്ങള്‍ ബാക്കി... തിരിച്ചുവരവ് സാധ്യമോ?''

മനസ്സ് അയാളോട് മന്ത്രിച്ചുകൊണ്ടിരുന്നു. നിങ്ങള്‍ക്കിന്നും എന്റെ ചങ്കിലെ കടലിരമ്പം കേള്‍ക്കാനാവുന്നില്ലേ? നെഞ്ചിലെ കുറുകലുകള്‍? എന്റെ ഹൃദയവിജനതകളില്‍ അസമയങ്ങളിലായി നീട്ടിപ്പാടി കടന്നുപോകുന്ന തിത്തിത്താന്മാരുടെ സംഗീതം കേള്‍ക്കുന്നില്ലെന്നുണ്ടോ? ഇണയെ കാത്ത് കഴലു കനത്ത് ഗദ്ഗദപ്പെട്ടു പുറത്തുചാടുന്ന രോദനങ്ങള്‍...  അതൊന്നും തിരിച്ചറിയില്ലെന്നുണ്ടോ?

എന്റെ നാഡിഞരമ്പുകള്‍ ത്രസിച്ചുകൊണ്ടിരിക്കുന്നത് നിങ്ങള്‍ക്കു വേണ്ടിയാണ്. ഈ ഒത്തുചേരലില്‍ മാത്രമാണ് എന്നിലെ പ്രതീക്ഷകള്‍ സഫലമാകുന്നത്. കാത്തിരിപ്പിനു ശക്തിപകരുന്നതും പ്രതീക്ഷയുടെ നുറുങ്ങുവെട്ടം കൊളുത്തിവയ്ക്കുന്നതും അതിനുവേണ്ടിയാണ്. ഒരിക്കല്‍പ്പോലും നിങ്ങളെന്നെ സ്പര്‍ശിച്ചിട്ടില്ലെങ്കില്‍പ്പോലും ആ സാമീപ്യം അതിനെല്ലാം പരിഹാരമാകുന്നു. സ്പര്‍ശിക്കാതിരിക്കാന്‍ അതീവ ജാഗ്രത പുലര്‍ത്തിയിരുന്നതെന്നും നിങ്ങളാണ്. ഒരിക്കല്‍ ഞാന്‍ പരിഭവിക്കുക കൂടിയുണ്ടായി.

''എനിക്കെന്താ കുഷ്ഠരോഗംണ്ടോ?''

ചുണ്ടുകള്‍ വിടര്‍ത്തി ഒരു മന്ദസ്മിതം. അതായിരുന്നു മറുപടി. നമ്മള്‍ കര്‍മ്മപാശങ്ങളാല്‍ ബന്ധിതരാണെന്ന് നിങ്ങളെന്നെ എന്നും ഉദ്‌ബോധിപ്പിച്ചുകൊണ്ടിരിക്കുന്നു. ശരീരത്തിനും ശരീരഭാഷകള്‍ക്കുമപ്പുറം അതിവിസ്തൃതവും വിശാലവുമായ തലത്തില്‍ നമ്മളൊന്നായി നില്‍ക്കുന്നവരാണെന്ന് നിങ്ങള്‍ എപ്പോഴും ആണയിടുന്നു. നമ്മളിലെ പ്രണയം സത്യമാണ്. ശാശ്വതമാണ്. പിന്നെയെന്തിന് നശ്വരവും അബദ്ധജടിലവുമായ കൗമാരചേഷ്ടകള്‍ എന്ന നിങ്ങളുടെ വിലയിരുത്തലുകള്‍ പ്രൗഢഗംഭീരമായ വിചാരവികാരങ്ങളെ എന്നില്‍ നിറച്ചുനല്‍കുന്നു. എങ്കിലും ഇടയ്‌ക്കെല്ലാം സ്പര്‍ശിക്കാന്‍ ലഭിക്കുന്ന അവസരങ്ങള്‍ ഞാന്‍ നഷ്ടപ്പെടുത്താറില്ല. ഓരോ സ്പര്‍ശനവും മിന്നല്‍പ്പിണര്‍പോലെ, കണ്ണഞ്ചിപ്പിക്കുന്ന ഒരുണര്‍വ്വായി എന്നെ ശ്വാസം മുട്ടിക്കുന്നു. തിരിച്ചുകയറുമ്പോഴെല്ലാം ആ പ്രഭാവലയത്തിലൊതുങ്ങാന്‍ അറിയാതെ മോഹിച്ചുപോകുന്നു. നിങ്ങളിലേതുപോലെ മാനസികവളര്‍ച്ച എന്നിലില്ലാത്തതായിരിക്കാം ഈ കൊച്ചു കൊച്ചു ചാപല്യങ്ങള്‍ക്കു ഞാന്‍ വശംവദയാകുന്നത്. അതിഗഹനമായ തത്വശാസ്ത്രങ്ങളൊന്നും എന്റെ തലയില്‍ കയറില്ല. അതിനാലാകാം കാത്തിരിപ്പ് അസഹ്യമാകുന്നത്.

നിങ്ങളെ കാണുന്ന ആ ക്ഷണമാത്രയില്‍ത്തന്നെ ഞാന്‍ തരളിതയാകും. പരിപൂര്‍ണ്ണമായും സ്വീകാര്യക്ഷമതയുള്ളവളായിത്തീരും. പിന്നെ ഒരൊഴുക്കാണ്... ഒഴുകിയൊഴുകി നിങ്ങളുടെ പ്രഭാവലയത്തിലലിഞ്ഞുചേര്‍ന്ന്... ഉപാധികളേതുമില്ലാതെ ഒന്നായിത്തീരുന്ന തിന്റെ ആനന്ദം കണ്ടെത്തുന്നു. പരിസരങ്ങളും ചിന്താമണ്ഡലങ്ങളും ബോധാബോധതലങ്ങളും വിസ്മരിക്കപ്പെട്ട് ഒരൊറ്റ തലത്തിലേക്ക് ഉയര്‍ത്തപ്പെട്ട് ഒരൊറ്റ സത്യമായി പരിണമിക്കുന്നതിന്റെ സത്ചിത് ആനന്ദം. അപ്പോഴറിയും നിങ്ങളെത്ര ഉദാത്തനാണ്. സാമീപ്യമുണ്ടെന്ന ചിന്തയാല്‍ക്കൊണ്ടുമാത്രം നഷ്ടമായ്‌പ്പോയതെല്ലാം തിരിച്ചു പിടിക്കാനാകുമെങ്കില്‍ നിങ്ങളെത്ര മഹത്വമാര്‍ന്നവനാണ്. ഇന്നേവരെ നിങ്ങളോടൊത്തു സഞ്ചരിക്കുവാനായിട്ടില്ലെങ്കിലും ഒരിക്കലൊരിടത്തുവെച്ച് സന്ധിക്കാനാകുമെന്ന ശുഭപ്രതീക്ഷകള്‍ എന്നിലെ ഇന്നത്തെ ശക്തിയാണ്. ആനന്ദമാണ്.

നിങ്ങളെന്നിലെ ഊര്‍ജ്ജങ്ങളുടെ പ്രഭവകേന്ദ്രമാണ്. എന്നിലെ സര്‍വ്വനാഡിഞരമ്പുകളുടേയും പ്രഭവകേന്ദ്രം. അല്ലെങ്കിലെന്തിന് ദര്‍ശനമാത്രയില്‍ത്തന്നെ അവ ത്രസിച്ചുതുടങ്ങണം? സര്‍വ്വതും സ്വീകരി ക്കാനുള്ള ഉന്മാദാവസ്ഥ കൈവരിക്കണം?

ഒരു സ്ത്രീയാണെന്ന വേര്‍തിരിവുതന്നെ മറന്നുപോകുന്നു. പ്രായംപോലും ഒരിക്കലുമെന്നെ അലട്ടിയിട്ടില്ല. ലിംഗവ്യതിയാനങ്ങളോ പ്രായവ്യത്യാസങ്ങളോ ഞാനറിയുന്നില്ല. അറിയുന്നത് ഒന്നായിത്തീരലിന്റെ പുകമറ മാത്രം.

പ്രണയത്തിന് അനേകം അര്‍ത്ഥതലമുണ്ടെന്ന് അങ്ങെന്നെ പഠിപ്പിക്കുന്നു. ചപലമായ, വികലമായ, ശാരീരികക്ഷമതയിലധിഷ്ഠിതമായ നശ്വരമായ പ്രണയത്തിന്റെ ഭാഷകള്‍ അങ്ങെന്നില്‍ നിന്നും മറച്ചുപിടിക്കുന്നതെന്താണ്. ദര്‍ശനമാത്രയില്‍തന്നെ പ്രണയം നിറഞ്ഞു കവിയുന്നതെങ്ങനെയെന്ന് അങ്ങെന്നെ ഉപകരണമാക്കി സാക്ഷ്യപ്പെടുത്തുന്നു.

പ്രണയം സത്യമാണ്. അതുമാത്രമാണ് പരമമായ സത്യം... മറ്റെല്ലാം കീഴ്‌പ്പെടലുകള്‍... പ്രണയമില്ലാത്തിടത്ത് കലഹങ്ങള്‍ ഉയരുന്നു. അല്ലെങ്കില്‍ കീഴ്‌പ്പെടുന്നു. കീഴ്‌പ്പെടലുകളുടെ നൊമ്പരങ്ങളില്‍ എല്ലാം ഉറഞ്ഞുകൂടുന്നു. കലഹങ്ങള്‍, തര്‍ക്കങ്ങള്‍, സ്പര്‍ദ്ധകള്‍, കലാപങ്ങള്‍, യുദ്ധങ്ങള്‍, എല്ലാം കീഴ്‌പ്പെടലുകളുടെ സഹനത്തിന്റെ അവസാന പ്രതിഫലനങ്ങളാണ്. സ്വാര്‍ത്ഥരഹിതമായ പ്രണയം ഇതിനെല്ലാം പരിഹാരമാണെന്ന് അങ്ങെന്നെ ഉദ്‌ബോധിപ്പിക്കുന്നു. ഏകാന്തതകള്‍ കൂട്ടിനെത്തുമ്പോഴെല്ലാം അങ്ങെനിക്കു കൂട്ടിനെത്താന്‍ ഞാനാഗ്രഹിക്കുന്നു.

ഞാനിന്ന് മറ്റൊന്നും ആഗ്രഹിക്കുന്നില്ല. വരുന്നവരെല്ലാം എന്റെ ആഗ്രഹങ്ങള്‍ തിരക്കുന്നവരാണ്.

ലക്ഷ്‌മ്യേടത്തിക്കു സുഖല്ലേ?

അമ്മായിക്കിപ്പം എങ്ങനീണ്ട്?

അമ്മയ്‌ക്കൊന്ന് അടങ്ങിയൊതുങ്ങി കിടന്നൂടേ?

ഈ അമ്മൂമേടെ ഒരു കാര്യം......

സമപ്രായക്കാര്‍ തുടങ്ങി പേരക്കുട്ടികള്‍വരെ അന്വേഷണങ്ങളും അഭിപ്രായങ്ങളുമായി ചുറ്റിലും പൊതിയുമ്പോള്‍ കലിതുള്ളാന്‍ തോന്നും. ആവശ്യപ്പെടുന്നതെന്തും വാങ്ങിത്തരുന്നതിന് അവരെല്ലാം തയ്യാറാണ്. പക്ഷേ എനിക്കാവശ്യമായത് അങ്ങയുടെ സാമീപ്യമാണ്. അതവര്‍ക്ക് എങ്ങനെ മനസ്സിലാക്കാനാവും, എങ്ങനെ വാങ്ങിത്തരാനാകും, ഭൗതികമായ സുഖസൗകര്യങ്ങള്‍ക്കപ്പുറം അവരുടെ ദൃഷ്ടി സഞ്ചരിക്കാറില്ല. അതു തന്നെയാണ് എന്റെ ഇന്നത്തെ ദുരിതങ്ങളും.

എന്റെ കാര്യങ്ങള്‍ നോക്കിനടത്തുന്നതിനായി മക്കള്‍ രണ്ടാളെയാണ് ഏര്‍പ്പാടാക്കിയിരിക്കുന്നത്. ഇടവും വലവും ഒന്നിനും സ്വാതന്ത്ര്യമില്ലാതെ അവര്‍...

എപ്പോഴും ഓരോന്നന്വേഷിച്ചുകൊണ്ട് അവരടുത്തുണ്ടാകും. വീട്ടിലെ ചെറിയ കുട്ടികള്‍ക്ക് എന്നെ കാണുന്നതുതന്നെ കൗതുകമാണ്. അവര്‍ നോക്കിനില്‍ക്കുന്നതു കാണുമ്പോള്‍ അവരെ വിളിച്ചു താലോലിക്കാന്‍ തോന്നും. അവരെ അടുത്തേക്കു വിളിച്ചാല്‍ ഓടിമാറും. എല്ലാവരുടേയും മിഴികള്‍ അനുകമ്പയോടെ മാത്രം എന്നെ പിന്‍തുടരുന്നു. അവര്‍ക്കെല്ലാം എന്നോട് സഹതാപമാണ്; സ്‌നേഹമല്ലെന്ന് ഞാന്‍ തിരിച്ചറിയുന്നു.

വിശിഷ്ടമായ പലഹാരങ്ങളുമായി ഇടയ്ക്കിടെ ബന്ധുക്കള്‍ വിരുന്നെത്തുന്നു. വിശേഷങ്ങള്‍ തിരക്കി. സന്തോഷിപ്പിക്കാന്‍ ശ്രമിച്ച് എല്ലാവരും തിരിച്ചുപോകുന്നു. ഞാനറിയുന്നു. ഞാനിപ്പോള്‍ ഏകയാണ്. എനിക്കെല്ലാം അന്യമായിരിക്കുന്നു.

സ്‌നേഹം... എല്ലാം മറന്നുള്ള പ്രണയം. അതാണ് ഞാനിന്ന് നിങ്ങളില്‍നിന്നും പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നത്. എനിക്കിനി നിന്നോടൊത്തുള്ള പ്രണയത്തിന്റെ സുഖമറിയണം. ഒന്നായിച്ചേരലിന്റെ ആനന്ദമറിയണം. പക്ഷേ, നിങ്ങളിപ്പോഴും എന്നോടു പ്രതികരിക്കുന്നില്ല. അടുത്തിരിക്കുമ്പോഴും അനേകായിരം കാതം അകന്നിരിക്കുന്നു... ഉണര്‍ന്നിരിക്കുമ്പോഴും ഉറങ്ങിക്കൊണ്ടിരിക്കുന്നു...  മഹാമൗനിയായി, ഹിമാനിയായി നിങ്ങളുടെ നീല നയനങ്ങള്‍ എന്നെത്തന്നെ നോക്കിയിരിക്കുന്നത് ഞാനറിയുന്നു. എന്നിട്ടുമെന്നെ സമീപിക്കാനെന്താണിത്ര മടി കാണിക്കുന്നത്. ഒന്നുവാരിപ്പുണര്‍ന്നെങ്കില്‍... മൂര്‍ദ്ധാവില്‍ ഒന്നു ചുംബിച്ചിരുന്നെങ്കില്‍... അധരസ്പര്‍ശനങ്ങളാല്‍ എന്നെ പൊതിഞ്ഞിരുന്നെങ്കില്‍... എന്നിലേക്ക് ആഴ്ന്നിറങ്ങിയിരുന്നെങ്കില്‍... ദൈ്വതഭാവം വെടിഞ്ഞ് അദൈ്വതതലത്തിലേക്ക് എന്നെക്കൂടി ഉയര്‍ത്തിയിരുന്നെങ്കില്‍... എന്നും നിരാശമാത്രം സമ്മാനിച്ച്, ഒരു കോമാളിച്ചിരിചിരിച്ച് നിങ്ങള്‍ ഒഴിഞ്ഞുമാറുന്നു. എനിക്കു പുറകേ, അല്ലെങ്കിലരികില്‍ എപ്പോഴും നിങ്ങളുണ്ടെന്നത് എന്നില്‍ പ്രതീക്ഷ നിലനിര്‍ത്തുന്നു.

നിങ്ങളിന്നെത്തിയ സമയം വളരെ നല്ല സമയമായിരുന്നു. ഉച്ചമയക്കത്തിന്റെ സമയം. എല്ലാവരുടേയും കണ്ണുവെട്ടിച്ച് എനിക്കു പുറത്തുകടക്കാന്‍പറ്റിയ സമയം. വീടു വിട്ടു പുറത്തുകടക്കുമ്പോള്‍ സമയം രണ്ടുമണിയായിട്ടുണ്ടായിരിക്കണം. എത്ര ദൂരം നടന്നെന്നോ എത്ര സമയമെടുത്തെന്നോ എനിക്കോര്‍മ്മയില്ല. ആരും അന്വേഷിച്ചെത്താത്തൊരിടം. അവരിപ്പോള്‍ എന്നെ അന്വേഷിച്ചുകൊണ്ടിരിക്കുകയാവാം. കിണറുകള്‍, കുളങ്ങള്‍, പൊന്തക്കാടുകള്‍ എവിടേയും അവര്‍ തിരയുന്നുണ്ടാകാം.

ഇത്തവണ ഞാന്‍ നിങ്ങളോടൊത്ത് പോന്നത് ആരും തിരയാന്‍ സാധ്യതയില്ലാത്തിടത്തേയ്ക്കാണ്. അതിവിദൂരതയിലേക്ക് പരന്നുകിടക്കുന്ന കോള്‍പ്പടവിന്റെ വരമ്പുകളിലൂടെ നടന്നു നടന്ന് മദ്ധ്യദൂരം പിന്നിട്ടിരിക്കുന്നു. ചോറക്കാടുകള്‍ നിറഞ്ഞ ചാല്‍വരമ്പിലെത്തിപ്പെട്ടതോടെ മറ്റുള്ളവരുടെ ശ്രദ്ധ മറയ്ക്കപ്പെട്ടിരിക്കുന്നു. ഇന്ന് നിങ്ങളെന്നോട് കരുണ കാട്ടിയിരിക്കുന്നു. അല്ലെങ്കിലെന്നെ ഇങ്ങോട്ടു കൂട്ടില്ലായിരുന്നു. ആരുമെത്തിപ്പെടാത്ത വിജനമായ കോള്‍പ്പടവുകളിലൊന്നിന്റെ വിശാലതകളിലെ മറകളായ ചോറക്കാട്ടിലേക്ക് എന്നെ ക്ഷണിച്ചുകൊണ്ടുവന്നത് വളരെ ഉത്തമമായി.

സന്ധ്യ കഴിഞ്ഞു. എന്നിട്ടുമെന്തേ നീ മൗനം വെടിയുന്നില്ല. നിഷ്‌ക്രിയത്വം തുടരുന്നു.

അവളറിയാന്‍ തുടങ്ങി. അയാളുണരുകയാണ്. അയാള്‍ യാത്രക്കൊരുങ്ങുകയാണ്. അവസാനമായി അയാളവളുടെ കരം ഗ്രഹിച്ചു. എന്നും പിരിയുന്നതിനുമുമ്പേ പതിവുള്ളതാണ്. പിന്നെ പെട്ടെന്ന് വിട്ടുമാറും. അപ്രത്യക്ഷനാകും. പക്ഷേ ഇന്ന് അയാള്‍ വിട്ടുമാറാനുള്ള ഭാവമില്ല. പിടുത്തം മുറുക്കിക്കൊണ്ടിരുന്നു. പതുക്കെപ്പതുക്കെ അവളെ മാറോടു ചേര്‍ത്തു. അധരങ്ങളില്‍ പ്രണയത്തിന്റെ മുദ്രകള്‍ ചാര്‍ത്തി. വീണയുടെ തന്ത്രികളിലൂടെയെന്നപോലെ സര്‍വ്വനാഡീ ഞരമ്പുകളിലൂടെയും അയാളുടെ കരാംഗുലികള്‍ ഒഴുകിനടന്നു. ആനന്ദപുളകിതയായി നിര്‍വൃതികൊണ്ട് പിടയാന്‍ തുടങ്ങിയ എന്നിലേക്ക് അയാള്‍ ആഴ്ന്നിറങ്ങി. സര്‍വ്വനാഡികളും നിശ്ചലമാക്കിക്കൊണ്ട് നിര്‍വൃതിയുടെ പാരമ്യതയിലേക്ക് അയാള്‍ കൈപിടിച്ചുയര്‍ത്തി. സര്‍വ്വവും കവര്‍ന്നെടുത്ത്, അയാള്‍ സംതൃപ്തനായി. അയാള്‍ മന്ദസ്മിതം തൂകി. ഒരായിരം ചന്ദ്രന്മാര്‍ ഒന്നിച്ചുദിച്ചതുപോലെ വശ്യമാര്‍ന്നതായിരുന്നു ആ പുഞ്ചിരി. നിര്‍വൃതികളുടെ സാക്ഷാല്‍ക്കാരത്താല്‍ അവളും സന്തോഷത്തിന്റെ ആനന്ദാശ്രു പൊഴിച്ച് ഹൃദയം തുറന്നു പുഞ്ചിരിച്ചു.

ഇനിയുമൊരു കാത്തിരിപ്പില്ല. കാത്തിരിപ്പുകള്‍ക്ക് വിരാമമിടുന്നു. നിന്നെ എന്നോടൊത്ത്... എന്നിലേയ്ക്ക്... എന്നോടൊപ്പം... ശൂന്യതയുടെ സാമ്രാജ്യത്തിലേക്ക് നിനക്കും സ്വാഗതം. ഇരുണ്ടുകെട്ട ചക്രവാളം കാഴ്ചകള്‍ അണച്ചുകളഞ്ഞു. ഇരുട്ടില്‍ എല്ലാം അലിഞ്ഞുചേര്‍ന്നു.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ