കമ്പനിയുടെ ക്യാന്റീനിൽ ഇരുന്ന് എല്ലാവരും ഉച്ചഭക്ഷണം കഴിക്കുമ്പോഴാണ് മിഥുൻ എത്തിയത്.
"ആഹാ...നീ ലീവ് കഴിഞ്ഞെത്തിയോ?"
"എവിടെയായിരുന്നു ഹണിമൂണിന് പോയത്?"
"ഇവിടെ ഇരിക്കെടാ."
"നിന്റെ ടീച്ചർ ഭാര്യ എന്തു പറയുന്നു?" കൂട്ടുകാരുടെ നൂറു ചോദ്യങ്ങൾക്കിടയിലേക്കാണ് മിഥുൻ നടന്നു വന്നത്.
പതിവുപോലെ അവൻ ജോയുടെ അടുത്തുതന്നെ വന്ന് ഇരുന്നു. ചോദ്യങ്ങളിൽ ചിലതിന് ഉത്തരം പറഞ്ഞു. വഷളൻ ചോദ്യങ്ങൾ ചിരിച്ചു തള്ളി. മിഥുൻ പണ്ടേ അങ്ങനെയാണ്. അടിപൊളി ടൈപ്പ് അല്ല.
"നന്ദന ടീച്ചറും ജോലിക്കുപോയി തുടങ്ങിയോടാ?"ജോ ചോദിച്ചു.
"ഉവ്വ്... ഇന്ന് അവളുടെ ലീവും തീർന്നു." മിഥുൻ പറഞ്ഞു.
"അധ്യാപികയെ മാത്രമേ കല്യാണം കഴിക്കുള്ളു എന്ന നിന്റെ വാശി നടന്നല്ലോ." അനൂപ് പറഞ്ഞു.
"ഇവൻ അനുഭവിക്കാൻ കിടക്കുന്നേയുള്ളു! ഇവനെ ഇവന്റെ ടീച്ചർ വരച്ച വരേൽ നിറുത്തും. കണ്ടോ ".
"ടീച്ചർമാർക്ക് നാക്കും, ഭരണോം കൂടുതലാ.." ടീച്ചർ വിരോധിയായ സന്ദീപ് പറഞ്ഞു.
"ഇവനെ ഏതോ ടീച്ചർ പൊതിരെ തല്ലിയിട്ടുണ്ട്. അതിന്റെ ചൊരുക്കാ." അങ്ങനെ പോയി കമെന്റുകൾ.
ഭക്ഷണം കഴിഞ്ഞ് തിരികെ സീറ്റിൽ എത്തുമ്പോഴും അവരുടെ കമന്റ്‌കളെപ്പറ്റി ചിന്തിക്കുകയായിരുന്നു മിഥുൻ. കല്യാണം കഴിഞ്ഞ് ഒരു മാസമേ ആയിട്ടുള്ളൂ
എത്ര മര്യാദയോടും സ്നേഹത്തോടും കൂടിയാണ് നന്ദന അച്ഛനോടും അമ്മയോടും അനിയനോടും, അനിയത്തിയോടും പെരുമാറുന്നത്.
"പുത്തനച്ചി പുരപ്പുറം തൂക്കും."
"നാത്തൂൻ അറിയാനിരിക്കുന്നതേയുള്ളു. കണ്ടോ.! ഒക്കെ അവളുടെ അഭിനയമാ."
"എന്റെ മോളെ അവന് പുച്ഛമായിരുന്നല്ലോ.. അവള് ടീച്ചറല്ലല്ലോ. എന്നാലും ഞാൻ എത്ര ആശിച്ചതാ... എനിക്ക് ഒറ്റക്കൊരു മോളല്ലേയുള്ളു. അന്യ ഒരുത്തി വരുന്നതിനേക്കാൾ നല്ലതല്ലേ, അവനോന്റെ പെങ്കൊച്ച്... എന്ന് നാത്തൂനും ചിന്തിച്ചില്ലല്ലോ."
"ആ... പഠിച്ചോളും. അവള് രാവിലെ പൊടീം തട്ടി പഠിപ്പിക്കാൻ പൊയ്ക്കോളും. നാത്തൂന്ന് ഭാരം കൂടിയത് മാത്രം മിച്ചം. ഇനി അവൾക്കും കൂടി വെച്ചു വിളമ്പാമല്ലോ!". ഇന്നലെ അമ്മായി വീട്ടിൽ വന്നപ്പോൾ അമ്മയോട് പറയുന്നത് മിഥുൻ യാദൃശ്ചികമായി കേട്ടതാണ്.
പക്ഷെ ഇതൊക്കെ നന്ദനയുടെ അഭിനയമായി അവന് തോന്നിയില്ല. ഇന്ന് വെളുപ്പിന് അഞ്ചു മണിക്ക് അവൾ എഴുന്നേറ്റു. കുറച്ചുകൂടിക്കഴിഞ്ഞിട്ട് എഴുന്നേറ്റാൽ മതിയെന്ന് പറഞ്ഞിട്ട് അവൾ സമ്മതിച്ചില്ല.
"നമുക്ക് രണ്ടാൾക്കും ജോലിക്കു പോകണ്ടേ മിഥുനേട്ടാ? ഏട്ടന് എട്ടുമണിക്ക് കമ്പനിയിൽ എത്തണ്ടേ?" അവൾ ചോദിച്ചു.
അന്നെന്നല്ല പിന്നെ എന്നും നന്ദനയുടെ പുലരികൾ വിടർന്നത് ഭർത്താവിന്റെ വീട്ടിലെ അടുക്കളയിലായിരുന്നു. രാവിലെ ഉണർന്ന് അടിച്ചു തളിച്ചു. കുളിച്ചുവന്ന് പൂജാമുറിയിൽ വിളക്ക് വെച്ചു തൊഴുതു.പിന്നെ ഓടിപ്പിടഞ്ഞു സ്കൂളിലേക്ക് പോകുന്നത് വരെ ശ്വാസം പോലും വിടാതെയുള്ള ജോലികൾ.
പതുക്കെ പതുക്കെ അമ്മ പൂർണമായി അടുക്കളയിൽ നിന്നും പിന്മാറിയതും, ഡിഗ്രി പരീക്ഷ കഴിഞ്ഞ്, റിസൾട്ട് കാത്തിരിക്കുന്ന അനിയത്തിയുടെ എട്ടുമണി വരെയുള്ള ഉറക്കവും, എല്ലാം മിഥുൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
സാധാരണ രാവിലെ അടുക്കളയിൽ കയറുമ്പോൾ,..കൂടെത്തന്നെ അനിയത്തിയെയും അച്ഛനെയും വിളിച്ചെഴുന്നേൽപ്പിക്കാറുള്ള അമ്മ...!
ഇപ്പോൾ ഒന്നും അറിയാത്ത പോലെ എല്ലാ ജോലികളിൽനിന്നും പിന്മാറിയിരിക്കുന്നു.
"അമ്മായിഅമ്മപ്പോരായിരിക്കുമോ?". മിഥുൻ ഒരു നിമിഷം ചിന്തിച്ചു.
"ഛെ...എന്തു മ്ലേച്ഛമായ ചിന്ത?" അവൻ സ്വയം തിരുത്തി. ഇത്രയും നാൾ അടുക്കളയിലും പുറത്തും പണിയെടുത്തു തളർന്ന പാവം അമ്മ! മക്കളുടെയും, ഭർത്താവിന്റെയും പാകം നോക്കി ഇത്ര നാൾ കഴിഞ്ഞ തന്റെ അമ്മ.ഇത്രയും നാൾ അമ്മയുടെ കഷ്ടപ്പാടുകളേപ്പറ്റി ഒരിക്കൽ പോലും ചിന്തിച്ചിട്ടില്ലല്ലോ എന്നും മിഥുൻ തിരിച്ചറിഞ്ഞു.
'മരുമകൾ വന്നപ്പോൾ ഒരു വിശ്രമം കൊതിക്കുന്നുണ്ടാകാം!'
ഒരു മാസം അങ്ങനെ കഴിഞ്ഞു. ഒരു തിങ്കളാഴ്ച ദിവസം മിഥുനിനു അവധി ദിവസമായിരുന്നു. രാവിലെ ഉണർന്നെഴുന്നേറ്റ നന്ദനക്കൊപ്പം മിഥുനും എഴുന്നേറ്റു.
അവൾ തടസ്സം പറഞ്ഞെങ്കിലും അവൻ സമ്മതിച്ചില്ല. എല്ലാ ജോലികളിലും അറിയാവുന്നതുപോലെ അവളെ സഹായിച്ചു. അവൾക്ക് വലിയ സന്തോഷമായി.
"ഒന്നും ചെയ്തു തന്നില്ലെങ്കിലും, ഏട്ടൻ എന്റെ അടുത്തുള്ളത് എനിക്ക് വലിയ സന്തോഷമാണ്." അവൾ പറഞ്ഞു. പിന്നെ ആ പതിവ് തുടർന്നു.
പരസ്പരം ഓഫീസിലെയും സ്കൂളിലെയും വിശേഷങ്ങൾ പങ്കുവെച്ചും, തമാശകൾ പറഞ്ഞും രണ്ടുപേരും ചേർന്ന് ജോലികൾ ചെയ്തു തീർത്തു. അവരുടെ പുലരികൾ സന്തോഷം നിറഞ്ഞതായി.
തിങ്കളാഴ്ചകളിൽ നേരത്തെ ജോലികൾ തീർത്തു രണ്ടുപേരും അടുത്തുള്ള ശിവക്ഷേത്രത്തിൽ പോയി മഹാദേവനെ തൊഴുതു. ദീർഘസുമംഗലീ
യോഗത്തിന് ശിവഭജനം നല്ലതാണെന്നു നന്ദനയ്ക്കറിയാം! നഗ്നപാദങ്ങളിൽ പുൽനാമ്പിലെ മഞ്ഞു തുള്ളികളുടെ തണുപ്പറിഞ്ഞു,
ധാരാളം സംസാരിച്ചു കൊണ്ട് പരസ്പരം കൈകോർത്തു പിടിച്ച് അവർ തിരിച്ചു വീട്ടിലെത്തുമ്പോഴും ആരും ഉണർന്നിട്ടുണ്ടാവില്ല. എല്ലാവരും ഉണർന്നെണീറ്റു വരുമ്പോഴേക്കും പ്രഭാത ഭക്ഷണവും, ചായയും, ഉച്ചയൂണിനുള്ള ചോറും കറികളും തയ്യാറാക്കി, അടുക്കള വൃത്തിയാക്കി നന്ദന കാത്തിരിക്കുന്നുണ്ടാകും.
ഉണർന്നെഴുന്നേറ്റു വരുന്ന അച്ഛനും അമ്മയ്ക്കും, നിറ പുഞ്ചിരിയോടെ നന്ദന ചായ കൊടുക്കുമ്പോഴേയ്ക്കും മിഥുൻ ജോലിക്കു പോകാൻ തയ്യാറായി എത്തിയിട്ടുണ്ടാകും. അനിയത്തി അപ്പോഴും ഉറക്കം തന്നെയായിരിക്കും.
"എന്താ സാവിത്രീ ഇത്? ആ കുട്ടി വന്നതിൽ പിന്നെ പുതിയ ശീലങ്ങൾ കാണുന്നുണ്ടല്ലോ. ദിവസവും നാലു മണിയ്ക്ക് കൃത്യമായി ഉണർന്നു ജോലി ചെയ്യാറുള്ള താൻ ഇപ്പോൾ ഏഴു മണിയായാലും എഴുന്നേൽക്കുന്നില്ലല്ലോ. നമ്മുടെ മകളും വേറൊരു വീട്ടിൽ മരുമകളായി ചെല്ലേണ്ടതല്ലേ, നന്ദനയെപ്പോലെ?"
ഒരു ദിവസം അച്ഛൻ അമ്മയോട് ചോദിക്കുന്നതു നന്ദന കേട്ടു.
ഇപ്പോൾ എല്ലാ ദിവസവും അമ്മയും, അനിയത്തിയും ആറുമണിക്ക് തന്നെ അടുക്കളയിൽ എത്തും. പ്രത്യേകിച്ചും മിഥുനിനു നൈറ്റ് ഷിഫ്റ്റുള്ള ദിവസങ്ങളിൽ!
അമ്മയും അനിയത്തിയും എല്ലാ ജോലികൾക്കും സഹായിക്കും.
"ഇന്നു മിഥുനിവിടെയില്ലല്ലോ മോളെ...എന്റെ കുട്ടി തനിയെ കഷ്ടപ്പെടേണ്ട." അമ്മ പറയും.
"സാരമില്ല അമ്മേ... അമ്മ ഇത്രയും നാൾ കഷ്ടപ്പെട്ടില്ലേ? ഇനി കുറച്ചു വിശ്രമിക്കൂ. അനിയത്തിയും, മിഥുനേട്ടനും ഉണ്ടല്ലോ എന്നെ സഹായിക്കാൻ!" അവൾ പറയും.എന്നാലും അവർ പതിവുപോലെ എന്നും രാവിലെ അടുക്കളയിൽ എത്തും. ഓരോ ജോലികൾ ഓരോരുത്തരായി ഏറ്റെടുക്കും. അച്ഛനും, മിഥുനേട്ടനും കൂടി ചേർന്നപ്പോൾ കൂടുതൽ എളുപ്പമായി. അങ്ങനെ അവരുടെ പുലരികൾ വര്ണാഭമായി! പുലരിയിൽ വിടരുന്ന പുതുപ്പൂക്കളെപ്പോലെ അവരുടെ ജീവിതത്തിലും സന്തോഷത്തിന്റെ പുലരികൾ വിടർന്നു!