സ്വർഗത്തിൽ വെച്ചു നടന്നൊരു വിവാഹത്തെക്കുറിച്ചു പറയാം. 'ഹെവൻ ഗാർഡനിൽ' വെച്ചു സ്വർഗത്തെപോലെ അലങ്കരിച്ച മണ്ഡപത്തിൽ ആയിരങ്ങളെ സാക്ഷിയാക്കി എബിനും അനുവും പുതിയ ജീവിതം തുടങ്ങി. കുടുബം, സ്വത്ത്, കുലമഹിമ അങ്ങനെ സമൂഹത്തിന്റെ അളവുകോലുകളിൽ പത്തിൽ പത്ത് പൊരുത്തം. സൗന്ദര്യത്തിലും സ്വഭാവത്തിലും 'മൈഡ് ഫോർ ഈച് അദർ'.
കല്യാണം കഴിഞ്ഞു പത്തു ദിവസത്തിനുള്ളിൽ രണ്ടു പേരുടെയും ലീവു കഴിഞ്ഞു. കൊച്ചിയിലെ വീട്ടിൽ നിന്നും കേരളത്തിന്റെ തെക്കോട്ടും വടക്കോട്ടും അവർ യാത്രയായി. എബിൻ ടെക്നോപാർക്കിൽ സോഫ്റ്റ്‌വെയർ എൻജിനീയർ, അനു കണ്ണൂർ സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറും.
എല്ലാ വെള്ളിയാഴ്ചയും ക്ലാസ് കഴിഞ്ഞൊരു ഓട്ടമാണ് ബസ്സിന്, അതുകഴിഞ്ഞ് ട്രെയിനിൽ എറണാകുളത്തേക്ക്. സൗത്തിലെത്തുമ്പോഴേക്കും തിരുവനന്തപുരത്തുനിന്ന് ഒരു മാരത്തോൺ കഴിഞ്ഞു എബിൻ കാത്തു നിൽപ്പുണ്ടാകും. പിന്നെ വീട്ടിലോട്ട് ക്ഷീണിച്ചു തളർന്നു, കട്ടിൽ കണ്ടാൽ ഉറങ്ങും എന്നവസ്ഥയിൽ കയറി ചെല്ലും. ശനി മുഴുവൻ വിരുന്നുകളാണ്. രണ്ടുമാസമായിട്ടും ഓടി തീർന്നിട്ടില്ല എല്ലാ ബന്ധുവീട്ടിലും. ഞായറാഴ്‌ച ഉച്ചയാകുമ്പോഴേക്കും തിരിച്ചുപോകാൻ ഒരുക്കം തുടങ്ങാറാവും. ഇതൊന്നും ആരും അറിയാത്തതുകൊണ്ടാകും മൂന്നാം മാസം നാട്ടുകാരും വീട്ടുകാരും ചോദിക്കാൻ തുടങ്ങി 'വിശേഷമൊന്നും ആയിട്ടില്ലേ!?'
ആറാംമാസം ആയപ്പോഴേക്കും 'ഡോക്ടറെ കാണിച്ചില്ല?' എന്നായി. അടുത്തത് എന്തായാലും 'ആർക്കാ കുഴപ്പ'മെന്നാണ്. അതിനുമുമ്പ് അവരെന്തായാലും പോയി ഒരു ഡോക്ടറെ കണ്ടു. എബിന്റെയും അനുവിന്റെയും മാരത്തോൺ ജീവിതം കേട്ട് ദേഷ്യംപിടിച്ച ഡോക്ടർ ഒരുമിച്ചു ജീവികാതെ കുട്ടികൾ ഉണ്ടാവില്ലെന്നും അതിനാൽ മൂന്നുമാസമെങ്കിലും ഒരുമിച്ചു ജീവിച്ചിട്ടു മതി ടെസ്റ്റുകളെന്നും പറഞ്ഞു തിരിച്ചയച്ചു.
അനു ലീവെടുത്ത് തിരുവനന്തപുരത്ത് പോകമെന്നു വെച്ചാൽ ആഴ്ചയിൽ ഒരിക്കലെങ്കിലും എബിൻ വീട്ടിൽ വരണമെന്ന് നിർബന്ധമാണ് അമ്മക്ക്. കൊച്ചിയിലെ ബിസ്നസ് ചെയ്യുന്ന പപ്പക്കും അങ്ങനെ വരുന്നത് വലിയ സഹായമാണ്. പിന്നെ എപ്പോഴെങ്കിലും ജോലിപോയാലും ഈ ബിസ്നസ് നോക്കേണ്ടതും തനാണല്ലോ അതുകണ്ട് തിരുവനന്തപുരത്ത് ജീവിതം ശരിയാവില്ല. എബിൻ തീർത്തു പറഞ്ഞു.
കുടുംബത്തിന് വേണ്ടി ജോലി വേണ്ടന്നുവെക്കാനും അനു തയാറായിരുന്നു. "ജോലിയില്ലെങ്കിൽ നിനക്ക് ഒരു വിലയും വീട്ടിൽ കാണില്ല, പിന്നെ അമ്മയിയമ്മ പോരും. നീ തളർന്നു പോകും." കൂടെയുള്ളവരെല്ലാം അവളെ നിരുത്സാഹപ്പെടുത്തി. കഷ്ടപ്പെട്ടു പഠിച്ചു വാങ്ങിയ ജോലി വേണ്ടാന്നു വെക്കുന്നതിനോട് അനുവിന്റെ വീട്ടുകാർക്കും താൽപര്യമില്ലായിരുന്നു.
അനുവിടെയും എബിന്റെയും ജീവിതത്തിൽ രസകേടുകൾ വന്നുതുടങ്ങി. ക്ഷമിക്കുകയും സഹിക്കുകയുമാണ് ഒരു നല്ല പെണ്കുട്ടിയുടെ ലക്ഷണമെന്നു എബിന്റെ പപ്പയും അമ്മയും ഉപദേശിച്ചു. കെട്ടിച്ചുവിട്ട പെണ്ണ് വീട്ടിൽ വന്നു നിൽക്കുന്നത് കുടുംബത്തിന്റെ അന്തസ്സിനു കുറവായതുകൊണ്ടു അനുവിന്റെ വീട്ടുകാരും അവളെ ഭർത്താവിന്റെ വീട്ടിൽ നിൽക്കാൻ പ്രേരിപ്പിച്ചു.
അടുത്തഘട്ടം വാഗ്വാദങ്ങളുടെയും വഴക്കുകളുടെയുമായിരുന്നു. കാര്യങ്ങളുടെ പൊട്ടുംപൊടിയുമറിഞ്ഞ അടുത്ത ബന്ധുക്കൾ ഉപദേശങ്ങളും പരിഹാരങ്ങളുമായി എത്തി. അനുവിനെയും എബിനെയും ധ്യാനത്തിന് വിട്ടു. പൊട്ടക്കൽ അച്ചന്റെ കൗണ്സിലിങ്ങിനും പോയി.
അനു ഏകദേശം വിഷാദത്തിന്റെ വക്കിലെത്തി. ഒരുമിച്ചു പോകാൻ കഴിയില്ലെന്ന തീരുമാനത്തിലേക്ക് രണ്ടുപേരും പോയിക്കൊണ്ടിരുന്നു. വീട്ടുകാരും കൂട്ടുകാരും നാട്ടുകാരും ഒരുമിപ്പിക്കാനുള്ള ശ്രമത്തിൽ എരിതീയിൽ എണ്ണയൊഴിച്ചുകൊണ്ടിരുന്നു.
അടുത്തത് ഡിവോഴ്സ് ആണ്..
സ്വർഗത്തിൽ വെച്ചു നടന്ന ഭൂമിയിൽ വെച്ചു കുളമായ വിവാഹമായതുകൊണ്ടാകാം ദൈവം ഇടപെട്ടു. അല്ല മനുഷ്യർ തന്നെ ഇടപെട്ടു പക്ഷെ അത് എബിന്റെ കമ്പനി ആയിരുന്നെന്ന് മാത്രം. എബിന് ഓണ്സൈറ്റ്, അമേരിക്കക്ക് വിസ അടിച്ചുകൊടുത്തു. അതും ഫാമിലി വിസ. ചെറിയൊരു ഒത്തുതീർപ്പിൽ അനു ലീവെടുത്ത് എബിന്റെ കൂടെ അമേരിക്കക്കു പറന്നു. ഇപ്പൊ രണ്ടു പിള്ളേരുമായി സുഖമായി ജീവിക്കുന്നു.