പത്ത് പേർക്ക് സഞ്ചരിക്കാവുന്ന ബോട്ടായിരുന്നൂ അത്. സ്ത്രീകളും കുട്ടികളും വൃദ്ധരും അടങ്ങുന്ന ഒരു സംഘം. അത്യാവശ്യം സാധനങ്ങൾ ബാഗിൽ എടുത്താണ് എല്ലാവരും പാറക്കെട്ടുകൾ നിറഞ്ഞ
കടൽതീരത്ത് എത്തിയത്. ആരുടേയും കണ്ണിൽ പെടാതിരിക്കാനാണ് ഈ സുരക്ഷിതമായ സ്ഥലം അവർ തിരഞ്ഞെടുത്തത്. കൂട്ടമായി സഞ്ചരിച്ചാൽ തീരദേശവാസികളുടെ കണ്ണിൽ പെടും എന്ന ഭയത്തിൽ ഒറ്റയ്ക്കാണ് മിക്കവരും ഇരുട്ടിൻറെ മറപറ്റി അവിടെ എത്തിചേർന്നത്.
നീണ്ട ചർച്ചകൾക്കൊടുവിലാണ് യാത്ര തീരുമാനിച്ചത്. മാസങ്ങളോളമായി അനുഭവിച്ച മാനസിക പിരിമുറുക്കത്തിന് ഒടുവിൽ എല്ലാവരും ആ യാത്രയ്ക്ക് അനുവാദം നൽകുകയാണുണ്ടായത്. വർഷങ്ങളോളം ജീവിച്ച മണ്ണിൽ നിന്നും മറ്റൊരു നാട്ടിലേക്കുള്ള പറിച്ചുനടൽ ആർക്കും ചിന്തിക്കാനേ കഴിഞ്ഞിരുന്നില്ല. എന്നിട്ടും ആ യാത്ര അവർക്ക് അനിവാര്യമായി വന്നു.
പിന്നിട്ട ദുരന്തങ്ങൾ ഓരോന്നോരോന്നായി തികട്ടി വന്നിരുന്നു എല്ലാവർക്കും. അതുകൊണ്ടുതന്നെ യാത്ര തുടങ്ങിയിട്ടും ആരും ഒന്നും ഉരിയാടിയിരുന്നില്ല. എല്ലാവരും ഓർമ്മകളിൽ ഊളിയിട്ട് അവരവരുടെ ലോകത്തിൽ ആയിരുന്നു.
മണിക്കൂറുകൾ കഴിഞ്ഞിരുന്നു യാത്ര ആരംഭിച്ചിട്ട്. കയ്യിൽ കരുതിയ ഭക്ഷണസാധനങ്ങളിൽ ആരും കൈ വയ്ക്കുക പോലും ചെയ്തില്ല. വിശപ്പ് അസ്തമിച്ചിട്ട് ദിവസങ്ങളോളം ആയി. ഭക്ഷണത്തിന് രുചി പോലും കഴിക്കുമ്പോൾ തോന്നിയിരുന്നില്ല .
യാത്ര നീണ്ടതും സാഹസികത നിറഞ്ഞതും ആണെന്ന് എല്ലാവർക്കുമറിയാം. താണ്ടാനുള്ളത് എത്ര കാതങ്ങള്ളാണ് എന്നുള്ളതിന് ഒരാൾക്കും ഒരു എത്തും പിടിയും ഇല്ല . ആരാധിച്ചിരുന്ന എല്ലാ ദൈവങ്ങളെയും ഗുരുകാരണവന്മാരെയും ഓർത്താണ് ബോട്ടിലേക്ക് കാലെടുത്തു വച്ചിരുന്നത്.
കുട്ടികളിൽ ആരുടെയോ കരച്ചിൽ ചിന്തകളിൽ നിന്നും ഉണർത്തി. ചുറ്റുപാടും കൂരിരുട്ട്. ആകാശത്ത് അവിടവിടെയായി കുറെ നക്ഷത്രങ്ങൾ
കണ്ണുചിമ്മുന്നുണ്ടായിരുന്നു. നിശബ്ദതയെ ഭ്ന്ജിച്ച് തുഴയെറിയുന്ന ശബ്ദം മാത്രം. കുറച്ച് ദൂരം പോയാൽ മാത്രമേ ബോട്ട് എൻജിൻ പ്രവർത്തിക്കാവൂ എന്ന് കർശനമായ നിർദ്ദേശം കിട്ടിയിരുന്നു .
കെട്ടിയ പഴയ വാച്ചിൽ നോക്കി. നേരം പുലരാൻ ഇനിയും കുറെ യാമങ്ങൾ കഴിയണം. തൊട്ടടുത്തിരുന്ന വൃദ്ധൻ ഇരുന്നുറങ്ങുന്നു. വീട്ടിൽ വിശ്രമിക്കേണ്ട വാർദ്ധക്യമാണ് വിധിയുമായുള്ള ചൂതു കളിയിൽ പണയം വെക്കേണ്ടി വന്നിട്ടുള്ളത്. അതിജീവനത്തിനായുള്ള യുദ്ധമാണ്. വിജയിച്ചേ മതിയാകൂ.
ദൂരെ മറ്റൊരു ബോട്ടിൻ്റെ ശബ്ദം. ചുറ്റുമുള്ള കൂരിരുട്ടിലെ വകഞ്ഞുമാറ്റി അതിൻറെ പ്രകാശം കണ്ണിൽ പതിക്കാൻ തുടങ്ങി. എല്ലാവരെയും ഭയം ഗ്രസിക്കാൻ തുടങ്ങി. വരുന്നത് മിത്രങ്ങൾ ആയിരിക്കില്ല. അയൽ രാജ്യത്തിൻറെ നാവികസേനയുടെ ബോട്ട് ആകാനാണ് സാധ്യത. അകപ്പെട്ടാൽ ജയിൽവാസം ഉറപ്പാണ്. യാത്രയ്ക്ക് മുമ്പ് തന്നെ മുന്നറിയിപ്പ് കിട്ടിയതാണ് ഈ ഒരു അപകടം. ചുറ്റുമുള്ള മുഖങ്ങളിൽ ആ മങ്ങിയ വെളിച്ചത്തിലും ദൈന്യത പടരുന്നത് കണ്ടു. നിസ്സഹായനായി ഇരിക്കേണ്ടി വന്നു. സമധാനിപ്പിക്കാൻ പോലും വാക്കുകൾ കിട്ടാതെ കാൽമുട്ടുകളിൽ മുഖമമർത്തി ഇരുന്നു.
എഞ്ചിൻ്റെ ശബ്ദം കേൾക്കാത്തതു കൊണ്ടാണെന്നു തോന്നുന്നു വലിയ ശബ്ദമുണ്ടാക്കി ആ ബോട്ട് കടന്നുപോയി പോയി. അപ്പോൾ മാത്രമാണ് ശ്വാസം നേരെ വിടാൻ കഴിഞ്ഞത്. കൂട്ടത്തിൽ ആരൊക്കെയോ ദൈവത്തിനു നന്ദി പറയുന്ന ശബ്ദം കേട്ടു.
എത്ര പിടിച്ചു നിർത്തിയിട്ടും ഉറക്കം വന്നു തുടങ്ങി. ബോട്ടിൻറെ ആടിയുലഞ്ഞുള്ള യാത്ര ഉള്ളിലുള്ള കുഞ്ഞിനെ ഉണർത്തി. കടലിൻറെ മടിത്തട്ടിൽ കെട്ടിയ അദൃശ്യമായ തൊട്ടിലിൽ അമ്മയുടെ താരാട്ട് പാട്ടിന് കാതോർത്ത് കണ്ണടച്ചു കിടന്നപ്പോൾ എന്തെന്നില്ലാത്ത ആശ്വാസമായി കടൽ കാറ്റ് വീശിയിരുന്നു. നിദ്രയെ ആശ്ലേഷിച്ചു കിടന്നിരുന്ന അയാളുടെ
ബോധമണ്ഡലത്തിൽ കുഞ്ഞു നാളിൽ വീശിയെറിഞ്ഞ സ്വപ്നങ്ങള്ളുടെ വിത്തുകളിൽ നിന്നും പുതുനാമ്പുകൾ തല നീട്ടി തുടങ്ങിയിരുന്നു.