മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

ഈ മഴ കാണാൻ ഏറ്റവും ഭംഗി എപ്പോഴാണെന്നറിയമോ? യാതൊരു പണിയുമില്ലാതെ ഒരു ഉത്തരവാദത്വങ്ങളുമില്ലാതെ ഉമ്മറപടിയിലോ സിറ്റൗട്ടിലെ ഊഞ്ഞാലിലോ ചാരുകസേരയിലോ ഇരുന്നു ആസ്വദിക്കുന്ന

മഴയില്ലേ.. ആഹാ അന്തസ്.. അതിന്റെ കൂടെ കയ്യിൽ ചൂട് ചായയും മറ്റേ കയ്യിൽ നല്ല ചൂട് പഴംപൊരിയോ പരിപ്പുവടയോ.. സ്വന്തം ഉണ്ടാക്കിയതല്ല, അമ്മയോ അമ്മൂമ്മയോ ഉണ്ടാക്കിയതാണ് ഉത്തമം... അതു കിട്ടിയില്ലെങ്കിൽ കടേന്നു വാങ്ങിച്ച ചിപ്സ് ആയാലും മതി..  എന്റെ സാറേ മഴയല്ലാതെ പിന്നെ മറ്റൊന്നും കാണാൻ പറ്റൂല...

അങ്ങിനെ ജീവിച്ചിരുന്ന ഞാനാ.. ഇപ്പോഴത്തെ അവസ്‌ഥ എന്താണെന്നറിയാമോ? മഴ വന്നാൽ മുകളിൽ വിരിച്ചിട്ടിരിക്കുന്ന തുണിയെടുക്കാൻ ഓടണം. താഴെ ഉണക്കാൻ വെച്ചിരിക്കുന്ന മുളകും മല്ലിം എടുക്കണം. അപ്പോഴേക്കും പറമ്പിൽ കെട്ടിയ ആട് വലിയ വായിൽ കരയും. അതിനെ അഴിച്ചു കൊണ്ടുവന്നു കെട്ടണം. പിന്നെ പിള്ളേരുടെ തുണിയൊന്നും ഉണങ്ങിയില്ലെന്ന ടെൻഷൻ വേറെ... ഇവിടേം ഉണ്ട് സിറ്റൗട്ടിൽ ഒരു ആടുന്ന കസേര, അതിലൊന്ന് ഇരിക്കാൻ പറ്റിയിട്ടു വേണ്ടേ മഴ ആസ്വദിക്കാൻ..

മഴ പെയ്തു തുടങ്ങിയാൽ വീട് മുഴുവൻ ചെളിയും വെള്ളവുമായി. മഴയൊന്നു തോരാൻ കാത്തിരിക്കയാണ് ഇവിടത്തെ കാന്താരികൾ. അപ്പൊ ഇറങ്ങും കടലാസു തോണിയുമെടുത്ത്.. പിന്നെ വെള്ളത്തിൽ കളി, മണ്ണ് കുഴക്കൽ, തോട്ടിൽ മീൻ പിടിക്കൽ എന്തൊക്കെ കലാപരിപാടി വേണം. ചെയ്യണ്ട എന്നു പറയാൻ പറ്റുമോ? അവർക്കും വേണ്ടേ നിറമുള്ള ബാല്യം.

ഇപ്രാവശ്യവും ജൂണ് ഒന്നിന് കൃത്യം മഴ വന്നു. സ്കൂൾ തുറക്കാത്തത് മഴ അറിഞ്ഞില്ല, ചമ്മിപോയി. സ്കൂൾ ഉണ്ടായിരുന്നെങ്കിൽ കേമമായേനെ.. രാവിലെ സ്കൂളിൽ പോകുന്ന നേരത്ത് കൃത്യം നമ്മുടെ മഴ വരൂലോ.. ആ മഴയത്ത് ഈ പിള്ളേരെ സ്കൂൾബസ് കേറ്റാനൊരു ഓട്ടമുണ്ട്, കാണേണ്ട കാഴ്ചയാണ്. മഴ നനയരുതെന്നു എത്ര പറഞ്ഞാലും കേൾക്കില്ല. നനഞ്ഞു വരും. പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ഞാനും ഇങ്ങനൊക്കെ തന്നെയായിരുന്നു. പക്ഷെ ഇപ്പൊൾ ഞാൻ അമ്മയാണല്ലോ? അപ്പൊൾ എനിക്കു വഴക്കു പറയാല്ലോ...

ചിലപ്പോൾ തോന്നും ഈ മഴക്ക് രാത്രി മാത്രം പെയ്താൽ പോരേന്ന്... രാവിലെ മുഴുവൻ വെയിൽ. നമുക്ക് എല്ലാം ഉണക്കിയെടുക്കാം, വീട്ടിലെ അകത്തെപണിയും പുറത്തെപണിയുമെല്ലാം ചെയ്തു തീർക്കാം.. പിന്നെ രാത്രി മുഴുവൻ പുറത്തു പെയ്യുന്ന പെരുമഴയുടെ തണുപ്പിൽ മൂടിപുതച്ചു കിടന്നുറങ്ങാം.. എന്തു നല്ല നടക്കാത്ത സ്വപ്നം അല്ലെ?

മഴക്കാലമെത്തിയാൽ ഞങ്ങളുടെ വീട്ടിലേക്ക് ജലദോഷം ഓടിവരും. ഭാഗ്യമുണ്ടായാൽ പനിയും. അമ്മക്ക് തണുപ്പിന്റെ ആണെന്നു തോന്നുന്നു മഴക്കാലത്ത് എപ്പോഴും കാലു വേദനയാണ്. നല്ല മഴ പെയ്താൽ കുലച്ച വാഴകൾ ഒടിഞ്ഞു വീഴും. പഴമക്കാർ പറയുന്നതിൽ വലിയ തെറ്റൊന്നുമില്ല കേട്ടോ മഴക്കാലം പഞ്ഞകാലം കൂടിയാണ്.

ചില നേരത്തു ഞാൻ മഴയെ ചീത്ത വിളിക്കുന്നത് ഉറക്കെയായിപോകും. അപ്പോൾ വരും മഴ സ്നേഹികൾ. മഴ പെയ്തില്ലേ കിണറിൽ വെള്ളം ഉണ്ടാവില്ല, ചെടികൾക്ക് വെള്ളം കിട്ടില്ല, കൃഷി നടക്കില്ല, ജീവജാലങ്ങൾ ഓടില്ല. അതേ, ഇതൊക്കെ എനിക്കും അറിയാം പക്ഷെ മഴക്കാലത്തെ എന്റെ പ്രശ്നങ്ങളൊന്നും ആർക്കും അറിയണ്ടല്ലോ..

ഇപ്പോൾ നിങ്ങൾ വിചാരിക്കുന്നപോലെ മഴ വിരോധിയൊന്നുമല്ല ഞാൻ. എനിക്കും മഴയെ ഇഷ്ടമാണ്. പണ്ട് മഴയത്തു കളിച്ചതും മഴയിൽ കുടപിടിച്ചു പാടവരമ്പത്തുകൂടെ സ്കൂളിൽ പോയതും എല്ലാം നല്ല ഓർമകളാണ്. മഴയെ ആർക്കാ ഇഷ്ടമല്ലാത്തത്  അല്ലേ?

ദേ, വീണ്ടും മഴ വരുന്നു. ഓടിപ്പോയി അലക്കിയിട്ടിരിക്കുന്ന തുണി എടുത്തിട്ടു വരാം. എന്നിട്ടു ബാക്കി വിശേഷം.....

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ