വീട്ടിലേക്കുള്ള ബസിൽ ചിന്തകളിൽ മുങ്ങിയിരിക്കുകയാണ് മീനു. വന്നും പോയുമിരുന്ന ചിന്തകളിലൂടെ അവൾ ചിരിച്ചു, ചിലപ്പോൾ നെടുവീർപ്പിട്ടു, മറ്റു ചിലപ്പോൾ കണ്ണടച്ച് സ്വപ്നം കാണാൻ ശ്രമിച്ചു. മീനു കുറച്ചകലെയുള്ള കോളേജിൽ പഠിക്കുന്നു. ദിവസവും പോയി വരാനുള്ള ദൂരമേയുള്ളൂവെങ്കിലും മീനുവിനെ ഹോസ്റ്റലിൽ നിർത്തിയിരിക്കുകയാണ്. ഒരു സാധാരണ കുടുംബത്തിലെ കുട്ടിയായ മീനുവിന്റെ വീട്ടിൽ ആറു പേരുണ്ട്. അച്ഛനും അമ്മയും പിന്നെ മൂന്നു ചേട്ടന്മാരും. മൂന്നു പേരും ജോലിയുള്ളവർ. അച്ഛന് ചെറിയ കൃഷി ഒക്കെയുണ്ട്.. സ്നേഹവും സഹകരണവുമുള്ളൊരു കുടുംബം.
എല്ലാരുടെയും കരുതലിലും സ്നേഹത്തിനും ഉള്ളിലാണ് അവളുടെ ജീവിതം. അതാണ് അവളുടെ ലോകവും. എല്ലാ വീട്ടിലും പറയുന്ന പോലെ ആ വീട്ടിലെ വിളക്ക് മീനുവാണ്. ചേട്ടന്മാരുടെ കുഞ്ഞനിയത്തി. അവർ പറയുന്നതാണ് അവൾക്ക് അവസാന വാക്ക്. പരസ്പരസ്നേഹം നിറഞ്ഞ വീട്. എവിടെ പോയാലും വീട്ടിൽ എത്തുന്നതാണ്, ഒരുമിച്ചുണ്ടാകുന്നതാണ്, അവരോരോരുത്തരുടെയും ഇഷ്ടം.. അതിലേറെ ആഗ്രഹവും.
ബസിന്റെ വേഗത കൂടുമ്പോൾ മുഖത്തേക്ക് പാറിയെത്തുന്ന മുടിയിഴകൾ ഒതുക്കി വക്കാൻ അവൾ കൂട്ടാക്കിയില്ല. അവ നൃത്തം ചെയ്യുന്നത് പോലെയവൾക്കു തോന്നി. ഒരുപക്ഷെ, മുടി കെട്ടി വച്ചിരുന്നുവെങ്കിൽ നൃത്തം ചെയ്യാനുള്ള സ്വാതന്ത്ര്യം മുടിയിഴകൾക്കു നഷ്ടമായേനെ എന്നവളോർത്തു... ഒരു തരത്തിൽ നോക്കിയാൽ അവയുടെ സ്വാതന്ത്ര്യം ഇല്ലാതാക്കൽ അല്ലേ അത്. മീനു സ്വയം ചോദിച്ചു. ഉത്തരം അവളാഗ്രഹിച്ചില്ല. അതുകൊണ്ട് തന്നെ സംതൃപ്തിയോടവൾ മറ്റു ചിന്തകളിലേക്ക് തിരിഞ്ഞു..
ക്ലാസ്സ് കഴിഞ്ഞ് എന്ത് ചെയ്യാനാണ് എന്നു ഇതു വരെയവൾ തീരുമാനിച്ചിട്ടില്ല... വീട്ടിൽ നിന്നു മാറി നിക്കുന്ന എല്ലാവർക്കും ആഴ്ചാവസാനമുള്ള വീട്ടിൽ പോക്കും വരവും ഇഷ്ടമായിരിക്കും. വഴിയോരത്തുള്ള കാഴ്ചകളൊക്കെ കണ്ട്, ഓർമകളെയൊക്കെ താലോലിച്ച്.. ചിന്തകളുമായി വാഗ്വാദത്തിലേർപ്പെടാൻ ഏറ്റവും നല്ല സന്ദർഭം ബസിലെ യാത്രയാണെന്നാ മീനുവിന്റ പക്ഷം. അതും അരികത്തെ സീറ്റ് തന്നെ കിട്ടണം...
വീട്ടിലോട്ടുള്ള ദൂരം കുറയുന്തോറും, അവളുടെ മനസിലേക്ക് അച്ഛനും അമ്മയും ചേട്ടന്മാരും കടന്നു വന്നു... അവരെക്കുറിച്ചു ചിന്തിച്ചാൽ പിന്നെ അവൾക്കു വേഗം വീട്ടിലെത്താൻ തോന്നും.. കാരണം അവൾക്കറിയാം, അവരുടെ ലോകം തന്നെ താനാണെന്ന്. അതാണ് മീനുവിന്റെ ഏറ്റവും വലിയ അറിവ്. ആ അറിവുകളിലൂടെയാണ് അവൾ വളരുന്നത്.
തനിച്ചാണ് യാത്രയെങ്കിലും ഇവിടെയും താൻ സ്വതന്ത്രയല്ലെന്നുള്ള തിരിച്ചറിവ് അവളുടെ ഉള്ളിലിരുന്നാരോ അവളെ ഓർമിപ്പിച്ചു.. അതൊരു ചോദ്യമായി അവൾക്കു തോന്നി. ബന്ധങ്ങളുടെ അറകളിൽ ആരും സ്വാതന്ത്ര്യം അനുഭവിക്കുന്നില്ലല്ലോ, പക്ഷേ അവിടം ഏറ്റവും സുരക്ഷിതമായ ഇടമല്ലേ, എന്നായിരുന്നു അവൾ കണ്ടെത്തിയ ഉത്തരം.
സ്വാതന്ത്ര്യമില്ലായ്മയും ഒരു സുഖമല്ലേ. വീട്, കുടുംബം എന്നിവയിലുള്ള പാരതന്ത്ര്യത്തിൽ അനുഭവിയ്ക്കപ്പെടുന്ന സുരക്ഷിതത്വത്തെ അവൾ ഏറെ ഇഷ്ടപ്പെട്ടു. എത്ര ദൂരെ എത്തിയാലും വേരുകളിലൂടെയല്ലേ ജീവ ജലം കിട്ടുന്നത്...
ശോ, ഇറങ്ങാറായല്ലോ എന്നവൾ നെടുവീർപ്പിട്ടു. ബാഗുമെടുത്തു തുള്ളിച്ചാടി ബസിൽ നിന്നും ഇറങ്ങുന്ന മീനുവിനെ കണ്ട് മുടിയിഴകൾ ചുവടുകൾ നിർത്തി ശാന്തരായി...
അവ അവളെ നോക്കി ചിരിച്ചു. അതിലൊരു പരിഹാസമുണ്ടായിരുന്നോ.....?